മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി തമിഴ്‌നാട്ടിലെ ശ്രീപെരുംപത്തൂരില്‍ ചാവേര്‍ സ്‌ഫോടനത്തില്‍ ഇല്ലാതായിട്ട് ഇന്ന് 31 വര്‍ഷങ്ങള്‍. കോണ്‍ഗ്രസിന്റെ അപചയകാലത്ത് രാജീവിന്റെ ഓര്‍മ്മ എന്താണ് ബാക്കിവെയ്ക്കുന്നത്. രജനി വാര്യര്‍ എഴുതുന്നു
രാഷ്ട്രീയം ഇഷ്ടപ്പെട്ടിട്ടല്ല രാജീവ് ഗാന്ധി ആ വഴിയില്‍ എത്തിയത്. പക്ഷെ, നിയോഗം അതെന്ന് തിരിച്ചറിഞ്ഞ നിമിഷം, തന്റെ മറ്റ് മേഖലകളിലെ കഴിവിനെക്കൂടി പുതിയ പ്രവര്‍ത്തന മേഖലയുമായി കൂട്ടിയോജിപ്പിച്ച് റിസള്‍ട്ട് ഉണ്ടാക്കാന്‍ അദ്ദേഹം ശ്രമിച്ചു. സ്ഥാനമാനങ്ങള്‍ക്കായി പരസ്പരം കലഹിക്കുന്ന, നൂറ് അഭിപ്രായങ്ങള്‍ പിറക്കുന്ന ഒരു പാര്‍ട്ടിയില്‍, നെഞ്ചുറപ്പോടെ തീരുമാനം എടുക്കാന്‍ ഒരാളില്ലാത്ത അവസ്ഥ കണ്ട്, രാജീവ് ഗാന്ധിയുടെ ആത്മാവ് പോലും നെടുവീര്‍പ്പ് ഇടുന്നുണ്ടാകണം.
രാജീവ് ഗാന്ധി
ഇന്ത്യയുടെ പ്രധാനമന്ത്രിക്കസേരയില്‍ ഇരുന്നില്ലായിരുന്നു എങ്കില്‍, ഒരുപക്ഷെ, ഇന്നും ജീവിച്ചിരിക്കുമായിരുന്നു രാജീവ് ഗാന്ധി. അങ്ങിനെ ജീവിച്ചിരുന്നു എങ്കില്‍, കോണ്‍ഗ്രസ് ഇപ്പോള്‍ കാണും വിധം പ്രാണവായു കിട്ടാതെ പിടയില്ലായിരുന്നു. അപ്രതീക്ഷിതമായി രാഷ്ട്രീയ വഴിയിലെത്തി, ഒറ്റ ദശാബ്ദം മാത്രം നീണ്ട ആ യാത്ര, 1991 മെയ് 21-ന് തമിഴ്നാട്ടിലെ ശ്രീപെരുംപത്തൂരില്‍ ഒരു അഗ്‌നിഗോളമായി എരിഞ്ഞടങ്ങി. ഒപ്പം കത്തിയമര്‍ന്നത് പുതിയ കാല ഇന്ത്യയുടെയും കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുടെയും വലിയ സ്വപ്‌നങ്ങള്‍.
ഇന്ത്യയിലെ അതിപ്രശസ്തമായ രാഷ്ട്രീയ തറവാടിന്റെ മുറ്റത്ത് ബാല്യ കൗമാര കാലം. തികച്ചും ശാന്തസ്വഭാവിയായ ആ യുവാവിന്റെ മനസ്സിലേക്ക് പക്ഷെ രാഷ്ട്രീയം കയറിക്കൂടിയതേയില്ല. സയന്‍സ്, എഞ്ചിനീയറിംഗ്, ഫോട്ടോഗ്രാഫി, സംഗീതം ഇതൊക്കെയായിരുന്നു രാജീവ്ഗാന്ധിയുടെ താത്പര്യങ്ങള്‍.. വിമാനയാത്ര ഹരമായിരുന്ന ആ ചെറുപ്പക്കാരന്‍, സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് പഠിക്കാന്‍ ലണ്ടനിലേക്ക് പറന്നു. എന്നാല്‍, വൈമാനികന്‍ ആകണം എന്ന സ്വപ്നത്തിന് ആകാശത്തോളം ഉയരം ഉണ്ടായിരുന്നതിനാല്‍, പഠനം പൂര്‍ത്തിയാക്കാതെ ഇന്ത്യയിലേക്ക് മടങ്ങി. കൊമേ ര്‍ഷ്യല്‍ പൈലറ്റ് ലൈസന്‍സ് നേടി, 1964-ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ പൈലറ്റ് ആയി ജോലി നേടി. അമ്മ പ്രധാനമന്ത്രിയാണ് എന്നതൊന്നും രാജീവിന് പ്രശ്‌നമായിരുന്നില്ല. ലണ്ടന്‍ പഠനകാലത്തിനിടെ കണ്ടുമുട്ടി പ്രണയിച്ച സോണിയ മൈനോ എന്ന ഇറ്റലിക്കാരിയെ ജീവിത സഖിയാക്കി, മക്കളായ രാഹുലിനും പ്രിയങ്കക്കും ഒപ്പം സ്വസ്ഥമായി ജീവിച്ചു.
