അപരിചിതയായ യുവതി ​ഗുരുതരാവസ്ഥയിൽ, വേണ്ടത് ബോംബെ രക്തം, 440 കിലോമീറ്റർ യാത്ര ചെയ്തെത്തി യുവാവ്

By Web Team  |  First Published May 30, 2024, 2:38 PM IST

കഴിഞ്ഞ 10 വർഷത്തിനിടയിൽ ഇതുപോലെ ആവശ്യക്കാരായ അനേകം രോ​ഗികൾക്ക് വേണ്ടി താൻ മഹാരാഷ്ട്ര വിട്ട് പോയിട്ടുണ്ട് എന്നും ഗുജറാത്ത്, ഉത്തർ പ്രദേശ് തുടങ്ങി പലയിടങ്ങളിലും താൻ രോ​ഗികൾക്ക് രക്തം നൽകി എന്നും യുവാവ് പറയുന്നു. ​


രക്തം ദാനം ചെയ്യുക എന്നാൽ ഒരാളുടെ ജീവൻ രക്ഷിക്കാൻ നമ്മൾ കൂടി കാരണക്കാരാവുക എന്നാണ് അർത്ഥം. അത് നന്നായി അറിയുന്ന ആളാണ് മഹാരാഷ്ട്രയിൽ നിന്നുള്ള രവീന്ദ്ര അഷ്ടേക്കർ. 

അപൂർവങ്ങളിൽ അപൂർവമായ ബോംബെ രക്ത​ഗ്രൂപ്പിലുള്ള ഒരു 30 -കാരിയുടെ ജീവൻ രക്ഷിക്കാൻ മഹാരാഷ്ട്രയിലെ ഷിർദ്ദിയിൽ നിന്നും രവീന്ദ്ര സഞ്ചരിച്ചത് 400 കിലോമീറ്ററാണ്. മധ്യപ്രദേശിലേക്ക് കാറിലായിരുന്നു യുവാവിന്റെ യാത്ര. ഷിർദിയിൽ പൂക്കച്ചവടം നടത്തുന്ന 36 -കാരനായ രവീന്ദ്ര മെയ് 25 -ന് മധ്യപ്രദേശിലെ ഇൻഡോറിൽ എത്തി യുവതിക്ക് രക്തം നൽകുകയായിരുന്നു. രക്തം സ്വീകരിച്ച ശേഷം യുവതിയുടെ ആരോ​ഗ്യനില മെച്ചപ്പെട്ടു എന്നും റിപ്പോർട്ടുകൾ പറയുന്നു. 

Latest Videos

'രക്തദാനം നടത്തുന്നവരുടെ ഒരു വാട്ട്സാപ്പ് ​ഗ്രൂപ്പിലാണ് യുവതി ​ഗുരുതരാവസ്ഥയിലാണ് എന്ന് ഞാനറിഞ്ഞത്. ഒരു സുഹൃത്തിന്റെ കാറിൽ ഞാൻ ഇൻഡോറിലേക്ക് പുറപ്പെട്ടു. 440 കിലോമീറ്ററായിരുന്നു യാത്ര. ഒരാളുടെ ജീവൻ രക്ഷിക്കാൻ സാധിച്ചു എന്നതിൽ വലിയ സന്തോഷം തോന്നി' എന്നാണ് രവീന്ദ്ര പറയുന്നത്. 

കഴിഞ്ഞ 10 വർഷത്തിനിടയിൽ ഇതുപോലെ ആവശ്യക്കാരായ അനേകം രോ​ഗികൾക്ക് വേണ്ടി താൻ മഹാരാഷ്ട്ര വിട്ട് പോയിട്ടുണ്ട് എന്നും ഗുജറാത്ത്, ഉത്തർ പ്രദേശ് തുടങ്ങി പലയിടങ്ങളിലും താൻ രോ​ഗികൾക്ക് രക്തം നൽകി എന്നും യുവാവ് പറയുന്നു. ​

'മറ്റൊരു ആശുപത്രിയിൽ‌ വച്ച് യുവതിക്ക് അബദ്ധത്തിൽ 'ഒ' പോസിറ്റീവ് ഗ്രൂപ്പ് രക്തം നൽകി, അതോടെ യുവതിയുടെ അവസ്ഥ ​ഗുരുതരമായി, കിഡ്നിയേയും അത് ബാധിച്ചു' എന്ന് മഹാരാജ യശ്വന്തറാവു ആശുപത്രിയിലെ ട്രാൻസ്‌ഫ്യൂഷൻ മെഡിസിൻ വിഭാഗം മേധാവി ഡോ. അശോക് യാദവ് പറയുന്നു. 

'ആരോഗ്യനില വഷളായതിനെ തുടർന്ന് ഇൻഡോറിലെ റോബർട്ട്‌സ് നഴ്‌സിംഗ് ഹോമിലേക്ക് യുവതിയെ എത്തിച്ചപ്പോൾ അവളുടെ ഹീമോഗ്ലോബിൻ്റെ അളവ് ഡെസിലിറ്ററിന് 4 ഗ്രാമായി കുറഞ്ഞിരുന്നു. നാല് യൂണിറ്റ് ബോംബെ രക്തം കയറ്റിയതോടെ യുവതിയുടെ അവസ്ഥ മെച്ചപ്പെട്ടു' എന്നും  അദ്ദേഹം പറഞ്ഞു.

അപൂർവങ്ങളിൽ അപൂർവമായ രക്ത​ഗ്രൂപ്പാണ് ബോംബെ രക്ത​ഗ്രൂപ്പ്. 1952 -ൽ മുംബയിൽ ഡോ. ഭെൻഡേയാണ് ഈ രക്തഗ്രൂപ്പ് ആദ്യമായി തിരിച്ചറിഞ്ഞത്. 

(ചിത്രം പ്രതീകാത്മകം)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!