Opinion: ബിഷപ്പ് ഫ്രാങ്കോ കുറ്റവിമുക്തനായതെങ്ങനെ?

By P G Sureshkumar  |  First Published Jan 15, 2022, 3:50 PM IST

ഒറ്റ സാക്ഷിപോലും കൂറുമാറാത്ത കേസ്. 13 മണിക്കൂറോളം ഇര വിശദമായി മൊഴി നല്‍കിയ കേസ്. വിടുതല്‍ ഹര്‍ജികള്‍ വിചാരണക്കോടതി മുതല്‍ സുപ്രീം കോടതി വരെ തള്ളിയ കേസ്. തെളിവുകള്‍  മാത്രം നോക്കി നിയമം നീതി മറന്നത് മാത്രമോ പ്രശ്‌നം?


ഒറ്റ സാക്ഷിപോലും കൂറുമാറാത്ത കേസ്. 13 മണിക്കൂറോളം ഇര വിശദമായി മൊഴി നല്‍കിയ കേസ്. വിടുതല്‍ ഹര്‍ജികള്‍ വിചാരണക്കോടതി മുതല്‍ സുപ്രീം കോടതി വരെ തള്ളിയ കേസ്. തെളിവുകള്‍  മാത്രം നോക്കി നിയമം നീതി മറന്നത് മാത്രമോ പ്രശ്‌നം?

അല്ല. അപ്പീല്‍ പോകുമ്പോള്‍ പോലും പ്രോസിക്യൂഷനെ പരുങ്ങലിലാക്കുന്ന ഗുരുതരമായ പരാമര്‍ശങ്ങണ് കേസിലുണ്ടായത്. ഇരയുടെ വിശ്വാസ്യത, ഉദ്ദേശ്യ ശുദ്ധി, സ്വഭാവം, എല്ലാം കരിനിഴലിലാക്കുന്ന വിധിന്യായം കൂടിയാണിത്. 

Latest Videos

undefined

 

 

വിധിപ്പകര്‍പ്പില്‍ നിന്ന് വായിച്ചെടുക്കാവുന്നത്: 

1.. പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീ വിശ്വസിക്കാവുന്ന സാക്ഷിയല്ല.

2. ഇരയുടെ മൊഴി അവിശ്വസനീയം, പരസ്പരവിരുദ്ധം, പലരോട് പലത് പറയുകയും മാറ്റിപ്പറയുകയും ചെയ്യുന്നു.

3. 13 തവണ പീഡിപ്പിക്കപ്പെട്ടെന്ന വാദം നിരാകരിക്കുന്നു, വേട്ടക്കാരനൊപ്പം യാത്ര ചെയ്യുകയും പൊതുചടങ്ങുകളില്‍ പങ്കെടുക്കുകയും ചെയ്തത് പാപമാണെന്ന്.

4. മഠത്തില്‍ ബലാല്‍ക്കാരം നടന്നിട്ട് ആരും കേട്ടില്ലെന്ന വാദം വിശ്വസനീയമല്ല.

5. കന്യകാത്വം നഷ്ടപ്പെട്ടാലും അത് ബന്ധുവായ യുവതി തന്റെ ഭര്‍ത്താവുമായി ചേര്‍ത്ത് ഇരക്കെതിരെ നല്‍കിയ പരാതിയോടാണ് ചേര്‍ത്ത് വയ്ക്കുന്നത്.

6. ഫ്രാങ്കോ പ്രതികാരം കാട്ടിയെന്ന ഇരയുടെ മൊഴിയെ, ഒത്തുതീര്‍പ്പിന് വഴങ്ങാത്തത് അധികാരക്കൊതി കൊണ്ടെന്ന് കണ്ടെത്തുന്നു.

7. ഫ്രാങ്കോയുടെ സ്വഭാവദൂഷ്യം തെളിയിക്കാന്‍ പ്രൊസിക്യൂഷനായില്ല. 18 കന്യാസ്ത്രീകള്‍ മഠം വിട്ടുപോയത് ഫ്രാങ്കോയെ പേടിച്ചെന്നെങ്ങനെ പറയാനാവും?

8. മൊഴി മാത്രം വിശ്വസിച്ച് വിധി കല്‍പ്പിക്കാനാവില്ല എന്ന് മാത്രമല്ല, നെല്ലും പതിരും വേര്‍തിരിക്കാനാവാത്ത കേസില്‍ തെളിവുകള്‍ തള്ളിക്കളയേണ്ടിവരുമത്ര!

This is a case in which the grain and chaff are inextricably mixed up. It is impossible to separate the grain from the chaff. There are exaggerations and embellishments in the version of the victim. She has also made every attempt to hide certain facts. It is also evident that the victim was swayed under the influence of others who had other vested interest in the matter.  

വിധിന്യായം 289 -ാം പേജ് വായിച്ചപ്പോള്‍ തോന്നിയത്, അതിജീവിത വിശ്വസിക്കാന്‍ കൊള്ളാത്തവളും കളവുപറയുന്നവളും അസാന്‍മാര്‍ഗ്ഗിയും  അധികാരക്കൊതിയുള്ളവളുമാണ് എന്നാണ്. 

The in-fight and rivalry and group fights of the nuns, and the desire for power, position and control over the congregation is evident from the demand placed by PW1 and her supporting nuns who were ready to settle the matter if their demands for a separate region under
the diocese of Bihar is accepted by the church.

ഫ്രാങ്കോ നിരപരാധിയും ലോലഹൃദയനും സത്യസന്ധനുമാണ്. 14 -ാം തവണത്തെ ശ്രമത്തില്‍ നിന്ന് പീഡിപ്പിക്കപ്പട്ട ഇരയുടെ വാക്കാലുള്ള വിലക്കില്‍ അനുസരണയോടെ പിന്‍വാങ്ങിയവന്‍ ഫ്രാങ്കോ. 'with heavy heart I am join you. I want to need you' എന്ന് കന്യാസ്ത്രീയോട് പറയുന്ന ഫ്രാങ്കോയുടെ സന്ദേശത്തില്‍ പ്രണയമാണ്, ഹൃദയപരവശതയാണ്, പരസ്പര ബന്ധത്തിന്റെ ആഴമാണ് കോടതി കണ്ടുകളഞ്ഞത്.

നിര്‍ണ്ണായകമാകേണ്ടിയിരുന്ന ഇരയുടെ മൊബൈല്‍ ഫോണ്‍ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രൊസിക്യൂഷന്‍ പരാജയപ്പെട്ടെന്നതൊഴിച്ച് മറ്റെല്ലാ വാദങ്ങളും നിഗമനങ്ങളും പ്രതിഭക്തന്‍മാര്‍ വിചാരണ തുടങ്ങുമ്പോഴേ പരസ്യമാക്കിയതാണ്.

നോക്കൂ...

വിധിയെന്തെന്ന് ഫ്രാങ്കോയ്ക്ക് അറിയാമായിരുന്നു എന്നു വേണം കരുതാന്‍. ജലന്ധര്‍ രൂപതയുടെ വാര്‍ത്താക്കുറിപ്പ് അച്ചടിച്ചിറങ്ങാന്‍ മൂന്ന് മിനിട്ട് വേണ്ടിവന്നില്ല. ലഡ്ഡു കവര്‍ പൊട്ടിയത് ജഡ്ജി ചേംബറില്‍ എത്തിയപ്പോള്‍ തന്നെ. അഡ്മിനിസ്‌ട്രേറ്റര്‍ രാജിവച്ചൊഴിഞ്ഞ് വഴിയൊരുക്കി കാത്തിരുന്നു എന്നും കരുതണം. 

