കോല്‍ ഐസ് കണ്ടുപിടിച്ച ആ 11 വയസ്സുകാരനെ അറിയുമോ?

By Web Team  |  First Published Dec 15, 2022, 7:23 PM IST

ഒരു 11 വയസ്സുകാരന്റെ സൃഷ്ടിയാണ് നാമിന്നു കാണുന്ന കോല്‍ ഐസുകളുടെ ആദ്യരൂപം.


ഐസ്‌ക്രീമും സിപ്പപ്പും ഐസ് ബാറുകളും ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. കൂട്ടത്തില്‍ അല്‍പ്പമിഷ്ടം കൂടുതല്‍ ചിലപ്പോള്‍ ഐസ് ബാറുകളോട് തന്നെയായിരിക്കും. പോപ്‌സിക്കിള്‍ എന്ന് പൊതുവില്‍ അറിയപ്പെടുന്ന ഐസ് ബാറുകള്‍ വ്യത്യസ്തങ്ങളായ രുചികളില്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. പക്ഷേ ആര്‍ക്കെങ്കിലും അറിയാമോ ഇത് ആരാണ് ആദ്യമായ് ഉണ്ടാക്കിയതെന്ന്? ഇല്ലെങ്കില്‍  അടുത്ത തവണ നിങ്ങള്‍ ഒരു കോല്‍ ഐസ് വായില്‍ വെക്കുമ്പോള്‍ തീര്‍ച്ചയായും ഈ 11 വയസ്സുകാരനെ ഓര്‍ക്കണം. അതെ ഒരു 11 വയസ്സുകാരന്റെ സൃഷ്ടിയാണ് നാമിന്നു കാണുന്ന കോല്‍ ഐസുകളുടെ ആദ്യരൂപം.

1905-ലാണ് സംഭവം. സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നിന്നുള്ള ഫ്രാങ്ക് എപേഴ്‌സണ്‍ എന്ന 11 വയസ്സുകാരന്‍ തന്റെ പതിവ് കളികള്‍ക്കിടയില്‍ വീട്ടില്‍ നിന്നും അല്പം പഞ്ചസാര എടുത്ത് അത് പൊടിച്ച് സോഡാ വെള്ളത്തില്‍ കലര്‍ത്തി. കളി കഴിഞ്ഞപ്പോള്‍ കലര്‍ത്തിയ മിശ്രിതം അവന്‍ അവിടെ തന്നെ ഉപേക്ഷിച്ചു. നല്ല തണുപ്പുള്ള ഒരു രാത്രിയായിരുന്നു അന്ന്. പിറ്റേന്ന് നേരം പുലര്‍ന്നപ്പോള്‍ എപേഴ്‌സണ്‍ തന്റെ കളിസ്ഥലത്ത് എത്തി. അപ്പോഴിതാ അവിടെ താന്‍ തലേന്ന് കലക്കി വെച്ചിരുന്ന മിശ്രിതം ഉറച്ച് കട്ടയായിരിക്കുന്നു. അവന്‍ അതില്‍നിന്ന് അല്പം എടുത്ത് നാവില്‍ രുചിച്ചു നോക്കി. നല്ല രുചി. പിന്നെ വൈകിയില്ല കൂടുതല്‍ എണ്ണം ഉണ്ടാക്കി അയല്പക്കത്തുള്ള തന്റെ കൂട്ടുകാര്‍ക്കെല്ലാം വിളമ്പി . അന്ന് അവന്‍ അതിനൊരു പേരും ഇട്ടു, എപ്സിക്കിള്‍. 

Latest Videos

എന്തായാലും സംഗതി ക്ലിക്കായി. പിന്നെ വൈകിയില്ല അവന്‍ കൂടുതല്‍ എണ്ണം ഉണ്ടാക്കി സമീപസ്ഥലങ്ങളിലെല്ലാം വില്‍പന ആരംഭിച്ചു. അധികം വൈകാതെ തന്നെ എപേഴ്‌സണ്‍ അതിന്റെ പേറ്റന്റും സ്വന്തമാക്കി. സംഗതി വന്‍ വിജയമായതോടെ അതൊരു വലിയ വ്യാപാര ശൃംഖലയായി വളര്‍ന്നു. പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹത്തിന്റെ മക്കള്‍ ബിസിനസ് ഏറ്റെടുത്തപ്പോഴാണ് എപ്സിക്കിള്‍ എന്ന പേര് മാറ്റി പോപ്‌സിക്കിള്‍ എന്ന പേര് നല്‍കിയത്. 

 

പോപ്‌സിക്കിള്‍ കണ്ടുപിടിത്തത്തിന്റെ അമ്പതാം വാര്‍ഷിക ചടങ്ങില്‍ അന്ന് 78 വയസ്സായിരുന്ന ഫ്രാങ്ക് എപേഴ്‌സണ്‍ പേരക്കുട്ടി നാന്‍സിയ്‌ക്കൊപ്പം
 

എന്നാല്‍ പില്‍ക്കാലത്ത് സാമ്പത്തികമായി ഏറെ തകര്‍ന്നു പോയ എപേഴ്‌സണ്‍ തന്റെ പോക്‌സിക്കിള്‍ കമ്പനിയുടെ പേറ്റന്റ്  ജോ ലോവ് കമ്പനിക്ക് വില്‍ക്കുകയായിരുന്നു. താന്‍ ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ മണ്ടത്തരം ആയിപ്പോയി ആ തീരുമാനമെന്ന് അദ്ദേഹം പിന്നീട് ഖേദം പ്രകടിപ്പിച്ചിരുന്നു. 

click me!