അങ്ങനെ സ്വയം തെരഞ്ഞെടുത്ത ലളിതജീവിതം എന്ന പരിചകൊണ്ട് ബാലാമണിയമ്മ സ്വജീവിതത്തിൽ ആത്മാഭിമാനം നിലനിർത്തി. വൈരമാലയോ, പട്ടുസാരിയോ ഒന്നും അവർ ഒരിക്കലും ധരിച്ചില്ല
മഴയിൽ മുങ്ങി നിൽക്കുകയാണ് കേരളം. മലയാളകവിതയിൽ മാതൃവാത്സല്യത്തിന്റെ തണുത്ത മഴപെയ്യിച്ച മലയാളത്തിന്റെ പ്രിയ കവയിത്രി ബാലാമണിയമ്മ എന്ന നാലപ്പാട്ടെ അമ്മയുടെ ജന്മദിനമാണിന്ന്. പുറത്ത് മഴപെയ്യുന്നുണ്ട്. അവരുടെ കവിത സ്‌കൂളിൽ പഠിച്ചത് ഒന്നോർമ്മവരുന്നു, മഴയുടെ താളത്തിൽത്തന്നെ..
"അമ്മേ വരൂ വരൂ വെക്കം വെളിയിലേ-
യ്ക്കല്ലെങ്കിലീമഴ തോര്‍ന്നുപോമേ;
എന്തൊരാഹ്ലാദമാ മുറ്റത്തടിക്കടി
പൊന്തുന്ന വെള്ളത്തില്‍ത്തത്തിച്ചാടാന്‍.."
ആത്മീയതയും, ഭക്തിയും, ശൈശവത്തിന്റെ നിഷ്കളങ്കതയുമെല്ലാം നിറഞ്ഞു നിൽക്കുന്ന കവിതകളാണ് ബാലാമണിയമ്മയുടേത്. പറയാൻ വന്നത് അവരുടെ കവിതയെപ്പറ്റിയല്ല. ആദിമധ്യാന്തം ലളിതമായിരുന്ന അവരുടെ ജീവിതത്തെപ്പറ്റിയാണ്. 1909 ജൂലൈ 19-ന് പുന്നയൂർക്കുളത്തെ നാലപ്പാട്ട് തറവാട്ടിലാണ് ബാലാമണിയമ്മയുടെ ജനനം. പ്രശസ്ത മലയാള സാഹിത്യകാരനായ നാലപ്പാട്ട് നാരായണമേനോന്റെ സഹോദരി കൊച്ചുകുട്ടിയമ്മയുടെയും, ചിറ്റഞ്ഞൂർ കോവിലകത്ത് കുഞ്ചുണ്ണിരാജയുടെയും മകളായിരുന്നു ബാലാമണി. ഔപചാരികമായി കാര്യമായ വിദ്യാഭ്യാസമൊന്നും സിദ്ധിക്കാതിരുന്നിട്ടും, നാലപ്പാട്ടുവീട്ടിലെ സാഹിത്യാന്തരീക്ഷത്തിൽ ബാലാമണി സാഹിത്യകുതുകിയായിത്തന്നെ വളർന്നു. അമ്മാവന്റെ പുസ്തക ശേഖരത്തിൽ സദാ തലപൂഴ്ത്തിയിരുന്ന ബാലാമണിയ്ക്ക് വി എം നായർ പുടവ കൊടുക്കുന്നത് 1928 -ൽ അവരുടെ പത്തൊമ്പതാമത്തെ വയസ്സിലാണ്.
'ബാലാമണിയമ്മ , വിഎം നായർ, മാധവിക്കുട്ടി, മാധവദാസ്, മോനു, ഷോഡു'
സാമാന്യത്തിലധികം ധനികനായിരുന്നു, ഇന്ത്യയിൽ ബെന്റ്ലിയും റോൾസ്‌റോയ്‌സുമെല്ലാം വിറ്റിരുന്ന കൽക്കട്ടയിലെ വാൽഫോഡ് ട്രാൻസ്‌പോർട്ട് കമ്പനിയുടെ ഒരു സീനിയർ മാനേജരായിരുന്ന വിഎം നായർ അന്ന്. നാലപ്പാട്ടുതറവാടാണെങ്കിൽ കടം കേറി ആകെ മുടിഞ്ഞ അവസ്ഥയിലും. നാലപ്പാട്ടെ കടമെല്ലാം നിഷ്പ്രയാസം വീട്ടി നായർ ബാലാമണിയമ്മയേയും കൊണ്ട് കൽക്കട്ടയ്ക്ക് വണ്ടികേറുന്നു. മരുമക്കത്തായം നിലനിന്നിരുന്ന അക്കാലത്ത് ഭർത്താവിന്റെ പണം പറ്റുക എന്നത് നായർസ്ത്രീകൾക്ക് ചിന്തിക്കുക കൂടി പറ്റാത്ത ഒന്നാണ്.
ആത്മാഭിമാനത്തിനു കാര്യമായ ക്ഷതം പറ്റിച്ചേക്കാമായിരുന്ന ഈ സാഹചര്യത്തെ ബാലാമണി അതിജീവിച്ചതെങ്ങനെ എന്നതിനെപ്പറ്റി, എംപി നാരായണപിള്ള തന്റെ 'മറുനോട്ടം' എന്ന പുസ്തകത്തിൽ വളരെ മനോഹരമായി ഇങ്ങനെ വിവരിക്കുന്നുണ്ട്. " കടം വീട്ടി സ്വന്തം കുടുംബത്തെ രക്ഷിച്ച മനുഷ്യന്റെ ഭാര്യയാകുന്ന സ്ത്രീക്ക് എന്തായിരിക്കും ഭർത്താവുമായുള്ള ബന്ധം..? തുല്യനിലവാരത്തിലാക്കാൻ പറ്റുമോ..? ഇവിടെയാണ് ബാലാമണിയമ്മ എന്ന കവയിത്രിയുടെ ജീനിയസ്സ്. യഥാർത്ഥ കവിത്വത്തിൽ നേരായ ബുദ്ധി ഉദിക്കുകയാണ്. ബുദ്ധിയുപയോഗിച്ച് ആലോചിച്ച് കണ്ടുപിടിക്കുകയല്ല. വായനക്കാരിൽ പലരും ബാലാമണിയമ്മയെ കണ്ടുകാണും. അവർ ധരിക്കുന്ന വെളുത്ത ഖാദിത്തുണി ഏറ്റവും വിലകുറഞ്ഞതായിരിക്കും. അവരുടെ ദേഹത്ത് എന്തെങ്കിലും ആഭരണം ആരെങ്കിലും കണ്ടിട്ടുണ്ടോ..? അവർ ആഹാരം കഴിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? ഏറ്റവും ലളിതമാണാഹാരം. ഒരു ചെലവുമില്ലാത്ത സ്ത്രീ.
ഇത് നാട്ടുകാരെ ബോധിപ്പിക്കാൻ ചെയ്തതല്ല. നൂറുശതമാനം സ്വാഭാവികമായി വന്ന ഒരു ജീവിതശൈലിയായിരുന്നു. ഇന്നും ഇന്നലെയും ആരംഭിച്ചതുമല്ല. കൽക്കട്ടയിലെ കോടീശ്വരന്മാർ പോലും അന്തംവിടുന്ന തരത്തിൽ പണം ചെലവാക്കി ഭർത്താവായ വി.എം.നായർ കഴിയുമ്പോൾ ബാലാമണിയമ്മ ഒരാവശ്യവുമില്ലാത്ത ഭാര്യയായി മാറി. ഈ ജീവിതശൈലിക്ക് വി.എം.നായർ കൊടുത്ത പേരാണ് ‘കുചേലയോഗം’. "
അങ്ങനെ സ്വയം തെരഞ്ഞെടുത്ത ലളിതജീവിതം എന്ന പരിചകൊണ്ട് അവർ സ്വജീവിതത്തിൽ ആത്മാഭിമാനം നിലനിർത്തി. വൈരമാലയോ, പട്ടുസാരിയോ ഒന്നും ബാലാമണിയമ്മ ഒരിക്കലും ധരിച്ചില്ല. എന്നാൽ അതേ സമയം ഒരു ഭാര്യ എന്ന നിലയിലും കുട്ടികളുടെ അമ്മ എന്ന നിലയിലുമുള്ള ഉത്തരവാദിത്വങ്ങൾ തികഞ്ഞ ആത്മാർത്ഥതയോടെ ബാലാമണിയമ്മ നിറവേറ്റാനും തുടങ്ങി.
ആ കൽക്കട്ടാ കാലത്തു തന്നെയാണ് ബാലാമണിയമ്മ അവരുടെ പ്രധാനപ്പെട്ട കവിതകളൊക്കെയും എഴുതുന്നതും. 1930-ൽ ഇറങ്ങിയ 'കൂപ്പുകൈ' ആയിരുന്നു ആദ്യകവിത. ജീവിതസാഹചര്യങ്ങളോടുള്ള പ്രതികരണം തന്നെയായിരുന്നു അവരുടെ കവിതകൾ. തുടക്കത്തിൽ മാതൃസ്നേഹത്തെപ്പറ്റിയും, ശൈശവത്തിന്റെ നിഷ്കളങ്കസൗന്ദര്യത്തേയും പറ്റി നിരവധി കവിതകളെഴുതിയ അവർ, ഇടക്കാലത്ത് സ്ത്രീത്വത്തെപ്പറ്റിയും കവിതകളെഴുതി. പിൽക്കാലത്ത് യുദ്ധത്തെ വിമർശിച്ചുകൊണ്ടുള്ള 'മഴുവിന്റെ കഥ' പോലുള്ള കവിതകളും ബാലാമണിയമ്മ എഴുതി.
'അക്കിത്തം , ബാലാമണിയമ്മ, നാലാങ്കൽ കൃഷ്ണപിള്ള '
" ആരു ഞാൻ, നിന്നെയെൻ കുഞ്ഞേ, ഗഹനമാം
പാരിതിൽ, കാൽവെയ്പ്പു ശീലിപ്പിയ്ക്കാൻ..?" എന്നവർ ലോകത്തിനു മുന്നിൽ വിനയാന്വിതയായി.
കൽക്കട്ടയിലെ വിഎം നായരുടെ വീട്ടിൽ ഭർത്താവിന്റെയും മക്കളുടെയും കാര്യങ്ങൾ നോക്കിക്കൊണ്ട് അവനവനെ തളച്ചിട്ടപ്പോഴും,
'വീടുവിട്ടിറങ്ങുക നിർഭയം മുള്ളിൻവേലി ചാടുക
വിചിത്രാനുഭൂതികൾ തേടാം വീണ്ടും..
ഇത്തിരി നോവേശിയാൽ, വീർപ്പുമുട്ടിയാലെന്ത്
നിത്യതയ്ക്കൊരു മണൽത്തരിയീ മുഹൂർത്തവും ' എന്ന് അവർ എഴുതി.
'മാധവിക്കുട്ടി, ബാലാമണിയമ്മ, അയ്യപ്പപ്പണിക്കർ '
സാഹിത്യ അക്കാദമി പുരസ്കാരം, എഴുത്തച്ഛൻ പുരസ്‌കാരം, പദ്മഭൂഷൺ തുടങ്ങി നിരവധി ബഹുമതികൾ നാലപ്പാട്ടെ അമ്മയെ തേടിയെത്തിയിട്ടുണ്ട്. ജീവിതസായാഹ്നത്തിൽ വിരുന്നുവന്ന്, അഞ്ചുവർഷത്തോളം പാടുപെടുത്തിയ അൽഷിമേഴ്സ് രോഗത്തിനൊടുവിൽ, 2004 സെപ്റ്റംബർ 29-നായിരുന്നു ബാലാമണിയമ്മ മരിക്കുന്നത്.