അപകട സ്ഥലത്ത് നാല് സിസിടിവി കാമറകള്‍ ഉണ്ടായിരുന്നെങ്കിലും ഒന്നില്‍ പോലും ദൃശ്യങ്ങള്‍ ലഭ്യമല്ലായിരുന്നു.മാത്രമല്ല സംഭവത്തിന് സാക്ഷികളും ഇല്ലായിരുന്നുവെന്ന് പോലീസ് അവകാശപ്പെടുന്നു.
മുപ്പത്തിയേഴ് ദിവസം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ ഒക്ടോബർ 6 ന് 26 -കാരനായ ഹര്‍നേക് സിംഗ് സൈനി വെസ്റ്റേൺ എക്സ്പ്രസ് ഹൈവേയിൽ ഉണ്ടായ ഒരു വാഹനാപകടത്തില്‍ മരിച്ചു. എന്നാല്‍, ആ അപകട സ്ഥലത്ത് നാല് സിസിടിവി കാമറകള്‍ ഉണ്ടായിരുന്നെങ്കിലും ഒന്നില്‍ പോലും ദൃശ്യങ്ങള്‍ ലഭ്യമല്ലായിരുന്നു. മാത്രമല്ല സംഭവത്തിന് സാക്ഷികളും ഇല്ലായിരുന്നു. കാണ്ടിവാലിക്കും ബോറിവലിക്കും ഇടയിൽ മെട്രോ മാളിന് എതിർവശത്ത് പുലർച്ചെ 1.30 ഓടെയാണ് അപകടമുണ്ടായത്. സ്‌കൂട്ടർ ഹൈവേയില്‍ നിന്നും തെന്നിമാറി മെട്രോ റെയിൽ തൂണിൽ ഇടിച്ചുണ്ടായ അപകടത്തിലാണ് ഹര്‍നേക് സിംഗ് സൈനി മരിച്ചതെന്ന് കസ്തൂർബ മാർഗ് പോലീസ് പറയുന്നു. പക്ഷേ, അവന്‍റെ സഹോദരിമാര്‍ക്ക് പോലീസിന്‍റെ വാക്കുകളെ വിശ്വസിക്കാന്‍ കഴിയുന്നില്ല. ഭിവണ്ടിയിൽ താമസിക്കുന്ന ഹര്‍നേക് സിംഗിന്‍റെ സഹോദരി പാവ്‌ലീൻ കൗറും അമേരിക്കയിൽ നിന്നെത്തിയ മൂത്ത സഹോദരി ഏക്‌നീത് കൗറും തങ്ങളുടെ സഹോദരന്‍റെ മരണത്തിന്‍റെ കാരണം കഴിഞ്ഞ തേടി 37 ദിവസമായി അലയുകയാണെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
വെസ്റ്റേൺ എക്സ്പ്രസ് ഹൈവേയിൽ (WEH) അപകട സ്ഥലത്തിന് സമീപത്തെ നാല് സിസിടിവി കാമറകളും പ്രവർത്തിക്കുന്നില്ലെന്നും അതിനാൽ സഹോദരൻ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നും അവന്‍ എങ്ങനെയാണ് മരിച്ചതെന്നറിയാന്‍ മാര്‍ഗ്ഗങ്ങളില്ലെന്നും ഏക്‌നീത് കൗര്‍ ആരോപിക്കുന്നു. ഒപ്പം ഹര്‍നേക് സിംഗിന്‍റെ സ്കൂട്ടര്‍ റോഡില്‍ നിന്നും തെന്നിയതല്ലെന്നും മറിച്ച് പുറകില്‍ നിന്നും വന്ന ഏതോ വാഹനം ഇടിച്ചാണ് അപകടമുണ്ടായതെന്നും അവര്‍ ആരോപിക്കുന്നു. സംഭവ ദിവസം രാത്രി ഹര്‍നേകിന്‍റെ ബാല്യകാല സുഹൃത്ത് അനികേത് നര്‍ക്കര്‍ അവനെ അന്ധേരിയിലേക്ക് വളിച്ചു. അത്താഴത്തിന് വരാമെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ ഹര്‍നേക് മറ്റൊരു സൂഹൃത്തുമായി വെര്‍സോവ കഫേയിലേക്ക് പോയി. അവിടെ നിന്നും അനികേത് സുഹൃത്തുക്കളായ ആര്യ സത്പുതേ, ശിവാനി ഭരദ്വാജ് എന്നിവരോടൊപ്പം ബോറിവലിയിലേക്ക് കാറില്‍ പോയപ്പോള്‍ ഹര്‍നേക് അവരെ സ്‌കൂട്ടറില്‍ പിന്തുടര്‍ന്നു.
