മനുഷ്യരും പുലികളും സ്‌നേഹത്തോടെ വസിക്കുന്ന ഒരിടം, അതും ഇന്ത്യയില്‍! പ്രിന്‍സ് പാങ്ങാടന്‍ എഴുതുന്നു
ബേര ഗ്രാമവാസികള്‍ പുള്ളിപ്പുലികളെയും തങ്ങളുടെ ജൈവ വ്യവസ്ഥയുടെ ഭാഗമായി കാണുന്നതിനാലാണ് അവരുടെ വളര്‍ത്തു മൃഗങ്ങളെ വന്യമൃഗങ്ങള്‍ വേട്ടയാടുന്നതില്‍ പോലും പരിഭവമോ പ്രതികാരമോ കാട്ടാത്തത്. പകരം അവര്‍ക്കും അവരുടെ ഭക്ഷണത്തിന് അവകാശമുണ്ടെന്നാണ് ബേരക്കാരുടെ പക്ഷം. മനുഷ്യര്‍ക്ക് നാടും വന്യമൃഗങ്ങള്‍ക്ക് കാടും എന്ന പരമ്പരാഗത ബോധത്തിന് എതിര്‍വശത്താണ് ബേര. പരസ്പര ബഹുമാനമാണ് ബേരയുടെ മുഖമുദ്രയെന്നാണ് ഇതുമായി ബന്ധപ്പെട്ട് നടന്ന പഠനത്തിന്റെ കാതല്‍.
undefined
ബേര ഗ്രാമവാസിയായ കര്‍ഷകന്‍ Photo: Gettyimages
എത്രയോ കാലമായി നമ്മുടെ വാര്‍ത്തകളില്‍ ഇടംപിടിക്കുന്ന, തലക്കെട്ടുകളില്‍ ഇടംപിടിക്കുന്ന ഒന്നാണ് മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം (man wild animal conflict). ഭക്ഷണം തേടിയോ, കാട് ചൂടുപിടിക്കുന്ന നേരത്തോ, വെള്ളം കിട്ടാതെ വരുമ്പോഴോ ഒക്കെ കാടിറങ്ങി വരുന്ന വന്യമൃഗങ്ങള്‍. കാടിനോടു ചേര്‍ന്ന പ്രദേശങ്ങളില്‍ ജീവിക്കുന്ന നാട്ടുകാരെ അവ ആക്രമിക്കുകയോ കൃഷി നശിപ്പിക്കുകയോ ചെയ്യുന്നതാണ് സംഭവം. കാലാവസ്ഥാ വ്യതിയാനത്തിന്റെ പുതിയ കാലത്ത് ഈ സംഘര്‍ഷം പുതിയ തലങ്ങളിലേക്ക് കടക്കുകയാണ് എന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
എന്നാല്‍, ഇക്കാലത്തും മനുഷ്യരും വന്യമൃഗങ്ങളും തമ്മില്‍ സംഘര്‍ഷങ്ങളില്ലാതെ സഹവസിക്കുന്ന സ്ഥലങ്ങളുണ്ടെന്ന് പറഞ്ഞാല്‍, വിശ്വസിക്കാനാവുമോ? അതും ഇന്ത്യയില്‍! മനുഷ്യരും വന്യമൃഗങ്ങളും തമ്മില്‍ സംഘര്‍ഷരഹിതമായ സഹവര്‍തിത്വം സാധ്യമാവുന്ന ആ ഇടം രാജസ്ഥാനിലാണ്. പാലി ജില്ലയിലെ ബേര!
വിദ്യാബാലന്‍ (ഷെര്‍ണി)
ഷെര്‍ണിയിലെ കടുവ, ബേരിയിലെ പുലി
കഴിഞ്ഞ വര്‍ഷം, കