ഈ ഞാൻ എന്ന് ഓരോ മനുഷ്യനും പറയുന്ന ശരീരം ഉണ്ടല്ലോ, അത് ശരിക്കും ഒരു ഞാനല്ല... പിന്നെ?

By Arun Asokan  |  First Published Oct 8, 2019, 3:39 PM IST

അമേരിക്കയിൽ നിന്നും ബ്രിട്ടണിൽ നിന്നുമുള്ള വില്യം ജി കെയ്ലിൻ, സർ പീറ്റർ ജെ റാഡ്ക്ലിഫ്, ഗ്രെഗ് എൽ സെമൻസ എന്നീ മൂന്ന് ശാസ്ത്രജ്ഞർക്ക് വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നു. ശരീരത്തിലെ ഓക്സിജൻ മെക്കാനിസം കണ്ടെത്തിയതിനാണ് അവാർഡ്.


ചത്തോന്ന് അറിയാൻ വന്നതാണല്ലേടാ... കിലുക്കത്തിൽ ജ​ഗതി ചോദിക്കുന്ന ചോദ്യമുണ്ടല്ലോ. നമ്മൾ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ചത്തോന്ന് അറിയാൻ ഒറ്റ മാ‍ർ​ഗമേ ഉള്ളൂ, മൂക്കിന് താഴെ കൈവച്ച് നോക്കുക. ശ്വാസം കയ്യിൽ തട്ടുന്നില്ലെങ്കിൽ അങ്ങ് ഉറപ്പിക്കും, കട്ടപ്പൊകയായി. അറിയാവുന്ന ഡോക്ട‍ർമാരെക്കൊണ്ട് പരിശോധിപ്പിച്ച് ഉറപ്പിച്ചില്ലെങ്കിൽ ചിതയിൽ നിന്നൊക്കെ ചാടിയിറങ്ങി ഓടുന്നവരെ കാണേണ്ടിവരും. അതെന്തായാലും ശ്വാസം എന്നത് ജീവനിലെ പ്രധാന സം​ഗതിയാണ്. അതുകൊണ്ടാണല്ലോ വായുവിന് ജീവശ്വാസമെന്ന് പേര് കിട്ടിയത്.

 

Latest Videos

undefined

ശ്വാസത്തെ ഒന്ന് കൂടി പരിഷ്കരിച്ച് പറഞ്ഞാൽ ഓക്സിജൻ. ഓക്സിജൻ ശരീരത്തിലേക്ക് വലിച്ചു കയറ്റുന്നു കാ‍ർബൺ ഡൈ ഓക്സൈഡ് പുറത്തേക്ക് വിടുന്നു. എന്തൊരു സ്വസ്ഥമായ കാര്യം. ഇങ്ങനെ ഒരു പരിപാടി നടക്കുന്നുണ്ടെന്ന് നമ്മളൊട്ട് അറിയുന്നുപോലുമില്ല. (ഉവ്വ... വല്ല ശ്വാസമുട്ടലും വന്ന് നോക്കണം അപ്പൊ അറിയാം). എന്നാൽ, ഇങ്ങനെ ഓക്സിജൻ വലിച്ചെടുത്ത് കാ‍ർബൺ ഡൈ ഓക്സൈഡ് പുറത്തേക്ക് വിടുന്ന സം​ഗതി കുറേക്കൂടി കോംപ്ലിക്കേറ്റഡ് ആണ്. എന്താണ് ഈ കോംപ്ലിക്കേഷൻ എന്ന് ചോദിച്ചാൽ, ഈ ഞാൻ എന്ന് ഓരോ മനുഷ്യനും പറയുന്ന ശരീരം ഉണ്ടല്ലോ, അത് ശരിക്കും ഒരു ഞാനല്ല. അത് കോടാനുകോടി കോശങ്ങളാണ്. ഈ കോശങ്ങളെല്ലാം ഒരുമിച്ച് നിന്ന് അവരുടെ പ്രവ‍ർത്തി ചെയ്തുകൊണ്ടിരിക്കുന്നത് കൊണ്ടാണ് ഉള്ളിലുള്ള ലക്ഷക്കണക്കിന് ഞാൻമാരെ അറിയാത്തത്. 

