ഹിറ്റ്‌ലർക്കുവേണ്ടി പ്രസവിക്കാൻ വരെ തയ്യാറായ ഉത്തമ ആര്യൻ യുവതിയുടെ കഥ

By Web Team  |  First Published Dec 23, 2019, 3:00 PM IST

അന്നത്തെ ദിവസം ഹിൽദ ആവേശത്തിന്റെ പരമകാഷ്ഠയിലായിരുന്നു. ജീവിതത്തിലെ ആദ്യത്തെ രതി എന്നതിന്റെ കൗതുകം, അതിനും പുറമെ ഈ ചെയ്യുന്നതെല്ലാം ഹിറ്റ്ലർക്ക് വേണ്ടിയാണല്ലോ എന്ന ചാരിതാർഥ്യവും. 
 


1930 -കളിൽ ജർമനിയിൽ ഹിറ്റ്ലറുടെ ഭരണം കൊടികുത്തിവാഴുന്നകാലം. ഫ്യൂററെ രാജ്യത്തെ ആബാലവൃദ്ധം ജനങ്ങളും വല്ലാത്ത ആരാധനയോടെ നോക്കിക്കണ്ട്, നെഞ്ചേറ്റി നടന്നിരുന്ന കാലം. നാസികളുടെ കടുത്ത ആരാധികയായിരുന്നു ഹിൽദഗാർഡ് ട്രൂറ്റ്സ് എന്ന മധുരപ്പതിനേഴുകാരി. ഹിറ്റ്ലറുടെ ഉത്തമ ആര്യൻ സങ്കൽപ്പങ്ങൾ എല്ലാം ഒത്തിണങ്ങിയ ഒരു നോർഡിക് സുന്ദരിയായിരുന്നു അവർ. അവർ അന്നൊരു ത്യാഗത്തിന് തയ്യാറായി. ഹിറ്റ്ലറുടെ ആഹ്വാനപ്രകാരം അവർ ഒരു പരീക്ഷണത്തിന് തയ്യാറായി. 'ലേബെൻസ്‌ബോൺ' എന്ന പേരിൽ, തേർഡ് റീച്ചിന്(മൂന്നാം യുഗം) വേണ്ടി വംശശുദ്ധി തുളുമ്പുന്ന കുഞ്ഞുങ്ങളെ ബോധപൂർവം നിർമ്മിച്ചെടുക്കുന്ന ഒരു പരീക്ഷണത്തിലായിരുന്നു ഹിറ്റ്‌ലർ. 

ജർമൻ പൗരന്മാരുടെ ജനസംഖ്യ രാജ്യത്ത് കുറഞ്ഞു വരുന്നു എന്ന ഹിറ്റ്‌ലറുടെ ആശങ്കയായിരുന്നു അത്തരത്തിൽ ഒരു പരീക്ഷണത്തിന് പിന്നിൽ. 'ലേബെൻസ്‌ബോൺ' എന്ന വാക്കിനർത്ഥം 'ജീവന്റെ ജലധാര' എന്നായിരുന്നു. ജർമ്മൻ ജനിതകശാസ്ത്രത്തിന്റെ കുതിപ്പുകൾ പ്രയോജനപ്പെടുത്തി വംശശുദ്ധി തുളുമ്പുന്ന കുഞ്ഞുങ്ങളെ, സമീകൃതമായ സാഹചര്യങ്ങളിൽ സൃഷ്ടിച്ചെടുക്കുന്ന ഒരു വൻ പദ്ധതിയായിരുന്നു അത്. 1933–45 കാലയളവിലെ, തേർഡ് റീച്ചിന്റെ 12 വർഷത്തെ ശുക്രദശക്കാലത്ത് ഇത്തരത്തിലുള്ള 20,000 -ൽ പരം ഉത്തമശിശുക്കളെ നിർമ്മിച്ചെടുത്തിരുന്നു എന്നാണ് കണക്ക്. ജൈൽസ് മിൽട്ടൺ എഴുതിയ Fascinating Footnotes From History (John Murray, 2015) എന്ന പുസ്തകത്തിൽ ഈ പരീക്ഷണങ്ങളെപ്പറ്റിയുള്ള വിസ്തരിച്ചുള്ള വിവരണങ്ങളുണ്ട്. 

