ചില കത്തുകളില്‍ തന്‍റെ പേര് 'സാം' എന്നാണെന്നും താന്‍ 'വേട്ടയാടാന്‍ ഇഷ്ടപ്പെടുന്നു' എന്നും അയാള്‍ എഴുതി. ഒരു കത്തില്‍ 'സണ്‍ ഓഫ് സാം' എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഒപ്പം സാം എന്ന് പേരുള്ള ഒരാളുടെ നിര്‍ദ്ദേശപ്രകാരമാണ് ഒരോ കൊലയുമെന്നും എഴുതിയിരുന്നു.
സീരിയല്‍ കില്ലർമാർ തങ്ങളുടെ ഇരകളെ കണ്ടെത്തുന്നതിനും കൊലപ്പെടുത്തുന്നതിനും സമാനമായ ചില രീതികള്‍ ഉപയോഗിക്കാറുണ്ട്. ഈ സമാനതകളെ അടിസ്ഥാനമാക്കിയാണ് പലപ്പോഴും ഇത്തരം മാനസിക വൈകല്യമുള്ള കൊലയാളികളെ പോലീസ് പിടികൂടുന്നതും. എന്നാല്‍ 1970 -കളില്‍ ന്യൂയോര്‍ക്ക് നഗരത്തിന്‍റെ പേടി സ്വപ്നമായിരുന്ന സീരിയല്‍ കില്ലറെ പിടികൂടാന്‍ ന്യൂയോര്‍ക്ക് പോലീസ് വകുപ്പിന് അല്പം കഷ്ടപ്പെടേണ്ടി വന്നു. അക്കാലമത്രയും ന്യൂയോര്‍ക്ക് നഗരത്തില്‍ ഭീതി പടര്‍ത്തിയ കൊലയാളി ഏതു നിമിഷവും തങ്ങള്‍ കൊല്ലപ്പെടാമെന്ന ഭീതി ജനങ്ങളില്‍ സൃഷ്ടിച്ചു. ഒടുവില്‍, നാല് പതിറ്റാണ്ടിനിപ്പുറവും ജാമ്യം പോലും ലഭിക്കാതെ ജയിലഴികള്‍ക്കുള്ളില്‍ അടയ്ക്കപ്പെട്ട ഡേവിഡ് ബെർകോവിറ്റ്സ് ഇന്നും ന്യൂയോര്‍ക്ക് നഗരത്തിന്‍റെ പേടി സ്വപ്നമാണ്.
1970 -കളുടെ മധ്യത്തോടെയാണ് ന്യൂയോർക്ക് നഗരം കണ്ട ഏറ്റവും നീണ്ടുനിന്നതും ക്രൂരവുമായ കൊലപാതക പരമ്പരയ്ക്ക് ഡേവിഡ് തുടക്കമിടുന്നത്. 1976 ജൂലൈ 29-ന്, 18 കാരിയായ ഡോണ ലോറിയ എന്ന യുവതിയായിരുന്നു ഡേവിഡിന്‍റെ ആദ്യ ഇര. ഡേവിഡിന്‍റെ ആദ്യ ആക്രമണത്തില്‍ നിന്നും ഡോണയുടെ സുഹൃത്ത് ജോഡ് വാലന്‍റി കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. എന്നാല്‍ കൊലയാളിയെ തിരിച്ചറിയാന്‍ പോലീസിന് കഴിഞ്ഞില്ല. തൊട്ടടുത്ത വര്‍ഷം ക്രിസ്റ്റീൻ ഫ്രണ്ട് (26), വിർജീനിയ വോസ്കെറിച്ചിയൻ (19), വാലന്‍റീന സുറിയാനി (18), അലക്സാണ്ടർ ഈസാവ് (20), സ്റ്റേസി മോസ്കോവിറ്റ്സ് (20). തുടങ്ങിയവരും സമാനമായ രീതിയില്‍ കൊല്ലപ്പെട്ടു. പ്രത്യേക തരം തോക്ക് ഉപയോഗിച്ചാണ് ഡേവിഡ് തന്‍റെ കൊലപാതകങ്ങളെല്ലാം ചെയ്തത്. ഇതോടെ കൊലപാതകിക്ക് ഒരു വിളിപ്പേര് ലഭിച്ചു. '.44 കാലിബര്‍ കില്ലര്‍'. ബ്രോങ്ക്‌സ്, ബ്രൂക്ക്‌ലിൻ, ക്വീൻസ് എന്നീ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് പ്രധാനമായും കൊല്ലപ്പെട്ടത്. മാത്രമല്ല, പുലര്‍ച്ചെ നടക്കുന്ന കൊലപാതകങ്ങളിലെ ഇരകളില്‍ അധികം പേരും തവിട്ട് മുടിക്കാരായിരുന്നു. ഇതോടെ ന്യൂയോര്‍ക്ക് നഗരത്തിലെ സ്ത്രീകള്‍ തങ്ങളുടെ മുടിയുടെ നിറം മാറ്റന്‍ സലൂണുകളിലേക്ക് ഓടി. പലരും തങ്ങള്‍ അടുത്ത ഇരകളാക്കപ്പെടുമോയെന്ന് ഭയന്നു.
