കോടികളുടെ ഇലക്ടറൽ ബോണ്ട്; ലോട്ടറി മുതല്‍ ഇഡി റെയ്ഡ് വരെ, സാന്‍റിയാഗോ മാർട്ടിൻ 'ഒരു ചെറിയ മീനല്ല'

By Web Team  |  First Published Mar 15, 2024, 3:12 PM IST

വ്യജ ഒറ്റ ലോട്ടറികളും ദേശാഭിമാനിക്ക് നല്‍കിയ രണ്ട് കോടി രൂപയും കേരളത്തിലും മാര്‍ട്ടിനെ പ്രശസ്തനാക്കി. എന്നാല്‍ പോപ്പിന്‍റെ അനുഗ്രഹ വാര്‍ത്ത മാര്‍ട്ടിനെ ലോക പ്രശസ്തിയിലേക്ക് ഉയര്‍ത്തി.



തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ വാങ്ങിയതാര് എന്ന അന്വേഷണത്തിലാണ് ഇന്ന് ഇന്ത്യ. 2019 നും 2024 നും ഇടയില്‍ എസ്ബിഐ വഴി വാങ്ങിയ ഇലക്ടറല്‍ ബോണ്ടുകളുടെ വിശദാംശങ്ങള്‍ പുറത്ത് വിടാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചത് പ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്ത് വിട്ട കണക്കുകളാണ് ഇലക്ടറല്‍ ബോണ്ടുകളെ വീണ്ടും രാജ്യത്തെ പ്രധാന വാര്‍ത്തയാക്കി മാറ്റിയത്. ലക്ഷ്മി മിത്തൽ, ഭാരതി എയർടെൽ, വേദാന്ത, ഐടിസി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഡിഎൽഎഫ്, പിവിആർ, ബിർലസ്, ബജാജ്, ജിൻഡാൽസ്, സ്‌പൈസ്‌ജെറ്റ്, ഇൻഡിക്ക തുടങ്ങിയ ഇന്ത്യന്‍ വ്യാവസായ ലോകത്തെ പ്രമുഖരെല്ലാം തന്നെ ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങിയതായി പുറത്ത് വിട്ട കണക്കുകള്‍ കാണിക്കുന്നു. എന്നാല്‍, മറ്റൊരു പേരാണ് വാര്‍ത്താ പ്രാധാന്യം നേടിയത്. സാന്‍റിയാഗോ മാര്‍ട്ടിന്‍.  '90 കളുടെ അവസാനത്തോടെ  ലോട്ടറി വ്യവസായം തഴച്ച് വളര്‍ന്ന കാലത്ത് മലയാളിക്ക് ഏറെ പരിചയമുണ്ടായിരുന്ന ഒരു പേരായിരുന്നു സാന്‍റിയാഗോ മാര്‍ട്ടിന്‍. എസ്ബിഐ വഴി സാന്‍റിയാഗോ മാര്‍ട്ടിന്‍റെ സ്ഥാപനം വാങ്ങിയ ഇലക്ടറല്‍ ബോണ്ട്  1,368 കോടി രൂപയുടെതാണെന്ന് കണക്കുകള്‍ പറയുന്നു. ഒരു ലോട്ടറി വ്യവസായി ഇലക്ടറല്‍ ബോണ്ടിന് നല്‍കിയ വില മാധ്യമങ്ങളില്‍ പ്രത്യേകം വാര്‍ത്താ പ്രാധാന്യം നേടി. ആരാണ് സാന്‍റിയാഗോ മാര്‍ട്ടിന്‍? എതാണ് അദ്ദേഹത്തിന്‍റെ കമ്പനി? 

ഇലക്ട്രൽ ബോണ്ടുകളിൽ ദുരൂഹതയേറുന്നു; കൂടുതൽ ബോണ്ടുകൾ വാങ്ങിയ കമ്പനികളിൽ പലതും അന്വേഷണ ഏജന്‍സി റഡാറിൽ

