'അമ്മാ, നിങ്ങള് കഴിഞ്ഞ ജന്‍മത്തില് പെരിയ സൂപ്പര്‍ സ്റ്റാര്‍'

By corona days  |  First Published May 12, 2021, 3:53 PM IST

എന്റെ കൊവിഡ് ദിനങ്ങള്‍. കൊവിഡ് വാര്‍ഡില്‍ കഴിയുന്നതിനിടെ, ജസീന റഹീം എഴുതിയ കുറിപ്പുകള്‍ തുടരുന്നു. 


ശ്രീദേവിയമ്മയിലൂടെ ഫാഷന്‍ സങ്കല്‍പങ്ങള്‍ക്ക് ഞാന്‍ പുതു മാനങ്ങള്‍ നല്‍കി. അസിന്റെ കണ്ണും ചുണ്ടും, മനീഷാ കൊയ്‌രാളയുടെ മൂക്കും ചിരിയും. നരച്ചതെങ്കിലും ഇടതൂര്‍ന്ന മുടിയഴക്. അന്‍പത്തി അഞ്ചിലും ഉറച്ച ശരീരം. സങ്കല്‍പ്പിച്ച് സങ്കല്‍പ്പിച്ച് ശ്രദേവിയമ്മയെ ശീമാട്ടിയിലെ ബീനാ കണ്ണന്റെ പുതിയ ഡിസൈനര്‍ സാരിയുടെ മോഡലാക്കി ഞാന്‍. 

 

Latest Videos

undefined

 

'ഗബ്ബുലേ നാല്ക്ക് രുചിതേ'

ദിവസത്തിലെത്തുന്ന നാലോ അഞ്ചോ ഫോണ്‍ കോളുകളുടെ തുടക്കത്തില്‍ ശ്രീദേവിയമ്മച്ചി ഈ വാക്കുകള്‍ ആവര്‍ത്തിച്ച് കൊണ്ടിരുന്നു. സംഭാഷണത്തിനിടെ പലപ്പോഴും എന്നിലേക്ക് നീണ്ട നോട്ടം, തെലുങ്കിലുള്ള സംസാരത്തിനിടെ എന്നെ പുകഴ്ത്തുകയോ ഇകഴ്ത്തുകയോ ചെയ്യുന്നതായിരിക്കാമെന്ന് ഒരു വേള ഞാന്‍ സംശയിച്ചു. 

വര്‍ത്തമാനങ്ങള്‍ക്കിടയിലെ തുപ്പല്‍ തെറുപ്പിലൂടെ സകലമാന കൊറോണകളെയും മേയാന്‍ വിട്ട് ചേച്ചി ആശ്വാസം കൊണ്ടു.  ഇത് പലപ്പോഴും എന്റെ സ്വാസ്ഥ്യം കെടുത്തിയിട്ടും ശ്രീത്വം തുളുമ്പുന്ന ആ മുഖം നോക്കി നേരം പോക്കുന്നത് എന്റെ അപ്പോഴത്തെ അവസ്ഥയില്‍ സന്തോഷം നല്‍കുന്ന ഒന്നായി മാറിയിരുന്നു.

കൊട്ടാരക്കര മെഴ്‌സി ഹോസ്പിറ്റലിലെ അഞ്ച് പേരടങ്ങുന്ന കോവിഡ് ഒന്നാം വാര്‍ഡില്‍ ഇന്ന് എനിക്ക് രണ്ടാം ദിവസമാണ്. അധികരിച്ച് വരുന്ന വയ്യായ്കകള്‍ കാരണം ആരോടും മിണ്ടാനും ഒന്നും പറയാനും തോന്നുന്നില്ല. ഇരുമ്പ് കട്ടിലിന്റെ അല്‍പ വിശാലതയില്‍ അധികം പഴക്കമില്ലാത്ത ബെഡിന് മുകളില്‍, കൈയ്യില്‍ കരുതിയിരുന്ന നിറയെ പുള്ളികളുള്ളബെഡ്ഷീറ്റ് വിരിച്ച്, ഫാനിന്റെ ചലനത്തില്‍ ദ്യഷ്ടികളൂന്നി കിടന്ന നേരത്താണ് ശ്രീദേവിയമ്മയുടെ മാസ് എന്‍ട്രി.

കറുപ്പിനെ അക്ഷരാര്‍ത്ഥത്തില്‍ അഴകായി എടുത്തണിഞ്ഞ് ശ്രീക്യഷ്ണന്റെ ചിത്രം പതിച്ച ബോര്‍ഡറുള്ള പഴകിയ കവണിയും മുണ്ടും വാരിച്ചുറ്റി വന്നപാടെ ബെഡിലേക്ക് ചുരുണ്ടുകൂടി വീണു അവര്‍. എന്റെ കൊറോണാ വിഭ്രാന്തി കളിലേക്ക് ഒരു പിടിവള്ളി ആകുകയായിരുന്നു അവര്‍. 

