ഓട്ടോക്കാരന്റെ നന്മ കണ്ടോ, 30 രൂപ മടക്കിക്കൊടുക്കാൻ പിറ്റേന്ന് രാവിലെ വാതിലിൽ മുട്ടി, വൈറലായി പോസ്റ്റ്

By Web Team  |  First Published Aug 21, 2024, 10:17 AM IST

എന്നാൽ, പിറ്റേ ദിവസം രാവിലെ തന്നെ ഓട്ടോ ഡ്രൈവർ‌ യാത്രക്കാരന്റെ വീട്ടിലെത്തുകയും വാതിൽ മുട്ടുകയും ചെയ്തത്രെ. ആ ബാക്കിയായ 30 രൂപ തിരികെ നൽകാൻ വേണ്ടിയായിരുന്നു അത്.


മീറ്ററിലും കൂടുതൽ പൈസ വാങ്ങും എന്നതാണ് മിക്കവാറും ഓട്ടോക്കാർക്കെതിരെയുള്ള വിമർശനം. അതിനുവേണ്ടി ചിലപ്പോൾ വഴക്കും ഉണ്ടാക്കും. എന്നാൽ, അങ്ങനെയല്ലാത്ത അനേകം ഓട്ടോ ഡ്രൈവർമാരും ഉണ്ട്. എല്ലാ കൂട്ടത്തിലും കാണും നല്ലവരും ചീത്തവരും എന്നതുപോലെ. ഇപ്പോൾ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിൽ വൈറലായിക്കൊണ്ടിരിക്കുന്നത് അതുപോലെ ഒരു പോസ്റ്റാണ്. ബെം​ഗളൂരുവിലെ ഒരു ഓട്ടോ ഡ്രൈവറുടെ നന്മയെയും സത്യസന്ധതയെയും കുറിച്ചാണ് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. 

ഇന്ദിരാനഗറിൽ നിന്ന് BSK ഏരിയയിലേക്ക് പോകുന്നതിന് വേണ്ടി നമ്മ യാത്രി ആപ്പ് വഴിയാണ് ട്രിപ്പ് ബുക്ക് ചെയ്തത്. യാത്രയ്ക്കിടെ ഇന്ധനം നിറയ്ക്കാൻ വേണ്ടി ഡ്രൈവർ പെട്രോൾ പമ്പിൽ ഓട്ടോ നിർത്തി. ശേഷം ഇന്ധനത്തിന്റെ തുക പമ്പിൽ ഓൺലൈനായി നൽകാമോ എന്ന് യാത്രക്കാരനോട് ചോദിച്ചു. 230 രൂപയായിരുന്നു ബിൽ. 200 രൂപയായിരുന്നു ഓട്ടോ കൂലി. എന്നാൽ, യാത്ര കഴിയുമ്പോൾ 30 രൂപ ബാക്കി തരാമെന്ന് ഡ്രൈവർ യാത്രക്കാരന് ഉറപ്പ് നൽകിയത്രെ. അങ്ങനെ യാത്രക്കാരൻ ആ പൈസ അടച്ചു. 

Latest Videos

undefined

യാത്രയിൽ ഡ്രൈവറും യാത്രക്കാരനും പലപല കാര്യങ്ങളെ കുറിച്ചും സംസാരിച്ചു. രാഷ്ട്രീയവും മറ്റുമായ കാര്യങ്ങളെ കുറിച്ചുള്ള സാധാരണ സംഭാഷണമായിരുന്നു അത്. സ്ഥലത്തെത്തിയപ്പോൾ യാത്രക്കാരന് ജോലി സംബന്ധമായ ഒരു കോൾ വരികയും അയാൾ ബാക്കിയുള്ള 30 രൂപ വാങ്ങാതെ ഇറങ്ങുകയും ചെയ്തു. ഡ്രൈവറും അത് മറന്നു പോയി. 

എന്നാൽ, പിറ്റേ ദിവസം രാവിലെ തന്നെ ഓട്ടോ ഡ്രൈവർ‌ യാത്രക്കാരന്റെ വീട്ടിലെത്തുകയും വാതിൽ മുട്ടുകയും ചെയ്തത്രെ. ആ ബാക്കിയായ 30 രൂപ തിരികെ നൽകാൻ വേണ്ടിയായിരുന്നു അത്. തലേദിവസം പൈസ കൊടുക്കാൻ മറന്നു പോയതിൽ ഒരുപാട് ഖേദപ്രകടനങ്ങളും ഓട്ടോ ഡ്രൈവർ നടത്തിയത്രെ. പിന്നീട് തങ്ങൾ ഇരുവരും പുഞ്ചിരിച്ചെന്നും ഓട്ടോ ഡ്രൈവർ‌ മടങ്ങിപ്പോയി എന്നും യുവാവ് എഴുതുന്നു. അദ്ദേഹത്തിന്റെ സത്യസന്ധത യുവാവിനെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. 

Auto driver Anna returned back extra 30/- to me today morning
byu/Narasimha1997 inbangalore

വളരെ പെട്ടെന്നാണ് പോസ്റ്റ് വൈറലായി മാറിയത്. അവിശ്വസനീയം എന്ന് കമന്റ് നൽകിയവരുണ്ട്. ഇതുപോലെ സത്യസന്ധതയും നന്മയും ഉള്ളവർ ഇന്ന് വളരെ വളരെ കുറവാണ് എന്ന് കുറിച്ചവരും ഉണ്ട്. 

tags
click me!