ലോക്ക് ഡൗണിനിടെ ചില അതിഥി തൊഴിലാളികൾ ക്ഷമവെടിഞ്ഞ് നടപ്പുതുടങ്ങിയതാണ് പ്രശ്നമെന്ന് അമിത് ഷാ

By Web Team  |  First Published Jun 4, 2020, 10:55 AM IST

അങ്ങനെ അക്ഷമരായി നടന്നവരിൽ 170 പേരുടെ ജീവനാണ് ഇന്ത്യയിലെ റോഡുകളിൽ കഴിഞ്ഞ രണ്ടു മാസത്തിനിടെ വണ്ടിയിടിച്ചുമാത്രം പൊലിഞ്ഞു പോയത്. 


കേന്ദ്രം കുടിയേറ്റ തൊഴിലാളികൾക്ക് അവരവരുടെ നാടുകളിലേക്ക് തിരികെപ്പോകാൻ വേണ്ട സൗകര്യങ്ങളൊക്കെ ഒരുക്കിക്കൊണ്ടിരിക്കുന്നതിനിടെ ചിലർ ക്ഷമകെട്ട് ഇറങ്ങി നടപ്പുതുടങ്ങിയതാണ് യഥാർത്ഥത്തിലുണ്ടായ പ്രശ്നമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തിങ്കളാഴ്ച നെറ്റ്‌വര്‍ക്ക് 18 ടിവി എഡിറ്റർ ഇൻ ചീഫ് രാഹുൽ ജോഷിയുമായി നടത്തിയ അഭിമുഖത്തിനിടെ ആയിരുന്നു അമിത് ഷായുടെ വളരെ പ്രസക്തമായ ഈ നിരീക്ഷണമുണ്ടായത്.

"മെയ് 1 തൊട്ട് കേന്ദ്രം സ്‌പെഷ്യൽ ട്രെയിനുകൾ തുടങ്ങി. അതിനൊക്കെ മുമ്പുതന്നെ ബസുകൾ വഴി ഏപ്രിൽ 20 തൊട്ടുതന്നെ അടുത്തുള്ള സ്ഥലങ്ങളിലേക്കൊക്കെ ബസ്സുകൾ വഴി കേന്ദ്രം തൊഴിലാളികളെ തിരിച്ചയക്കാൻ തുടങ്ങിയിട്ടുണ്ടായിരുന്നു. 41 ലക്ഷം പേരെ അങ്ങനെ തിരിച്ചയച്ചിട്ടുണ്ട്. ഇതുവരെ 4000 ശ്രമിക് ട്രെയിനുകൾ ഓടിക്കഴിഞ്ഞു. എന്നാൽ, ചില തൊഴിലാളികൾക്ക് കാത്തിരിക്കാനുള്ള ക്ഷമയുണ്ടായിരുന്നില്ല. അവർ ഇറങ്ങി നടപ്പു തുടങ്ങി. ഞങ്ങൾ ചെയ്തത് അവരിൽ പലരെയും അവരുടെ സ്വന്തം നാടുകളോട് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ വരെ കൊണ്ടുവിടുകയാണ്. " എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

Latest Videos

 

 

മാർച്ച് 25 തൊട്ടാണ് കേന്ദ്രം കൊവിഡ് ലോക്ക് ഡൗൺ ഏർപ്പെടുത്തുന്നതും രാജ്യത്തെ ഒന്നടങ്കം അടച്ചുപൂട്ടലിലേക്ക് എത്തിക്കുന്നതുമൊക്കെ ഉണ്ടായത്. എന്നാൽ, കേന്ദ്രം മറ്റുസംസ്ഥാനങ്ങളിൽ കുടുങ്ങിയ തൊഴിലാളികളെ സ്വന്തം നാടുകളിലേക്ക് തിരികെ പറഞ്ഞയക്കാൻ വേണ്ടി മേ ൽപ്പറഞ്ഞ സംവിധാനത്തെക്കുറിച്ച് ആലോചിച്ചു തുടങ്ങിയത് ഒരു മാസത്തിനു ശേഷമാണ്. അപ്പോഴേക്കും പല നഗരങ്ങളിലുമുള്ള കുടിയേറ്റ തൊഴിലാളികൾ പട്ടിണികൊണ്ട് പൊറുതിമുട്ടിക്കഴിഞ്ഞിട്ടുണ്ടായിരുന്നു. പലയിടത്തും സന്നദ്ധസംഘടനകൾ ഒന്നോ രണ്ടോ നേരത്തേക്ക് കൊണ്ട് കൊടുത്തിരുന്ന സൗജന്യ ഭക്ഷണം ഒന്നുമാത്രമായിരുന്നു അവരുടെ ജീവൻ നിലനിർത്തിയിരുന്നത്. ആ ഭക്ഷണം കിട്ടാൻ വേണ്ടി അവർ മണിക്കൂറുകളോളം റോഡരികിൽ കാത്തിരുന്നു. അതിനായി അവർ പൊരിവെയിലത്ത് ക്യൂ നിന്നു. ആ ഭക്ഷണത്തിനു വേണ്ടി കൈ നീട്ടേണ്ട ദുർഗതിയുണ്ടായ അവരിൽ പലർക്കും അപമാനങ്ങളും സഹിക്കേണ്ടി വന്നു. വയറുനിറയെ ഭക്ഷണം കഴിക്കാൻ പോലും വഴിയില്ലാതെ പെടാപ്പാടുപെടുന്നതിനിടെ വാടകയ്ക്ക് താമസിച്ചിടങ്ങളിലെ വീട്ടുടമസ്ഥർ വാടകകുടിശ്ശികയ്ക്കായി ശല്യം ചെയ്യാൻ തുടങ്ങിയതോടെയാണ് പലരും കയ്യിൽ കിട്ടിയതൊക്കെ കെട്ടിപ്പെറുക്കി, കുഞ്ഞുങ്ങളുടെ കയ്യും പിടിച്ച് ഇറങ്ങി നടപ്പു തുടങ്ങിയത്. 

