'ആചാരപരമായ കൂട്ടക്കൊല'യെന്ന് പോലീസില്‍ അറിയിപ്പ്; പരിശോധിച്ചപ്പോള്‍ യോഗാ ക്ലാസിലെ 'ശവാസനം' !

By Web Team  |  First Published Sep 11, 2023, 9:49 AM IST

അമേരിക്കയിലും മറ്റും ഇന്ന് പതിവ് സംഭവമായ കൂട്ടക്കൊലപാതകമാണോ അതോ, ഏതെങ്കിലും പ്രാദേശിക വിശ്വാസത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ ആചാരപരമായ കൂട്ടക്കൊലയാണോയെന്ന സംശയത്തിലായിരുന്നു പോലീസ്. എന്നാല്‍, സംഭവ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് പോലീസിന് ശ്വാസം നേരെ വീണത്. 



ബ്രിട്ടനിലെ ലിങ്കൺഷയറിലെ ചാപ്പൽ സെന്‍റ് ലിയോനാർഡിലെ നോർത്ത് സീ ഒബ്സർവേറ്ററിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞ ബുധനാഴ്ച രാത്രി ഒരു ഫോണ്‍കോള്‍ ലഭിച്ചു. ഫോണില്‍ വിളിച്ച് പറഞ്ഞയാള്‍ അറിയിച്ചത്, സമീപത്തെ ഒരു കമ്മ്യൂണിറ്റി പ്രദേശത്ത് 'ആചാരപരമായ കൂട്ട കൊലപാതകം' നടന്നെന്നായിരുന്നു. ഫോണ്‍ സന്ദേശം ലഭിച്ച പോലീസ് ഉടനടി സര്‍വ്വ സന്നാഹങ്ങളുമായി പ്രദേശത്തേക്ക് കുറിച്ചു. അമേരിക്കയിലും മറ്റും ഇന്ന് പതിവ് സംഭവമായ കൂട്ടക്കൊലപാതകമാണോ അതോ, ഏതെങ്കിലും പ്രാദേശിക വിശ്വാസത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ ആചാരപരമായ കൂട്ടക്കൊലയാണോയെന്ന സംശയത്തിലായിരുന്നു പോലീസ്. എന്നാല്‍, സംഭവ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് പോലീസിന് ശ്വാസം നേരെ വീണത്. പ്രദേശത്തെ യോഗ സെന്‍ററായിരുന്നു അത്. അവിടെ രാവിലത്തെ യോഗ സെഷനിലെത്തിയവര്‍ 'ശവാസന'ത്തില്‍ കിടക്കുന്നത് വൈകീട്ട്  നടക്കാനിറങ്ങിയവര്‍ തെറ്റിദ്ധരിച്ചതാണ് അത്തരമൊരു ഫോണ്‍ കോളിനിടയാക്കിയത്. 

'ഈ സ്നേഹം ലോകമെങ്ങും നിറഞ്ഞത് !'; കുഞ്ഞിനോടൊപ്പം കളിക്കുന്ന തള്ളക്കുരങ്ങിന്‍റെ വീഡിയോ വൈറല്‍

Latest Videos

യോഗ ക്ലാസുകളില്‍ ഏറ്റവും ഒടുവില്‍ ചെയ്യുന്ന ഒരു ആസനമാണ് 'ശവാസനം'. മറ്റ് ആസനങ്ങള്‍ ചെയ്ത ശേഷം ശരീരത്തിനെയും മനസിനെയും നിയന്ത്രിക്കുന്നതിന് ശ്വാസോച്ഛ്വാസം മാത്രം ശ്രദ്ധിച്ച്, കണ്ണുകള്‍ അടച്ച് നിശ്ചലമായി നീണ്ട് നിവര്‍ന്ന് മലര്‍ന്ന് കിടക്കുന്നതാണ് ശവാസനം. ഈ സമയം ശ്വസോച്ഛ്വാസത്തില്‍ മാത്രമാകും ശ്രദ്ധ. എല്ലാവരും സുരക്ഷിതരാണെന്നും ആരോഗ്യവാനാണെന്നും ലിങ്കൺഷയർ പോലീസ് പിന്നീട് പറഞ്ഞു. ഒപ്പം സദുദ്ദേശ്യപരമായ ആശങ്കകളോടെയാണ് കോൾ ചെയ്തതെന്നും പോലീസ് അറിയിച്ചു. താൻ ഒരു "കൂട്ടക്കൊലയാളി" ആണെന്ന റിപ്പോർട്ടുകൾ "ആദ്യം തമാശ" ആണെന്നാണ് കരുതിയിരുന്നതെന്ന് 22 -കാരിയും യോഗാധ്യാപികയുമായ  മില്ലി ലോസ്, ബിബിസിയോട് പറഞ്ഞു. ലിങ്കൺഷയറിലെ സീസ്‌കേപ്പ് കഫേയിലെ ഏഴ് വിദ്യാർത്ഥികളെ താൻ യോഗ പഠിപ്പിക്കുന്നുണ്ടെന്നും സംഭവ ദിവസം യോഗാ ക്ലാസിനിടെ നടക്കാനിറങ്ങിയ രണ്ട് പേര്‍ കെട്ടിടത്തിന്‍റെ ഗ്ലാസിലൂടെ യോഗാ ക്ലാസിലേക്ക് നോക്കുന്നത് താന്‍ കണ്ടിരുന്നെന്നും എന്നാല്‍, അത് ഇത്രവലിയൊരു പ്രശ്നമാകുമെന്ന് കരുതിയിരുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

ബാങ്ക് ഉപഭോക്താക്കള്‍ക്ക് അജ്ഞാതന്‍റെ 'സമ്മാനം'; അക്കൗണ്ടിലേക്ക് വീണത് ലക്ഷക്കണക്കിന് രൂപ !

"വിദ്യാർത്ഥികൾ മേൽ പുതപ്പുമായി കിടക്കുകയായിരുന്നു. അവരുടെ കണ്ണുകൾ അടഞ്ഞിരിക്കുന്നു. അവിടെ നല്ല ഇരുട്ടാണ്. ചുറ്റും ചില മെഴുകുതിരികളും ചെറിയ വിളക്കുകളും തെളിഞ്ഞിട്ടുണ്ടായിരുന്നു. മുറി മുഴുവൻ വിളക്കുകളാല്‍ പ്രകാശിച്ചിരുന്നു. ഇതിനിടയിലൂടെ ഞാന്‍ ചെറിയ ഡ്രം വായിച്ച് നടക്കുകയായിരുന്നു."  അവൾ പറഞ്ഞു. "ഈ സമയം കുറച്ച് നായകളുമായി നടക്കാനിറങ്ങിയ ദമ്പതികള്‍ ജനാലയ്ക്കരികിൽ വന്ന് ഉള്ളിലേക്ക് നോക്കുന്നുണ്ടായിരുന്നു. പിന്നീട്, അവര്‍ വളരെ വേഗത്തിൽ നടന്നുപോയി. ഞാൻ അതിനെക്കുറിച്ചൊന്നും ചിന്തിച്ചില്ല. അവിടെ നിന്ന് പോയ ശേഷം അവര്‍ പോലീസില്‍ 'ആചാരപരമായ കൂട്ടക്കൊല' നടന്നെന്ന് പരാതിപ്പെട്ടത് ഞാന്‍ അറിഞ്ഞതേയില്ല. അവര്‍ കണ്ട കാഴ്ച ചിലപ്പോള്‍ അവരെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടാകും. തറയില്‍ നീണ്ട് നിവര്‍ന്ന് കിടന്നവര്‍ മരിച്ചെന്ന് തെറ്റിദ്ധരിച്ച് കാണും. എന്താണ് സംഭവിക്കുന്നതെന്ന അവരുടെ ചിന്ത കാടുകയറിയതാകുമെന്ന് എനിക്ക് ഉറപ്പുണ്ട്." മില്ലി ലോസ് ബിബിസിയോട് പറഞ്ഞു.


ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!