ബെംഗളൂരു - കൊൽക്കത്ത സെക്കന്‍റ് എസി തത്കാൽ ടിക്കറ്റിന് 10,100 രൂപ; കണ്ണ് തള്ളി സോഷ്യല്‍ മീഡിയ
തമിഴ്നാട്ടില്‍ 2,600 വർഷം പഴക്കമുള്ള സങ്കീർണ്ണമായ ജലസേചന സംവിധാനം കണ്ടെത്തി
അതേസമയം തന്നെ അടുത്ത കുറ്റകൃത്യങ്ങളെ കുറിച്ചുള്ള സൂചനകള്‍ നല്‍കി കൊണ്ട് കൊലയാളി പോലീസിനെ വെല്ലുവിളിച്ച് കൊണ്ടിരുന്നു. അതിനായി കൊലയാളി കത്തുകളെഴുതി. ചില കത്തുകളില്‍ തന്‍റെ പേര് 'സാം' എന്നാണെന്നും താന്‍ 'വേട്ടയാടാന്‍ ഇഷ്ടപ്പെടുന്നു' എന്നും അയാള്‍ എഴുതി. ഒരു പത്രത്തിലെ കോളമിസ്റ്റ് ജിമ്മി ബെർസ്ലിന് ലഭിച്ച കത്തില്‍ 'സണ്‍ ഓഫ് സാം' എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഒപ്പം സാം എന്ന് പേരുള്ള ഒരാളുടെ നിര്‍ദ്ദേശപ്രകാരമാണ് ഒരോ കൊലയുമെന്നും എഴുതിയിരുന്നു. ഇത്രയൊക്കെയായിട്ടും കൊലയാളിയെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല. പ്രശസ്തരായ നിരവധി ഉദ്യോഗസ്ഥര്‍ കേസ് അന്വേഷിച്ചെങ്കിലും ഒരു തുമ്പും കണ്ടെത്താന്‍ കഴിഞ്ഞില്ല. പല സാക്ഷികളും പരസ്പര ബന്ധമില്ലാത്ത വിവരങ്ങളാണ് പോലീസിന് നല്‍കിയത്. ഒടുവില്‍, കൊലയാളി ഉപയോഗിച്ച മഞ്ഞ 1970 ഫോർഡ് ഗാലക്‌സി കാര്‍ കുറ്റവാളിയെ കണ്ടെത്താന്‍ പോലീസിനെ സഹായിച്ചു.
ഡോവിഡിന്‍റെ ആക്രമണത്തെ അതിജീവിച്ച ഒരാള്‍, താന്‍ ആക്രമിക്കപ്പെട്ട സ്ഥലത്ത് മഞ്ഞ നിറത്തിലുള്ള 1970 ഫോർഡ് ഗാലക്‌സി കാര്‍ കണ്ടിരുന്ന കാര്യം പോലീസിനെ അറിയിച്ചു. പ്രദേശത്ത് എത്തണമെങ്കില്‍ വാഹനങ്ങള്‍ക്ക് പ്രത്യേക പാസ് വാങ്ങണമായിരുന്നു. പിന്നീട് ഇതുവഴിയായി പോലീസിന്‍റെ അന്വേഷണം. 1977 ആഗസ്റ്റ് 10 -ന്, വെടിവയ്പ്പ് നടന്ന പ്രദേശത്തേക്ക് കടന്ന വാഹനങ്ങളുടെ ലിസ്റ്റ് പോലീസ് പരിശോധിച്ചു. ഒടുവില്‍ ഡേവിഡ് ബെർകോവിറ്റ്സിന്‍റെ മഞ്ഞ 1970 ഫോർഡ് ഗാലക്‌സി കാറില്‍ നിന്നും ഒരു കൈത്തോക്ക്, വെടിമരുന്ന്, ഭൂപടങ്ങൾ, ഒരു പോലീസ് ഉദ്യോഗസ്ഥനുള്ള ഭീഷണി കത്ത് എന്നിവ കണ്ടെത്തി. പിന്നാലെ പോലീസ് ഡേവിഡിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍ അയല്‍വാസിയുടെ 'സാം' എന്ന 'ലാബ്രഡോർ' പട്ടിയാണ് തന്നോട് കൊലപാതകങ്ങള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടതെന്ന് ഡേവിഡ് പോലീസിനോട് പറഞ്ഞു. ലാബ്രഡോറിന്‍റെ പേരിലായിരുന്നു ഡേവിഡ് കൊലപാതകങ്ങള്‍ അവകാശപ്പെട്ടിരുന്നതും. ആറ് കൊലപാതകങ്ങള്‍ക്കെല്ലാം കൂടി പരമാവധി 25 വര്‍ഷം മുതല്‍ ജീവപര്യന്തം തടവായിരുന്നു ഡേവിഡിന് ലഭിച്ച ശിക്ഷ. 2002 മുതല്‍ പരോളിന് അപേക്ഷ നല്‍കുന്നുണ്ടെങ്കിലും ഡേവിഡിന്‍റെ 12 -മത്തെ പരോള്‍ അപേക്ഷയും ഈ വര്‍ഷം മേയില്‍ നിരസിക്കപ്പെട്ടു.