'ഈ മൂടൽമഞ്ഞിനപ്പുറം ഒരു ലോകമുണ്ട്' എന്നും 'പുകയോ മഞ്ഞോ എന്ന് തിരിച്ചറിയാൻ ആകുന്നില്ല' എന്നുമൊക്കെ കുറിച്ചുകൊണ്ടാണ് പ്രദേശവാസികളായ ആളുകൾ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
ഉത്തരേന്ത്യയിൽ ശീതതരംഗം പിടിമുറുക്കിയതോടെ നഗരങ്ങൾ മൂടൽമഞ്ഞിൽ മുങ്ങി. ശനിയാഴ്ച പുലർച്ചയും കനത്ത തണുപ്പാണ് നോയിഡയിലും ഗ്രേറ്റർ നോയിഡയിലും അനുഭവപ്പെട്ടത്. ഭയാനകമാം വിധത്തിൽ മഞ്ഞുമൂടിയ നോയിഡയുടെയും ഗ്രേറ്റർ നോയിഡയുടെയും ചിത്രങ്ങൾ ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. പ്രദേശവാസികളായ ആളുകൾ പങ്കുവച്ച ചിത്രങ്ങൾ ഭയപ്പെടുത്തുന്നതും പ്രേതസിനിമകളിലെ രംഗങ്ങളെ ഓർമ്മപ്പെടുത്തുന്നതും ആണ്.
'ഈ മൂടൽമഞ്ഞിനപ്പുറം ഒരു ലോകമുണ്ട്' എന്നും 'പുകയോ മഞ്ഞോ എന്ന് തിരിച്ചറിയാൻ ആകുന്നില്ല' എന്നുമൊക്കെ കുറിച്ചുകൊണ്ടാണ് പ്രദേശവാസികളായ ആളുകൾ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങളിൽ തൊട്ടുമുൻപിലുള്ള വസ്തുക്കൾ പോലും കാണാൻ കഴിയാത്ത വിധം പുകമൂടിയ അവസ്ഥയാണുള്ളത്.
Morning fog in Noida pic.twitter.com/CjlwzdT03Z
— Raman Bhanot (@rmnbhanot)
ഡൽഹിയിലും കനത്ത മൂടൽമഞ്ഞാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇത് വിമാനങ്ങളുടെ പ്രവർത്തനങ്ങളെ കാര്യമായി ബാധിച്ചു. നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിടുകയും റദ്ദാക്കുകയും ചെയ്തു. ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ, തങ്ങളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു.
എയർ ഇന്ത്യ ഉൾപ്പടെയുള്ള മറ്റ് എയർലൈനുകൾ സമയം പുനഃക്രമീകരിച്ചു. കഠിനമായ തണുപ്പും മൂടൽമഞ്ഞും ട്രെയിൻ യാത്രകളെയും മോശമായി ബാധിച്ചു. ശനിയാഴ്ച പുലർച്ചെ 5:30 -ന് ഡൽഹിയിൽ 10.2 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് റിപ്പോർട്ട് ചെയ്തു. നഗരത്തിലെ വായുവിൻ്റെ ഗുണനിലവാരവും മോശമായി തുടരുകയാണ്. വെള്ളിയാഴ്ച രാവിലെ നഗരത്തിൽ വായു ഗുണനിലവാരം 385 ആയിരുന്നു.