അങ്ങനെ അക്ഷമരായി നടന്നവരിൽ 170 പേരുടെ ജീവനാണ് ഇന്ത്യയിലെ റോഡുകളിൽ കഴിഞ്ഞ രണ്ടു മാസത്തിനിടെ വണ്ടിയിടിച്ചുമാത്രം പൊലിഞ്ഞു പോയത്. വിശപ്പും ദാഹവും ക്ഷീണവും താങ്ങാനാകാതെ യാത്രാമധ്യേ കുഴഞ്ഞു വീണു മരിച്ചവരുടെ കൃത്യമായ എണ്ണം ആരും ഇതുവരെ എടുത്തതായി അറിവില്ല. ട്രെയിനുകളിൽ സഞ്ചരിക്കുനതിണ്ടേ ചുരുങ്ങിയത് 80 പേരെങ്കിലും അങ്ങനെ മരിച്ചു വീണിട്ടുണ്ട് എന്നാണ് RPF നൽകുന്ന ഏകദേശ കണക്ക്. റോഡരികിലെ മരണങ്ങളുടെ ഒരു കണക്കും ലഭ്യമല്ല.

 

 

"ഇങ്ങനെയുള്ള 'അനിഷ്ട സംഭവങ്ങൾ' ഉണ്ടായിട്ടുള്ളത് 5-6 ദിവസത്തേക്ക് മാത്രമാണ്..." എന്ന് അമിത് ഷാ അഭിമുഖത്തില്‍ പറഞ്ഞു. "അപ്പോഴേക്കും വേണ്ട സംവിധാനങ്ങളൊക്കെ കേന്ദ്രം ഒരുക്കിക്കഴിഞ്ഞിരുന്നു. അതുകൊണ്ടുമാത്രമാണ് ഇതുവരെ ഒരു കോടിയോളം പേർ അവരവരുടെ ഗ്രാമങ്ങളിലേക്ക് മടങ്ങിപ്പോയിട്ടുള്ളത്. ഈ ദുർഭാഗ്യകരമായ സംഭവങ്ങൾ ഒഴിവാക്കപ്പെടേണ്ടത് തന്നെയാണ് എന്നതിൽ തർക്കമില്ല. ബാക്കി സൗകര്യങ്ങൾ ഒരുക്കുന്നതിനായി കേന്ദ്രം സംസ്ഥാനങ്ങൾക്ക് 11,000  കോടി രൂപയാണ് കൊടുത്തിട്ടുള്ളത് ഇതുവരെ... " അദ്ദേഹം പറഞ്ഞു.

 

 

"വെറും നാലുമണിക്കൂർ നേരത്തെ മുന്നറിയിപ്പിന്റെ ബലത്തിൽ രാജ്യം മുഴുവൻ ഇങ്ങനെ അടച്ചുപൂട്ടിക്കളഞ്ഞത് ഉചിതമോ ? " എന്ന ചോദ്യത്തിന് ,"അങ്ങനെ ചെയ്തില്ലായിരുന്നു എങ്കിൽ ട്രെയിനുകളിൽ തിക്കും തിരക്കും കൊണ്ട് ആളുകൾ മരിച്ചേനെ. ഈ ലോക്ക് ഡൗൺ കാലാവധി ആരോഗ്യവകുപ്പുകൾക്ക് തയ്യാറെടുക്കാൻ വേണ്ടി ഉള്ള സാവകാശമായിരുന്നു. മഹാമാരി രാജ്യത്തെ വന്ന് പ്രവേശിച്ച സമയത്ത് നമ്മൾ ഇങ്ങനെ ഒന്നിനെ നേരിടാൻ സജ്ജമായിരുന്നില്ല. ക്വാറന്റീൻ ചെയ്യാനുള്ള സൗകര്യങ്ങൾ ഒക്കെ ഒരുക്കാൻ സാവകാശം വേണമായിരുന്നു. അതാണ് ലോക്ക് ഡൗൺ നൽകിയതും. രണ്ടു മാസം കൊണ്ട് രാജ്യം സുസജ്ജമായി." എന്നായിരുന്നു അമിത് ഷാ പറഞ്ഞ മറുപടി. 

click me!