Latest Videos

ഹിറ്റ്‌ലർ അധികാരത്തിൽ വന്ന അന്നുമുതൽ നാസിപാർട്ടിയുടെ കടുത്ത ആരാധികയായിരുന്നു ഹിൽദ. ഹിറ്റ്‌ലർ യുവതീ സംഘം (Bund Deutscher Mädel, BDM) എന്ന സംഘടനയിലെ സജീവ പ്രവർത്തകയായിരുന്നു അവൾ. ആഴ്ചതോറും നടത്തിയിരുന്ന അവരുടെ മീറ്റിങ്ങുകളിലും ഹിൽദ മുടങ്ങാതെ സംബന്ധിച്ചുപോന്നു. "ഹിറ്റ്‌ലറും, അദ്ദേഹം വിഭാവനം ചെയ്തിരുന്ന 'പുതിയ' ജർമനിയും എന്റെ ആവേശങ്ങളായിരുന്നു" എന്ന് ഹിൽദ പിന്നീട് കുമ്പസാരിച്ചിട്ടുണ്ട്.  "പുതു ജർമനിക്ക് അതിന്റെ വരും തലമുറ എത്രകണ്ട് അമൂല്യമാണെന്ന് ഞാൻ അന്ന് തിരിച്ചറിഞ്ഞിരുന്നു."

അധികം താമസിയാതെ തന്റെ സംഘത്തിന്റെ തലപ്പത്ത് ഹിൽദയെത്തി. അതിന്റെ ഒരു കാരണം അവരുടെ തനി ജർമൻ സ്വർണ്ണത്തലമുടിയും, കരിനീലക്കണ്ണുകളും തന്നെയായിരുന്നു. "അവർ അന്നൊക്കെ ഒരു ഉത്തമ 'ആര്യൻ' യുവതി എന്ന് മാതൃകയായി ചൂണ്ടിക്കാണിച്ചിരുന്നത് എന്നെയായിരുന്നു. എന്റെ നീണ്ടു കൊലുന്നനെയുള്ള കാലുകളും, വിശാലമായ ഉടലും, ഒരു കുഞ്ഞിനെ വഹിക്കാൻ മാത്രം വ്യാപ്തിയുള്ള അരക്കെട്ടും ഒക്കെ എന്നെ അവർക്ക് പ്രിയങ്കരിയാക്കി." ഹിൽദ പറഞ്ഞു. 

1936 -ൽ ഹിൽദയ്ക്ക് പതിനെട്ടു വയസ്സ് തികഞ്ഞു. അവൾ സ്‌കൂൾ വിദ്യാഭ്യാസം കഴിഞ്ഞ്, ഇനിയെന്ത് ചെയ്യണം എന്നറിയാതെ വീട്ടിലിരിക്കുന്ന കാലം. അങ്ങനെയിരിക്കെയാണ് അവൾ തന്റെ സംഘത്തിന്റെ നേതാവുമായി സംസാരിക്കാനിടയായത്. സംസാരത്തിനിടെ അയാൾ അവളോട് ഒരു അവസരത്തെപ്പറ്റി പറഞ്ഞു. അവളുടെ ജീവിതത്തിനുതന്നെ സാഫല്യം പകരുന്ന ഒരു ത്യാഗത്തിനുള്ള അപൂർവ്വാവസരം. ഹിറ്റ്‌ലർക്കുവേണ്ടി ഒരു കുഞ്ഞിനെ പ്രസവിക്കണം. അയാൾ അവളോട് 'ലേബെൻസ്‌ബോൺ' എന്ന നാസി പ്രോജക്ടിനെപ്പറ്റി പറഞ്ഞു. " നീ വിശേഷിച്ച് പണിയൊന്നുമില്ലാതെ ചുമ്മാ നിൽക്കുന്ന നേരമാണെങ്കിൽ, പിന്നെ ഹിറ്റ്‌ലർക്ക് വേണ്ടി ഒരു കുഞ്ഞിനെയങ്ങു പ്രസവിച്ച് കൊടുക്കരുതോ?" അയാൾ ചോദിച്ചു. ജർമ്മനിക്ക് ഇപ്പോൾ വേണ്ടത് വംശശുദ്ധിയുള്ള പുതുതലമുറയാണ് എന്ന് അയാൾ പറഞ്ഞപ്പോൾ അത് ശരിയെന്ന് ഹിൽദയ്ക്കും തോന്നി. അവൾ മാനസികമായി അതിന് തയ്യാറെടുത്തു. 

