സിനലോവ ലഹരിമരുന്ന് കാർട്ടൽ നേതാവ് പിടിയിലായതിന് പിന്നിൽ പങ്കാളിയുടെ മകന്റെ ചതിയെന്ന് റിപ്പോർട്ട്

By Web Team  |  First Published Jul 29, 2024, 12:08 PM IST

ഗുസ്മാന്റെ മകൻ പൊലീസിൽ കീഴടങ്ങുമെന്നും  ഇസ്മായേൽ മരിയോ സാംബദ ഗാർസിയയെ പിടികൂടാൻ  സഹായിക്കുമെന്ന പ്രതീക്ഷ പൊലീസ് ഉപേക്ഷിച്ച ഘട്ടത്തിലാണ് അപ്രതീക്ഷിത ഒറ്റ് എന്നതാണ് പുറത്ത് വരുന്ന വിവരം


ന്യൂയോർക്ക്: മെക്സിക്കോ അസ്ഥാനമായി പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് ശൃംഖലയായ സിനലോവ കാർട്ടൽ നേതാവ് കഴിഞ്ഞ ദിവസമാണ് അമേരിക്കയിലെ ടെക്സാസിൽ പിടിയിലായത്. ഇസ്മായേൽ മരിയോ സാംബദ ഗാർസിയ പിടിയിലായത് ലോകത്തെ ഞെട്ടിച്ചിരുന്നു. എന്നാൽ ലഹരി രാജാവ് കുടുങ്ങിയത് ഉറ്റവരുടെ കൃത്യമായ ഒറ്റിന് പിന്നാലെയെന്നാണ് പുറത്ത് വരുന്ന വിവരം. സിനലോവ കാർട്ടൽ സഹസ്ഥാപകനും ബിസിനസ് പങ്കാളിയും നിലവിൽ അമേരിക്കയിലെ ജയിലിൽ കഴിയുന്ന ജോവാക്വിൻ എൽ ചാപോ ഗുസ്മാന്റെ മകനാണ് ലഹരി രാജാവിനെ ഒറ്റുകൊടുത്തതെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

ടെക്സാസിലെ എൽ പാസോയ്ക്ക് സമീപത്തുള്ള ചെറുവിമാനത്താവളത്തിൽ നിന്നാണ് ഇസ്മായേൽ മരിയോ സാംബദ ഗാർസിയ പിടിയിലായത്. വ്യാഴാഴ്ച വിമാനത്താവളത്തിലെത്തിയ ചെറുവിമാനത്തിലുള്ളത് ഇസ്മായേൽ മരിയോ സാംബദ ഗാർസിയയുമാണെന്നാണ് ഗുസ്‌മാൻ ലോപ്പസ് അമേരിക്കൻ പൊലീസിന് നൽകിയ വിവരം. വടക്കൻ മെക്സിക്കോയിലെ റിയൽ എസ്റ്റേറ്റ് ഇടപാടിന് പോവുകയാണെന്ന് തെറ്റിധരിപ്പിച്ചാണ് ഇസ്മായേൽ മരിയോ സാംബദ ഗാർസിയയെ ഗുസ്‌മാൻ ലോപ്പസ് അമേരിക്കയിലെത്തിച്ചത്. സ്വകാര്യ വിമാനം ടെക്സാസിൽ ഇറങ്ങിയ സമയം എഫ്ബിഐ അടക്കമുള്ള പൊലീസ് സംഘമാണ് വിമാനത്താവളം വളഞ്ഞ് ലഹരി രാജാവിനെ പിടികൂടിയത്. 

Latest Videos

വളരെ അപ്രതീക്ഷിതമായായിരുന്നു അറസ്റ്റെന്നാണ് പുറത്ത് വരുന്ന വിവരം. മെക്സിക്കോയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും അപകടകാരിയായ ലഹരി വ്യാപാരിയാണ് കഴിഞ്ഞ ദിവസം പിടിയിലായത്. 2023ൽ അമേരിക്കയിൽ അറസ്റ്റിലായ സഹോദരൻ ഒവിഡിയൊ ഗുസ്മാന്റെ മോചനത്തിന് സഹായകമാവുമെന്ന ധാരണയിലാണ് ലോപ്പസിന്റെ ഒറ്റെന്നാണ് പുറത്ത് വരുന്ന സൂചനകൾ. ഗുസ്മാന്റെ മകൻ പൊലീസിൽ കീഴടങ്ങുമെന്നും  ഇസ്മായേൽ മരിയോ സാംബദ ഗാർസിയയെ പിടികൂടാൻ  സഹായിക്കുമെന്ന പ്രതീക്ഷ പൊലീസ് ഉപേക്ഷിച്ച ഘട്ടത്തിലാണ് അപ്രതീക്ഷിത ഒറ്റ് എന്നതാണ് പുറത്ത് വരുന്ന വിവരം. പതിറ്റാണ്ടുകളായി അമേരിക്കൻ പൊലീസ് പിടികൂടാൻ ശ്രമിച്ചിരുന്ന ലഹരി വ്യാപാരിയാണ് വ്യാഴാഴ്ച പിടിയിലായത്. ലോപ്പസ് ഗുസ്മാനൊപ്പമാണ് അമേരിക്കൻ പൊലീസ്  ഇസ്മായേൽ മരിയോ സാംബദ ഗാർസിയയെ അറസ്റ്റ് ചെയ്തത്. 

'എൽ ചാപ്പോ' - അമേരിക്ക ജീവപര്യന്തത്തിനു വിധിച്ച മെക്സിക്കൻ ഡ്രഗ് കിങ്പിൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!