Latest Videos

സാന്‍റിയാഗോ മാര്‍ട്ടിന്‍

മ്യാൻമറിലെ യാങ്കൂണിൽ വെറും ഒരു തൊഴിലാളിയായിരുന്ന സാന്‍റിയാഗോ മാര്‍ട്ടിന്‍ 1988 -ല്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നതോടെ അദ്ദേഹത്തിന്‍റെ ജീവിതം അടിമുടി മാറുന്നു. തിരിച്ചു വരവില്‍ കൊയമ്പത്തൂരില്‍  'മാർട്ടിൻ ലോട്ടറി ഏജൻസി ലിമിറ്റഡ്' എന്ന പേരില്‍ മാര്‍ട്ടിന്‍ സ്വന്തം ലോട്ടറി സ്ഥാപനം തുടങ്ങുന്നു. വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇന്ത്യയുടെ 'ലോട്ടറി രാജാവ്' എന്ന പേര് മാര്‍ട്ടിന്‍ സ്വന്തമാക്കി. പിന്നാലെ ഒന്നിന് പുറകെ ഒന്നെന്ന രീതിയില്‍ കേസുകള്‍. അതിനിടെ ലോട്ടറി സ്ഥാപനം 'ഫ്യൂച്ചർ ഗെയിമിംഗ്' എന്ന പേരിലേക്ക് മാറുന്നു. ഒപ്പം ഹോട്ടല്‍ വ്യവസായത്തിലേക്കും മാര്‍ട്ടിന്‍ കടന്നിരുന്നു. എന്നാല്‍ 2000 ത്തിന്‍റെ പകുതിയോടെ നിയമപ്രശ്നങ്ങള്‍ ആരംഭിച്ചു. സര്‍ക്കാര്‍ അനുമതിയില്ലാതെ സ്വകാര്യ ലോട്ടറി സ്ഥാപനം ആരംഭിച്ചു, വ്യാജ ഒറ്റ അക്ക ലോട്ടറികള്‍ അച്ചടിച്ച് വിതരണം ചെയ്തു തുടങ്ങിയ നിരവധി കേസുകള്‍ ഒന്നിന് പുറകെ ഒന്നായി രജിസ്റ്റര്‍ ചെയ്യപ്പെട്ടു. 

'സാന്‍റിയാഗോ മാര്‍ട്ടിന്‍ എന്തിന് ഇത്രയും കോടികള്‍ നല്‍കി'; അന്വേഷണമാവശ്യപ്പെടുമെന്ന് ഹര്‍ജിക്കാര്‍

2003 -ല്‍ അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത സംസ്ഥാനത്ത് ലോട്ടറി നിരോധിച്ചതോടെ മാര്‍ട്ടിന്‍ കര്‍ണ്ണാടകയിലേക്കും കേരളത്തിലേക്കും പിന്നാലെ മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും തന്‍റെ ലോട്ടറി വ്യവസായം വ്യാപിപ്പിച്ചു. ഇന്നും 'ഡിയര്‍ ലോട്ടറി' എന്ന പേരില്‍ വില്പക്കപ്പെടുന്ന മാര്‍ട്ടിന്‍റെ ലോട്ടറി വ്യവസായം 13 സംസ്ഥാനങ്ങളില്‍ ശക്തമായ സ്വാധീനം ചെലുത്തുന്നു.  രാജ്യത്തെ ലോട്ടറി വിതരണക്കാരുടെയും ഏജന്‍റുമാരുടെയും സ്റ്റോക്കിസ്റ്റുകളുടെയും സംഘടനയായ ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ് ലോട്ടറി ട്രേഡ് ആൻഡ് അലൈഡ് ഇൻഡസ്ട്രീസിന്‍റെ പ്രസിഡന്‍റാണ് സാന്‍റിയാഗോ മാര്‍ട്ടിന്‍ എന്നും ലൈബീരിയയില്‍ ലോട്ടറി വ്യവസായം ആരംഭിച്ചത് മാര്‍ട്ടിനാണെന്നും ഫ്യൂച്ചർ ഗെയിമിംഗ് വെബ്‌സൈറ്റ് അവകാശപ്പെടുന്നു. 

ലോട്ടറിയില്‍ വ്യവസായത്തില്‍ നിന്നുള്ള പണം ഉപയോഗിച്ച് റിയൽ എസ്റ്റേറ്റ്, നിർമ്മാണം, ഊർജം, ദൃശ്യമാധ്യമ രംഗം, വസ്ത്രം, ഹോസ്പിറ്റാലിറ്റി, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സോഫ്റ്റ്‌വെയർ, സാങ്കേതികവിദ്യ, പ്രോപ്പർട്ടി ഡെവലപ്‌മെന്‍റ്, അഗ്രോ, ഓൺലൈൻ ഗെയിമിംഗ്, കാസിനോകൾ, നിർമ്മാണ സാമഗ്രികൾ എന്നിങ്ങനെയുള്ള മറ്റ് നിരവധി ബിസിനസുകളിലേക്ക് മാര്‍ട്ടിന്‍ കടക്കുന്നു. 2011 ല്‍ തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധിയുടെ തിരക്കഥയെ ആസ്പദമാക്കി 20 കോടി മുടക്കി ഖുഷ്ബുവും മീരാജാസ്മിനും രമ്യാ നമ്പീശനും അഭിനയിച്ച 'ഇളയ്ഞന്‍' എന്ന സിനിമയും മാര്‍ട്ടിന്‍ നിര്‍മ്മിച്ചു. ഇതിനിടെ പോപ്പ് ബെനഡിക്റ്റ് പതിനാറാമന്‍റെ അപ്പസ്‌തോലിക അനുഗ്രഹവും ലഭിച്ചതോടെ മാര്‍ട്ടിന്‍റെ പ്രശസ്തി ലോകമെങ്ങും ഉയര്‍ന്നു. 

സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ കുംഭകോണം, ബിജെപി അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കമ്പനികളുടെ പണം തട്ടി:യെച്ചൂരി

കേസുകള്‍ 

2008 ല്‍ ലോട്ടറി വില്പനയില്‍ സിക്കിം സര്‍ക്കാറിനെ കബളിപ്പിച്ചുവെന്ന കേസ് തുടങ്ങുന്നു. ഏതാണ്ട് ഇതേ കാലത്ത് തന്നെ മാര്‍ട്ടിന്‍, സിപിഐ എം മുഖപത്രമായ ദേശാഭിമാനിക്ക് 2 കോടി രൂപ സംഭാവന നൽകിയെന്ന ആരോപണം ഉയര്‍ന്നു. ഇത് പാര്‍ട്ടിക്കുള്ളില്‍ അക്കാലത്ത് വലിയ തോതില്‍ സംഘര്‍ഷത്തിന് തുടക്കം കുറിച്ചു. 2011 ല്‍ ഭൂമി കൈമാറ്റ കേസില്‍ ജെ ജയലളിത മാര്‍ട്ടിനെ അറസ്റ്റു ചെയ്തു. 2015 ല്‍ സംസ്ഥാന സര്‍ക്കാറിന്‍റെ അനുമതിയില്ലാതെ മാര്‍ട്ടിന്‍ സിക്കിം ലോട്ടറി കേരളത്തില്‍ വില്പന നടത്തി എന്ന കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിക്കുന്നു. 

2017 -ല്‍ ജിഎസ്ടിക്ക് മുമ്പുള്ള ലോട്ടറികള്‍ നിയമവിരുദ്ധമായി കൈവശം വയ്ക്കുകയും ഉയര്‍ന്ന സമ്മാനങ്ങള്‍ നേടിയതായും ഇഡി ആരോപിച്ചു. അനധികൃത ഇടപാടിലൂടെ 910 കോടി രൂപയുടെ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്ന ദി ക്വിന്‍റിന്‍റെ റിപ്പോർട്ടിനെ തുടര്‍ന്ന് 2019-ൽ, ഇഡി മാർട്ടിനെതിരെ അന്വേഷണം ആരംഭിച്ചു, 2022 ല്‍ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ലോട്ടറി കമ്പനിയായ ഫ്യൂച്ചർ ഗെയിമിംഗ് ആൻഡ് ഹോട്ടൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ 409.92 കോടി രൂപയുടെ ആസ്തികൾ കണ്ടുകെട്ടി. തൊട്ടടുത്ത വര്‍ഷം മറ്റൊരു  457 കോടി രൂപയുടെ സ്വത്തുക്കൾ കൂടി കണ്ടുകെട്ടി. 2023 ഒക്ടോബറിൽ മാർട്ടിന്‍റെ കോയമ്പത്തൂരിലെ സ്വത്തുക്കളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. അനധികൃത മണൽ ഖനനക്കേസുമായി ബന്ധപ്പെട്ട് ഈ മാസം ആദ്യം മാര്‍ട്ടിന്‍റെ മരുമകന്‍ ആധവ് അർജുന്‍റെ സ്ഥാപനങ്ങളില്‍ ഇഡി പരിശോധന നടത്തി. 

ഇത്രയേറെ സാമ്പത്തിക തട്ടിപ്പുകളില്‍ പങ്കാളിയായ സാന്‍റിയാഗോ മാര്‍ട്ടിന്‍ വാങ്ങിയ ഇലക്ടറല്‍ ബോണ്ടുകളുടെ വിലയാണ് മാധ്യമങ്ങളെ ഞെട്ടിച്ചത്, 1,394 കോടി രൂപ. എല്ലാം ഒരു കോടി രൂപ മൂല്യമുള്ള ബോണ്ടുകളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2021, 2022, 2023 വാര്‍ഷങ്ങളിലാണ് സാന്‍റിയാഗോ മാര്‍ട്ടിന്‍ ബോണ്ടുകള്‍ വാങ്ങിക്കൂട്ടിയത്. പക്ഷേ, ഇലക്ടറല്‍ ബോണ്ടുകളുടെ സ്വഭാവം വച്ച്, സാന്‍റിയാഗോ മാര്‍ട്ടിന്‍ ഏത് പാര്‍ട്ടിക്ക് വേണ്ടിയാണ് ബോണ്ടുകള്‍ വാങ്ങിയതെന്ന് കണ്ടെത്തുക ഏറെ പ്രയാസമാകും.
 

click me!