സംഘത്തിന്റെ നേതാവ് അവളോട് 'ലേബെൻസ്‌ബോൺ' പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന്റെ നടപടിക്രമം വിശദീകരിച്ചു. ആദ്യപടിയായി ഹിൽദയെ ഒരു നീണ്ട വൈദ്യപരിശോധനയ്ക്ക് വിധേയയാക്കും. അത് കടന്നുകിട്ടിയാൽ പിന്നെ വിശദമായ പശ്ചാത്തല പരിശോധനയാണ്. ചുരുങ്ങിയത് ഒരു അഞ്ചു തലമുറയെങ്കിലും മുകളിലേക്ക് വംശാവലി ചികഞ്ഞു പരിശോധിക്കും. ഹിൽദയ്ക്ക് എന്തെങ്കിലും ജൂത രക്തബന്ധമുണ്ടോ എന്നതാണ് അറിയേണ്ടുന്നത്. അത് ഇല്ലെന്നുറപ്പിക്കേണ്ടത് വംശശുദ്ധി ഉറപ്പുവരുത്താൻ അത്യാവശ്യമായിരുന്നു. ഈ പരിശോധനകളെല്ലാം പാസായാൽ അവളെ പദ്ധതിയിലേക്ക് പ്രവേശിപ്പിക്കും.  

'ലേബെൻസ്‌ബോൺ' എന്ന പദ്ധതിയുടെ വലിപ്പം അതിലേക്ക് കാലെടുത്തുവെക്കുമ്പോൾ ഹിൽദയ്ക്കറിഞ്ഞുകൂടായിരുന്നു. ആസൂത്രിതമായ ലൈംഗികബന്ധങ്ങളിലൂടെ സ്വർണ്ണതലമുടിയും കരിനീലക്കണ്ണുകളുമുള്ള വംശശുദ്ധിയുള്ള ആര്യൻ കുഞ്ഞുങ്ങളെ വാർത്തെടുക്കുന്ന ഒരു വമ്പിച്ച പദ്ധതിയായിരുന്നു 'ലേബെൻസ്‌ബോൺ' എന്നത്. അതിനായി സൗന്ദര്യവും ആരോഗ്യവും തികഞ്ഞ ജർമൻ സുന്ദരികളെ ഹിറ്റ്‌ലർ നേരിട്ട് ബോധ്യപ്പെട്ട് തെരഞ്ഞെടുത്തു. അന്നത്തെ SS (Schutzstaffel) എന്നറിയപ്പെട്ടിരുന്ന  ജർമൻ സൈന്യത്തിലെ ലക്ഷണമൊത്ത മല്ലന്മാരായ ഓഫീസർമാരോടൊപ്പമായിരുന്നു ഇങ്ങനെ തെരഞ്ഞെടുക്കപ്പെട്ടു വരുന്ന യുവതികൾ ബന്ധപ്പെടണം. അതിൽ അവർ ഗർഭിണികളാകുമെന്നും, അവർ ഉത്തമശിശുക്കൾക്ക് ജന്മം നൽകുമെന്നും ഹിറ്റ്‌ലർ പ്രതീക്ഷിക്കുന്നു.

