ഫാക്ടറിയിലെ തൊഴിലാളികൾക്ക് നേരെയും ചുമതലയിലുണ്ടായിരുന്നവർക്കെതിരെയും നടപടി എടുത്തതിന് പിന്നാലെയാണ് ഒരു ലക്ഷത്തിലേറെ പാക്കറ്റ് ബ്രെഡുകൾ വിപണിയിൽ നിന്ന് തിരികെ വിളിച്ചിട്ടുള്ളത്
ടോക്കിയോ: ചത്ത എലിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതിന് പിന്നാലെ പ്രമുഖ ഭക്ഷ്യ നിർമ്മാതാക്കൾ തിരികെ വിളിച്ചത് 104000 പാക്കറ്റ് ബ്രെഡ്. ജപ്പാനിലാണ് സംഭവം. പാസ്കോ ഷികിഷിമാ കോർപ്പറേഷനാണ് വിൽപനയ്ക്കെത്തിയ ഒരു ലക്ഷ്യത്തിലധികം ബ്രെഡ് പാക്കറ്റുകൾ തിരികെ വിളിച്ചത്. കറുത്ത എലിയുടെ അവശിഷ്ടങ്ങൾ നിരവധി ബ്രെഡ് പാക്കറ്റുകളിൽ കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.
ജപ്പാനിലാകെ ഏറെ പ്രചാരമുള്ളതാണ് പാസ്കോ ബ്രെഡ്. എല്ലാ വീടുകളിലും സൂപ്പർ മാർക്കറ്റുകളിലും സർവ്വസാധാരണമായി കാണാറുള്ളതാണ് ഇവ. മാലിന്യം അടങ്ങിയ ഭക്ഷണം കഴിച്ച് ആരും രോഗബാധിതരാകാതിരിക്കാനാണ് ബ്രെഡ് കമ്പനിയുടെ നീക്കം. സംഭവിച്ച പിഴവിൽ ആളുകളോട് ക്ഷമാപണം നടത്തുന്നതായും ബ്രെഡ് കമ്പനി വിശദമാക്കി. ടോക്കിയോയിലെ ഫാക്ടറിയിൽ നിന്നാണ് ബ്രെഡ് നിർമ്മിച്ചിരുന്നത്. ഫാക്ടറിയിലെ തൊഴിലാളികൾക്ക് നേരെയും ചുമതലയിലുണ്ടായിരുന്നവർക്കെതിരെയും നടപടി എടുത്തതിന് പുറമേയാണ് വിപണിയിൽ നിന്ന് വലിയ രീതിയിൽ ബ്രെഡ് പാക്കറ്റുകൾ തിരികെ വിളിച്ചത്.
എങ്ങനെയാണ് എലിയുടെ അവശിഷ്ടം ബ്രെഡിലെത്തിയെന്നത് കമ്പനി വ്യക്തമാക്കിയില്ല. എങ്കിലും ഗുണനിലവാരം ഉറപ്പാക്കാൻ പരിശോധനകൾ കർശനമാക്കുമെന്ന് കമ്പനി വിശദമാക്കി. കേടായ ബ്രഡ് വാങ്ങേണ്ടി വന്ന ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം നൽകുമെന്നും കമ്പനി വിശദമാക്കി. അമേരിക്ക, ചൈന, ഓസ്ട്രേലിയ, ചൈന, സിംഗപ്പൂർ എന്നിവിടങ്ങളിലേക്ക് കമ്പനി ബ്രഡ് കയറ്റി അയയ്ക്കുന്നുണ്ട്.
ശുചിത്വ കാര്യത്തിൽ ഏറെ മുൻപന്തിയിലുള്ള ജപ്പാനിൽ ഇത്തരത്തിൽ ഭക്ഷണ പദാർത്ഥങ്ങൾ വലിയ രീതിയിൽ പിൻവലിക്കുന്നത് പതിവുള്ള കാര്യമല്ല. എന്നാൽ അടുത്തിലെ ഭക്ഷണ വ്യാപാര മേഖലയിൽ ഇത്തരത്തിലുള്ള ചില സംഭവങ്ങളുണ്ടായിട്ടുണ്ട്. മാർച്ച് മാസത്തിൽ രാജ്യത്തെ പ്രമുഖ മരുന്നു നിർമ്മാതാക്കൾ കൊളസ്ട്രോൾ കുറയ്ക്കാനുള്ള സപ്ലിമെന്റ്സ് വലിയ രീതിയിൽ പിൻവലിച്ചിരുന്നു. ഇവ കഴിച്ച അഞ്ച് പേരുടെ സംശയകരമായ മരണത്തിന് പിന്നാലെയായിരുന്നു ഇത്. കഴിഞ്ഞ വർഷം അരിയിൽ പാറ്റയിൽ കണ്ടെത്തിയതിനേ തുടർന്ന് പ്രമുഖ ഭക്ഷണ വ്യാപാര ശൃംഖല ക്ഷമാപണം നടത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം