ഏകാന്തമായി ജീവിക്കുന്ന ഷൂബില്ലുകൾ, 4.5 കോടി മുതൽ 6.6 കോടി വരെ വർഷം മുൻപാണ് ഭൂമിയിൽ ഉദ്ഭവിച്ചതെന്നാണ് കരുതപ്പെടുന്നത്.
പക്ഷികളി കൊടും ഭീകരൻ എന്നറിയപ്പെടുന്ന പക്ഷിയാണ് ഷൂബില്‍ (Shoebill). ആദ്യ കാഴ്ചയിൽ തന്നെ ആരെയും ഭയപ്പെടുത്തുന്നതാണ് ഇവയുടെ ശരീരപ്രകൃതിയും ചേഷ്ഠകളും. ചൂഴ്ന്നിറങ്ങുന്ന നോട്ടം, ശ്രദ്ധയോടെ പരിസരം വീക്ഷിച്ച് പൊടുന്നനെ പറന്നിറങ്ങി ഇരയെ കൊക്കിലൊതുക്കുന്ന വേട്ടരീതി. മൂർച്ചയേറിയതും ഒരു അടിവരെ നീളവുമുള്ള കൊക്ക്, ഇരയെ എളുപ്പത്തിൽ റാഞ്ചി എടുക്കാൻ ശേഷിയുള്ള ദൃഢമായ കാലുകൾ എന്നിങ്ങനെ നീളുന്നു ഇവയുടെ പ്രത്യേകതകൾ. പൂർണ വളർച്ചയെത്തിയ ഷൂബില്ലുകൾക്ക് 5 അടി വരെ ഉയരത്തിൽ വളരാൻ കഴിയുമെന്നാണ് വിദഗ്ദർ പറയുന്നത്. അതായത് ഒരു മനുഷ്യനോളം തന്നെ വലുപ്പത്തിൽ.
കിഴക്കൻ ആഫ്രിക്കയിലെ വരണ്ട പ്രദേശങ്ങളിലും ചതുപ്പുനിലങ്ങളിലുമൊക്കെയാണ് ഈ പക്ഷികള്‍ ജീവിക്കുന്നത്. മീനുകളെയും ഉരഗങ്ങളെയുമാണ് ഇവ സാധാരണ ഭക്ഷിക്കുന്നതെങ്കിലും ജേണൽ ഓഫ് ആഫ്രിക്കൻ ഓർണിത്തോളജിയിൽ പ്രസിദ്ധീകരിച്ച 2015 ലെ ഒരു പഠനത്തിൽ ഷൂബിൽ ഈൽ, പാമ്പുകൾ, മുതല കുഞ്ഞുങ്ങൾ എന്നിവയെയും ഭക്ഷിക്കാൻ ഇഷ്ടപ്പെടുന്നതായി പറയുന്നുണ്ട്. ഭീമാകാരമായ കൊക്കും നീളമുള്ള, മെലിഞ്ഞ കാലുകളുമാണ് ഈ പക്ഷിയെ പതിയിരുന്ന് ആക്രമിക്കുന്ന ഭീകരനായ വേട്ടക്കാരനാക്കി മാറ്റുന്നത്. ലോകത്ത് ഏറ്റവും നീളമുള്ള കൊക്കുള്ള മൂന്നാമത്തെ പക്ഷി കൂടിയാണ് ഷൂബിൽ.
സ്റ്റോർക്ക് എന്ന പക്ഷിയുടെ ഗണത്തിൽ ഇവയെപ്പെടുത്താറുണ്ടെങ്കിലും യതാർത്ഥത്തിൽ ബാലാനിസെപ്‌സ് എന്ന ജനുസ്സിൽ ഉൾപ്പെട്ട ഒരേയൊരു പക്ഷിയാണ് ഷൂബിൽ. പെലിക്കനുകളാണ് ഇവയുടെ ഏറ്റവും അടുത്ത ബന്ധുക്കൾ. 14.5 കോടി മുതൽ 6.6 കോടി വരെ വർഷം മുൻപാണ് ഈ പക്ഷികളുടെ പൂർവികർ ഭൂമിയിൽ ഉദ്ഭവിച്ചതെന്നാണ് കരുതപ്പെടുന്നത്. ഏകാന്തമായി ജീവിക്കുന്ന പക്ഷികളാണ് ഷൂബില്ലുകൾ. എന്നാൽ പ്രജനന സമയത്ത് ഇവ ഇണചേരാനായി പരസ്പരം ബന്ധത്തിലാകും. ഒരു പങ്കാളിയുമായി മാത്രമേ ഇവ ഒരു സീസണിൽ ബന്ധം പുലർത്തുകയുള്ളൂ. ഒരു കുട്ടിയായിരിക്കും ഒരു പ്രജനന സീസണിൽ ഇവയ്ക്കുണ്ടാകുക.
വംശനാശഭീഷിണി നേരിടുന്ന പക്ഷികളുടെ കൂട്ടത്തിലാണ് ഷൂബില്ലുകളെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ ഇനത്തിൽപ്പെട്ട 5,000 മുതൽ 8,000 വരെ പക്ഷികൾ മാത്രമാണ് ഇനി ഭൂമിയിൽ അവശേഷിക്കുന്നതെന്നാണ് ഇന്‍റർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ റിപ്പോർട്ട് ചെയ്യുന്നത്. The Dark Side of Shoebill Chicks എന്ന പേരില്‍ ബിബിസി എര്‍ത്ത് ഷൂബില്ലുകളുടെ ജീവിത രീതിയെ കുറിച്ച് ഒരു വീഡിയോ ചെയ്തിരുന്നു.