"വാവ്..! " ഹിൽദയുടെ ആദ്യ പ്രതികരണം അതായിരുന്നു. അയാൾ പറഞ്ഞു തീർന്നതും അവൾ തന്റെ സമ്മതമറിയിച്ചു. ഒരു കാരണവശാലും തന്റെ അച്ഛനമ്മമാർ ഇങ്ങനെയൊരു പരീക്ഷണത്തിനുള്ള സമ്മതം നൽകില്ല എന്നറിഞ്ഞുകൊണ്ടുതന്നെയായിരുന്നു അവളുടെ തീരുമാനം. അത്രയ്ക്കുണ്ടായിരുന്നു ഹിറ്റ്‌ലറോടുള്ള അവളുടെ ആരാധന. ഫ്യൂറർക്ക് വേണ്ടി ഒരു സേവനമനുഷ്ഠിക്കാൻ കൈവന്ന അസുലഭവസരം വേണ്ടെന്നു വെക്കുന്നതെങ്ങനെ. സമ്മതിക്കില്ല എന്നുറപ്പുണ്ടായിരുന്നതുകൊണ്ട്, താൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത് ഹിറ്റ്‌ലർക്കുവേണ്ടി കുഞ്ഞിനെ പ്രസവിച്ചുനൽകാനാണ് എന്ന് അവൾ വീട്ടിൽ പറഞ്ഞില്ല. പകരം, 'നാഷണൽ സോഷ്യലിസം' എന്ന വിഷയത്തിൽ ഒരു ബിരുദപഠനത്തിനായി പോകുകയാണ് എന്നാണ് ഹിൽദ അവരോട് പറഞ്ഞത്. 

'ലേബെൻസ്‌ബോൺ' അധികൃതർ ഹിൽദയോട് റിപ്പോർട്ട് ചെയ്യാൻ പറഞ്ഞത് ബവേറിയയിലെ ടാഗെൻസിയ്ക്കടുത്തുള്ള ഒരു പഴയ കോട്ടയിലാണ്. ഏക്കറുകളിൽ പരന്നു കിടന്നിരുന്ന ആ കോട്ടയ്ക്കുള്ളിലായിരുന്നു ഹിറ്റ്ലറുടെ ആ സ്വപ്നപദ്ധതി അതീവ രഹസ്യമായി പ്രവർത്തിച്ചുകൊണ്ടിരുന്നത്. അവിടെ അവളെപ്പോലെ നാല്പതോളം സുന്ദരിമാരെ പാർപ്പിച്ചിട്ടുണ്ടായിരുന്നു. പദ്ധതിയുടെ ഗോപ്യത നിലനിർത്താൻ വേണ്ടി അവർക്കൊക്കെയും പുതിയ പേരുകൾ നല്കപ്പെട്ടിരുന്നു. കൂടുതൽ വിവരങ്ങൾ പരസ്പരം പങ്കുവെക്കുന്നതിനും വിലക്കുണ്ടായിരുന്നു. 

