നാവിഗേഷനിൽ കാണിച്ച പാതയിലെ വളവ് ശ്രദ്ധിക്കുന്നതിലെ പിഴവാണ് അപകടത്തിന് കാരണമായത്.
ഒറിഗോൺ: ഉടമയുടെ കാർ മലയിടുക്കിലേക്ക് മറിഞ്ഞു, സഹായത്തിന് ആളെ തേടി വളർത്തുനായ ഓടിയത് കിലോമീറ്ററുകൾ. അമേരിക്കയിലെ ഒറിഗോണിലാണ് സംഭവം. ബ്രാൻഡൻ ഗാരറ്റ് എന്ന യുവാവാണ് വളർത്തുനായകൾക്കൊപ്പം കാറിൽ സഞ്ചരിക്കുന്നതിനിടയിലാണ് അപകടത്തിൽപ്പെടുന്നത്. ബേക്കർ കൌണ്ടിയിലെ ഫോറസ്റ്റ് സർവ്വീസ് റോഡിലാണ് അപകടമുണ്ടായത്. നാവിഗേഷനിൽ കാണിച്ച പാതയിലെ വളവ് ശ്രദ്ധിക്കുന്നതിലെ പിഴവാണ് അപകടത്തിന് കാരണമായതെന്നാണ് കൌണ്ടി ഷെരീഫ് വിശദമാക്കുന്നത്.
റോഡിൽ നിന്നും തെന്നി മാറിയ കാർ മലയിടുക്കിലേക്ക് വീഴുകയായിരുന്നു. ജീവനോടെ രക്ഷപെട്ടെങ്കിലും ആരെങ്കിലും എത്താതെ കാറിന് പുറത്ത് എത്താൻ കഴിയാത്ത അവസ്ഥയിലാണ് ബ്രാൻഡൻ ഗാരറ്റുണ്ടായിരുന്നത്. എന്നാൽ യുവാവിനൊപ്പമുണ്ടായിരുന്ന നായകളിലൊന്ന് അപകട സ്ഥലത്ത് നിന്ന് ബ്രാൻഡൻ ഗാരറ്റിന്റെ കുടുംബം ക്യാംപ് ചെയ്തിരുന്ന ഭാഗത്ത് എത്തുകയായിരുന്നു. നായയെ തിരിച്ചറിഞ്ഞ വീട്ടുകാർ പൊലീസ് സഹായം തേടുകയായിരുന്നു.
undefined
7 കിലോമീറ്ററോളമാണ് ഉടമയെ രക്ഷിക്കാനായി സഹായം തേടി വളർത്തുനായ ഒറ്റയ്ക്ക് കാട്ടിലൂടെ ഓടിയതെന്നാണ് പൊലീസ് വിശദമാക്കുന്നത്. അപകടം നടന്ന സ്ഥലത്ത് നിന്ന് നൂറ് മീറ്ററോളം മാറിയാണ് യുവാവിന്റെ കാർ കിടന്നിരുന്നത്. യന്ത്ര സഹായത്തോടെ കാർ ഉയർത്തിയാണ് യുവാവിനെ പൊലീസ് രക്ഷപ്പെടുത്തിയത്. പ്രാഥമിക ചികിത്സ നൽകിയ ശേഷം യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി. കാറിലുണ്ടായിരുന്ന മറ്റ് മൂന്ന് നായകളും സുരക്ഷിതരാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം