മറവി ബാധിച്ച അമ്മമാര്‍ക്ക് വേണ്ടി അവരൊരുക്കി പാവക്കുട്ടികളെ വച്ച് ബേബി ഷവര്‍...

By Web Team  |  First Published Nov 24, 2023, 7:02 PM IST

ഈ പാവകളെ പരിചരിക്കുന്നതിലൂടെ ജീവിതത്തിൽ പുതിയൊരു കാര്യം കൂടി തങ്ങൾക്ക് ചെയ്യാനുണ്ടെന്ന ആലോചനയിലേക്ക് അന്തേവാസികൾ മാറിയതായും സ്ഥാപനം പറയുന്നു. 


സ്കോട്ട്ലാൻഡിലെ റയാൻ മീഡോസ് കെയർ ഹോം മറവിരോ​ഗം ബാധിച്ചവർക്കായി വളരെ വ്യത്യസ്തമായ ഒരു പരിപാടി നടത്തിയതാണ് ഇപ്പോൾ വാർത്തയാവുന്നത്. പാവകളെ വച്ചുകൊണ്ട് ബേബി ഷവർ നടത്തുകയാണ് സ്ഥാപനം ചെയ്തത്. ഈ പ്രത്യേക പരിപാടിക്ക് വേണ്ടി പേൾസ് മെമ്മറി ബേബീസിൽ നിന്നും 60 പാവക്കുട്ടികളെയാണ് കെയർ ഹോമിന് ലഭിച്ചത്. 

പാവക്കുട്ടികളെയോ റോബോട്ടിക് പെറ്റുകളെയോ ഒക്കെ കയ്യിലെടുക്കുമ്പോൾ മറവിരോ​ഗം ബാധിച്ചവരിൽ പൊസിറ്റീവായിട്ടുള്ള മാറ്റങ്ങളുണ്ടാക്കും എന്നാണ് പറയുന്നത്. അതിനാലാണത്രെ സ്ഥാപനം ഇങ്ങനെ ഒരു പരിപാടി അവിടെയുള്ള അന്തേവാസികൾക്ക് വേണ്ടി സംഘടിപ്പിച്ചത്. കൂടാതെ അത് സമ്മർദ്ദം കുറക്കാനും സഹായിക്കുന്നു. 

Latest Videos

undefined

2022 -ൽ സംഘടിപ്പിച്ച ഒരു പഠനത്തിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് ദ നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ കണ്ടെത്തിയത് പാവകളെ വച്ചുകൊണ്ടുള്ള തെറാപ്പി മറവിരോ​ഗമുള്ള ആളുകളുടെ ആരോ​ഗ്യത്തിന് ​ഗുണകരമായിത്തീരും എന്നാണ്. 

അതുപോലെ അവരിലുള്ള അക്രമവാസനകളെ കുറക്കുകയും മറ്റുള്ളവരോട് നല്ല രീതിയിൽ സംസാരിക്കാനും മറ്റും ഇത് സഹായിക്കും എന്നും പഠനത്തിൽ പറയുന്നു. പരിപാടിയുടെ കോർഡിനേറ്ററായ കാതലീൻ ക്രിംബിൾ പറയുന്നത് പരിപാടി വിജയകരമായിരുന്നു എന്നാണ്. അന്തേവാസികളിൽ ഈ പരിപാടി നല്ല മാറ്റമുണ്ടാക്കിയതായും കാതലീൻ പറയുന്നു. 

പാവകളെ കൊടുത്തത് അവരിൽ കൂടുതൽ സമാധാനമുണ്ടാക്കി. അതുപോലെ ഈ പാവകളെ പരിചരിക്കുന്നതിലൂടെ ജീവിതത്തിൽ പുതിയൊരു കാര്യം കൂടി തങ്ങൾക്ക് ചെയ്യാനുണ്ടെന്ന ആലോചനയിലേക്ക് അന്തേവാസികൾ മാറിയതായും സ്ഥാപനം പറയുന്നു. 

ഈ പാവകൾക്കൊപ്പം സമയം ചെലവഴിക്കവെ ചിലപ്പോൾ അവർക്ക് തങ്ങളുടെ കുട്ടിക്കാലം ഓർമ്മ വന്നേക്കാം. അല്ലെങ്കിൽ അവർക്ക് കുട്ടികളുണ്ടായിരുന്ന കാലത്തേയായിരിക്കാം അവർ അതിലൂടെ ഓർക്കുന്നത്. എന്നിരുന്നാലും നല്ല മാറ്റമാണ് ഈ പാവകളെ വച്ചുള്ള ബേബി ഷവർ നടത്തുന്നതിലൂടെ അന്തേവാസികളിൽ ഉണ്ടായിരിക്കുന്നത് എന്നും കാതലീൻ പറഞ്ഞു. 

വായിക്കാം: അച്ഛനും 12 -കാരൻ മകനും ചേർന്ന് കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടുന്നു, അഭിനന്ദിച്ചും വിമർശിച്ചും സോഷ്യൽമീഡിയ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!