ആഡംബരത്തിന്റെ മൂർത്തിമദ്ഭാവമായിരുന്നു ആ ബവേറിയൻ കോട്ട. അവർക്കൊക്കെയും വെവ്വേറെ മുറികളുണ്ടായിരുന്നു. അതിനു പുറമേ വിനോദങ്ങൾക്കും, വായനയ്ക്കും, പാട്ടുകേൾക്കാനും ഒക്കെ പൊതുവായ വലിയ മുറികളും. എന്തിന് ആ കോട്ടയ്ക്കുള്ളിൽ ഒരു സിനിമാകൊട്ടക പോലുമുണ്ടായിരുന്നുവത്രെ. " ഞാൻ എന്റെ ജീവിതത്തിൽ ഇത്രയും സ്വാദുള്ള ഭക്ഷണം അതിനു മുമ്പോ ശേഷമോ കഴിച്ചിട്ടില്ല. ജർമനിയിൽ കിട്ടാവുന്ന ഏറ്റവും മുന്തിയ ഭക്ഷണവും, പാനീയങ്ങളുമായിരുന്നു ഞങ്ങൾക്ക് നല്കപ്പെട്ടിരുന്നത്. ഞങ്ങൾക്കവിടെ ഒരു പണിയും ചെയ്യേണ്ടതില്ലായിരുന്നു. തുണിയലക്കാനും, പത്രം മോറാനും, അടിച്ചുതുടക്കാനുമൊക്കെ പ്രത്യേകം പ്രത്യേകം പണിക്കാരെ നിയമിച്ചിട്ടുണ്ടായിരുന്നു. അവിടെ കഴിച്ചുകൂട്ടിയ ആദ്യത്തെ കുറെ ആഴ്ചകൾ ഞാൻ ശരിക്കും ജീവിതം ആസ്വദിക്കുകയായിരുന്നു" പിന്നീട് ഹിൽദ പറഞ്ഞു. 

ആ കോട്ടയുടെ ഇൻ ചാർജ്ജ് ഒരു റിട്ടയേഡ് മെഡിക്കൽ കോളേജ് പ്രൊഫസർ ആയിരുന്നു. അയാൾ SS ന്റെയും ഭാഗമായിരുന്നു. ഒരു പരിശീലനം സിദ്ധിച്ച ഡോക്ടർ. അവിടെ ചെന്ന് കേറിയ അന്നുമുതൽ എല്ലാ ദിവസവും മുടങ്ങാതെ അയാളും ജൂനിയർ ഡോക്ടർമാരും ചേർന്ന് ആ യുവതികളെ എല്ലാവരെയും പരിശോധിച്ചിരുന്നു. അവർ പൂർണ്ണാരോഗ്യവതികളാണ് എന്നുറപ്പിച്ചിരുന്നു. തങ്ങളുടെ കുടുംബത്തിൽ ആർക്കും ജനിതക തകരാറുകളോ, പാരമ്പര്യ രോഗങ്ങളോ ഒന്നുമില്ല എന്ന സത്യവാങ്മൂലവും അവിടെ ചെല്ലും മുമ്പുതന്നെ അവരെക്കൊണ്ട് ഒപ്പിടുവിച്ചിട്ടുണ്ടായിരുന്നു.  

മറ്റൊരു പ്രധാന ഉടമ്പടിയിൽ കൂടി അവരെക്കൊണ്ട് ഒപ്പിടീച്ചിരുന്നു പ്രൊഫസർ. അവിടെ വെച്ച് അവർക്ക് ജനിക്കുന്ന കുഞ്ഞുങ്ങളുടെ പേരിൽ യാതൊരുവിധ അവകാശവാദവും ഉന്നയിച്ചുകൊണ്ട് ഭാവിയിൽ വരില്ല എന്നുറപ്പു നൽകുന്നതായിരുന്നു ആ ഉടമ്പടി. ആ കുഞ്ഞുങ്ങൾ, പിറന്നുവീഴുന്ന നിമിഷം മുതൽക്കുതന്നെ ഭരണകൂടത്തിന്റെ സ്വന്തമാണ്. പ്രത്യേകം സ്‌കൂളുകളിൽ, നാസി തത്വചിന്താപദ്ധതിയോട് തികഞ്ഞ കൂറുള്ളവരായി അവർ വളർന്നുവരും. 

കോട്ടയ്ക്കുള്ളിൽ നിയമങ്ങൾ എല്ലാം പറഞ്ഞു മനസ്സിലാക്കിയ ശേഷം, ആ നാൽപതു സുന്ദരിമാർക്കും അവിടത്തെ അവരെയും കാത്തുകഴിഞ്ഞിരുന്ന പുരുഷജനങ്ങളെ പരിചയപ്പെടുത്തി. നേരത്തെ പറഞ്ഞ മല്ലന്മാരായ ഉത്തമ ആര്യൻ പുരുഷന്മാരെ. അവരിൽ ഒരാളാകും വരും ദിവസങ്ങളിൽ അവരിൽ ലക്ഷണമൊത്ത ഒരു ആര്യൻ ബീജം നിക്ഷേപിക്കാൻ പോകുന്നത്. അവരെ തമ്മിൽ ഇടപഴകാൻ അനുവദിക്കും. ഒന്നിച്ചുള്ള ചെറിയ കളികളിൽ ഏർപ്പെടുത്തിക്കും. അങ്ങനെ വളരെ അടുത്തുകഴിയുന്ന രണ്ടാഴ്ചക്കാലത്ത് അവരിൽ ചിലർക്ക് പരസ്പരം ആകർഷണം ഉടലെടുക്കും. അങ്ങനെ ഒന്നിക്കുന്ന പങ്കാളികളെ അവരുടെ ഇണചേരൽ സങ്കേതങ്ങളിലേക്ക് മറ്റും. മറ്റുള്ളവർക്ക് ഇണചേരാൻ ആളെക്കിട്ടും വരെ പിന്നെയും വിനോദങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കാം. 

ഹിൽദയ്ക്ക് അവിടെ കണ്ട ആ SS ഓഫീസർമാരെ എല്ലാവരെയും നന്നേ ബോധിച്ചു. എല്ലാവരും നല്ല ഉയരവും, പേശീബലവുമുള്ള ആജാനുബാഹുക്കൾ. അവളെപ്പോലെ തന്നെ സ്വർണ്ണതലമുടിയും കരിനീലക്കണ്ണുകളുമുള്ള 'പരിശുദ്ധ' ആര്യന്മാർ. അവൾ അവരോത്ത് ചെറു വിനോദങ്ങളിൽ ഏർപ്പെട്ടു. ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചു. സിനിമകൾ കണ്ടു. വൈകുന്നേരങ്ങളിൽ പാർട്ടികളിൽ പങ്കെടുത്തു. അവരിൽ ആരുടെയും യഥാർത്ഥപേരുകൾ വെളിപ്പെടുത്തപ്പെട്ടിരുന്നില്ല. ഗോപ്യത എന്നത് 'ലേബെൻസ്‌ബോൺ' പദ്ധതിയുടെ മുഖമുദ്രയായിരുന്നു. 
 
ഏതെങ്കിലും ഒരു ഓഫീസറെ ഇഷ്ടപ്പെട്ടാൽ, പിന്നെ അവർ കാത്തുനിൽക്കേണ്ടത് അവരുടെ മാസമുറ കഴിഞ്ഞ് പത്തു ദിവസം തികയുന്ന അന്നുവരെയാണ്. അന്ന് ഈ യുവതികളെ ഡോക്ടർ വീണ്ടും ഒരു അവസാന വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കും. പിന്നെയാണ് അവരെ അന്നേദിവസം ഒന്നിച്ചു ചെലവിടേണ്ട രതിക്രീഡാഗൃഹത്തിലേക്ക് പറഞ്ഞുവിടുക. അന്നത്തെ ദിവസം ഹിൽദ ആവേശത്തിന്റെ പരമകാഷ്ഠയിലായിരുന്നു. ജീവിതത്തിലെ ആദ്യത്തെ രതി എന്നതിന്റെ കൗതുകം, അതിനും പുറമെ ഈ ചെയ്യുന്നതെല്ലാം ഹിറ്റ്‌ലർക്ക് വേണ്ടിയാണല്ലോ എന്ന ചാരിതാർഥ്യവും. 

" എനിക്കും, പിറക്കാൻ പോകുന്ന കുഞ്ഞിന്റെയച്ഛനും  - രണ്ടുപേർക്കും ഞങ്ങൾ നിർവഹിക്കാൻ പോകുന്ന കൃത്യത്തിന്റെ ദേശീയപ്രാധാന്യത്തെപ്പറ്റി നല്ല ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ വിശേഷിച്ചൊരു ചമ്മലും ഞങ്ങൾക്ക് അതിലേക്ക് കടക്കുന്നേരം തോന്നുകയേ ചെയ്തില്ല. " ഹിൽദ പറഞ്ഞു. അവൾക്ക് അന്ന് കിട്ടിയ പങ്കാളി അസാമാന്യമായ സുഭഗത്വത്തിനുടമയായിരുന്നു എന്നത് അവൾക്ക്  കൂടുതൽ ആനന്ദമേകി . ഇന്നോർക്കുമ്പോൾ അന്നത്തെ ആ തോന്നലുകളൊക്കെ ഏറെ ബാലിശമായിരുന്നു എന്ന് ഹിൽദയ്ക്ക് തോന്നാറുണ്ട്. 

തുടർച്ചയായ മൂന്നുരാത്രികളിൽ അവർ ഒപ്പം ശയിച്ചു. വിസ്തരിച്ചുള്ള രതിക്രീഡകളിൽ ഏർപ്പെട്ടു. ഗർഭം ധരിക്കാൻ വേണ്ടി മൂന്ന് അവസരങ്ങൾ മാത്രമാണ് അവൾക്ക് അനുവദിക്കപ്പെട്ടിരുന്നത്. അതിനു ശേഷം ആ ഓഫീസർ ആ കോട്ടയിലെ തന്റെ അടുത്ത പങ്കാളിയിൽ ബീജാവാപം നടത്താൻ നിയുക്തനായി. പിന്നീടവർ തമ്മിൽ സന്ധിച്ചതേയില്ല. എന്നാൽ അതുതന്നെ ഹിൽദയ്ക്ക് ഗർഭം ധരിക്കാൻ ധാരാളമായിരുന്നു. ഗർഭിണിയായി എന്ന് തിരിച്ചറിഞ്ഞതോടെ അവളെ മറ്റേർണിറ്റി വാർഡിലേക്ക് മാറ്റി. പിന്നീട് ആ കുഞ്ഞിനെ യഥാവിധി പ്രസവിക്കുന്നതിനു വേണ്ട പരിചരണങ്ങളും വൈദ്യപരിശോധനകളും അവൾക്ക് നൽകപ്പെട്ടു. ഒട്ടും എളുപ്പമായിരുന്നില്ല അവളുടെ കന്നിപ്രസവം. "അന്തസ്സുള്ള ഒരു ജർമ്മൻ വനിത ഒരിക്കലും പ്രസവത്തിനായി, വേദനസംഹാരികൾ പോലുള്ള കൃത്രിമ മാർഗങ്ങളെ ആശ്രയിക്കില്ല. അതൊക്കെ പാശ്ചാത്യരുടെ കെട്ട ശീലങ്ങളായിട്ടാണ് അന്ന് കണ്ടിരുന്നത്. അതുകൊണ്ടുതന്നെ ശരിക്കും 'നൊന്തു'തന്നെയാണ് ഞാൻ അന്ന് എന്റെ കുഞ്ഞിനെ പ്രസവിച്ചത്" 

അതൊരു ആൺകുഞ്ഞായിരുന്നു. തന്റെ പൊന്നുമോനെ രണ്ടേ രണ്ടാഴ്ച താലോലിക്കാനുള്ള സൗഭാഗ്യമേ ഹിൽദയ്ക്കുണ്ടായുള്ളു. അതുകഴിഞ്ഞപ്പോൾ ആ കുട്ടിയെ SS അധികാരികൾ അവരുടെ സ്‌പെഷ്യൽ നഴ്സറിയിലേക്ക് മാറ്റി. അവിടെ അവൻ നാസിസത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ച് വളർന്നുകാണണം. അത്രമാത്രമേ തന്റെ കുഞ്ഞിനെപ്പറ്റി ഹിൽദ കരുതുന്നുള്ളു. അത്രയേ അവൾക്കറിവുള്ളൂ. താൻ ഒപ്പിട്ടതുനൽകിയ ഉടമ്പടി അവളെ അതിൽ കൂടുതൽ ചിന്തിക്കുന്നതിൽ നിന്ന് വിലക്കിയിരുന്നു.

