'ഏകദേശം മൂന്ന് വർഷം മുമ്പാണ്, ഞങ്ങളുടെ വീട്ടുജോലിക്കാരിക്ക് എത്ര ശമ്പളം നൽകുമെന്ന് ഞാൻ അമ്മയുമായി ചർച്ച ചെയ്യുകയായിരുന്നു. അവധിയില്ലാതെ രാവിലെ 8 മുതൽ വൈകുന്നേരം 5 വരെ ജോലി ചെയ്തിട്ടും മാസം 7,000 രൂപയാണ് അവർക്ക് നൽകുന്നത് എന്നാണ് അമ്മ പറഞ്ഞത്.'
വീട്ടിലൊരു ജോലിക്കാരിയെ കിട്ടാൻ ഇപ്പോൾ വലിയ പാടാണ് എന്ന് പലരും പറയാറുണ്ട്. എന്നാൽ, ചിലയിടങ്ങളിൽ ജോലിക്കാർക്ക് നല്ല ശമ്പളം നൽകാൻ തയ്യാറാവാത്തവരും ഒരുപാടുണ്ട്. മിക്ക സ്ഥലങ്ങളിലും അർഹിക്കുന്ന കൂലി കിട്ടാത്തവരാണ് വീട്ടുജോലിക്കാർ. അതുമായി ബന്ധപ്പെട്ട് ഒരു റെഡ്ഡിറ്റ് യൂസർ പങ്കുവച്ചിരിക്കുന്ന പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. പോസ്റ്റിൽ പറയുന്നത്, താൻ മൂന്ന് മാസമായി രഹസ്യമായി വീട്ടിലെ ജോലിക്കാരിക്ക് 20,000 രൂപ വച്ച് നൽകാറുണ്ട് എന്നാണ്. അതിനുള്ള കാരണവും ഇയാൾ വ്യക്തമാക്കുന്നുണ്ട്.
Alternative-Ad4581 എന്ന യൂസർ നെയിമിലുള്ള ദില്ലി സ്വദേശിയാണ് വീട്ടുജോലിക്കാരുടെ കഷ്ടപ്പാടിനെ കുറിച്ചും എന്നാൽ ആവശ്യത്തിന് ശമ്പളം ഇല്ലാത്ത സാഹചര്യത്തെ കുറിച്ചും കുറിച്ചിരിക്കുന്നത്. "ഏകദേശം മൂന്ന് വർഷം മുമ്പാണ്, ഞങ്ങളുടെ വീട്ടുജോലിക്കാരിക്ക് എത്ര ശമ്പളം നൽകുമെന്ന് ഞാൻ അമ്മയുമായി ചർച്ച ചെയ്യുകയായിരുന്നു. അവധിയില്ലാതെ രാവിലെ 8 മുതൽ വൈകുന്നേരം 5 വരെ ജോലി ചെയ്തിട്ടും മാസം 7,000 രൂപയാണ് അവർക്ക് നൽകുന്നത് എന്നാണ് അമ്മ പറഞ്ഞത്. അത് വളരെ കുറവാണല്ലോ എന്ന് ഞാൻ പറഞ്ഞപ്പോൾ സാധാരണയായി നൽകുന്ന തുക അതാണ് എന്നാണ് അമ്മ പറഞ്ഞത്” എന്നാണ് ഇയാൾ കുറിച്ചത്.
undefined
പിന്നീട് അയൽക്കാരോടും സുഹൃത്തുക്കളോടും ഒക്കെ ചോദിച്ചപ്പോഴും അവർ ഈ തുക തന്നെയേ നൽകുന്നുള്ളൂ എന്നാണ് പറഞ്ഞത്. അതോടെ ഈ ചെറിയ തുകയ്ക്ക് അവരെങ്ങനെ ജീവിക്കും എന്ന് താൻ അത്ഭുതപ്പെട്ടുപോയി എന്നും പോസ്റ്റിൽ പറയുന്നു. അത് മിനിമം വേതനത്തിലും വളരെ താഴെയായിരുന്നു എന്നും പോസ്റ്റിൽ പറയുന്നുണ്ട്.
"പിന്നീട് ഞാൻ ഡൽഹിയിലെ മിനിമം വേതനവും ദാരിദ്ര്യരേഖയും നോക്കി. ദാരിദ്ര്യരേഖ പ്രതിമാസം 12,000 രൂപയും മിനിമം വേതനം 18,000 രൂപയുമാണ്. എന്റെ വീട്ടിൽ ഒരാൾ മിനിമം വേതനത്തേക്കാൾ കുറഞ്ഞ് ജോലി ചെയ്യരുതെന്ന് ഞാനുറപ്പിച്ചു" എന്നും ഇയാൾ കുറിക്കുന്നു. പിന്നീട്, താൻ എല്ലാ മാസവും രഹസ്യമായി അവർക്ക് 20,000 രൂപ നൽകുമെന്നും അമ്മ നൽകുന്ന തുക അമ്മ തുടരുന്നുണ്ടെന്നും ഇയാൾ പറയുന്നു. അതിനുശേഷം വീട്ടിലെ ജോലിക്കാരി തന്റെയും മക്കളുടെയും ജീവിതം എത്ര മാറിയെന്ന് തന്നോട് പറയുമായിരുന്നു എന്നും ഇയാൾ കുറിച്ചു.
ഒരുപാട് പേരാണ് ഇയാളെ അഭിനന്ദിച്ചുകൊണ്ട് മുന്നോട്ട് വന്നത്.
(ചിത്രം പ്രതീകാത്മകം)