സാംതാ നഗറിൽ വച്ച് അനികേതിന്‍റെ കാർ ഹാർനേക്കിന്‍റെ സ്‌കൂട്ടറിനെ മറികടന്നു. ബോറിവാലി സ്റ്റേഷനിലെത്തിയ അനികേത്, ഹാർനേക്കിനെ കാണാതെ അവന്‍റെ ഫോണിലേക്ക് വിളിച്ചു. എന്നാല്‍, ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ഫോണെടുത്ത് അപകടം ഉണ്ടായെന്നും ഹാര്‍നേക്കിനെ ജോഗേശ്വരി ട്രോമ സെന്‍ററിലേക്ക് കൊണ്ടുപോയി എന്നും അറിയിച്ചു. പിന്നീട് അവനെ ശതാബ്ദി ആശുപത്രിയിലേക്ക് മാറ്റി, അവിടെ വച്ച് അവന്‍ മരിച്ചു. അവന്‍ മരിച്ച് ഇത്രയും ദിവസമായിട്ടും ഏങ്ങനെയാണ് മരിച്ചതെന്നത് മാത്രം അറിയില്ലെന്നും ഏക്‌നീത് കൗര്‍ പറയുന്നു. "അവൻ മറ്റൊരു വാഹനത്തിൽ ഇടിച്ചതാണോ അതോ തെന്നിമാറിയതാണോ എന്ന് ഇതുവരെ വ്യക്തല്ല. പ്രദേശത്തെ സിസിടിവി ക്യാമറകൾ പ്രവർത്തന രഹിതമാണ്, ദൃക്‌സാക്ഷികളെ കണ്ടെത്താൻ പോലീസ് ഒരു ശ്രമവും നടത്തിയിട്ടില്ല. ഇത്രയും നിർണായകമായ ഒരു ഹൈവേയില്‍ സിസിടിവികൾ പ്രവർത്തനരഹിതമാണെങ്കിൽ പിന്നെ അവ സ്ഥാപിക്കുന്നത് എന്തിനാണ്" അവര്‍ ചോദിക്കുന്നു. ഹൈവേയ്ക്ക് സമീപത്തെ ഒരു സ്വകാര്യ നിര്‍മ്മാണത്തിലിരുന്ന ക്രെയിനുകളില്‍ ഘടിപ്പിച്ച കാമറകളില്‍ പോലും പഴയ ദൃശ്യങ്ങളില്ല. “ലഭ്യമായ റെക്കോർഡിംഗുകളില്‍ ഹാർനേക്കിന്‍റെ സ്‌കൂട്ടര്‍ ഒരു സെക്കന്‍റ് നേരത്തേക്ക് കടന്ന് പോകുന്നത് കാണാം. എന്നാല്‍ ബാക്കിയുള്ള കാഴ്ചകള്‍ മങ്ങിയതാണ്, കടന്നുപോകുന്ന വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ ദൃശ്യമല്ല." പോലീസ് പറയുന്നു.
പര്‍വ്വത ട്രക്കിംഗിന് നായയെ ചുമന്ന് കയറ്റിയവര്‍ക്ക് യുവതി നല്‍കിയത് 11,000 രൂപ !
ഹാര്‍നേക്കിന്‍റെ സ്ക്കൂട്ടര്‍ എവിടെയും ഇടിച്ചിട്ടില്ലെന്നാണ് കസ്തൂർബ മാർഗ് പോലീസ് സ്റ്റേഷനിലെ സീനിയർ പോലീസ് ഇൻസ്‌പെക്ടർ അനിൽ അവ്ഹാദ് അവകാശപ്പെട്ടത്. “അപകടം നടന്ന സ്ഥലത്തിന് സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു വാച്ച്മാൻ ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോള്‍, ഒടിഞ്ഞ് മടങ്ങിയ സ്കൂട്ടറാണ് കണ്ടത്. ഇരുചക്രവാഹനത്തിന്‍റെ പിൻഭാഗത്തും കേടുപാടുകൾ ഉണ്ടായിരുന്നതായി അദ്ദേഹം പറഞ്ഞിരുന്നു. പക്ഷേ, സ്ക്കൂട്ടര്‍ തെന്നിമാറി എന്നാണ് ഞങ്ങളുടെ നിഗമനം. അന്വേഷണം നടക്കുകയാണ്." അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മരണാന്തര ചടങ്ങുകള്‍ക്ക് ശേഷം ഹര്‍നേക്കിന്‍റെ സഹോദരിമാര്‍ വാച്ച്മാനെ കണ്ട് അദ്ദേഹത്തില്‍ നിന്നും നേരിട്ട് വിവരങ്ങള്‍ ശേഖരിച്ചു. അവരിപ്പോള്‍ മറ്റ് ദൃക്സാക്ഷികളെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. “ഞങ്ങൾക്ക് വേണ്ടത് ഹാർനെക് എങ്ങനെ മരിച്ചു എന്നതിന് പോലീസിന്‍റെ പക്കൽ ഇല്ലാത്ത തെളിവാണ്,” സഹോദരി പാവ്‌ലീൻ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക