കിടു തിമിംഗലം ഉലര്‍ത്തിയത് കിട്ടുന്ന രാജ്യം...

By Ginu Samuel  |  First Published Jun 20, 2019, 1:16 PM IST

ഇതിനെല്ലാം പുറമെ പെറ്റ് ബോട്ടിലുകളും ക്യാനുകളും വാങ്ങുമ്പോൾ നമ്മൾ ഒരു നിശ്ചിത തുക നൽകുകയും, പിന്നീട് ഒഴിഞ്ഞ കാനുകൾ തിരികെ നൽകുമ്പോൾ ആ തുക തിരികെ നൽകുന്ന ഏർപ്പാട് നമ്മുടെ നാട്ടിലും ഒന്ന് പരീക്ഷിക്കാവുന്നതാണ്.


നമ്മുടെ നാടും ഓസ്ലോ നഗരവും തമ്മിൽ ഇണപിരിയാനാവാത്ത ഒരു ബന്ധമുണ്ട്. രണ്ടിടത്തും മദ്യത്തിന്റെ കച്ചവടം ഏറ്റെടുത്തിരിക്കുന്നത് സർക്കാർ ആണ്. അതും പോരാഞ്ഞ് മദ്യ ഉപഭോഗം കുറക്കുവാനായി എമണ്ടൻ നികുതിയും ഓരോ കുപ്പിയിലും അടിച്ചേൽപ്പിച്ചിട്ടുണ്ട്. ബിവറേജസ് എന്ന് പറയുന്ന അത്രയും എളുപ്പമല്ലെങ്കിലും Vinmonopolet എന്ന നോർവീജിയൻ സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനം മദ്യത്തിന്റെ ലഭ്യതയും വിൽപ്പനയും നിയന്ത്രിക്കുന്നത് ഒരു പഠന വിഷയമാക്കേണ്ടതാണ്. അതായാണ് മദ്യപിച്ചു മദോന്മത്തനാകാനാണ് ഉദ്ദേശമെങ്കിൽ ആരും നോർവെയ്ക്കു വണ്ടികേറണ്ട എന്ന് സാരം. വലിയ വിലകൊടുക്കേണ്ടി വരും.

Latest Videos

undefined

ബോംബെ അധോലോകത്തെ കിടു കിടാ വിറപ്പിച്ച ദാമോദർജിയെ ഓർമയില്ലേ..! സത്യൻ അന്തിക്കാട് ചിത്രമായ സന്മനസുള്ളവർക്കു സമാധാനത്തിലെ വില്ലൻ കഥാപാത്രം പറയുന്ന ഒരു ഡയലോഗ് ഉണ്ട് തീഹാർ ജയിൽ എന്നെപോലുള്ളവർക്കു വേണ്ടിയാണ് പണിതിരിക്കുന്നത് എന്ന്. നോർവീജിയൻ ജയിൽ വിഭാവനം ചെയ്തിരിക്കുന്നത് ഇതിൽനിന്നെല്ലാം വിഭിന്നമായിട്ടാണ്. കുറ്റവാളികളുടെ പുനരധിവാസമാണ് ഇവിടുത്തെ ജയിലുകളുടെ പ്രത്യേകത. ഒരിക്കൽ ജയിലിൽ നിന്നിറങ്ങി വീണ്ടും കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവരുടെ തോത് അമേരിക്കയിൽ 60 -70 % ആണെങ്കിൽ ഇവിടെയിത് 20% ആണ്. അടുത്തിടെ ടൈം മാഗസിൻ ലോകത്തിലെ മനുഷ്യത്വമുള്ള ജയിൽ ആയി തിരഞ്ഞെടുത്തത് നോർവീജിയൻ ജയിലിനെ ആണ്. ചുരുക്കം പറഞ്ഞാൽ ഇവിടുത്തെ ജയിലിൽ കഴിയാനും വേണം ഒരു ഭാഗ്യം.

അടുത്തയിടക്കാണ് കൊച്ചിയിൽ കാക്കനാട്ടുള്ള ബ്രഹ്മപുരം മാലിന്യ നിർമാർജന പ്ലാന്റിൽ വൻ തീപിടുത്തം ഉണ്ടായത്. കാര്യങ്ങൾ ഇങ്ങനെ പോയാൽ വർഷങ്ങൾക്കപ്പുറം മാലിന്യത്തിൽ കിടന്നുറങ്ങാൻ നമ്മൾ കേരളീയർ നിർബന്ധിതരാകും എന്ന് ചുരുക്കം. ഓസ്ലോയിലെ മാലിന്യ നിർമ്മാർജനം ലോകത്തിനു തന്നെ മാതൃകയാണ്. ഖര, ജൈവ, പേപ്പര്‍, ലോഹ മാലിന്യങ്ങളെ പലതായി തരം തിരിച്ച് ഉപോൽപ്പന്നങ്ങൾ ആക്കി മാറ്റുന്നു എന്നുള്ളത് അഭിനന്ദനം അർഹിക്കുന്നു. ഓസ്ലോ നഗരത്തിലെ ഒട്ടു മിക്ക കെട്ടിടങ്ങളിലെയും ഹീറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് ഈ മാലിന്യങ്ങൾ കത്തിച്ചുണ്ടാക്കുന്ന ഊർജ്ജത്തിൽ നിന്നാണ്. ഇതിനെല്ലാം പുറമെ സ്‌കൂൾ തലം മുതൽതന്നെ മാലിന്യ നിർമ്മാർജ്ജനത്തിൽ ഒരു പൗരൻ എന്ന നിലക്ക് നമുക്ക് എന്ത് ചെയ്യാൻ കഴിയും എന്നതിനെപ്പറ്റി വ്യക്തമായ കാഴ്ചപ്പാട് കുട്ടികളിൽ വളർത്തിയെടുക്കാൻ ഇവിടുത്തെ വിദ്യാഭ്യാസ സംവിധാനം പ്രത്യേകം ഊന്നൽ നൽകുന്നു എന്നത് എടുത്തു പറയേണ്ട ഒരു കാര്യമാണ്.

ഇതിനെല്ലാം പുറമെ പെറ്റ് ബോട്ടിലുകളും ക്യാനുകളും വാങ്ങുമ്പോൾ നമ്മൾ ഒരു നിശ്ചിത തുക നൽകുകയും, പിന്നീട് ഒഴിഞ്ഞ കാനുകൾ തിരികെ നൽകുമ്പോൾ ആ തുക തിരികെ നൽകുന്ന ഏർപ്പാട് നമ്മുടെ നാട്ടിലും ഒന്ന് പരീക്ഷിക്കാവുന്നതാണ്.

"പാമ്പിനെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുക്കഷ്ണം തിന്നേണം" എന്ന് കേട്ടിട്ടില്ലേ? നോർവേയിൽ തിമിംഗലമാണ് താരം. തിമിംഗലത്തെ കഴിക്കണമെങ്കിൽ വേഗം നോർവേയ്‌ക്ക്‌ വണ്ടികയറിക്കോളൂ. തിമിംഗലത്തെ വേട്ടയാടാൻ അനുമതി കൊടുത്തിരിക്കുന്ന ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് നമ്മുടെ നോർവേ. ഒരിക്കൽ ഞാനും ഒന്ന് പരീക്ഷിച്ചിരുന്നു. തിമിംഗലം ഉലർത്തിയത്. സംഭവം കിടുവാണ്.

നോർവീജിയൻസിന്റെ ഭക്ഷണ ക്രമത്തിൽ ഒട്ടും തന്നെ ഒഴിവാക്കാനാവാത്തതാണ് പാലും പാലുല്പന്നങ്ങളായ ബട്ടർ, ചീസ് തുടങ്ങിയവ. അങ്ങനെയിരിക്കെ 2011 ഡിസംബർ മാസത്തിൽ നോർവേ ഒരു പ്രതിസന്ധിയിൽ അകപ്പെട്ടു. ആ വർഷത്തെ വേനൽകാലത്തിൽ പാലുല്പാദനം ഗണ്യമായി കുറഞ്ഞതിന്റെ പരിണിതഫലമായി നോർവേയിൽ എമ്പാടും ബട്ടറിനു കഠിനമായ ക്ഷാമം അനുഭവപ്പെട്ടു. അതിനെ മറികടക്കാൻ ബട്ടർ ഇറക്കുമതി തുടങ്ങിയെങ്കിലും ഈ പ്രതിസന്ധി തരണം ചെയ്യാന്‍ അതൊന്നും പര്യാപ്തമായിരുന്നില്ല. ജനങ്ങൾ ബട്ടർ ലഭിക്കാതെ നെട്ടോട്ടമോടി. കാൽകിലോ ബട്ടറിനു രണ്ടായിരത്തി അഞ്ഞൂറ് ഇന്ത്യൻ രൂപ വരെ വില കയറി. സൂപ്പർമാർക്കറ്റുകളിൽ ബട്ടർ വരുന്ന മുറക്ക് തീർന്നുകൊണ്ടിരുന്നു. അങ്ങനെ "ദി ഗ്രേറ്റ് നോർവീജിയൻ ബട്ടർ ക്രൈസിസ്" എന്ന പേരിൽ ഈ സംഭവം ചരിത്രത്തിൽ ഇടം പിടിച്ചു.

സ്വീഡനിൽ നിന്ന് 1905 -ൽ വേർപെട്ടതിനു ശേഷം 1960 -ൽ എണ്ണയുടെ ലഭ്യത കണ്ടുപിടിക്കുന്നത് വരെ നോർവീജിയൻസിന്റെ പ്രധാന വരുമാനമാർഗം മത്സ്യം ആയിരുന്നു. കേട്ടിട്ടില്ലേ 'നോർവീജിയൻ സാൽമൺ.' ഇന്ന് ലോകത്തിന്റെ എല്ലാ കോണിലും നോർവീജിയൻ സാൽമൺ കയറ്റുമതി ചെയ്യുന്നുണ്ട്. സാൽമൺ കഴിക്കണമെന്ന് ഇപ്പോൾ തോന്നുന്നെങ്കിൽ വേഗം വണ്ടി വിട്ടോ നമ്മുടെ കൊച്ചി ലുലു മാളിലേക്ക്. അവിടെ സംഭവം സുലഭമാണ്.

ജപ്പാൻകാരുടെ പ്രിയ വിഭവമായ സുഷിയിൽ സാൽമൺ അവതരിപ്പിച്ചത് നോർവീജിയൻസിന്റെ ഐഡിയ ആയിരുന്നു. 1980 -ൽ ഇതവതരിപ്പിച്ചതുവഴി നോർവീജിയൻ സാൽമണിന്റെ പ്രശസ്തിയും ആവശ്യകതയും  കടൽ കടക്കുകയായിരുന്നു. 

(തുടരും)

click me!