എന്നാല്‍, ഒറ്റദിവസം കൊണ്ട് ജീവിതം മാറി. ഇവിടെയെത്തിയപ്പോള്‍ ചുറ്റും പക്ഷികളുടെ ശബ്‍ദം കേട്ടുതുടങ്ങി. മരങ്ങള്‍ക്കിടയിലൂടെ വരുന്ന കാറ്റിന്‍റെ സംഗീതം കാതുകളെ തേടിയെത്തി, കണ്ണിനു മുന്നില്‍ മനോഹരമായ കടല്‍ ദൃശ്യമായി, ഞാനാ ശാന്തത തൊട്ടറിഞ്ഞു. ഇത് മറ്റൊരു ലോകമായിരുന്നു...
ഒരു ഒറ്റവരി റെയില്‍പ്പാത, ചുറ്റും പച്ചപ്പ്, ഇത്തിരിക്കൂടി മുന്നോട്ട് പോയാല്‍ കടലും തിരകളുടെ സംഗീതവും, ഒപ്പം പലതരം കിളികളുടെ ശബ്‍ദം... കടല്‍ കയറാതിരിക്കാനായി കല്ലിന്‍റെ മതില്‍ക്കെട്ടുകള്‍ കാണാം. സ്ഥലം കണ്ടുകഴിഞ്ഞാല്‍ നഗരത്തിന്‍റെയും നിത്യജീവിതത്തിന്‍റെയും എല്ലാ തിരക്കുകളില്‍നിന്നും മാറി ഇവിടെയങ്ങ് കൂടിയാലോ എന്ന് തോന്നും. പക്ഷേ, അതത്ര എളുപ്പമൊന്നുമല്ല. കാരണം, മുന്നില്‍ കടലാണ്. എപ്പോള്‍ വേണമെങ്കിലും മുന്നറിയിപ്പൊന്നുമില്ലാതെ കയറിവരുന്നൊരു വിരുന്നുകാരനാണ് ഇവിടെ വെള്ളപ്പൊക്കം. ഒരു വലിയ തിരമാല ആഞ്ഞടിച്ചാല്‍ മതി വെള്ളം കയറാന്‍. എങ്കിലും, ഇവിടെയിപ്പോഴും പതിനാറ് കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. കടലെത്ര ഭയപ്പെടുത്തിയാലും ഈ നാട് വിട്ട് പോകണം എന്നില്ലിവര്‍ക്ക്. ഇത് ഓലാന്‍ഡ് എന്ന ജര്‍മ്മന്‍ ദ്വീപാണ്. ആ മനോഹരമായ ദ്വീപിനെ കുറിച്ച്:
വെള്ളത്തിന്‍റെ നിരപ്പ് മിക്കപ്പോഴും ഉയര്‍ന്നിരിക്കും ഇവിടെ. അവിടെ താമസിക്കുന്നവരുടെ മുന്നിലേക്ക് വളരെ വലിയ അപകടസാധ്യതയാണിത് വെക്കുന്നത്. പക്ഷേ, ഞങ്ങള്‍ക്കൊട്ടും ഭയമില്ലെന്നാണ് ഇവിടെ താമസിക്കുന്നവര്‍ പറയുന്നത്.
ഹാന്‍സ് ബെര്‍ണ്‍ഹാഡ്
(മുന്‍ മേയര്‍, ഓലന്‍ഡ്)
''ഇതൊരു ദ്വീപാണ്. ചുറ്റും മതില്‍ക്കെട്ടുകളുണ്ട്. കടലില്‍ നിന്നുള്ള വെള്ളത്തിന്‍റെ കയറ്റത്തെ തടയാന്‍ സഹായിക്കുന്നത് ഈ കെട്ടിയുണ്ടാക്കിയ പാറക്കെട്ടുകളാണ്. എന്നാൽ ഹാളിംഗ് ദ്വീപുകളില്‍ പെട്ടെന്ന് വെള്ളം കയറും. ഹാളിംഗ് ദ്വീപെന്നാല്‍ ഇത്തരം മതില്‍ക്കെട്ടുകളില്ലാത്ത ദ്വീപുകളാണ്. വലിയ തിരമാലകളെത്തിയാല്‍ത്തന്നെ ഇത്തരം ദ്വീപുകളില്‍ വെള്ളം കയറാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ ഓലാന്‍ഡില്‍ അങ്ങനെയില്ല. അതാണ് വ്യത്യാസം.''