ശ്രീദേവിയമ്മയിലൂടെ ഫാഷന്‍ സങ്കല്‍പങ്ങള്‍ക്ക് ഞാന്‍ പുതു മാനങ്ങള്‍ നല്‍കി. അസിന്റെ കണ്ണും ചുണ്ടും, മനീഷാ കൊയ്‌രാളയുടെ മൂക്കും ചിരിയും. നരച്ചതെങ്കിലും ഇടതൂര്‍ന്ന മുടിയഴക്. അന്‍പത്തി അഞ്ചിലും ഉറച്ച ശരീരം. സങ്കല്‍പ്പിച്ച് സങ്കല്‍പ്പിച്ച് ശ്രദേവിയമ്മയെ ശീമാട്ടിയിലെ ബീനാ കണ്ണന്റെ പുതിയ ഡിസൈനര്‍ സാരിയുടെ മോഡലാക്കി ഞാന്‍. 

ഇളം ചുവപ്പ് കാഞ്ചിപുരം സാരിയും ആന്റിക് ആഭരണങ്ങളും അണിയിപ്പിച്ച് ഐ ഷാഡോയിലും മസ്‌കാരയിലും ഉരുവം ചെയ്‌തെടുത്ത കണ്ണുകള്‍ക്ക് മേല്‍ ഡാസ് ലര്‍ ഐ ലൈനര്‍ വരച്ച് കൊണ്ടിരിക്കുമ്പോള്‍, ലിപ്സ്റ്റിക് ഇടുന്നതിന് തനിക്കൊരു ഓപ്ഷനുണ്ടെന്ന് ശ്രീദേവിയമ്മ  പറഞ്ഞതനുസരിച്ച് ഇളം നിറം ചുണ്ടിലണിയിച്ചു. മുടിക്ക് ഹെയര്‍ കളര്‍ നല്‍കി സ്‌ട്രെയിറ്റ് ചെയ്ത് യൂ കട്ട് ചെയ്‌തെടുക്കാന്‍ കുറച്ചധികം സമയമെടുത്തു. ഹൈഹീല്‍ഡ് ചെരുപ്പണിയിച്ചപ്പോള്‍ ആദ്യം ബാലന്‍സ് തെറ്റി വീഴാന്‍ പോയങ്കിലും തന്റെ മേക്ക് ഓവര്‍ നിലക്കണ്ണാടിയിലൂടെ സാക്ഷാല്‍ ബീനാ കണ്ണന്‍ കാട്ടി കൊടുത്തതും ആത്മവിശ്വാസത്തിന്റെ ഉത്തുംഗത്തില്‍ ശ്രദേവിയമ്മക്ക് വീണ്ടും ഉയരം വെച്ചു.

സ്റ്റാര്‍ട്ട്, ക്യാമറ, ആക്ഷന്‍... പരസ്യ സംവിധായകന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ക്യത്യം ക്യത്യമായി ചുവടുകള്‍ വെച്ച് ശ്രീദേവിയമ്മ ആ ഫ്‌ലോറിലെ മറ്റെല്ലാവരെയും നിഷ്പ്രഭരാക്കി. ഇടക്കെപ്പോഴോ വര്‍ദ്ധിച്ച് വരുന്ന ടെംപറേച്ചര്‍ നിലയില്‍ അസ്വസ്ഥത പൂണ്ട് പകുതി മയക്കത്തിലേക്കാഴ്ന്നതും ശ്രീദേവിയമ്മയുടെ നോക്കിയാ ഫോണിലൂടെയുള്ള തെലുങ്ക് പേച്ചുകള്‍ എന്റെ വേദനാ ഞരക്കങ്ങളെ നോക്കി കൊഞ്ഞനം കുത്തി. 

ഇപ്പോള്‍ ശ്രീദേവിയമ്മ ഒരു കൊറോണാ രോഗിയേ അല്ല. അത്രക്ക് ഉത്സാഹം തുളുമ്പുന്ന ശരീരഭാഷ. അത്ര നേരവും സങ്കല്‍പ്പ റാമ്പിലൂടെ ശ്രീദേവിയമ്മയെ കൊണ്ട് പോയതോര്‍ത്ത് ഒരു നിമിഷം ഞാന്‍ ഊറിച്ചിരിച്ചു. ഞരക്കവും മൂളലുമായി അതുവരെ കിടന്ന എന്റെ പൊടുന്നനെയുള്ള മാറ്റം കണ്ട് ശ്രീദേവിയമ്മ 'ഈ പുള്ളക്ക് ഇതെന്ത് പറ്റി' എന്ന മട്ടില്‍ എന്നിലേക്കൊരു നോട്ടം അയച്ചു. 

..............................

Read more: പ്രിയപ്പെട്ട കൊറോണാ, നീയൊന്ന് പോവാമോ?
..............................

എനിക്കപ്പോള്‍ ശ്രീദേവിയമ്മയോട് കുറച്ച് സംസാരിക്കണമെന്ന് തോന്നി. 'മലയാളം അറിയുമാ?'

അതു കേട്ടതും ശ്രീദേവിയമ്മയുടെ ചുണ്ടിന്റെ കോണില്‍ ഒരു ചിരി പടര്‍ന്നു. ദേ വരുന്നു ശ്രീദേവി അമ്മയില്‍ നിന്ന് മണി മണി പോലെ മലയാളം!

കൗതുകം കൂടി. ശ്രീദേവിയമ്മയുടെ കുടുംബ പശ്ചാത്തലം അറിയാന്‍ അതുവളര്‍ന്നു. 

മൂന്നു തലമുറകള്‍ക്ക് മുന്‍പ് ആന്ധ്രയില്‍നിന്നും കേരളത്തില്‍ എത്തപ്പെട്ടതാണ് ശ്രീദേവിയമ്മയുടെ മുന്‍ഗാമികള്‍.  ഇന്ന്  ശ്രീദേവിയമ്മയുടെ ചെറുമക്കള്‍ വരെ നല്ല മലയാളം പറഞ്ഞ് തനി കേരളീയരായി തന്നെ ജീവിക്കുന്നു. ശ്രീദേവിയമ്മയോ മക്കളോ കൊച്ച് മക്കളോ ഒരിക്കല്‍ പോലും തെലുഗ് നാട്ടില്‍ പോയിട്ടില്ല. എങ്കിലും അവര്‍ക്കിടയിലെ സംസാരഭാഷ ഇന്നും തെലുഗാണ്. കൂലിപ്പണിയുടെ പാരമ്പര്യമുള്ള കുടുംബത്തില്‍ ശ്രീദേവിയമ്മ കൈനോട്ടക്കാരിയായി വളര്‍ന്നു. കേരളത്തിലങ്ങോളമിങ്ങോളം അലഞ്ഞു തിരിഞ്ഞു. ശ്രീദേവിയമ്മയുടെ കൊച്ച് മക്കള്‍ വിദ്യാഭ്യാസപരമായി വളരെ മുന്നോട്ട് പോവുകയും കുടുംബത്തിലെ പല ആണ്‍കുട്ടികളും പട്ടാളത്തില്‍ ചേരുകയും ചെയ്തു. അതോടെ ശ്രീദേവിയമ്മയുടെ കൈ നോട്ട പരിപാടിക്ക് വിലക്ക് വീണു. 

കഥ കേട്ടപ്പോള്‍, എനിക്കൊരു കുസൃതി തോന്നി: 'നിങ്ങടെ ഭാവി, ഭൂതം, വര്‍ത്തമാനം ഞാന്‍ പ്രവചിക്കട്ടുമാ'

എന്തിനും തയ്യാറായി നില്‍ക്കുന്ന എന്റെ കെട്ടും മട്ടും കണ്ട് ചോദ്യ രൂപേണ ശ്രീദേവിയമ്മ എന്നെ നോക്കി. 

അനുവാദത്തിന് കാത്ത് നില്‍ക്കാതെ ഞാന്‍ പറഞ്ഞ് തുടങ്ങി: 'അമ്മാ, നിങ്ങള് കഴിഞ്ഞ ജന്‍മത്തില് പെരിയ സൂപ്പര്‍ സ്റ്റാര്‍. ഇന്ത്യാവിലെ താരറാണി.'

'മതി മതി പുള്ളേ...'

തുടര്‍ന്ന് സംസാരിക്കാന്‍ ശ്രീദേവിയമ്മ എന്നെ അനുവദിച്ചില്ല. ഒരു കാലത്ത് അന്നം നല്‍കിയ തൊഴിലിനെ ഞാന്‍ പുഛിക്കുകയാണന്ന തോന്നല്‍ ശ്രീദേവിയമ്മക്ക്  ഉണ്ടായിരിക്കുന്നു. 

'ഓ മതിയെങ്കി മതി'- ഞാന്‍ ശ്രീദേവിയമ്മയോട് കെറുവിച്ചു. 

അതാ ഇപ്പോള്‍ പുറത്ത് നിന്ന് കേള്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു മണിയടി ശബ്ദം. പി.പിഇ കിറ്റിന്റെ സംരക്ഷയോടെ കോവിഡ് വാര്‍ഡിന്റെ ഇടനാഴികളിലൂടെ മണിയടി ശബ്ദം നീണ്ട് പോയി.ചായയും കടിയും വാങ്ങാനായി ചെല്ലാനുള്ള സൂചനയാണത്. 

'ഗബ്ബുലേ നാല് ക്ക് രുചിതേ'

''ഇപ്പോ പറഞ്ഞതിന്റെ അര്‍ത്ഥമെന്താ ശ്രീദേവിയമ്മച്ചീ?''

'നാവിന് രുചിയില്ലെന്ന്'-ശ്രീ ദേവിയമ്മ വിശദമാക്കി തന്നു.

(അടുത്ത ഭാഗം നാളെ)

 

ആദ്യ ഭാഗം: കൊറോണയെ കണ്ട നിമിഷം  അന്തരിച്ചുപോയ ഒരു ലോക്കല്‍ വൈറസ്!

രണ്ടാം ഭാഗം: സുശീല ചേച്ചിയുടെ കൊറോണ മാതാവ്! 


 

click me!