കൊറോണ വൈറസിനെക്കാള്‍ ഭീകരമാണ് വംശീയവെറിയെന്ന വൈറസ്...

By Speak Up  |  First Published Jun 16, 2020, 4:37 PM IST

ഈ കൊറോണക്കാലത്ത് കുടിയേറ്റത്തൊഴിലാളിയെ അതിഥിത്തൊഴിലാളി കണ്ട് സ്നേഹിച്ചത് കേരളം മാത്രമാണ്. അതിഥിയെന്ന് പേരിട്ടതില്‍ത്തന്നെ സ്നേഹാദരങ്ങളുടെ ഒരു ധ്വനിയുണ്ട്. 


ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

Latest Videos

 

എനിക്ക് ശ്വസിക്കാന്‍ കഴിയുന്നില്ല... ദയവായി
-ജോര്‍ജ് ഫ്ലോയ്ഡ്. 

വെള്ളക്കാരനായ ഒരമേരിക്കന്‍ പൊലീസുകാരന്‍റെ കാല്‍മുട്ടുകള്‍ക്കിടയില്‍ ഞെരിഞ്ഞമര്‍ന്നു പിടയുന്ന ആഫ്രിക്കന്‍ വംശജനായ ജോര്‍ജ് ഫ്ലോയിഡിന്‍റെ അന്ത്യാഭിലാഷമാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. കറുത്ത വര്‍ഗക്കാരനായിപ്പോയി എന്നതുമാത്രമാണയാളില്‍ ആരോപിക്കുന്ന അപരാധം. വാസ്‍തവത്തില്‍, കറുത്ത വര്‍ഗത്തില്‍ ജനിച്ചുപോയതിലൊരാള്‍ കുറ്റക്കാരനാണോ? അടിമവ്യാപാരം അവസാനിപ്പിച്ചുകൊണ്ടുള്ള സിവില്‍ നിയമം നടപ്പില്‍ വന്നതോടെയാണ് കറുത്ത വര്‍ഗക്കാര്‍ക്ക് പൗരത്വം ലഭിക്കുന്നത്. അതുവരെ ഉഴവുകാളയെപ്പോലെയോ ചുമടുചുമക്കുന്ന കഴുതയെപ്പോലെയോ ഉള്ള വളര്‍ത്തുമൃഗങ്ങള്‍ മാത്രമായിരുന്നു ആഫ്രിക്കക്കാര്‍. അന്ത്യശ്വാസം വലിക്കുന്നതിനുള്ള ശുദ്ധവായുവിന് വേണ്ടിയാണയാള്‍ വിലപിച്ചത്. ഈ സംഭവത്തെ തുടര്‍ന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അമേരിക്കയിലും യൂറോപ്പിലും പ്രതിഷേധം അണപൊട്ടിയൊഴുകാന്‍ തുടങ്ങി. എന്നാല്‍, വെള്ളിയാഴ്‍ച വീണ്ടും ഒരു കര്‍ത്ത വര്‍ഗക്കാരന്‍ കൂടി കൊല്ലപ്പെട്ടു. അറ്റ്ലാന്‍റയില്‍ റേയ്ഹാര്‍ഡ് ബ്രൂക്ക്സ് എന്നയാളെ പൊലീസ് വെടിവെച്ചുകൊന്നു. അദ്ദേഹത്തിന് ശ്വാസം മുട്ടലനുഭവിക്കേണ്ടിവന്നില്ല. അനായാസ മരണമായിരുന്നു. അന്ത്യാഭിലാഷമറിയിക്കാനും നേരം കിട്ടിയില്ല. 

ഇതേ വര്‍ഗക്കാരനായ ഒരാള്‍ അമേരിക്കന്‍ പ്രസിഡന്‍റായി ഇരുന്നിട്ടുമുണ്ട് -ഒബാമ. ഗാന്ധിജിയുടെ അനുയായിയായ ഒരാഫ്രിക്കന്‍ നേതാവുണ്ട് -നെല്‍സണ്‍ മണ്ഡേല. 'എനിക്കൊരു സ്വപ്‍നമുണ്ട്' എന്നു പറഞ്ഞ ഒരു കറുമ്പന്‍ നേതാവുണ്ടായിരുന്നു -മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് (ജൂനിയര്‍). ഒബാമ ഭരണസാരഥ്യമേറ്റെടുത്തപ്പോള്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്‍റെ സ്വപ്‍നമാണ് പൂവണിഞ്ഞത്. അടിമക്കച്ചവടമവസാനിപ്പിക്കുകയും സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തുകയും ചെയ്‍ത എബ്രഹാം ലിങ്കണ് കാണാന്‍ കഴിയാതിരുന്ന ഒരു സുന്ദര സ്വപ്‍നത്തിന്‍റെ സാക്ഷാത്കാരമായിരുന്നു ഒബാമയുടെ സ്ഥാനാരോഹണം. പ്രാണവായുവിന് വേണ്ടിയുള്ള ജോര്‍ജ് ഫ്ലോയ്ഡിന്‍റെ ദീനരോദനം ആധുനികലോകം ശ്രവിച്ചത് കൊറോണക്കാലം സമ്മാനിച്ച മുഖംമൂടിയിലൂടെ അരിച്ചെടുത്ത പ്രാണവായു ശ്വസിച്ചു കൊണ്ടാണ്. ഇംഗ്ലണ്ടില്‍ നിന്നും എലിസബത്തെന്ന എന്‍റെ ഒരു സ്നേഹിത/സഹോദരി വിളിച്ചു പറഞ്ഞു: ഇവിടെ വെള്ളക്കാര്‍ക്കെതിരെ പ്രതിഷേധാഗ്നി പടരുകയാണ്. കൊളംബസിന്‍റെ പ്രതിമ ജനമടിച്ചു തകര്‍ത്തു. ചര്‍ച്ചിലിന്‍റെ പ്രതിമക്ക് സര്‍ക്കാര്‍ സംരക്ഷണകവചമൊരുക്കി കാവല്‍ക്കാരെ നിര്‍ത്തിയിരിക്കുകയാണ്. 

ഗാന്ധിജി -ഒരതിഥിത്തൊഴിലാളി?

ജോര്‍ജ് ഫ്ലോയ്‍ഡിന്‍റെ ദാരുണാന്ത്യം അനുസ്‍മരിക്കുമ്പോള്‍ നമുക്ക് മഹാത്മജിയിലേക്ക് മടങ്ങിപ്പോകേണ്ടി വരുന്നു. 1893 ജൂണ്‍ ഏഴാം തീയതി രാത്രിയിലാണ് ഗാന്ധിജി സൗത്ത് ആഫ്രിക്കയില്‍ ഒരു തീവണ്ടിയില്‍ നിന്ന് ചവിട്ടിപ്പുറത്താക്കപ്പെടുന്നത്. ഗാന്ധിജി പ്രതിഷേധിച്ചില്ല. വെള്ളക്കാരനല്ലെന്ന ഒറ്റക്കാരണത്താലാണ് ഒരു വെള്ളക്കാരനുദ്യോഗസ്ഥന്‍ ഗാന്ധിജിയെ ചവിട്ടിപ്പുറത്താക്കിയത്. ആ രംഗം വര്‍ണിക്കുമ്പോള്‍ മഹാകവി വള്ളത്തോളുപയോഗിച്ച ശൈലി ശ്രദ്ധേയമാണ്. ക്രൂരമായ മര്‍ദ്ദനത്തിരയായ ആള്‍ പ്രതിഷേധിച്ചില്ലെന്ന് മാത്രമല്ല ''നൊന്തിതോ ഭവല്‍പ്പാദം'' എന്ന് ചോദിക്കുകയും ചെയ്‍തുവത്രെ. ഇതില്‍ കവിസഹജമായ അതിശയോക്തിയുടെ ആകര്‍ഷകപരിവേഷം മാറ്റിവെച്ച് നമുക്കൊന്ന് പരിശോധിക്കാം. അപ്പോഴും ഗാന്ധിജിയുടെ മനുഷ്യസ്നേഹപ്രതിബദ്ധതയും അഹിംസാവ്രതവും അവിടെത്തിളങ്ങി നില്‍ക്കുന്നത് കാണാം. 