മഞ്ഞുകാലത്തെ ഓരോ വലിയ കാറ്റുകളിലും ആഴ്‍ചകളിടവിട്ട് ഇവിടെ വെള്ളം കയറുന്നതിന് കാരണമായിത്തീരാറുണ്ട്. ഇങ്ങനെയൊക്കെ ആയിരിക്കുമ്പോഴും ഇവിടെ നിലനില്‍ക്കാനും അതിജീവിക്കാനുമുള്ള മനുഷ്യരുടെ ശ്രമം ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ത്തന്നെ തുടങ്ങിയിട്ടുണ്ട്. 1900 -ത്തിലൊക്കെത്തന്നെ ദ്വീപ് സംരക്ഷിക്കപ്പെട്ടു തുടങ്ങിയിരുന്നു. കല്ലുകൊണ്ടുള്ള സംരക്ഷണ മതിലുകളും അന്നേ ഉണ്ട്. അതുകൊണ്ട് മാത്രമാണ് ഇന്നും ഇവിടെ ജനങ്ങള്‍ വസിക്കുന്നതെന്നും ഇല്ലെങ്കില്‍ തങ്ങള്‍ക്ക് എന്നേ ഇവിടംവിട്ടു പോകേണ്ടിവന്നേനെ എന്നും ദ്വീപിലെ താമസക്കാരനായ ഹാന്‍സ് റിച്ചാര്‍ഡ് പറയുന്നു.
ബെറ്റിന ഫ്രീര്‍സ്
(താമസക്കാരി)
''ഞാനാദ്യം എത്തിയത് പ്രധാനപ്പെട്ട സ്റ്റേഷനിലാണ്. ഇങ്ങോട്ട് ശരിക്കും വരേണ്ടതുണ്ടോ എന്ന് അപ്പോള്‍ക്കൂടി ഞാനാലോചിച്ചുനോക്കി. പക്ഷേ, നമ്മളെ ദ്വീപിലെത്തിക്കാനുള്ള വാഗണുകളൊക്കെ എനിക്ക് ഭയങ്കര കൗതുകകരമായി തോന്നി. അതിന് മേല്‍ക്കൂരയില്ല. ലഗേജുകളുമായി ഞങ്ങളതിലിരുന്നു. ഞങ്ങളെയും കൊണ്ട് അത് പയ്യെ ദ്വീപിലേക്ക് പുറപ്പെട്ടു. കടലോരത്തുകൂടി വരുമ്പോള്‍ ദൂരെ ഈ ദ്വീപ് കണ്ടുതുടങ്ങി. മറ്റൊരു ലോകത്തിലെത്തിച്ചേര്‍ന്നതുപോലെയാണ് ഈ ദ്വീപിലേക്ക് കാലെടുത്തുകുത്തിയപ്പോള്‍ എനിക്ക് തോന്നിയത്. ഹനോവറിലെ ഒരു നഗരത്തില്‍ നിന്നാണ് ഞാന്‍ വരുന്നത് എന്നതാണ് മറ്റൊരു വിരോധാഭാസം. അവിടെ എപ്പോഴും ശബ്‍ദമാണ്, തിരക്കാണ്. എന്നാല്‍, ഒറ്റദിവസം കൊണ്ട് ജീവിതം മാറി. ഇവിടെയെത്തിയപ്പോള്‍ ചുറ്റും പക്ഷികളുടെ ശബ്‍ദം കേട്ടുതുടങ്ങി. മരങ്ങള്‍ക്കിടയിലൂടെ വരുന്ന കാറ്റിന്‍റെ സംഗീതം കാതുകളെ തേടിയെത്തി, കണ്ണിനു മുന്നില്‍ മനോഹരമായ കടല്‍ ദൃശ്യമായി, ഞാനാ ശാന്തത തൊട്ടറിഞ്ഞു. ഇത് മറ്റൊരു ലോകമായിരുന്നു...''
