ഓട്ടോയിൽ കയറുമ്പോൾ ഗുപ്ത ഒരിക്കലും കരുതിക്കാണില്ല ഒറ്റപ്പെടലിനെ മറികടക്കാൻ ഓട്ടോയോടിക്കാൻ എത്തിയിരിക്കുന്ന ഒരു സോഫ്റ്റ്‍വെയർ എഞ്ചിനീയറായിരിക്കും തന്റെ ഡ്രൈവർ എന്ന്.
ഒറ്റപ്പെടൽ ഒരു വല്ലാത്ത അനുഭവമാണ്. ആളുകൾക്ക് ഏറെ ബുദ്ധിമുട്ടായിരിക്കും അതിനെ തരണം ചെയ്യുക എന്നത്. മനുഷ്യൻ ഒരു സാമൂഹ്യജീവിയാണ്. എപ്പോഴും ആളുകളോട് ഇടപഴകി ജീവിച്ചാണ് ശീലം. എന്നാൽ, ഒറ്റപ്പെടൽ അനുഭവിക്കുന്ന ആളുകൾ ഏറെയുണ്ട് എന്ന് പറയാതെ വയ്യ. ചിലർക്ക് അതിനെ മറികടക്കുക വലിയ പ്രയാസമായി അനുഭവപ്പെട്ടേക്കാം. എന്തായാലും, ആ ഒറ്റപ്പെടലിനെ മറികടക്കാൻ ബംഗളൂരുവിലെ ഒരു സോഫ്റ്റ്‍വെയർ എഞ്ചിനീയർ കണ്ടെത്തിയ വഴിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത്.
വെങ്കടേഷ് ഗുപ്ത എന്ന യൂസറാണ് എക്സിൽ (മുമ്പ് ട്വിറ്റർ) ഈ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. അതിൽ പറയുന്നത് 'താൻ കോരമംഗലയിലെ മൈക്രോസോഫ്റ്റിലെ 35 വയസ്സുള്ള ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറെ കണ്ടുമുട്ടി. ആഴ്ചാവസാനങ്ങളിലുണ്ടാകുന്ന ഏകാന്തതയെ ചെറുക്കാൻ നമ്മ യാത്ര ഓടിക്കുകയാണ് അയാൾ' എന്നാണ്. ഒപ്പം ഒരു ചിത്രവും നൽകിയിട്ടുണ്ട്. അവധി ദിവസങ്ങളിലെ ഏകാന്തതയെ ചെറുക്കാൻ വേണ്ടി ഓട്ടോ ഓടിക്കുന്ന ചെറുപ്പക്കാരന്റെ മുഖം എന്തായാലും ചിത്രങ്ങളിൽ ഇല്ല.
Met a 35 year old staff software engineer at Microsoft in Kormangala driving Namma Yatri to combat loneliness on weekends pic.twitter.com/yesKDM9v2j
— Venkatesh Gupta (@venkyHQ)
undefined
ഓട്ടോയിൽ കയറുമ്പോൾ ഗുപ്ത ഒരിക്കലും കരുതിക്കാണില്ല ഒറ്റപ്പെടലിനെ മറികടക്കാൻ ഓട്ടോയോടിക്കാൻ എത്തിയിരിക്കുന്ന ഒരു സോഫ്റ്റ്‍വെയർ എഞ്ചിനീയറായിരിക്കും തന്റെ ഡ്രൈവർ എന്ന്. അതിജീവിക്കാൻ വേണ്ടി ഊബറും ഓലയും ഒക്കെ ഓടിക്കുന്ന അനേകം പേരെ നമ്മൾ കണ്ടിട്ടുണ്ടാവും. പണമുണ്ടാക്കുക എന്നതാണ് അവരുടെ ലക്ഷ്യം. എന്നാൽ, ഏകാന്തത സഹിക്കാൻ പറ്റാത്തതുകൊണ്ട് ടാക്സിയോടിക്കുന്ന അധികം പേരെയൊന്നും കണ്ടുകാണില്ല.
ഏതായാലും, ഗുപ്തയുടെ ട്വീറ്റിന് ഒരുപാട് പേരാണ് കമന്റുകളുമായി എത്തിയത്. ഇത് സത്യമായിരിക്കാൻ തരമില്ല എന്നായിരുന്നു ഒരാളുടെ കമന്റ്. മറ്റൊരാൾ കമന്റ് ചെയ്തിരിക്കുന്നത്, ടെക് വ്യവസായം വളരുന്നതോടൊപ്പം ജോലിക്കാർക്കിടയിലെ ഏകാന്തതയും വർധിക്കുന്നു എന്നായിരുന്നു.