രണ്ട് കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. മൂന്ന് മാസത്തെ പരിശീലനം. അത് കഴിഞ്ഞാല്‍ ചെറിയ ടാര്‍ഗറ്റുകള്‍, അതില്‍ പാസായാല്‍ ജോലി. പിന്നെ സെറ്റ്. ഇത് യുപി മോഡല്‍ മോഷണ സംഘം.
ഇന്ത്യയില്‍ മോഷ്ടാക്കളുടെ ഗ്രാമങ്ങളുള്ള സംസ്ഥാനങ്ങള്‍ നിരവധിയാണ്. മധ്യപ്രദേശ്, തമിഴ്നാട്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവ അവയില്‍ ചിലത് മാത്രം. അതില്‍ തന്നെ ഏറ്റവും വലിയ മോഷ്ടാക്കളുള്ള മൂന്ന് ഗ്രാമങ്ങള്‍ മധ്യപ്രദേശിലാണ്. കദിയ സാൻസി, ഗുൽഖേദി, ഹുൽഖേദി എന്നിവയാണ് അവയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, ഉത്തര്‍പ്രദേശില്‍ നിന്നും പുറത്ത് വരുന്ന വാര്‍ത്ത ഏവരെയും ഞെട്ടിക്കുന്നതാണ്. ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ മൊബൈൽ ഫോൺ മോഷ്ടാക്കളുടെ സംഘം തങ്ങളുടെ തൊഴിലാളികള്‍ക്ക് ഒരു കോർപ്പറേറ്റ് തൊഴിലാളിക്ക് ലഭിക്കുന്നതിനെക്കാള്‍ കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നുവെന്നാണ് ആ വാര്‍ത്ത.
'തൊഴിലാളി സൗഹൃദ തൊഴിൽ അന്തരീക്ഷം' വാഗ്ദാനം ചെയ്യുന്ന മോഷ്ടാക്കളുടെ സംഘം എന്ന് കേള്‍ക്കുമ്പോള്‍ 'ഇതെന്തെന്ന്' തോന്നാമെങ്കിലും വാര്‍ത്ത ദേശീയ തലത്തില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഈ മോഷണ സംഘം തങ്ങളുടെ അംഗങ്ങള്‍ക്ക് 15,000 രൂപ മാസ ശമ്പളം നൽകുന്നു. ഒപ്പം അവർക്ക് സൗജന്യ ഭക്ഷണവും യാത്രാ അലവൻസുകളും വാഗ്ദാനം ചെയ്യുന്നു. ടൈംസ് ഓഫ് ഇന്ത്യയില്‍ വന്ന റിപ്പോര്‍ട്ട് സമൂഹ മാധ്യമങ്ങളിലും വൈറലായി. ഇതോടെ നിരവധി പേര്‍ തങ്ങള്‍ക്കും അവസരമുണ്ടോയെന്ന് തമാശയായി ചോദിച്ച് രംഗത്തെത്തി.
ജാർഖണ്ഡ് സ്വദേശിയായ മനോജ് മണ്ഡൽ (35) ആണ് ഈ സംഘടിത ക്രിമിനല്‍ സംഘത്തിന് നേതൃത്വം നൽകുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ കുറ്റവാളി സംഘം മോഷണത്തെ ഒരു ബിസിനസ് ആയോ ഒരു തൊഴിലായോ കണക്കാക്കുന്നു. ഇയാളുടെ സംഘാംഗങ്ങളായ രണ്ട് പേരെ, കരൺ കുമാർ (19), ഇയാളുടെ 15 വയസുള്ള സഹോദരന്‍ എന്നിവരെ വെള്ളിയാഴ്ച രാത്രി ഗോരഖ്പൂർ റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് 10 ലക്ഷം രൂപ വിലമതിക്കുന്ന 44 മൊബൈൽ ഫോണുകളാണ് പോലീസ് കണ്ടെത്തിയത്.
മനോജ് മണ്ഡലിനെതിരെ നാല് ക്രിമിനൽ കേസുകളും കരണിനെതിരെ രണ്ട് ക്രിമിനൽ കേസുകളും ഉണ്ടെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു. പ്രായപൂർത്തിയാകാത്ത കിരണിന്‍റെ സഹോദരന്‍റെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കുകയാണെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. അന്വേഷണത്തില്‍ മനോജ് ഓരോ അംഗത്തിനും പ്രതിമാസം 15,000 രൂപ വീതം ശമ്പളം നല്‍കിയിരുന്നതായി കണ്ടെത്തിയെന്ന് ഗോരഖ്പൂർ ജിആർപി എസ്പി സന്ദീപ് കുമാർ മീന പറഞ്ഞു. സംഘത്തിലേക്ക് ആദ്യമായി എത്തുന്ന ആള്‍ക്ക് ചെറിയ ചെറിയ മോഷണ ടാര്‍ഗറ്റുകള്‍ നല്‍കും. ഇത് വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ അവരെ സംഘത്തിലേക്ക് എടുക്കുകയാണ് ഇവരുടെ രീതിയെന്ന് എസ്പി കുൂട്ടിച്ചേര്‍ത്തു.
മനോജ് മണ്ഡൽ തന്‍റെ ഗ്രാമമായ സാഹിബ്ഗഞ്ചിൽ നിന്നും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ ആദ്യം തെരഞ്ഞെടുക്കുന്നു. സംഘാംഗങ്ങള്‍ നന്നായി വസ്ത്രധാരണം ചെയ്യുന്നവരും ഹിന്ദി സുഗമമായി സംസാരിക്കാന്‍ കഴിയുന്നവരുമായിരിക്കണം. ഈ രണ്ട് ഗുണങ്ങള്‍ ഉള്ളതിനാല്‍ ഇവര്‍ക്ക് എല്ലാ പൊതു ഇടങ്ങളിലും സ്വീകാര്യത ലഭിക്കുകയും ഇതിനിടെയില്‍ മോഷണം നടത്തുകയുമാണ് ഇവരുടെ രീതിയെന്ന് പോലീസ് കൂട്ടിച്ചേർക്കുന്നു. പുതിയ അംഗങ്ങള്‍ക്ക് മൂന്ന് മാസത്തെ പരിശീലനമുണ്ടായിരിക്കും. ഈ കാലയളവില്‍ ചെറിയ ടാര്‍ഗറ്റുകള്‍ നല്‍കും. അവ വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ മാത്രമേ സംഘത്തിലേക്ക് എടുക്കൂ. പിന്നാലെ ഇവര്‍ക്ക് മാസ ശമ്പളം നല്‍കി പുതിയ അസൈന്‍മെന്‍റുകള്‍ നല്‍കുന്നു.
ഗോരഖ്പൂർ, സന്ത് കബീർ നഗർ, മഹാരാജ്ഗഞ്ച്, കുശിനഗർ എന്നിവിടങ്ങളിലെ തിരക്കേറിയ മാർക്കറ്റുകളും റെയിൽവേ സ്റ്റേഷനുകളുമാണ് ഈ സംഘത്തിന്‍റെ പ്രധാന പ്രവര്‍ത്തന ഇടം. വളരെ ലളിതമായ പ്രവര്‍ത്തനം. അതേസമയം ഫലപ്രദം എന്നാണ് പോലീസ് തന്നെ ഇവരുടെ രീതിയെ കുറിച്ച് വിശദീകരിച്ചത്. പൊതുസ്ഥലങ്ങളിൽ സംശയാസ്പദമായ ആളുകളിൽ നിന്ന് മൊബൈൽ ഫോണുകൾ മോഷ്ടിക്കുക. മോഷ്ടിച്ച ഫോണുകൾ അപ്പോള്‍ തന്നെ മറ്റ് അംഗങ്ങള്‍ക്ക് കൈമാറും. പിന്നീട് അത് അതിർത്തി കടത്തി ബംഗ്ലാദേശിലേക്കും നേപ്പാളിലേക്കും കടത്തും. ഇവരെ കണ്ടെത്താനായി പോലീസ് വിപുലമായ തരത്തില്‍ തന്നെ അന്വേഷണം വ്യാപിപ്പിച്ചു. ഏതാണ്ട് 200 -ല്‍ അധികം സിസിടിവി കാമറകളിലെ ദൃശ്യങ്ങളില്‍ നിന്നാണ് ഇവരുടെ സംഘാംഗങ്ങളെ കണ്ടെത്തിയത്. സംഘത്തിലെ മിക്ക അംഗത്തെയും അറസ്റ്റ് ചെയ്തെന്നും ബാക്കിയുള്ളവര്‍ക്ക് വേണ്ടിയുള്ള അന്വേഷണത്തിലാണെന്നും പോലീസ് പറയുന്നു.
ഇസ്രയേലിൽ പുതുതായി 16,000 ഇന്ത്യൻ നിർമ്മാണ തൊഴിലാളികൾ; എല്ലാം പലസ്തീനികൾക്ക് പകരം