നൂറിലേറെ കേസുകള്‍, എംപി, എംഎല്‍എ പദവികള്‍, ജയില്‍വാസം; ഒരു രാഷ്ട്രീയക്കാരന്റെ ചോരക്കളികള്‍!

By Web Team  |  First Published Mar 29, 2023, 5:43 PM IST

കോടതി ജീവപര്യന്തം ശിക്ഷ വിധിച്ച സമാജ് വാദി പാര്‍ട്ടി നേതാവ് ആതിഖ് അഹമ്മദിന്റെ ജീവിതം ചോരക്കളികളുടേതാണ്. യുപി രാഷ്ട്രീയത്തില്‍ തോക്കും സ്വാധീനവുംകൊണ്ട് നിറഞ്ഞാടിയ നേതാവാണ്, ആദ്യമായി ഒരു കേസില്‍ കുടുങ്ങി ഇരുമ്പഴികള്‍ക്കുള്ളിലാവുന്നത്.


കൊലപാതകവും തട്ടിക്കൊണ്ടുപോയി പണം തട്ടലും ഉള്‍പ്പടെ, 100-ലേറെ കേസുകള്‍. നാടിനെ വിറപ്പിച്ച ക്രിമിനല്‍ സംഘങ്ങളുടെ തലവന്‍. ഇന്നലെ യുപിയിലെ  പ്രയാഗ് രാജ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ച സമാജ് വാദി പാര്‍ട്ടി നേതാവ് ആതിഖ് അഹമ്മദിന്റെ ജീവിതം ചോരക്കളികളുടേതാണ്. രാഷ്ട്രീയക്കാരും ക്രിമിനലുകളും ചേരുംപടി ചേരുന്ന യുപി രാഷ്ട്രീയത്തില്‍ തോക്കും സ്വാധീനവുംകൊണ്ട് നിറഞ്ഞാടിയ നേതാവാണ്, ആദ്യമായി ഒരു കേസില്‍ കുടുങ്ങി ഇരുമ്പഴികള്‍ക്കുള്ളിലാവുന്നത്.

സമാജ് വാദി പാര്‍ട്ടി മുന്‍ എം.പിയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ ആതിഖ് അഹമ്മദിന് ഇന്നലെ പ്രയാഗ്രാജ് കോടതി ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴ ശിക്ഷയുമാണ് വിധിച്ചത്. ബി എസ് പി എം.എല്‍.എ ഉമേഷ് പാലിനെ 2006 -ല്‍  തട്ടിക്കൊണ്ടു പോയ കേസില്‍ ആണ് പ്രയാഗ് രാജ് കോടതി ആതിഖ് അഹമ്മദിനും രണ്ടു കൂട്ടാളികള്‍ക്കും ജീവപര്യന്തം വിധിച്ചത്. കേസില്‍ അഹമ്മദിന്റെ സഹോദരന്‍ ഖാലിദ് അസിം എന്ന അഷ്റഫിനെയും മറ്റ് ഏഴ് പേരെയും കോടതി വെറുതെ വിട്ടു.

Latest Videos

 

 

2005-ല്‍ ബി എസ് പി എം.എല്‍.എ രാജു പാലിനെ കൊലചെയ്ത കേസിലെ പ്രധാന സാക്ഷിയായിരുന്ന ഉമേഷ് പാലിനെ തട്ടിക്കൊണ്ടു പോയ കേസിലാണ്, മാഫിയാ തലവനില്‍നിന്ന് രാഷ്ട്രീയ നേതാവായി മാറിയ ആതിഖ് അഹമ്മദിനെതിരായ വിധി. 2006-ല്‍ കോടതിയില്‍ തങ്ങള്‍ക്ക് എതിരായി മൊഴി നല്‍കരുതെന്ന് ആവശ്യപ്പെട്ട് ആതിഖും സംഘവും ഉമേഷ് പാലിനെ തട്ടിക്കൊണ്ടുപോയെന്നാണ് കേസ്. ഉമേഷ് പാലും അംഗരക്ഷകരായ രണ്ടു പോലീസുകാരും വാഹനത്തില്‍ നിന്നും ഇറങ്ങുമ്പോള്‍ സായുധ സംഘം പിന്നില്‍ നിന്നും നിറയൊഴിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.