ഗാന്ധിജി സൗത്താഫ്രിക്കയില്‍ ഒരു കുടിയേറ്റത്തൊഴിലാളിയായിരുന്നു- കൊറോണക്കാലത്തെ മലയാളശൈലിയില്‍ പറഞ്ഞാല്‍ ഒരതിഥിത്തൊഴിലാളി. അഭിഭാഷകനെന്ന നിലയ്ക്ക് ന്യായമായ പ്രതിഫലം ലഭിച്ചിരുന്നതുകൊണ്ട് അദ്ദേഹം കുടിയേറ്റത്തൊഴിലാളിയുടെ നിര്‍വചനത്തിന് പുറത്താവുന്നില്ലല്ലോ. ഈ കൊറോണക്കാലത്ത് കുടിയേറ്റത്തൊഴിലാളിയെ അതിഥിത്തൊഴിലാളി കണ്ട് സ്നേഹിച്ചത് കേരളം മാത്രമാണ്. അതിഥിയെന്ന് പേരിട്ടതില്‍ത്തന്നെ സ്നേഹാദരങ്ങളുടെ ഒരു ധ്വനിയുണ്ട്. അത് പ്രവര്‍ത്തിച്ച് കാണിച്ചുകൊടുക്കുകയും ചെയ്‍തു. ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ഒരാളും പട്ടിണി കിടക്കാനിടയാവില്ലെന്ന് പ്രഖ്യാപിക്കുക മാത്രമല്ല, സാമൂഹ്യഅടുക്കളയിലൂടെ അത് അനുഭവപ്പെടുത്തിക്കൊടുക്കുകയും ചെയ്‍തു. കേരളം ഇന്ത്യയിലെ ഒരു ചെറിയ സംസ്ഥാനമാണ്. വിസ്തൃതിയില്‍ മാത്രമല്ല വിഭവശേഷിയിലും. 

പ്രളയം പോലുള്ള പ്രകൃതിദുരന്തങ്ങളില്‍ നിന്ന് കരകയറുന്നതിന് മുമ്പാണ് കൊറോണയുടെ കടന്നാക്രമണം. പോരാ, ഒരു ഫെഡറല്‍ സംവിധാനത്തില്‍ സംസ്ഥാനത്തിനര്‍ഹമായ സാമ്പത്തിക സഹായങ്ങള്‍ നിഷേധിക്കപ്പെടുന്ന അവസ്ഥയുണ്ടായി. ഈ പ്രതികൂല സാഹചര്യത്തിലും ലക്ഷക്കണക്കായ അതിഥിത്തൊഴിലാളികള്‍ക്ക് നാട്ടിലെത്തുന്നതിനുള്ള യാത്രാസൗകര്യമൊരുക്കുവാനും നമുക്ക് കഴിഞ്ഞു. അതുപോലെ ലക്ഷക്കണക്കായ മറുനാടന്‍ മലയാളികളെ സ്വന്തം തറവാട്ടിലേക്കെന്നപോലെ സ്വീകരിക്കുവാനും നാം സന്നദ്ധരായി, പ്രാപ്‍തരായി. ജോലി നഷ്‍ടപ്പെട്ടും രോഗബാധിതരായും നാട്ടിലെത്തിയാല്‍ രക്ഷപ്പെടുമെന്ന ഗൃഹാതുരത്വത്തില്‍ നോര്‍ക്കയുടെയും മറ്റും സഹായസഹകരണങ്ങളോടെ നാട്ടിലെത്തിയവരെ കേരളം മാറോടണച്ചു സ്വീകരിച്ചു. ഇതൊരു ചെറിയ കാര്യമല്ല, ഇന്ത്യയുടെ ഭരണസിരാകേന്ദ്രമെന്നോ ഹൃദയഭൂമിയെന്നോ പറയാവുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെ സ്ഥിതിയെന്തായിരുന്നു? വിഭജനകാലത്ത് ഇന്ത്യ കണ്ടതുപോലെയുള്ള കൂട്ടപ്പലായനങ്ങള്‍ നമുക്ക് കാണേണ്ടി വന്നില്ലേ? കഴിക്കാന്‍ ഭക്ഷണമില്ല, അന്തിയുറങ്ങാനിടമില്ല, മടങ്ങിപ്പോവാന്‍ വാഹനമില്ല -യാത്രക്ക് സ്വന്തം കാലുകള്‍ മാത്രം ശരണം. ഇച്ഛാശക്തിമാത്രം ആശ്രയം. എങ്ങനെയെങ്കിലും നാട്ടിലെത്തണം. എത്ര ദൂരമുണ്ടെന്നറിയില്ല. മരിക്കുകയാണെങ്കിലും വീട്ടിലേക്കുള്ള യാത്രാമധ്യേ മരിക്കട്ടെ. ഇത്തരം പലായന ദുരന്തങ്ങളിലും കേരളം പ്രതിസ്ഥാനത്ത് വന്നിട്ടില്ല. പ്രവാസിക്ഷേമം മുന്‍നിര്‍ത്തി മാത്രം കര്‍മ്മനിരതനായിരിക്കുന്ന നോര്‍ക്ക പോലുള്ളൊരു സ്ഥാപനം ഇന്ത്യയില്‍ മറ്റെവിടെയുണ്ട്?

സൗത്താഫ്രിക്കയിലെ അതിഥിത്തൊഴിലാളികളായ ഇന്ത്യക്കാരുടെ ക്ഷേമം മുന്‍നിര്‍ത്തി ഗാന്ധിജി അവിടെ ടോള്‍സ്റ്റോയ് ഫാം എന്നൊരു കൂട്ടായ്‍മ സംഘടിപ്പിച്ചു. ഇന്ന് ഗാന്ധിജി ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിലും സമാനമായ പ്രസ്ഥാനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം കൊടുക്കുമായിരുന്നു എന്ന് തോന്നുന്നു. ഇന്ത്യാ വിഭജനവേളയിലും പ്ലേഗ് പടര്‍ന്നുപിടിച്ച സന്ദര്‍ഭത്തിലും ഗാന്ധിജി നടത്തിയ ധീരോദാത്തവും സ്നേഹമാത്ര പ്രചോദിതവുമായ ഇടപെടലുകള്‍ പ്രസിദ്ധമാണല്ലോ. ഇപ്പോഴതു ചരിത്രഭാഗവുമാണ്. ഈ കൊറോണാക്കാലത്ത് അതൊക്കെ ഓര്‍ത്തുപോകുന്നു. 

