ഭാവിയെ കുറിച്ച് ആശങ്ക; ചൈനീസ് യുവ തലമുറ അന്ധവിശ്വാസങ്ങളില്‍ ആകൃഷ്ടരാകുന്നുവെന്ന് പഠനം

By Web Team  |  First Published Apr 28, 2024, 2:00 PM IST


30 വയസ്സിന് താഴെയുള്ള ചൈനക്കാരിൽ  80 ശതമാനം പേരും ഭാഗ്യവും ഭാവിയും മുന്‍കൂട്ടി പ്രവചിക്കുന്ന വിശ്വാസങ്ങളെ പിന്തുടരുന്നുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. 



മാനുഷിക മാർഗങ്ങൾ ഉപയോഗിച്ച് ഭാവിയെക്കുറിച്ചോ അജ്ഞാതമായതിനെക്കുറിച്ചോ ഉള്ള അറിവ് നേ‌ടാൻ മനുഷ്യർ നടത്തുന്ന ശ്രമങ്ങൾക്ക് മനുഷ്യനോളം തന്നെ പഴക്കമുണ്ട്. കാല ദേശങ്ങൾക്ക് അതീതമായ എല്ലാ ജനവിഭാ​ഗങ്ങളിൽപ്പെട്ടവരും ഇത്തരം അമാനുഷിക മാർ​ഗങ്ങളെ കൂട്ടു പിടിക്കാറുണ്ട്. ഭാവിയെ കുറിച്ചുള്ള ആശങ്കകളാണ് മനുഷ്യനെ ഇത്തരം കാര്യങ്ങളുടെ പുറകേ പോകാന്‍ പ്രേരിപ്പിക്കുന്നത്. ചൈനയിലെ ജനങ്ങളും ഇക്കാര്യത്തിൽ ഒട്ടും മോശമല്ല എന്നാണ് സൗത്ത് ചൈന മോണിങ്ങ് പോസ്റ്റ് റിപ്പോർ‌ട്ട് ചെയ്യുന്നത്. എഴുപത്തിയഞ്ച് വര്‍ഷത്തെ കമ്മ്യൂണിസ്റ്റ് ഭരണത്തിന് ചൈനയിലെ അന്ധവിശ്വാസങ്ങളെയോ വിശ്വാസങ്ങളെയോ തൊടാന്‍ കഴിഞ്ഞില്ലെന്ന് തന്നെ. NetEase DataBlog നടത്തിയ 2021-ല്‍ നടത്തിയ ഒരു സർവേ പ്രകാരം, 30 വയസ്സിന് താഴെയുള്ള ചൈനക്കാരിൽ  80 ശതമാനം പേരും ഭാഗ്യവും ഭാവിയും മുന്‍കൂട്ടി പ്രവചിക്കുന്ന വിശ്വാസങ്ങളെ പിന്തുടരുന്നുണ്ടെന്ന് തെളിയിക്കുന്നു. ഇവയിൽ തന്നെ ഏറ്റവം ജനകീയമായ നാല് വഴികളെ കുറിച്ചാണ്. 

ഫോർച്യൂൺ സ്റ്റിക് ( fortune sticks)

Latest Videos

undefined

അക്ഷരങ്ങളോ അക്കങ്ങളോ ആലേഖനം ചെയ്‌ത പരന്ന മുളത്തടികൾ നിറഞ്ഞ ഒരു ചെറിയ പെട്ടിക്കുള്ളിൽ നിന്നും ഒരു മുളത്തടി തെരഞ്ഞെടുത്ത് അതിന്‍റെ അർത്ഥം ഇതിന് നേതൃത്വം കൊടുക്കുന്ന കാർമ്മികൻ പറഞ്ഞു നൽകുന്ന രീതിയാണ് ഇത്. നമ്മുടെ നാട്ടിലെ കൈ നോട്ടക്കാര്‍ തത്തയെ കൊണ്ട് ചീട്ട് എടുപ്പിച്ച് ഭാവി പറയുന്നതിന്‍റെ മറ്റൊരു രൂപം.  സാധാരണയായി ചൈനീസ് ക്ലാസിക്കൽ ഗദ്യത്തിന്‍റെ നാല് വരകളാണ് 'ഫോർച്യൂൺ സ്റ്റിക്' എന്നറിയപ്പെടുന്ന മുളത്തടികളിൽ എഴുതുക. ഇത് ഭാവിയുമായി ബന്ധപ്പെടുത്തി കാർമ്മികൻ വിശദമാക്കി കൊടുക്കുകയാണ് ചെയ്യുക.

പോയെ എറിയൽ (Throwing poe)

ചൈനയുടെ തെക്കൻ ഭാഗത്തുള്ള ക്ഷേത്രങ്ങളിൽ സാധാരണയായി കണ്ടുവരുന്ന ഒരു വിശ്വാസമാണ്. മാൻഡാരിൻ ഭാഷയിൽ ജിയാവോ ബീ (jiao bei) എന്നറിയപ്പെടുന്ന രണ്ട് ചെറിയ തടി കഷണങ്ങൾ തറയിലേക്ക് എറിയുകയും അത് നിലത്ത് വീഴുന്ന രീതി നോക്കി  ഒരു ദൈവിക ഉത്തരം വ്യാഖ്യാനിക്കുകയുമാണ് ചെയ്യുന്നത്. തടി കഷണങ്ങൾക്ക് വൃത്താകൃതിയിലുള്ളതും പരന്നതുമായ പ്രതലമുണ്ട്, നിലത്ത് വീഴുമ്പോൾ ഇവ രണ്ടും കൂടിച്ചേർന്നാൽ, നിങ്ങളുടെ ചോദ്യത്തോട് ദേവൻ യോജിക്കുന്നുണ്ടെന്നും അല്ലെങ്കിൽ വിയോജിക്കുന്നുവന്നുമാണ് സൂചിപ്പിക്കുന്നത്.

മുഖവും കൈപ്പത്തിയും നോക്കൽ (Face and palm reading)

എല്ലാവരുടെയും വിധി അവരുടെ മുഖ സവിശേഷതകളിലാണെന്ന വിശ്വാസത്തിലാണ് മുഖം നോക്കൽ നടത്തുന്നത്. നെറ്റി മുതൽ താടി വരെയുള്ള സവിശേഷതകൾ പൊരുത്തപ്പെടുത്തി ജീവിതം പ്രവചിക്കാമെന്നാണ് ഇത് പ്രകാരം വിശ്വസിക്കപ്പെടുന്നത്. ഇതിൽ പ്രത്യേക പ്രാധാന്യം മൂക്കിനാണത്രേ. വലിയ മൂക്ക് നല്ല ഭാഗ്യത്തെ സൂചിപ്പിക്കുന്നതായാണ് ചൈനക്കാരുടെ വിശ്വാസം. 

കൈപത്തി നോക്കി അതിലെ കൈരേഖകളെ വ്യാഖ്യാനിക്കലാണ് മറ്റൊന്ന്.  പേര് സൂചിപ്പിക്കുന്നത് പോലെ പാം റീഡിംഗ്, ഒരു വ്യക്തിയുടെ വിധി അവരുടെ കൈകളിലാണെന്നാണ് പറയുന്നത്. കൈപ്പത്തിയിലെ വരകൾ ജീവിതം, തൊഴിൽ, വിവാഹം, വിജയം എന്നിവയെ പ്രതിനിധീകരിക്കുന്നതായി പറയപ്പെടുന്നു. ഒരു വ്യക്തിയുടെ വിധിയിൽ ഇടത്തേക്കാൾ നിർണ്ണായകമായത് വലതു കൈയാണെന്നാണ് ചൈനീസ് പാരമ്പര്യം പറയുന്നത്. ഇത് നമ്മുടെ നാട്ടിലെ കൈ നോട്ടത്തിന് ഏതാണ്ട് സമാനമാണ്. 

കാരക്ടർ റീഡിങ്ങ് (Character reading)

മന്ദാരിൻ ഭാഷയിൽ chai zi എന്നറിയപ്പെടുന്ന ഇത് ഒരു വ്യക്തി തെരഞ്ഞെടുക്കുന്ന ചൈനീസ് അടയാളത്തിൽ നിന്ന് അയാളുടെ വിധി പ്രവചിക്കുന്ന രീതിയാണ്.  കാർമ്മികന്‍ തെരഞ്ഞെടുക്കുന്ന അടയാളങ്ങളും അത് ആര്‍ക്കുവേണ്ടിയാണോ എടുത്തത് ആ വ്യക്തിയും തമ്മിലുള്ള ബന്ധം വിശദമാക്കി നൽകുന്ന രീതിയാണിത്. നമ്മുടെ നാടുകളില്‍ കാണുന്ന സമാനമായ നിരവധി ഭാവി പ്രവചന രീതികളോട് ചില സാമ്യങ്ങള്‍ ഇവയ്ക്ക് കാണാം. അതേസമയം ചൈനയിലെ യുവജനത ഇത്തരം കാര്യങ്ങളോട് കാണിക്കുന്ന അമിതമായ താത്പര്യം സാമൂഹിക മാധ്യമങ്ങളിലും വലിയ ചര്‍ച്ചയായി. 

click me!