കൗമാര പ്രായത്തില്‍ തിരുസന്നിധിയില്‍ ബലികൊടുത്ത ഒരു ജീവനാണ് ഈ വിധിയിലൂടെ കള്ളിയും അസാന്‍മാര്‍ഗ്ഗിയുമായി സമൂഹത്തിന്റെ മുന്നില്‍ വിവസ്ത്രയാക്കപ്പെട്ടിരിക്കുന്നത്. യോനിയില്‍ വിരല്‍ കടത്തിയും ലിംഗം വായില്‍ കടത്തിയും പീഡിപ്പിച്ചെന്നുപറയുന്ന കന്യാസ്ത്രീയെ ലിംഗം കടത്തി പീഡിപ്പിച്ചെന്ന് തെളിയിക്കാനായില്ലെന്ന് സാരം. മൊഴി നല്‍കുമ്പോള്‍ പോലും ശിരോവസ്ത്രമഴിച്ച് ഇങ്ങനെയൊരു ദുരനുഭവം വിവരിക്കാനാകാതെ തളര്‍ന്നു തകര്‍ന്നുപോയ ഇര 13 മണിക്കൂര്‍ വിശദീകരിച്ചതില്‍, നീതിയുടെ ആകെത്തുകയായി കിട്ടിയ പ്രതിഫലം. കോടതിമുറിയില്‍ വിറങ്ങലിച്ചുപോയ അവര്‍ ഇനി സമൂഹത്തിന് മുന്നില്‍ വന്നു വിളിച്ചുപറയേണ്ട അവസ്ഥയിലെത്തിയെന്നതാണ് ഈ കേസിന്റെ ആകെത്തുക. 

ഇരവാദമുന്നയിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥരും, സോഷ്യല്‍ മീഡിയയില്‍ അഞ്ച് കന്യാസ്ത്രീകളുടെ ചിത്രമിട്ടാഘോഷിക്കുന്ന ആക്ടിവിസ്റ്റുകളും തൊണ്ടകീറി ന്യൂസ് റൂം വിചാരണ നടത്തുന്ന ഞാനടക്കമുള്ള മാധ്യമവിശാരദരും അനവനന്റെ മുഖത്തെ ചെളി ഇരയുടെ തിരുവസ്ത്രത്തില്‍ തേയ്ക്കുകയാണ്. 

ജീവന്‍ പണയപ്പെടുത്തി വെളിപ്പെടുത്തിയ കേസ്,  ഒരു സാക്ഷി പോലും കൂറുമാറാത്ത കേസ്, 13 മണിക്കൂര്‍ വിശദമായി ഇര മൊഴി നല്‍കിയ കേസ്-എന്നിട്ടും നിയമം പ്രതിയുടെ വഴിയേ നീങ്ങുമ്പോള്‍ തലകുനിക്കേണ്ടത് അതിജീവിതയല്ല, ആത്മരോഷം വിറ്റ് കയ്യടി വാങ്ങുന്ന ഞാനും നിങ്ങളുമല്ലേ...?

നിയമം നിയമത്തിന്റെയല്ല നീതിയുടെ വഴിക്ക് പോകുന്നു എന്നുറപ്പിക്കാനാവാത്ത നമ്മളോരോരുത്തരുമല്ലേ? 

ഇനി സഭയോട് ഒരു വാക്ക് -
ഫ്രാങ്കോ ലൈംഗിക വേഴ്ച നടത്തിയില്ലെന്നല്ല , പരസ്പരസമ്മതമെന്നും ബലാല്‍ക്കാരമില്ലെന്നുമുള്ള നിഗമനങ്ങളാണു കേസില്‍ രക്ഷിച്ചത് . ഇതൊക്കെ കാനന്‍ നിയമപ്രകാരം ആകാമെങ്കില്‍ മനുഷ്യന്റെ ജൈവികമായ ചോദനകളെ  തിരുസന്നിധിയില്‍ വന്ധ്യംകരിക്കുന്ന ഈ സന്യാസം കൂടി അങ്ങ് നിര്‍ത്തിയാല്‍ കുളത്തിലും കിണറ്റിലും ടാങ്കിലും മണവാട്ടിമാരുടെ മൃതശരീരം പൊങ്ങുന്നതൊഴിവാകും.

click me!