ഉടമയ്ക്കൊപ്പം പ്രഭാത നടത്തത്തിനിറങ്ങിയതായിരുന്നു റാല്‍ഫും. പക്ഷേ വഴി തെറ്റി. ഇതിനിടെ തണുപ്പ് സഹിക്കാന്‍ പറ്റാതെയായി. ഉടനെ അടുത്തു കണ്ട ടാക്സിയില്‍ കയറി ഇരിപ്പായി.
ഉടമസ്ഥനൊപ്പം പ്രഭാത സവാരി നടത്തുന്നതിനിടയിൽ വഴിതെറ്റിപ്പോയ വളർത്തുനായ ടാക്സി പിടിച്ച് വീട്ടിലെത്തി. കേൾക്കുമ്പോൾ അതിശയം തോന്നാമെങ്കിലും സംഗതി സത്യമാണ്. മാഞ്ചസ്റ്ററിൽ ആണ് സംഭവം. തിങ്കളാഴ്ച രാവിലെ ഉടമസ്ഥനൊപ്പം പ്രഭാത സവാരിക്കിറങ്ങിയ റാൽഫ് എന്ന മൂന്ന് വയസ്സുള്ള വളർത്ത് നായയ്ക്കാണ് ഉടമസ്ഥനൊപ്പം നടക്കുന്നതിനിടെ വഴി തെറ്റി പോയത്. നായ നഷ്ടമായെന്ന് തിരിച്ചറിഞ്ഞ ഉടമ ജോർജിയ ക്രൂവ്, റാല്‍ഫിനെ മണിക്കൂറുകളോളം അന്വേഷിച്ച് നടന്നെങ്കിലും കണ്ടെത്താനായില്ല.
എല്ലാ ദിവസവും രാവിലെ ജോർജിയക്ക് ഒപ്പം നടക്കാൻ പോകുന്നത് റാൽഫിന്‍റെ പതിവാണ്. പക്ഷേ, വഴിതെറ്റി പോകുന്നത് ഇതാദ്യമാണെന്ന് ഉടമ പറയുന്നു. വഴിയിൽ വച്ച് കണ്ട മറ്റൊരു പരിചയക്കാരനുമായി ജോർജിയ സംസാരിച്ചു നിൽക്കുന്നതിനിടെ മുൻപോട്ട് നീങ്ങിയ റാൽഫിനെ പെട്ടെന്ന് കാണാതാവുകയായിരുന്നു. തുടർന്ന് റാൽഫിനെ തേടി ഗ്രെസ്‌ഫോർഡ് ക്വാറിയിലെ വനമേഖലയിൽ ജോർജിയ മൂന്ന് മണിക്കൂർ നീണ്ട തിരച്ചിൽ നടത്തി. പക്ഷേ, കണ്ടെത്താനായില്ല.
കൂടുതല്‍ വായനയ്ക്ക്: 30 വര്‍ഷത്തിനിടെ ചൂട് നീരുറവകളില്‍ കുളിക്കുന്ന 10000 സ്ത്രീകളുടെ ചിത്രങ്ങള്‍ പകര്‍ത്തി; 17 പുരുഷന്മാര്‍ അറസ്റ്റില്‍
എന്നാൽ ഇതിനിടയിൽ റാൽഫ് എങ്ങനെയൊക്കെയോ ചുറ്റിക്കറങ്ങി മാഞ്ചസ്റ്റർ വിമാനത്താവളത്തിന് സമീപത്ത് എത്തിയിരുന്നു. അപ്പോഴേക്കും തണുപ്പ് സഹിക്കാൻ വയ്യാതെ അവശനായിരുന്നു അവൻ. ഉടൻതന്നെ അവിടെ നിർത്തിയിട്ടിരുന്ന ഒരു ടാക്സി കാറിൽ അവൻ കയറി. ഏതായാലും ടാക്സി ഡ്രൈവർ അവനെ ഇറക്കി വിട്ടില്ല. പകരം, ഉടമസ്ഥനെ കണ്ടെത്തി തിരികെ ഏൽപ്പിക്കാൻ തീരുമാനിച്ചു. പക്ഷേ റാൽഫിന്‍റെ ശരീരത്തിൽ എവിടെയും നെയിം കാർഡുകളോ ഉടമസ്ഥനെ കണ്ടെത്തുന്നതിനായി മറ്റ് ജിപിഎസ് സംവിധാനങ്ങളോ ഉണ്ടായിരുന്നില്ല. തന്‍റെ അന്നത്തെ സർവീസ് മുഴുവൻ തീർന്നതിന് ശേഷം ടാക്സി ഡ്രൈവർ റാൽഫുമായി വീട്ടിലേക്ക് പോയി.
ഇതിനിടയിൽ ജോർജിയ തന്‍റെ പ്രിയപ്പെട്ട വളർത്തുനായയെ നഷ്ടപ്പെട്ട വിവരം അവന്‍റെ ചിത്രങ്ങൾ സഹിതം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഇത് ടാക്സി ഡ്രൈവറുടെ സുഹൃത്തിന്‍റെ ശ്രദ്ധയിൽപ്പെടുകയും അദ്ദേഹം ടാക്സി ഡ്രൈവറെ വിവരമറിയിക്കുകയും ചെയ്തു. ഉടൻതന്നെ ടാക്സി ഡ്രൈവർ റാൽഫിന്‍റെ ഉടമയായ ജോർജിയയെ ബന്ധപ്പെടുകയും നായ്ക്കുട്ടിയെ തിരികെ ഏൽപ്പിക്കുകയുമായിരുന്നു. ഏതായാലും ഇനി ഒരിക്കലും ഇത്തരത്തിൽ ഒരു അബദ്ധം സംഭവിക്കാതിരിക്കാൻ റാൽഫിന് നെയിം കാർഡും ജിപിഎസ് സംവിധാനവും ഏർപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ജോർജിയ ഇപ്പോൾ.