ഈ പണി കൊണ്ടാണ് ശാന്ത തന്റെ ജീവിതം ഉണ്ടാക്കിയെടുത്തത് തന്നെ. രണ്ട് പെണ്‍മക്കള്‍ക്ക് ഉന്നതവിദ്യാഭ്യാസം നല്‍കിയതും വിവാഹം കഴിച്ചയച്ചതുമെല്ലാം ഈ തൊഴിലിലൂടെ കിട്ടിയ വരുമാനം കൊണ്ടാണ്.
ഇന്ന് ലോക തൊഴിലാളി ദിനമാണ്. ലോകത്തെമ്പാടുമുള്ള തൊഴിലാളികളുടെ ദിനം. തൊഴിലാളികളുടെ ഉന്നമനത്തെ കുറിച്ചും അവകാശങ്ങളെ കുറിച്ചും പോരാട്ടങ്ങളെ കുറിച്ചുമുള്ള ഓർമ്മപ്പെടുത്തലുകളുടെ ദിനം കൂടിയാണ് ഇന്ന്. നമ്മുടെ സമൂഹത്തിൽ പലവിധത്തിലുള്ള ജോലികൾ ചെയ്യുന്ന അനേകരുണ്ട്. അതിലൊരാളാണ് മുരുവിറച്ചി ശേഖരിച്ച് ഉപജീവനം നടത്തുന്ന കണ്ണൂർ ധർമ്മടത്തുകാരി ശാന്ത എന്ന 60 -കാരി. ശാന്തയുടെ ജീവിതം.
പുഴയുടെ ആഴങ്ങളില്‍ മുങ്ങി, മുരുവിറച്ചി ശേഖരിച്ച് ഉപജീവനം നടത്തുന്ന ഒരു 60 -കാരിയുണ്ട് കണ്ണൂര്‍ ധര്‍മ്മടത്ത്. ഒന്നും രണ്ടുമല്ല അഞ്ച് പതിറ്റാണ്ട് നീണ്ട ബന്ധമാണ് ധര്‍മ്മടത്തെ പുഴകളും ടി.കെ. ശാന്തയും തമ്മിലുള്ളത്. സ്ത്രീകള്‍ അധികമൊന്നും കൈവെച്ചിട്ടില്ലാത്ത ഈ തൊഴിലിലൂടെ കിട്ടിയ കരുത്താണ് ശാന്തയെ ഇപ്പോഴും മുന്നോട്ട് നയിക്കുന്നത്.
കാറ്റിന്‍റെ ഗതിയറിഞ്ഞ് മുളന്തണ്ട് കുത്തിയൊരു പോക്കാണ്.വെളിച്ചം വീഴും മുമ്പെ പുഴയിലിറങ്ങാന്‍ പേടിയില്ലേയെന്ന് ശാന്തയോട് ചോദിക്കേണ്ട. പത്താം വയസില്‍ തുടങ്ങിയതാണ് ഈ പണി.
ഈ പണി കൊണ്ടാണ് ശാന്ത തന്റെ ജീവിതം ഉണ്ടാക്കിയെടുത്തത് തന്നെ. രണ്ട് പെണ്‍മക്കള്‍ക്ക് ഉന്നതവിദ്യാഭ്യാസം നല്‍കിയതും വിവാഹം കഴിച്ചയച്ചതുമെല്ലാം ഈ തൊഴിലിലൂടെ കിട്ടിയ വരുമാനം കൊണ്ടാണ്. രാവിലെ അഞ്ചു മണിക്കിറങ്ങിയില്‍ നാലു മണിക്കൂറെങ്കിലും പുഴയില്‍ തന്നെയാണ്. വൈകിട്ടുമെത്തും മുരുവിറച്ചി ശേഖരിക്കാന്‍. ഇരുനൂറു മുതല്‍ മുന്നൂറ് മുരുവിറച്ചി വരെ കിട്ടുന്ന ദിവസങ്ങളുമുണ്ട്. വെറും കൈയോടെ മടങ്ങേണ്ടിയും വരും ചിലപ്പോള്‍ ശാന്ത പറയുന്നു.
ജീവിതത്തിലെ പ്രതിസന്ധികളൊക്കെ മറികടക്കാന്‍ ഈ തൊഴില്‍ തന്ന ആത്മധൈര്യം തന്നെയാണ് കൂട്ട് എന്നും ശാന്ത പറയുന്നു. വീട് എന്നൊരു സ്വപ്നം കൂടി ബാക്കിയാണ് എങ്കിലും ജീവിതത്തെ ഒരു കരക്കടുപ്പിച്ച ഈ തൊഴില്‍ തന്നെയാണ് ശാന്തയുടെ ജീവന്‍.