വെള്ളം കയറുന്നത് പലപ്പോഴും ഓലന്‍ഡിലുള്ളവര്‍ക്ക് യാത്ര ചെയ്യാന്‍ തുറമുഖത്തെ ആശ്രയിക്കുന്നത് പ്രയാസകരമാക്കി. അങ്ങനെയാണ് യാത്രകള്‍ക്കായി വാഗണുകളെ ദ്വീപിലുള്ളവര്‍ ആശ്രയിച്ചു തുടങ്ങിയത്. പ്രധാന നഗരങ്ങളിലേക്കെത്തിച്ചേരുന്നതിന് 20 മിനിറ്റ് നേരം മാത്രമേ ഈ വാഗണില്‍ യാത്ര ചെയ്യേണ്ടതായുള്ളൂ. 'നഗരത്തിലുള്ളവര്‍ ഗതാഗതത്തിനായി ട്രെയിനും മെട്രോയുമൊക്കെ ആശ്രയിക്കുന്നു. ഇവിടെ നമ്മളീ വാഗണുകളുപയോഗിക്കുന്നു' ദ്വീപിലുള്ളവര്‍ പറയുന്നു. ഈ ദ്വീപ് വിടാനൊരുക്കമല്ലാതിരുന്ന മനുഷ്യരുടെ മക്കളാണ് ഇന്നിവിടെയുള്ളവരെന്നും ഇവര്‍ പറയുന്നു. 52 കുടുംബങ്ങളാണ് നേരത്തെ ഇവിടെ ഉണ്ടായിരുന്നത്. ഇപ്പോള്‍ 16 പേരാണുള്ളത്.
1923 -ലാണ് ഇവിടെ റെയില്‍വേ ട്രാക്ക് നിര്‍മ്മിക്കുന്നത്. അതിങ്ങനെ സാധനങ്ങളൊന്നും കയറ്റിയെത്തുന്ന ലോറികള്‍ക്ക് വേണ്ടിയുള്ളതായിരുന്നില്ല അന്ന്. എന്നാല്‍, ഇവിടുത്തുകാര്‍ ഹുസുമിലെത്തി ഫെഡറല്‍ മന്ത്രാലയവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തി ദ്വീപുകാര്‍ക്ക് ഇത്തരത്തില്‍ ഉപയോഗിക്കാനുള്ള അനുമതി നേടിയെടുക്കുകയായിരുന്നു.
'ഞാനെപ്പോഴും വിശ്വസിക്കുന്നു ഇതേ ഈര്‍ജ്ജത്തോടുകൂടി എല്ലാക്കാലവും ഇവിടെ ആളുകളുണ്ടാകും എന്ന്. ഈ ദ്വീപിനെ സ്നേഹിക്കുന്ന, ഇതിനോട് ആഴത്തിലുള്ള ബന്ധമനുഭവപ്പെടുന്ന കുറേ മനുഷ്യര്‍...' ബെറ്റീന പറയുന്നു.
പ്രകൃതിയോട് വളരെച്ചേര്‍ന്നുനില്‍ക്കുന്ന ഇടമാണ് ഓലാന്‍ഡ് ദ്വീപ്. കടലിനെപ്പോലും ഭയക്കാതെ പതിനാറ് കുടുംബങ്ങളിവിടെ കഴിയുന്നു. ഒരുപക്ഷേ, മറ്റൊരിടത്തും കണ്ടെത്താനാവാത്ത ശാന്തതയാവാം ഇവരെയിവിടെ നിലനിര്‍ത്തിപ്പോരുന്നത്.