ഇന്ദിരാഗാന്ധി, സഞ്ജയ്, രാജീവ്
രാഷ്ട്രീയത്തില്‍ ഇന്ദിരാഗാന്ധിയുടെ വലംകയ്യായിരുന്ന, അനുജന്‍ സഞ്ജയ് ഗാന്ധിയുടെ അപ്രതീക്ഷിത വിയോഗമാണ്, 1980-ല്‍ രാജീവ് ഗാന്ധിയെ രാഷ്ട്രീയത്തിലേക്ക് എത്തിക്കുന്നത്. ഒട്ടും താത്പര്യമില്ലാതിരുന്നിട്ടും, രാഷ്ട്രീയ വഴിയിലൂടെ നടക്കാന്‍ അയാള്‍ നിര്‍ബന്ധിതനായി എന്നതാണ് സത്യം. സഞ്ജയിന്റെ മരണത്തോടെ ഒഴിവുവന്ന, ഉത്തര്‍പ്രദേശിലെ അമേഥി സീറ്റില്‍ മത്സരിച്ച്, 1981-ല്‍ ലോക്‌സഭാഅംഗമായി. പിന്നാലെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷപദവിയിലും എത്തി. 82-ലെ ഏഷ്യന്‍ ഗെയിംസ് സംഘാടക സമിതി അംഗമായ രാജീവ് ഗാന്ധി, കാര്യങ്ങള്‍ നടത്തിയെടുക്കാനുള്ള കഴിവും ഏകോപന മികവും തനിക്കുണ്ട് എന്ന് തെളിയിച്ചു.
1984 ഒക്ടോബര്‍ 31. രാജീവ് ഗാന്ധിയെന്ന നാല്പതുകാരന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടത്തിന്റെയും നേട്ടത്തിന്റെയും ദിനം. അമ്മ ഇന്ദിരാഗാന്ധി സ്വന്തം അംഗ രക്ഷകന്റെ വെടിയേറ്റ് മരിക്കുന്നു. മരണവാര്‍ത്തയറിഞ്ഞ് ഒറീസ്സയില്‍ നിന്ന് പറന്നെത്തിയ രാജീവിനെ കാത്തിരുന്നത് ഒരു രാജ്യത്തിന്റെ മുഴുവന്‍ ഭാരം. പ്രധാനമന്ത്രി പദം ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വവും പ്രവര്‍ത്തകരും നിര്‍ബന്ധിച്ചപ്പോള്‍, വ്യക്തിപരമായ ദുഖത്തെ ഉള്ളിലടക്കി, മനക്കരുത്തോടെ ആത്മസംയമനത്തോടെ, രാജീവ് രാഷ്ട്രത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റി. ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി. തൊട്ടുപിന്നാലെ പാര്‍ട്ടിയെ നയിക്കാനുള്ള നിയോഗവും രാജീവിലേക്കെത്തി
ഇന്ദിരാ ഗാന്ധിയുടെ സംസ്‌കാര ചടങ്ങില്‍ രാജീവ്
ഇന്ദിരാവധത്തിന് പിന്നാലെയുണ്ടായ സിഖ് വിരുദ്ധ കലാപത്തോട് 'വന്മരങ്ങള്‍ വീഴുമ്പോള്‍ ചുറ്റുമുള്ള ഭൂമി കുലുങ്ങുന്നത് സ്വാഭാവികം' എന്ന് പറഞ്ഞാണ് രാജീവ് ഗാന്ധി പ്രതികരിച്ചത്. സിഖ് കൂട്ടക്കൊലയിലെ ഇരകളുടെ വലിയ വിമര്‍ശങ്ങള്‍ക്ക് വഴിവച്ച പരാമര്‍ശം. 20 ദിവസത്തിനുള്ളില്‍ 2000-ത്തോളം പേര്‍ മരിക്കുകയും നിരവധിപേര്‍ പലായനം ചെയ്യുകയും ചെയ്തിട്ടും, പ്രധാനമന്ത്രി ഇടപെട്ടില്ല എന്ന് പിന്നീട് വിമര്‍ശനമുയര്‍ന്നു. എന്നിട്ടും, അതേവര്‍ഷം തന്നെ പാര്‍ലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനെ നേരിട്ട രാജീവ് സര്‍ക്കാര്‍ മൃഗീയ ഭൂരിപക്ഷത്തില്‍ വിജയിച്ചു. കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം.
