പണം പിൻവലിച്ച പലരുടേയും അക്കൌണ്ടിലെ പണം നെഗറ്റീവ് ആയതായും ബാങ്ക് വിശദമാക്കി. ജയിൽ ശിക്ഷയും അധിക പിഴയും ശിക്ഷിക്കാവുന്ന വഞ്ചനാ കുറ്റമാണിതെന്നാണ് ബാങ്ക് വിശദമാക്കിയിട്ടുള്ളത്
ന്യൂയോർക്ക്: പണമില്ലാത്ത അക്കൌണ്ടിൽ നിന്ന് ചെക്ക് മുഖേന വൻ തുക പിൻവലിക്കാം അതും ബാങ്കിനെ പറ്റിച്ച്. അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വൈറലായ ട്രെൻഡാണ് ഇത്. മതിയായ പണം അക്കൌണ്ടിൽ ഇല്ലാത്തവർക്ക് വരെ പണം പിൻവലിക്കാൻ കഴിയുമെന്ന സാങ്കേതിക തകരാർ മുതലാക്കിയ ഏതോ വിരുതൻ തുടങ്ങിവച്ചതായിരുന്നു ട്രെൻഡ്. ട്രെൻഡ് വൈറലായതോടെ തകരാറ് ബാങ്ക് ജീവനക്കാരുടെ ശ്രദ്ധയിൽപെട്ടു. പിന്നാലെ തന്നെ പരിഹരിക്കുകയും ചെയ്തു.
എന്നാൽ തകരാറ് പരിഹരിച്ചത് മനസിലാക്കാതെ ട്രെൻഡിന് പിന്നാലെ പോയവർ പണിവാങ്ങുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ന്യൂയോർക്ക് സിറ്റി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു അമേരിക്കൻ നാഷണൽ ബാങ്കായ ജെപി മോർഗൻ ചേസ് ബാങ്കിലാണ് ഗുരുതരമായ സാങ്കേതിക പിഴവുണ്ടായത്. ചെക്ക് മുഖേന പണം പിൻവലിക്കാൻ ശ്രമിക്കുന്നവർക്ക് അക്കൌണ്ടിൽ മതിയായ പണമില്ലെങ്കിലും പണം എടുക്കാൻ പറ്റുമെന്ന സാങ്കേതിക തകരാർ നിരവധി പേരാണ് ദുരുപയോഗം ചെയ്തത്.
undefined
ഇത്തരത്തിൽ പണം പിൻവലിക്കുന്നതും അത് വച്ച് ആഘോഷിക്കുന്നതുമെല്ലാം വലിയ രീതിയിലാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. ട്രെൻഡ് വൈറലായതോടെ ബാങ്ക് അധികൃതരുടെ ശ്രദ്ധയിലും ടെക്നിക്കൽ ഗ്ലിച്ച് ശ്രദ്ധയിൽ പെടുകയായിരുന്നു. ഏറെ താമസം കൂടാതെ തകരാറ് പരിഹരിക്കാനും ബാങ്കിന് സാധിച്ചു. സാധാരണ നിലയിൽ ചെക്ക് മാറി വരുന്ന കാലതാമസം ഒഴിവാക്കാനായി ഉപഭോക്താവിന് കുറച്ച് പണം പിൻവലിക്കാൻ ബാങ്ക് നൽകിയ സംവിധാനത്തിലായിരുന്നു സാങ്കേതിക തകരാറ്.
എന്നാൽ വൈറലായ ട്രെൻഡ് പിന്തുടർന്ന് നിരവധി പേരാണ് ബാങ്കിന്റെ എടിഎമ്മുകളിൽ തമ്പടിച്ച് പണം പിൻവലിക്കാൻ ആരംഭിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട ബാങ്ക് തകരാർ പരിഹരിച്ചതായും നിലവിൽ ട്രെൻഡിന് പിന്നാലെ പോകുന്നവർ കുറ്റകൃത്യമാണ് ചെയ്യുന്നതുമെന്നുള്ള മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. പണം പിൻവലിച്ച പലരുടേയും അക്കൌണ്ടിലെ പണം നെഗറ്റീവ് ആയതായും ബാങ്ക് വിശദമാക്കി. ജയിൽ ശിക്ഷയും അധിക പിഴയും ശിക്ഷിക്കാവുന്ന വഞ്ചനാ കുറ്റമാണിതെന്നാണ് ബാങ്ക് വിശദമാക്കിയിട്ടുള്ളത്. ട്രെൻഡിന് പിന്നാലെ പോയ പലരുടേയും അക്കൌണ്ട് മരവിപ്പിച്ചതായും ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ഇനിയും ഇത്തരം ശ്രമം നടത്തരുതെന്ന മുന്നറിയിപ്പും ബാങ്ക് നൽകിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം