ഓടിക്കളിക്കുന്നതിനിടെ കുട്ടി സൂപ്പര്‍ മാര്‍ക്കറ്റില്‍ വീണ് ഒരു മാസത്തിന് ശേഷമാണ് അമ്മ, ജീവനക്കാര്‍ക്കെതിരെ പരാതിയുമായി എത്തിയത്.
സൂപ്പർ മാർക്കറ്റിൽ അമ്മയോടൊപ്പം എത്തിയ 11 -കാരൻ ഓടിക്കളിക്കുന്നതിനിടയിൽ തറയിൽ തെന്നി വീണുണ്ടായ അപകടത്തിന് കാരണം ജീവനക്കാരാണെന്ന ആരോപണവുമായി അമ്മ രംഗത്ത്. സൂപ്പർമാർക്കറ്റിലെ ജീവനക്കാരുടെ അശ്രദ്ധമൂലമാണ് തന്‍റെ മകൻ വീണ് പരിക്കേറ്റതെന്നും അതിനാൽ തനിക്ക് നഷ്ടപരിഹാരം നൽകണമെന്നുമാണ് അമ്മയുടെ ആവശ്യം. മധ്യ ചൈനയിലെ ഹുനാൻ പ്രവിശ്യയിലെ അലിബാബയുടെ ഹേമ സിയാൻഷെങ് സൂപ്പർ മാർക്കറ്റിന്‍റെ മെയ്‌സി ക്വിങ്ങ്‌സിയു ബ്രാഞ്ചിലാണ് സംഭവം നടന്നത്. ഒക്ടോബർ 19 -ന് അമ്മയോടൊപ്പം ഇവിടെയെത്തിയ 11 -കാരനാണ് ഓടിക്കളിക്കുന്നതിനിടയിൽ തറയിൽ തെന്നി വീണത്.
സിസിടിവി ദൃശ്യങ്ങൾ പ്രകാരം കുട്ടി സൂപ്പർമാർക്കറ്റിനുള്ളിലൂടെ അലക്ഷ്യമായി ഓടിക്കളിക്കുന്നതിനിടയിൽ സ്വയം കാലിടറി വീഴുകയായിരുന്നു. കൂടാതെ കുട്ടി വീണ് അല്പ സമയത്തിനുള്ളിൽ തന്നെ അമ്മയും മകനും പുറത്തേക്ക് പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. എന്നാൽ, ഇപ്പോൾ കുട്ടിയുടെ അമ്മ ആരോപിക്കുന്നത് തന്‍റെ മകന് അപകടം സംഭവിക്കാൻ കാരണം സൂപ്പർമാർക്കറ്റിലെ ജീവനക്കാരുടെ അനാസ്ഥയാണെന്നും വീഴ്ചയുടെ ആഘാതത്തിൽ മകന് മസ്തിഷ്കാഘാതവും തലയോട്ടിയില്‍ ഹെമറ്റോമ ഉണ്ടെന്ന് കണ്ടെത്തിയെന്നുമാണ്. കൂടാതെ മകൻ അപകടത്തിൽപ്പെട്ടപ്പോൾ ജീവനക്കാരുടെ ഭാഗത്ത് നിന്നും യാതൊരുവിധ സഹായവും ഉണ്ടായില്ലെന്നും ആശുപത്രിയിലേക്ക് പോകുന്നതിനായി ആംബുലൻസ് പോലും വിളിച്ചു നൽകിയില്ലെന്നും ഇവര്‍ ആരോപിക്കുന്നു.
റൈസ് കുക്കറിൽ നിന്ന് വിവാഹ മോചനം നേടിയ ഇന്തോനേഷ്യൻ യുവാവിന്‍റെ അസാധാരണ പ്രണയകഥ വീണ്ടും വൈറല്‍
നവംബർ 10 ന്, ഈ സംഭവം ഓൺലൈൻ മാധ്യമങ്ങളിൽ ട്രെൻഡിംഗ് പട്ടികയിൽ ഒന്നാമതെത്തുകയും, 200 ദശലക്ഷം ആളുകൾ കാണുകയും ചെയ്തിരുന്നു. എന്നാൽ, സംഭവ സമയത്ത് സൂപ്പർ മാർക്കറ്റിൽ ഉണ്ടായിരുന്ന, പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ജീവനക്കാരൻ ഇവരുടെ ആരോപണങ്ങളെല്ലാം നിഷേധിച്ചു. കുട്ടി നിലത്ത് വീണപ്പോൾ തന്നെ ജീവനക്കാർ കുട്ടിയുടെ അവസ്ഥ പരിശോധിച്ചിരുന്നുവെന്നും ആശുപത്രിയിലേക്ക് പോകേണ്ടതുണ്ടോയെന്ന് ചോദിച്ചപ്പോൾ വേണ്ട കുഴപ്പമൊന്നുമില്ലെന്ന് അമ്മയും കുട്ടിയും മറുപടി പറഞ്ഞതായും ജീവനക്കാരൻ വ്യക്തമാക്കി. കുട്ടി തനിയെ എഴുന്നേറ്റ് സുഖമാണെന്ന് പറഞ്ഞതിന് ശേഷമാണ് അവരെ വിട്ടയച്ചതെന്നും അദ്ദേഹം പറഞ്ഞു. കുട്ടിയുടെ അമ്മ ആവശ്യപ്പെട്ട നഷ്ടപരിഹാര തുക എത്രയാണെന്ന് സൂപ്പർമാർക്കറ്റ് ശൃംഖല വ്യക്തമാക്കിയിട്ടില്ല. എന്നാൽ ആവശ്യപ്പെട്ട തുകയുടെ പകുതി നൽകാമെന്ന് സൂപ്പർമാർക്കറ്റ് അധികൃതർ വാഗ്ദാനം ചെയ്തെങ്കിലും കുട്ടിയുടെ അമ്മ അത് നിരസിച്ചതായി സൌത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.