Pea plant in lung : മനുഷ്യന്റെ ശരീരത്തിൽ ചെടി വളരുമോ? 75 -കാരന്റെ ശ്വാസകോശത്തിൽ പയറുചെടി വളര്‍ന്ന കഥ!

By Web Team  |  First Published Dec 22, 2021, 12:59 PM IST

അദ്ദേഹത്തിന്റെ ശ്വാസകോശത്തിൽ നിന്ന് ഒരു പയറുചെടി വളരുന്നതായി ഡോക്ടർമാർ കണ്ടെത്തി. പയർമണി അന്നനാളത്തിൽ എത്താതെ തെറ്റായ മറ്റേതോ വഴിയിലൂടെ ഇറങ്ങിയിരിക്കണമെന്ന് ഡോക്ടർമാർ അനുമാനിച്ചു. 


മനുഷ്യന്റെ ശരീരത്തിനകത്തും ചെടി വളരുമോ? യഥാർത്ഥ ജീവിതത്തിലും അങ്ങനെ ഉണ്ടായിട്ടുണ്ടത്രെ. കുറച്ച് വർഷങ്ങൾക്ക് മുൻപാണ് എന്ന് മാത്രം. യുഎസ്സിലെ മസാച്യുസെറ്റ്‌സിൽ താമസിക്കുന്ന 75 -കാരനായ റോൺ സ്വേഡൻ(Ron Sveden) മാസങ്ങളോളം ശ്വാസതടസവുമായി പോരാടുകയായിരുന്നു. എന്നാൽ, ഒരു ഡോക്ടറെ കാണാനോ, അതിന്റെ കാരണം കണ്ടെത്താനോ അദ്ദേഹം അപ്പോൾ ശ്രമിച്ചില്ല. എന്നാൽ, ഈ ബുദ്ധിമുട്ട് നാൾക്കുനാൾ വളർന്ന് വന്ന് ഒടുവിൽ അദ്ദേഹത്തിന്റെ നില വഷളാകാൻ തുടങ്ങി. ഒരു ദിവസം അദ്ദേഹം നിർത്താതെ ചുമക്കാൻ തുടങ്ങി. അപ്പോഴാണ് കാര്യം ഗൗരവമുള്ളതാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞത്. ഉടനെ 911 വിളിച്ച്, ആംബുലൻസിൽ അദ്ദേഹം ആശുപത്രിയിൽ എത്തി.  

ഇതെന്താണ് സംഭവമെന്ന് അറിയാൻ ഡോക്ടർമാർ എക്സ്-റേ എടുത്തു. അദ്ദേഹത്തിന്റെ ശ്വാസകോശങ്ങളിലൊന്ന് തകർന്നതായും എക്സ്-റേയിൽ ഒരു ചെറിയ പാട് പോലെ എന്തോ ഒന്ന് കണ്ടതായും ഡോക്ടർമാർ അദ്ദേഹത്തോട് പറഞ്ഞു. ഇതോടെ തനിക്ക് ക്യാൻസർ ആണെന്ന് അദ്ദേഹം ഉറപ്പിച്ചു. തുടർന്ന് കാൻസർ ആണോ എന്നറിയാനുള്ള പരിശോധനകൾ നടത്തി. എന്നാൽ, അർബുദ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. പിന്നീടുള്ള വിദഗ്ധ പരിശോധനയിലാണ് സംഭവം പിടികിട്ടിയത്. അദ്ദേഹത്തിന്റെ ശ്വാസകോശത്തിൽ നിന്ന് ഒരു പയറുചെടി വളരുന്നതായി ഡോക്ടർമാർ കണ്ടെത്തി. പയർമണി അന്നനാളത്തിൽ എത്താതെ തെറ്റായ മറ്റേതോ വഴിയിലൂടെ ഇറങ്ങിയിരിക്കണമെന്ന് ഡോക്ടർമാർ അനുമാനിച്ചു. ഇത് എങ്ങനെ സംഭവിച്ചതായാലും, ശ്വാസകോശത്തിനുള്ളിൽ അത് മുളച്ചു പൊന്തിയതായി അവർ കണ്ടെത്തി. അതേസമയം, ഒരു ചെടിയ്ക്ക് വളരണമെങ്കിൽ, ഈർപ്പം, സൂര്യപ്രകാശം എന്നിവ ആവശ്യമാണ് എന്നത് നമുക്കറിയാം. പിന്നെ എങ്ങനെയാണ്  അദ്ദേഹത്തിന്റെ ശ്വാസകോശത്തിനുള്ളിൽ അത് മുളച്ചത് എന്നൊരു സംശയം ആർക്കും തോന്നാം.

Latest Videos

ആ ചെടി യഥാർത്ഥത്തിൽ വെറുമൊരു നാമ്പ് മാത്രമായിരുന്നു. സാധാരണയായി ഒരു പയർ വിത്ത് മുളയ്ക്കുന്നത് മണ്ണിനടിയിലാണ്. ചെടി ഉപരിതലത്തിൽ എത്തുന്നതുവരെ വളരാൻ ആവശ്യമായ ഊർജം അതിന്റെ വിത്തിൽ സംഭരിച്ചിരിക്കും. പക്ഷേ, ചിനപ്പുകൾ മണ്ണിന്റെ ഉപരിതലത്തിലെത്തുമ്പോൾ മാത്രമാണ് സൂര്യന്റെ കിരണങ്ങളെറ്റ് പ്രകാശസംശ്ലേഷണത്തിന് വിധേയമാകുന്നത്. എന്നാൽ അതുവരെ ചെടിക്ക് വളരാൻ നേരിട്ട് സൂര്യപ്രകാശം ആവശ്യമില്ല. ശ്വാസകോശത്തിനുള്ളിലെ ഊഷ്മളവും ഈർപ്പമുള്ളതുമായ അവസ്ഥ പയറുചെടിയുടെ വളർച്ചയ്ക്ക് അനുയോജ്യമായി മാറി. അതായിരുന്നു അദ്ദേഹത്തിന്റെ ശ്വാസകോശ പ്രശ്നങ്ങളുടെ മൂലകാരണം. ഒരു തൊറാസിക് സർജൻ ഒടുവിൽ ശാസ്ത്രക്രിയയിലൂടെ അത് നീക്കം ചെയ്യുകയായിരുന്നു. ഏകദേശം അര ഇഞ്ചോളം നീളമുണ്ടായിരുന്നു പയർ ചെടിയ്ക്ക്. തുടർന്ന്, സ്വേഡൻ തന്റെ പതിവ് ജീവിതത്തിലേക്ക് മടങ്ങിയെത്തുകയും ചെയ്തു.   
 

click me!