ആദ്യത്തെ പ്രസവത്തെ വിജയകരമായി പൂർത്തീകരിച്ചതോടെ ഹിൽദയ്ക്കുമേൽ വീണ്ടും അത് ആവർത്തിക്കാനുള്ള സമ്മർദ്ദമുണ്ടായെങ്കിലും, അതിന്റെ വൈകാരികമായ ഭാരം ഏറ്റെടുക്കാൻ അവൾക്ക് പിന്നീട് മനസ്സുവന്നില്ല. അതിനിടെ അവൾക്ക് ഒരു ജർമൻ സൈനികനുമായി പ്രണയബന്ധമുണ്ടായി. അവർ വിവാഹിതരായി. താൻ 'ലേബെൻസ്‌ബോൺ' പദ്ധതിയുടെ ഭാഗമായിരുന്നു എന്ന് ചാരിതാർഥ്യത്തോടെ അവൾ തന്റെ ഭർത്താവിനെ അറിയിച്ചപ്പോൾ, പ്രതീക്ഷയ്ക്ക് വിരുദ്ധമായി ആകെയൊരു തണുപ്പൻ പ്രതികരണമാണ് അയാളിൽ നിന്നുണ്ടായത്. എന്നാലും, " എന്റെ  ഫ്യൂറർക്ക് വേണ്ടി ഞാൻ അന്നങ്ങനെ ഒരു സാഹസം പ്രവർത്തിച്ചു" എന്ന് ഹിൽദ വെളിപ്പെടുത്തിയപ്പോൾ അയാൾക്ക് അവളെ പരസ്യമായി വിമർശിക്കാൻ പറ്റുമായിരുന്നില്ല. 

തന്റെ ആ ഉത്തമപുത്രൻ ഇന്നെവിടെയാണ് എന്ന് ഹിൽദയ്ക്ക് അറിവില്ല. വേർപാടിന്റെ കാര്യത്തിൽ അവൾ ഒറ്റയ്ക്കല്ല, അക്കാലത്ത് ഇങ്ങനെ നിർമ്മിച്ചെടുത്ത പരശ്ശതം സന്താനങ്ങളുടെ അമ്മമാർക്ക് സന്താനവിയോഗദുഃഖം കൈവന്നിട്ടുണ്ട്. അച്ഛനമ്മമാർ ആരെന്നറിയാതെ, യുദ്ധാനന്തരം തകർന്നടിഞ്ഞുപോയ ഒരു രാജ്യത്ത്, ആരാലും മതിക്കപ്പെടാതെ അവർ വളർന്നുവന്നിട്ടുണ്ടാകും. 'തേർഡ് റീച്ച്' കാലത്ത് പന്ത്രണ്ടു വർഷത്തിനിടെ അത്തരത്തിൽ,  നാസി ജർമനിയിലും നോർവെയിലുമായി, ചുരുങ്ങിയത് ഇരുപതിനായിരം കുഞ്ഞുങ്ങളെങ്കിലും ജനിച്ചു വീണിട്ടുണ്ട് . യുദ്ധാനന്തരം പലരെയും ദത്തിന് കൊടുക്കപ്പെട്ടു. ഹിറ്റ്‌ലർക്ക് വേണ്ടി തങ്ങളുടെ അമ്മമാർ ഗർഭം ധരിച്ച്, നൊന്തുപ്രസവിച്ച്, രാജ്യത്തിനുവേണ്ടി ത്യജിച്ച സ്വപ്നജന്മങ്ങളാണ് തങ്ങളെന്ന് അവർ ഒരിക്കലും അറിഞ്ഞിട്ടുണ്ടാകില്ല. 


 

click me!