'കുഴിപൂജ'യുമായി നാട്ടുകാർ, ബെം​​ഗളൂരുവിൽ‌ മോശം റോഡുകൾക്കെതിരെ പ്രതിഷേധം ഇങ്ങനെ

By Web Team  |  First Published Aug 17, 2024, 10:21 PM IST

വിഗ്രഹങ്ങളെ പൂജിക്കുമ്പോൾ ഉപയോഗിക്കുന്നതുപോലെ  പൂങ്കുലകൾ, മഞ്ഞൾപ്പൊടി, കുങ്കുമം എന്നിവ കുഴിയിലേക്ക് എറിഞ്ഞായിരുന്നു പൂജ. 


കുണ്ടും കുഴിയും നിറഞ്ഞ റോഡുകൾ നമ്മുടെ നാട്ടിലെ സ്ഥിരം കാഴ്ചയാണ്. റോഡുകളുടെ ഈ ശോചനീയാവസ്ഥ ഓരോ വർഷവും നിരവധി ജീവനുകളാണ് അപഹരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നിരവധി പരാതികൾ ഉയരാറുണ്ടെങ്കിലും പലതും ഫലം കാണാറില്ല എന്നതാണ് സത്യം. റോഡുകളുടെ ശോചനീയാവസ്ഥ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽ പെടുത്തുന്നതിനായി പലവിധത്തിലുള്ള പ്രതിഷേധ പരിപാടികൾ പ്രദേശവാസികൾ ചേർന്ന് സംഘടിപ്പിക്കാറുണ്ട്. 

റോഡിലെ കുഴിയിൽ വാഴ നടുന്നതും, തോണിയിറക്കുന്നതും കുളിക്കുന്നതും തുടങ്ങി ഇത്തരത്തിലുള്ള പലവിധ പ്രതിഷേധങ്ങൾ മുൻപ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു പ്രതിഷേധം നടത്തി വാർത്തകളിൽ ഇടം പിടിക്കുകയാണ് ബെംഗളൂരു സ്വദേശികളായ ചിലർ. ഇവർ റോഡിലെ കുഴിയുടെ ശോചനീയാവസ്ഥ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താൻ ചെയ്തത് അല്പം വേറിട്ട ഒരു പ്രതിഷേധമാണ്. കുഴികളിൽ പൂജ നടത്തിയാണ് ഈ നാട്ടുകാർ പ്രതിഷേധിച്ചത്.

Latest Videos

undefined

അധികൃതരുടെ ഭാഗത്തുനിന്നും അവസാനമില്ലാതെ തുടരുന്ന അവഗണനയിൽ പ്രതിഷേധിച്ച്, നഗരത്തിലെ ജയനഗർ പ്രദേശത്തെ നിവാസികൾ ആണ് ഇത്തരത്തിൽ കുഴിപൂജ നടത്തി പ്രതിഷേധിച്ചത്. വരമഹാലക്ഷ്മീ വ്രത ദിനത്തിൽ ആണ് ഇത്തരത്തിൽ കുഴിയിൽ പൂജ നടത്തി തങ്ങളുടെ പ്രതിഷേധം ഇവർ രേഖപ്പെടുത്തിയത്.

ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് റോഡിലെ ഒരു വലിയ കുഴിയിൽ പ്രദേശവാസികളുടെ പ്രതിനിധിയായി ഒരു സ്ത്രീയും പുരുഷനും ചേർന്നാണ് പൂജ നടത്തിയത്. വിഗ്രഹങ്ങളെ പൂജിക്കുമ്പോൾ ഉപയോഗിക്കുന്നതുപോലെ  പൂങ്കുലകൾ, മഞ്ഞൾപ്പൊടി, കുങ്കുമം എന്നിവ കുഴിയിലേക്ക് എറിഞ്ഞായിരുന്നു പൂജ. 

ഒരു വർഷത്തിലേറെയായി റോഡിൽ തുടരുന്ന കുഴിയാണ് ഇതെന്നും പലതവണ പ്രശ്നപരിഹാരത്തിനായി അധികാരികളെ ബന്ധപ്പെട്ടിട്ടും ഫലം ഉണ്ടായില്ലെന്നുമാണ് നാട്ടുകാർ പറയുന്നത്. വാർത്ത സാമൂഹിക മാധ്യമങ്ങളിലൂടെ വൈറൽ ആയതോടെ നിരവധി ആളുകൾ അധികാരികളുടെ അനാസ്ഥയ്ക്കെതിരെ പ്രതികരിച്ചു. ഇനിയും പതിനായിരം പൂജകൾ നടത്തിയാലും ആ കുഴി അവിടെ തന്നെ കാണും എന്നായിരുന്നു ചിലർ അഭിപ്രായപ്പെട്ടത്.

tags
click me!