കൊലപാതകം നേരിട്ടു കണ്ടെന്ന് ആദ്യഘട്ടത്തില്‍ പൊലീസില്‍ മൊഴി നല്‍കിയ ഉമേഷ് പിന്നീട് കോടതിയില്‍ മൊഴി മാറ്റിയിരുന്നു. ഇതിനു കാരണം, ആതിഖിന്റെ സംഘം തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതാണെന്ന് ഇയാള്‍ പിന്നീട് വെളിപ്പെടുത്തി. കാലങ്ങള്‍ക്കു ശേഷം, ഈ വര്‍ഷം ഫെബ്രുവരിയില്‍ അജ്ഞാത സംഘം ഉമേഷിനെ കൊലപ്പെടുത്തി. മറ്റൊരു കേസില്‍ ജയിലില്‍ കഴിയുകയായിരുന്ന ആതിഖ് ആണ് പുറത്തുള്ള സംഘാംഗങ്ങളെ ഉപയോഗിച്ച് കൊല നടത്തിയത് എന്നാണ് പൊലീസ് പറയുന്നത്.  അതിനിടയിലാണ്, പഴയ തട്ടിക്കൊണ്ടുപോവല്‍ കേസ് വീണ്ടും കോടതി പരിഗണിച്ചത്.

കൊലക്കേസുകള്‍ ഉള്‍പ്പെടെ നൂറിലധികം കേസുകളില്‍ പ്രതിയാണ് ആതിഖ്. എന്നാല്‍, അഞ്ച് തവണ എം എല്‍ എയും, ഒരു തവണ എംപിയുമായ ഇയാള്‍ക്കെതിരെ കാര്യമായ കോടതി നടപടി ഉണ്ടായിരുന്നില്ല.

 


പെഹല്‍വാന്‍ അഥവാ ഗുസ്തിക്കാരന്‍ എന്നറിയപ്പെടുന്ന ആതിഖ് അഹമ്മദ് ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലാണ് (അലഹബാദില്‍) ജനിച്ചത്. പത്താം ക്ലാസ് തോറ്റതിന് ശേഷം ചാന്ദ് ബാബ എന്ന ഗുണ്ടാ തലവന്റെ സംഘത്തില്‍ ചേര്‍ന്നു. പതിയെപ്പതിയെ ആതിഖ് ഗുണ്ടാസംഘത്തിലെ പ്രബലനായി. അധികം വൈകാതെ,  തന്റെ ഗുരു കൂടിയായ സംഘത്തലവന്‍ ചാന്ദ് ബാബയ്ക്ക് ഇയാള്‍ പണി കൊടുത്തു. 1989 -ല്‍ പറ്റിയൊരു സന്ദര്‍ഭം നോക്കി, ആതിഖ് ചാന്ദ് ബാബയെ വധിച്ചു. സംഘത്തിന്റെ നേതൃത്വം ആതിഖിന്റെ കൈയിലായി. 

അതോടെ, മാറിയത് ആതിഖിന്റെ ജീവിതം മാത്രമായിരുന്നില്ല. ആ ക്രിമിനല്‍ സംഘത്തിന്റെ സ്വഭാവവും മാറി.  നാട് വിറപ്പിക്കുന്ന ക്രിമിനല്‍ മാഫിയാ നേതാവായി ആതിഖ് മാറി. രാഷ്ട്രീയത്തിലേക്ക്  വരുന്നതിനു മുമ്പ്, കോണ്‍ട്രാക്ടര്‍, വസ്തു ഇടപാടുകാരന്‍ എന്നിങ്ങനെ പല വേഷങ്ങള്‍ കെട്ടി. വെസ്റ്റ് അലഹബാദില്‍  നിന്നാണ് രാഷ്ട്രീയ ജീവിതം തുടങ്ങിയത്. 1989 -ല്‍ സ്വതന്ത്രനായി മല്‍സരിച്ചു ജയിച്ചു. പിന്നീട്  സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി. വീണ്ടും എം എല്‍ എയായി.  1996 -ല്‍  അദ്ദേഹം അപ്ന ദളില്‍ ചേര്‍ന്നു. 2002 -ലും അതേ പാര്‍ട്ടിയില്‍ നിന്ന് വിജയിച്ചു. 2004 -ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സമാജ് വാദി സ്ഥാനാര്‍ത്ഥിയായി ഫുല്‍പുര്‍ മണ്ഡലത്തില്‍ നിന്നും ജയിച്ചു. 

60- കാരനാണ് ഇദ്ദേഹം. തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം എന്നിവ ഉള്‍പ്പെടെ നൂറിലധികം കേസുകളില്‍ പ്രതിയാണ് ആതിഖെന്നാണ് വിവിധ മാധ്യങ്ങള്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അഞ്ച് തവണ എം എല്‍ എയും, ഒരു തവണ എംപിയുമായ ഇയാള്‍ക്കെതിരെ കാര്യമായ ഈ കേസുകളിലൊന്നും കോടതി നടപടി ഉണ്ടായിരുന്നില്ല. അതിനിടയിലാണ്, ഇപ്പോള്‍ ആതിഖിനെതിരെ കോടതി നടപടി ഉണ്ടായതും അയാള്‍ ജയിലിലായതും.  


 

 

click me!