ഭരണരീതിയില്‍ ഇന്ദിരയില്‍ നിന്ന് വേറിട്ട പാതയായിരുന്നു രാജീവിന്റേത്. ആധുനിക ചിന്തയും കാഴ്ചപ്പാടും ഉന്നത സാങ്കേതിക വിദ്യകളിലെ പരിജ്ഞാനവും താത്പര്യവും ഒക്കെ ഭരണത്തിലും മുതല്‍ക്കൂട്ടായി. ശാസ്ത്ര സാങ്കേതിക വികസനത്തെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചു. പുതിയ തലമുറക്ക് വിദ്യാഭ്യാസം നല്‍കുന്നത്, പുതിയ രീതിയിലാകണം എന്ന് ശഠിച്ചു. പുതിയ ദേശീയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചു. നവോദയ വിദ്യാലയം പിറവി കൊണ്ടു.. ചുവപ്പുനാടകുരുക്ക് ഇല്ലാതാക്കാന്‍ നടപടികള്‍, കൂറുമാറ്റ നിരോധന നിയമം ഒക്കെ ഉണ്ടായി. രാജ്യത്തിന്റെ സമ്പദ് രംഗം ഉയര്‍ന്നു. ദാരിദ്ര്യരേഖാ ശതമാനം താഴ്ന്നു. വലിയ ചിന്തകളും അത് പ്രവര്‍ത്തികമാക്കാനുള്ള ഇച്ഛാശക്തിയുമുള്ള ഒരു ഭരണാധികാരിയുടെ കീഴില്‍ സര്‍ക്കാര്‍ അതിവേഗം പ്രവര്‍ത്തിച്ചു
മറ്റ് ലോകരാജ്യങ്ങളുമായും രാജീവ് ഗാന്ധി നല്ല ബന്ധം പുലര്‍ത്തി. ഇന്ദിരാ ഭരണ കാലത്ത് അല്പം പിണങ്ങി നിന്ന അമേരിക്കയെ അടക്കം വരുതിയിലാക്കി. ഇരുകൂട്ടര്‍ക്കും ഉപകാരമാകുന്ന രീതിയില്‍ രാജ്യങ്ങളുമായി കരാര്‍ ഉണ്ടാക്കി. പ്രതിസന്ധി ഘട്ടങ്ങളില്‍ പല രാജ്യങ്ങളും, ഇന്ത്യയോട് സഹായം ചോദിച്ചെത്തി. മാലി അട്ടിമറി സാഹചര്യവും, ശ്രീലങ്കയിലെ സര്‍ക്കാര്‍ -LTTE പോരുമൊക്കെ ഉദാഹരണങ്ങള്‍. രണ്ടിടത്തും ഇന്ത്യ അന്ന് സൈനിക സഹായം നല്‍കിയിരുന്നു. ഇതാണ് രാജീവ് ഗാന്ധിയെ തമിഴ്പുലികളുടെ നോട്ടപ്പുള്ളി ആക്കിയതും.
