ഭൂമിയെ 45 വർഷത്തിനുള്ളിൽ 1.6 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കുറയ്ക്കാൻ വജ്ര ധൂളികൾക്ക് കഴിയുമെന്നാണ് പുറത്ത് വരുന്ന പഠനം. എന്നാൽ ഇത് നടത്തിയെടുക്കൾ അത്ര എളുപ്പമല്ലെന്നാണ് ഗവേഷകർ വിശദമാക്കുന്നത്.
സൂറിച്ച്: ആഗോള തലത്തിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടുമ്പോൾ ഭൂമിയെ തണുപ്പിക്കാൻ പുതിയ മാർഗങ്ങൾ തേടി ശാസ്ത്രജ്ഞർ. ഭൂമിയുടെ തണുപ്പിക്കാൻ വജ്രത്തിന്റെ ധൂളികൾ വിതറുന്നത് സഹായിക്കുമെന്നാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അറ്റ്മോസ്ഫെരിക് ആൻഡ് ക്ലൈമറ്റ് സയൻസ് എന്ന സൂറിച്ചിലെ സ്ഥാപനം നടത്തിയ ഗവേഷണത്തിലാണ് വിദഗ്ധരുടെ പുതിയ നിരീക്ഷണം. ജിയോ ഫിസിക്കൽ റിസർച്ച് ലെറ്റേഴ്സ് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
വിവിധ വിഭാഗത്തിലുള്ള എയറോസോളുകൾ നമ്മുടെ അന്തരീക്ഷത്തിൽ വിതറിയ ശേഷമുള്ള മാറ്റങ്ങളേക്കുറിച്ച് 3ഡി ക്ലൈമറ്റ് മോഡലിലൂടെയാണ് ഗവേഷകർ പഠന വിധേയമാക്കിയത്. അന്തരീക്ഷത്തിൽ വിതറിയ എയറോസോളുകൾ പ്രകാശം, ചൂട് എന്നിവയോട് പ്രവർത്തിക്കുന്നതും അന്തരീക്ഷത്തിൽ തുടരുന്നതും ഭൂമിയിലേക്ക് എത്തരത്തിൽ തിരികെ പതിക്കുന്നുവെന്നതടക്കമുള്ള കാര്യങ്ങളാണ് ഗവേഷകർ പഠന വിധേയമാക്കിയത്.
undefined
ഇതിനായി ഏഴ് രീതിയിലുള്ള എയറോസോളുകളാണ് പരീക്ഷിച്ചത്. കാൽസൈറ്റ്, ഡയമണ്ട്, അലുമിനിയം, സിലികോൺ കാർബൈഡ, അനാടേസ്, റട്ടിൽ, സൾഫർ ഡയോക്സൈഡ് ധൂളികളാണ് അന്തരീക്ഷത്തിലേക്ക് വിതറിയത്. ഇതിൽ നിന്നാണ് ഭൂമിയെ തണുപ്പിക്കാനായി ഏറ്റവും സഹായിച്ചത് വജ്രമായിരുന്നുവെന്നാണ് പഠനം വ്യക്തമാക്കുന്നത്. പ്രകാശത്തിന്റെ ഭൂരിഭാഗത്തേയും വജ്ര ധൂളികൾ തിരികെ പ്രതിഫലിപ്പിക്കും. വായുവിൽ ഏറെ നേരം തുടരുന്നതിനാൽ ചൂടിനെ പ്രതിരോധിക്കാൻ വജ്ര തൂളികൾക്ക് സാധിക്കുമെന്നാണ് ഗവേഷകർ വിശദമാക്കുന്നത്. 5 മില്യൺ ടൺ സിന്തറ്റിക് വജ്ര തൂളികൾ അന്തരീക്ഷത്തിലേക്ക് വിതറുന്നത് ഭൂമിയെ 1.6 ഡിഗ്രി സെൽഷ്യസ് വരെ 45 വർഷത്തിനുള്ളിൽ കുറയ്ക്കാൻ സഹായിക്കുമെന്നാണ് പഠനം വിശദമാക്കുന്നത്.
കേൾക്കുമ്പോൾ മികച്ചത് എന്ന് തോന്നുമ്പോഴും ഇതിന്റെ ചെലവാണ് ഗവേഷകരെ വലിയ രീതിയിൽ വലയ്ക്കുന്നത്. 200 ട്രില്യൺ ഡോളർ ഏകദേശം 15,006,000,000,000,000 രൂപയാവും ഇതിനായി ചെലവ് വരികയെന്നാണ് ഗവേഷകർ വിശദമാക്കുന്നത്. നിലവിലെ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇത്ര അധികം അളവിൽ വജ്ര ധൂളികൾ നിർമ്മിക്കലും ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ്. ഓരോ വർഷവും 5 മില്യൺ ടൺ വജ്ര ധൂളി ഭൂമിയുടെ പല ഭാഗത്ത് വിതറുന്നതിന് ആവശ്യമായ വിമാന സൌകര്യവും നമ്മുക്കിന്ന് ലഭ്യമല്ല. അന്താരാഷ്ട്ര രീതിയിലുള്ള സഹകരണമാണ് ഇതിനൊരു പരിഹാരമായി ഗവേഷകർ പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം