​ഗർഭിണികളല്ലെങ്കിലും മറ്റേണിറ്റി ഫോട്ടോഷൂട്ട്, വ്യാജവയർ, 'സിംഗിള്‍ ബട്ട് പ്രഗ്നന്‍റ്'; ചൈനയിൽ പുതിയ ട്രെൻഡ്?

By Web Team  |  First Published Dec 23, 2024, 4:29 PM IST

'സിം​ഗിൾ ബട്ട് പ്രെ​ഗ്നന്റ്' എന്ന തരത്തിലുള്ള ഈ പുതിയ ട്രെൻഡ് ചൈനയിലെ പഴയ തലമുറയെ വല്ലാതെ അലോസരപ്പെടുത്തുന്നു എന്നാണ് ഇവിടുത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.


ഈ സോഷ്യൽ മീഡിയ കാലഘട്ടത്തിൽ‌ പുതുപുതു ട്രെൻഡുകൾ ഉണ്ടായിക്കൊണ്ടേയിരിക്കുന്നുണ്ട്. അതിൽ തന്നെ വിദേശരാജ്യങ്ങളിലുള്ള പല ട്രെൻഡുകളും നമുക്ക് വിശ്വസിക്കാൻ പോലും സാധിക്കാത്തവയാണ്. അങ്ങനെ ഒരു ട്രെൻഡാണ് ഇപ്പോൾ ചൈനയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. മറ്റേണിറ്റി ഷൂട്ട് നടത്താൻ ഇഷ്ടപ്പെടുന്നവർ അനേകമുണ്ട് അല്ലേ? എന്നാൽ, ​ഗർഭിണികളാണ് ഇങ്ങനെ ഷൂട്ട് നടത്തുന്നത്. പക്ഷേ, ചൈനയിൽ ഇപ്പോൾ ​ഗർഭിണികളല്ലാത്തവരും മറ്റേണിറ്റി ഷൂട്ട് നടത്തുന്നുണ്ടത്രെ. 

അതെങ്ങനെ എന്നല്ലേ? വ്യാജമായി വയർ വച്ച ശേഷമാണ് ഷൂട്ട് നടത്തുന്നത്. 'സിം​ഗിൾ ബട്ട് പ്രെ​ഗ്നന്റ്' എന്ന തരത്തിലുള്ള ഈ പുതിയ ട്രെൻഡ് ചൈനയിലെ പഴയ തലമുറയെ വല്ലാതെ അലോസരപ്പെടുത്തുന്നു എന്നാണ് ഇവിടുത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഹുനാൻ പ്രവിശ്യയിൽ നിന്നുള്ള ജെൻ സീ ഇൻഫ്ലുവൻസറായ മെയിസി ഗെഗെ തന്റെ മറ്റേണിറ്റി ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ ഓൺ‌ലൈനിൽ പങ്കുവച്ചതോടെയാണ് ഈ പുതിയ ട്രെൻഡ് ലോകശ്രദ്ധയാകർഷിച്ചത്. പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ 5.7 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ഇൻഫ്ലുവൻസറാണ് ഇവർ.

Latest Videos

undefined

അതിൽ അവർ വ്യാജമായി വയർ വച്ചിരിക്കുന്നതും ഒരു ​ഗർഭിണിയെ പോലെ പോസ് ചെയ്യുന്നതുമാണ് കാണാൻ സാധിക്കുന്നത്. ഇതിന്റെ ബിഹൈൻഡ് ദ സീൻ വീഡിയോയും മെയിസി പങ്കുവച്ചിട്ടുണ്ട്. അതിൽ, അവളെ ഒരുക്കുന്നതും വ്യാജമായ വയർ വയ്ക്കാൻ അവളെ സഹായിക്കുന്നതും ഒക്കെ കാണാം. താൻ മെലിഞ്ഞിരിക്കുമ്പോൾ തന്നെ ഒരു മറ്റേണിറ്റി ഫോട്ടോഷൂട്ട് നടത്തി എന്നും മെയിസി പറയുന്നുണ്ട്. 

നിരവധിപ്പേരാണ് മെയിസി പങ്കുവച്ച പോസ്റ്റിന് കമന്റുകൾ‌ നൽകിയത്. താനും ഇതുപോലെ ഫോട്ടോഷൂട്ട് നടത്താൻ ആ​ഗ്രഹിക്കുന്നു എന്ന് പറഞ്ഞവരും അനേകമുണ്ടായിരുന്നു. എന്നാൽ, ചൈനയിലെ തന്നെ മുതിർന്ന ആളുകൾ ഇതിനെ വിമർശിക്കുകയാണുണ്ടായത്. 

അതേസമയം, രാജ്യത്ത് ജനനനിരക്ക് കുറയുന്നതിൻ്റെയും വിവാഹ നിരക്ക് കുറയുന്നതിൻ്റെയും പശ്ചാത്തലത്തിലാണ് ഈ പുതിയ ട്രെൻഡിനേയും പലരും നോക്കിക്കാണുന്നത്. പല കാരണങ്ങൾ കൊണ്ടും യുവാക്കൾ വിവാഹത്തോടും, കുട്ടികളും കുടുംബവുമായി ജീവിക്കുന്നതിനോടും വിമുഖത കാണിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 

(ചിത്രം പ്രതീകാത്മകം)

രണ്ടുദിവസം കൊണ്ട് ഒരുകോടി ലൈക്ക് നേടി വീഡിയോ, മനുഷ്യർ വഴിമാറാൻ കാത്തുനിൽക്കുന്ന പെൻ​ഗ്വിൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!