സാമൂഹ്യപ്രതിബദ്ധതയുള്ള പി. സായ്‍നാഥ് എന്ന പത്രപ്രവര്‍ത്തകനും സഹപ്രവര്‍ത്തകരും അവതരിപ്പിക്കുന്ന അനുഭവകഥകളില്‍ ഒരു പെണ്‍കുട്ടിയുണ്ട് ജംലോ മഡ്‍കം എന്ന പന്ത്രണ്ടുകാരിയായ ഒരാദിവാസിപ്പെണ്‍കുട്ടി. ഛത്തീസ്‍ഗഢിലെ മുരിയാ ഗോത്രത്തില്‍ പെട്ടവള്‍. തെലങ്കാനയിലെ മുളകുപാടങ്ങിളില്‍ പണിയെടുക്കുന്നതിനുവേണ്ടി ഗ്രാമവാസികളോടൊപ്പം പോന്നതാണവള്‍. കൊറോണക്കാലത്തെ അടച്ചുപൂട്ടലില്‍ പണി നഷ്‍ടപ്പെട്ടു. സ്‍കൂള്‍ യൂണിഫോം ധരിച്ച് കൂട്ടുകാരികളോടൊപ്പം ആടിയും പാടിയും കളിച്ചും ചിരിച്ചും വളരേണ്ട പെണ്‍കിടാവിന് മുളകുപാടത്ത് പണിയെടുക്കേണ്ടി വരുന്നു. കാരുണ്യമില്ലാത്ത കൊറോണ അവളുടെ പണി നഷ്‍ടപ്പെടുത്തുന്നു. നാട്ടിലേക്ക് തിരിച്ചുപൊയ്ക്കൊള്ളാന്‍ മുളകുപാടത്തിന്‍റെ ഉടമസ്ഥന്‍ പറയുന്നു. അതിനപ്പുറം ഒരുത്തരവാദിത്വവും അദ്ദേഹത്തിനില്ല. ഗ്രാമവാസികളോടൊപ്പം അവള്‍ നടക്കുകയാണ്. 140 കിലോമീറ്ററോളം അവള്‍ നടന്നു കഴിഞ്ഞു. ഇനിയും 60 കിലോമീറ്റര്‍ നടന്നാല്‍ വീട്ടിലെത്താമെന്ന് പറഞ്ഞ് അവളെ ഒപ്പമുള്ളവര്‍ ആശ്വസിപ്പിക്കുന്നു. നടക്കാന്‍ തുടങ്ങിയിട്ട് എത്ര ദിവസമായി എന്നുപോലും അവള്‍ക്കറിയില്ല. അവള്‍ക്ക് തുടര്‍ന്നു നടക്കാന്‍ കഴിയുന്നില്ല. അവള്‍ തളര്‍ന്നുവീണു മരിച്ചു. ഗോത്രപരദേവതയായ അമ്മയെ വിളിച്ച് ആത്മനിവേദനം നടത്തിയിട്ടാണവള്‍ പൊയത്. 'അമ്മേ, എനിക്കു വയ്യ... ഹേ റാം' എന്നതായിരുന്നു ഗാന്ധിജിയുടെ അന്ത്യയാത്രാമൊഴി. 'എനിക്ക് ശ്വാസം കിട്ടുന്നില്ല... ദയവായി...' എന്നായിരുന്നു ജോര്‍ജ് ഫ്ലോയ്ഡിന്‍റെ അന്ത്യരോദനം. എല്ലാമെല്ലാം നിസ്സഹായതയുടെ ഓരോ നിലവിളികള്‍. ഫ്ലോയ്‍ഡിനെ ഞെരിച്ചുകൊന്ന വെള്ളക്കാരന്‍റെ രക്തത്തില്‍ കൊറോണയെക്കാള്‍ കരാളഭീകരമായ വര്‍ണമേധാവിത്വത്തിന്‍റെ വൈറസുണ്ടായിരുന്നു -ഗാന്ധിജിയെ ചവിട്ടിപ്പുറത്താക്കിയവന്‍റെ രക്തത്തിലും. കൊറോണയ്ക്ക് മരുന്ന് കണ്ടെത്തിയേക്കാം, കണ്ടെത്തും. അതിനേക്കാളെത്രയോ ശ്രമകരമാകും ഈ വര്‍ണവിദ്വേഷത്തിന് പ്രതിവിധി കണ്ടെത്തുക. 

ഹിരോഷിമയിലും നാഗസാക്കിയിലും സംഭവിച്ച നാശനഷ്‍ടങ്ങള്‍ക്ക് കണക്കില്ല. മരിച്ചവരും മാറാരോഗികളായവരും എത്രയെന്ന് തിട്ടപ്പെടുത്താന്‍പോലും ആരും ശ്രമിച്ചില്ല. എങ്കിലും ജപ്പാന്‍ ഉയിര്‍ത്തെഴുന്നേറ്റു. അതുപോലെ കൊറോണയേയും അതിജീവിച്ച് മനുഷ്യന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും. പക്ഷേ, സാമ്രാജ്യത്വചൂഷണം വളര്‍ത്തിയെടുത്തിരിക്കുന്ന കരണത്രയത്തിന്‍റെ (വ്യാപാരവല്‍ക്കരണം, ഉദാരവല്‍ക്കരണം, സ്വകാര്യവല്‍ക്കരണം) ഉപോത്പ്പന്നങ്ങളായ ഉപഭോഗതൃഷ്‍ണയും ലാഭമാത്രപ്രചോദിതമായ അത്യാര്‍ത്തിയും എന്നവസാനിപ്പിക്കുമെന്ന് പ്രവചിക്കാനാവില്ല. 

ഒരു ആംസ്റ്റര്‍ഡാം അനുഭവം

ആംസ്റ്റര്‍ഡാമില്‍ പോയപ്പോള്‍ ആന്‍ഫ്രാങ്ക് മ്യൂസിയം സന്ദര്‍ശിക്കാനിടയായി. ആന്‍ഫ്രാങ്കെന്ന പതിനഞ്ചുകാരി നാസി ഭീകരതക്കിരയായിത്തീര്‍ന്ന രക്തസാക്ഷിയാണ്. ആ പെണ്‍കുട്ടിയുടെ ഡയറിക്കുറിപ്പുകളിന്ന് ലോകപ്രസിദ്ധമാണ്. മലയാളമുള്‍പ്പടെ എല്ലാ ലോകഭാഷകളിലേക്കും അത് പരിഭാഷപ്പെടുത്തിയിട്ടുമുണ്ട്. ജംലോ മഡ്‍കത്തിന്‍റെ കഥ കേട്ടപ്പോള്‍ ആന്‍ഫ്രാങ്കിനെ ഓര്‍ത്തുപോയി. ആന്‍ഫ്രാങ്കിന്‍റെ വീടുതന്നെയാണ് മ്യൂസിയമായി വേഷം മാറിയിരിക്കുന്നത്. അവിടെ അവളുടെ ഡയറിക്കുറിപ്പുകളുടെ കയ്യെഴുത്തുപ്രതി ലാമിനേറ്റ് ചെയ്‍ത് ചില്ലുകൂട്ടില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഏതൊരു എഴുത്തുകാരനും അതൊരു ശ്രീകോവിലാണ്. ആ ചില്ലുകൂടിനുമുന്നില്‍ തൊഴുതുനിന്നുപോയി. ആന്‍ ഫ്രാങ്ക് എന്ന് മരിച്ചെന്നോ എവിടെവച്ച് മരിച്ചെന്നോ പുറംലോകത്തിനറിയില്ല. ഏതോ ഒരു കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പിലേക്ക് അവളെ കൊണ്ടുപോയി എന്ന് മാത്രമറിയാം. ആ ക്യാമ്പില്‍ നിന്ന് ജീവനോടെ രക്ഷപ്പെട്ടവരാരുമില്ലത്രെ. 

ഈ ആദിവാസിപ്പെണ്‍കിടാവ് വീട്ടിലെത്തിയിരുന്നുവെങ്കില്‍ അവള്‍ പഠിച്ചിരുന്നെങ്കില്‍ ഈ യാത്രാനുഭവങ്ങള്‍ അവളെഴുതുമായിരുന്നു. ലോകത്തിലെ സഞ്ചാരസാഹിത്യത്തിന് അതൊരു മുതല്‍ക്കൂട്ടാവുകയും ചെയ്യും. പക്ഷേ, വഴിമധ്യേ അവള്‍ വീണുപോയി. തെലങ്കാനയിലെയും ഛത്തീസ്‍ഗഢിലെയും സര്‍ക്കാരുകളോ കേന്ദ്രം ഭരിക്കുന്നവരോ അല്‍പം ദയ കാണിച്ചിരുന്നുവെങ്കില്‍ ആ പെണ്‍കുട്ടിക്ക് പെരുവഴിയിലുണ്ടായിരുന്ന ഈ ദുര്‍മരണം സംഭവിക്കില്ലായിരുന്നു. കേരളത്തിലെ ഒരു പെണ്‍കുട്ടിക്കോ കേരളത്തിലേക്ക് വരുന്ന ഒരു പെണ്‍കുട്ടിക്കോ ഇത്തരമൊരു ദുരന്തം നേരിടേണ്ടി വരില്ലെന്ന് തീര്‍ച്ച. 

ഈ കൊറോണ ദുരന്തവേളയില്‍ കേരളത്തിനകത്തേക്കും പുറത്തേക്കും ലക്ഷക്കണക്കിനാളുകള്‍ പ്രവഹിച്ചു. ഈ പെണ്‍കുട്ടിക്കുണ്ടായതുപോലെയുള്ള ഒരു ദുരന്തം ആര്‍ക്കുമുണ്ടായില്ല. കാരണം വന്നവരെയെല്ലാം തിരികെയെത്തിയ വീട്ടുകാരായിത്തന്നെയാണ് സ്വീകരിച്ചത്. പോയവരെല്ലാം മടങ്ങുന്ന അതിഥികളായിരുന്നു. അതിഥിയെന്ന് പേരിട്ടതില്‍ത്തന്നെ മാനവികതയുടെ മഹത്വമുണ്ട്: അതിഥി ദേവോ ഭവ എന്ന ആതിഥേയ മഹത്വം. നേപ്പാളിയായ ഒരു പ്രഭാകര്‍ ഞങ്ങളോടൊപ്പമുണ്ടായിരുന്നു. അയാള്‍ ഡാര്‍ജിലിംഗിലെത്തിയപ്പോള്‍ എന്നെ വിളിച്ചു പറഞ്ഞു, ''എല്ലാം നോര്‍മ്മലായാല്‍ ഞാന്‍ വരും. എന്‍റെ അമ്മ അവിടെ സുരക്ഷിതയാണെന്ന് എനിക്കുറപ്പുണ്ട്. അമ്മ അവിടെ ജോലിക്കാരിയായല്ല, കുടുംബാംഗമായാണ് കഴിയുന്നതെന്ന് ഞാന്‍ കണ്ടതാണല്ലോ. മറുനാടന്‍ തൊഴിലാളിക്ക് ഇത്ര സുരക്ഷിതമായ സംസ്ഥാനം ഇന്ത്യയില്‍ വേറെ കാണുമെന്ന് തോന്നുന്നില്ല. എന്‍റെ അച്ഛന്‍റെ നാടായ നേപ്പാളിലോ അമ്മയുടെ നാടായ ഡാര്‍ജിലിംഗിലോ കിട്ടാത്ത സുരക്ഷിതത്വവും സ്നേഹവും ഞങ്ങള്‍ക്കവിടെ ലഭിച്ചു. ഇപ്പോള്‍ കേരളമെന്‍റെ നാടാണ്. ഞാനവിടേക്ക് വരും. യാത്രാനുവാദം കിട്ടിയാല്‍ മൈഗ്രന്‍റ് ലേബറായല്ല. ഒരു കേരള പൗരനാവാന്‍ തീരുമാനിച്ചുവരുന്നത്. 

ഇതാണ് സാക്ഷരകേരളം, സംസ്‍കാര സമ്പന്നമായ കേരളം, സാമൂഹ്യനവോത്ഥാന പ്രസ്ഥാനങ്ങളുണ്ടായ സവിശേഷ കേരളം. 

(എനിക്കും ചിലത് പറയാനുണ്ട് കോളത്തില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ എഴുതുന്നവരുടെ അഭിപ്രായങ്ങളാണ്. അഭിപ്രായങ്ങള്‍ വ്യക്തിപരം.)

click me!