മുത്തച്ഛനായ നെഹ്‌റുവിനൊപ്പം കുഞ്ഞുരാജീവ്
ഒരു വശത്ത് ഭരണമികവ് പുലര്‍ത്തുമ്പോഴും, ബോഫോഴ്സ് ആയുധ ഇടപാടിലെ അഴിമതിയും, ഷാ ബാനു കേസിലെ സുപ്രീം കോടതി വിധി മറികടക്കാനുള്ള നിയമ നിര്‍മാണവും, ലങ്കയിലെ സൈനിക നടപടിയും ഒക്കെ ആ ഭരണത്തിലെ കറുത്ത ഏടുകളായി. 1989-ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വലിയ തിരിച്ചടി നേരിട്ടു. 91-ലെ തെരഞ്ഞെടുപ്പ് കാലത്ത് വീണ്ടും അധികാരം തിരിച്ചു പിടിക്കാന്‍, രാപകല്‍ വ്യത്യസമില്ലാതെ പ്രചാരണവുമായി ഓടിനടക്കുന്നതിനിടയിലാണ് മെയ് 21-ന്, തമിഴ് പുലികള്‍ ആ ജീവന്‍ കവര്‍ന്നത്. ശ്രീപെരുംപത്തൂരിലെ, പ്രചരണവേദിയില്‍ ആള്‍ക്കൂട്ടത്തിലേക്ക് ഇറങ്ങിയ രാജീവ്ഗാന്ധിക്ക് മുന്നില്‍ തനുവെന്ന മനുഷ്യബോംബ് പൊട്ടിത്തെറിച്ചു. ഇന്ദിരാ വധത്തേക്കാള്‍ രാജ്യം ഞെട്ടിത്തരിച്ച ദിനം
കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ വലിയ നഷ്ടങ്ങളുടെ തുടക്കം കൂടിയായിരുന്നു അത്. 91-ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ച് നരസിംഹറാവു പ്രധാനമന്ത്രിയായി. എന്നാല്‍ സാമ്പത്തിക പരിഷ്‌കരണവും ഉദാരവത്കരണവും അടക്കമുള്ള നിലപാടുകള്‍ വലിയ രീതിയില്‍ വിമര്‍ശനത്തിന് ഇടയാക്കി. 2004-ലും 2009-ലും ഒക്കെ കോണ്‍ഗ്രസ് പിന്നീട് തെരഞ്ഞെടുപ്പ് ജയിച്ചിട്ടുണ്ട്. പക്ഷെ, കൃത്യമായ രാഷ്ട്രീയ വീക്ഷണവും കാലാകാലങ്ങളിലുള്ള നവീകരണ പ്രക്രിയയും ഒക്കെ പാര്‍ട്ടിയില്‍ എവിടെയോ ചോര്‍ന്നുപോയി. രാഷ്ട്രീയത്തില്‍ ഒട്ടും താത്പര്യമില്ലാത്ത സോണിയ, പാര്‍ട്ടിയെ നയിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്ത്, തനിക്കാവും വിധം മുന്നോട്ട് പോയി. എന്നാല്‍ ജനവിശ്വാസം നേടിയെടുക്കുന്നതില്‍ കോണ്‍ഗ്രസിന്റെ യാത്ര പുറകോട്ട് ആയിരുന്നു.
ശോഷിച്ചു ശോഷിച്ചു ലോക് സഭയില്‍ 52 എന്ന നമ്പറില്‍ എത്തിനില്‍ക്കുന്നു കോണ്‍ഗ്രസ്. സമീപ ദിവസങ്ങളില്‍, രാജസ്ഥാനില്‍ നടത്തിയ ചിന്തന്‍ ശിബിരവും ഉദയ്പൂര്‍ പ്രഖ്യാപനവും ഒക്കെ പാര്‍ട്ടിക്ക് പ്രാണവായു നല്‍കാനുള്ള അവസാനത്തെ നീക്കങ്ങളാണ്. പക്ഷെ അപ്പോഴും ഇച്ഛാശക്തിയുള്ള ഒരു നേതാവിന്റെ അഭാവം മുഴച്ചു നില്‍ക്കുന്നു. രാഷ്ട്രീയം ഇഷ്ടപ്പെട്ടിട്ടല്ല രാജീവ് ഗാന്ധി ആ വഴിയില്‍ എത്തിയത്. പക്ഷെ, നിയോഗം അതെന്ന് തിരിച്ചറിഞ്ഞ നിമിഷം, തന്റെ മറ്റ് മേഖലകളിലെ കഴിവിനെക്കൂടി പുതിയ പ്രവര്‍ത്തന മേഖലയുമായി കൂട്ടിയോജിപ്പിച്ച് റിസള്‍ട്ട് ഉണ്ടാക്കാന്‍ അദ്ദേഹം ശ്രമിച്ചു. സ്ഥാനമാനങ്ങള്‍ക്കായി പരസ്പരം കലഹിക്കുന്ന, നൂറ് അഭിപ്രായങ്ങള്‍ പിറക്കുന്ന ഒരു പാര്‍ട്ടിയില്‍, നെഞ്ചുറപ്പോടെ തീരുമാനം എടുക്കാന്‍ ഒരാളില്ലാത്ത അവസ്ഥ കണ്ട്, രാജീവ് ഗാന്ധിയുടെ ആത്മാവ് പോലും നെടുവീര്‍പ്പ് ഇടുന്നുണ്ടാകണം. ഇത്രവേഗം അവസാനിക്കും തന്റെ സ്വപ്നങ്ങളും യാത്രയും എന്ന് അദ്ദേഹവും കരുതിക്കാണില്ലല്ലോ!