ചിലപ്പോഴൊക്കെ ഇവരിൽ ചില‍ർ അവർക്ക് തോന്നിയതുപോലെ പ്രവർത്തിക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾക്ക് പറയുന്ന പേരാണ് ക്യാൻസ‍ർ. അപ്പൊ ഈ ഓരോ കോശവും ചുമ്മാ അങ്ങ് പ്രവർത്തിക്കില്ല. അതിന് ഊ‍ർജം വേണം. ഊർജത്തിന് എടിപി എന്ന ബാറ്ററിവേണം. ആ ബാറ്ററി ചാ‍ർജ് ചെയ്യണമെങ്കിൽ കോശത്തിനുള്ളിൽ ചില സാധനങ്ങൾ കത്തിക്കണം. ആ കത്തൽ നടക്കണമെങ്കിൽ അ​ഗ്നിഭ​ഗവാനായ ഓക്സിജൻ വേണം. അതായത് രമണാ ഈ വലിച്ചുകയറ്റിയ ഓക്സിജൻ രക്തത്തിലെ ചുവന്ന രക്താണുക്കളിലൂടെ കയറി ശരീരത്തിന്റെ എല്ലാ ഭാ​ഗത്തുമുള്ള കോശങ്ങളിലെത്തിയാലെ ഇങ്ങനെ എണീറ്റിരുന്ന് ഓരോന്ന് ടൈപ്പ് ചെയ്യാൻ പറ്റൂ. പക്ഷേ, എല്ലാ സമയവും മനുഷ്യന് ഒരുപോലെയല്ല ഓക്സിജൻ ലഭിക്കുന്നത്. ചില നേരങ്ങളിൽ ചില കോശങ്ങൾക്ക് കൂടുതൽ ഓക്സിജൻ വേണ്ടിവരും. അങ്ങനെ കുറേ പ്രശ്നങ്ങളുണ്ട്. ഈ പ്രശ്നങ്ങളെയെല്ലാം ശരീരം പ്രത്യേക മെക്കാനിസത്തിലൂടെ പരിഹരിച്ച് അങ്ങനെ നിലനിൽക്കുന്നുണ്ട്. ശരീരത്തിന്റെ നിലനിൽപ്പ് തന്നെ ഈ ഓക്സിജൻ മെക്കാനിസത്തിലാണ്. കോശത്തിലെ ചില പ്രത്യേക ജീനുകൾ, അവ നൽകുന്ന നിർദ്ദേശം, അതിന്റെ ഫലമായി ഉത്പാദിപ്പിക്കപ്പെടുന്ന പ്രോട്ടീൻ അങ്ങനെ നീളുന്ന ചങ്ങലയാണ് ഈ മെക്കാനിസം.

ഈ മെക്കാനിസത്തെക്കുറിച്ച് ഇപ്പോൾ പറഞ്ഞത് എന്താണെന്ന് മനസ്സിലായിക്കാണുമല്ലോ, അമേരിക്കയിൽ നിന്നും ബ്രിട്ടണിൽ നിന്നുമുള്ള വില്യം ജി കെയ്ലിൻ, സർ പീറ്റർ ജെ റാഡ്ക്ലിഫ്, ഗ്രെഗ് എൽ സെമൻസ എന്നീ മൂന്ന് ശാസ്ത്രജ്ഞർക്ക് വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നു. ശരീരത്തിലെ ഓക്സിജൻ മെക്കാനിസം കണ്ടെത്തിയതിനാണ് അവാർഡ്.

ശരീരത്തിന്റെ ആരോഗ്യപരമായ നിലനിൽപ്പിന് ഈ ഓക്സിജൻ മെക്കാനിസം വളരെ അത്യന്താപേക്ഷിതമാണ്. ശ്വസനം, ദഹനം, പ്രതിരോധം, വ്യായാമം, ഉയർന്ന മേഖലയിലുള്ള താമസം, എന്തിന് ഒരു അണ്ഡം വികസിക്കുന്നതിൽ വരെ ഈ മെക്കാനിസത്തിന് നിർണായകമായ സ്ഥാനമുണ്ട്. ചില തരത്തിലുള്ള ക്യാൻസറുകൾ രൂപമെടുക്കുന്നതിലും അത് മറ്റ് കോശങ്ങളിലേക്ക് പടരുന്നതിലും ഓക്സിജൻ മെക്കാനിസം വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെ കോശങ്ങളിലേക്കുളള ഓക്സിജൻ അളവ് നിയന്ത്രിക്കുന്ന മെക്കാനിസത്തെ സംബന്ധിച്ച വിശദീകരണം മനുഷ്യശരീരത്തെ സംബന്ധിച്ച ഏറ്റവും വലിയ അറിവായി അംഗീകരിക്കപ്പെടേണ്ടതാണെന്ന് നോബേൽ കമ്മിറ്റി വിലയിരുത്തിയിരിക്കുന്നു.

വായിച്ചു തീർന്നവർക്ക് മൂക്കിന് താഴെ വിരൽ വച്ച് ശ്വസനം ഇപ്പോഴും നടക്കുന്നുണ്ടല്ലോ അല്ലേ എന്ന് ഒന്ന് നോക്കാവുന്നതാണ്. ഈ ഞാൻ ഉണ്ടല്ലോ, അത് ശരിക്കും ഒരു ഞാനല്ല, ഒരുമിച്ച് നിൽക്കുന്ന കോടിക്കണക്കിന് ഞാൻമാരാണ്. ഹേ കോശദൈവങ്ങളെ നിങ്ങൾ എന്റെ അടിമകളല്ല, ഞാൻ നിങ്ങളുടെ പ്രവർത്തനം കൊണ്ട് മാത്രം നിലനിൽക്കുന്നൊരാളാണ്. അതുകൊണ്ട് തന്നെ നിങ്ങളുടെ അടിമയാകുന്നു. എന്നിൽ കനിവ് തോന്നി നിങ്ങളുടെ പ്രവ‍ർത്തികൾ തുടർന്നാലും. അതിന് ആവശ്യമുള്ള ജ‍ഡരാ​ഗ്നിയും മറ്റ് മൂലകങ്ങളും നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് നിങ്ങളിൽ എത്തുമാറാകേണമേ... ആമേൻ... ഇതിൽ അറിഞ്ഞുകൊണ്ട് ഞാനെന്തെങ്കിലും ചെയ്യുന്നുണ്ടോ... അത് തന്നെയല്ലേ പ്രകൃതിയുടെ മഹാത്ഭുതം.

click me!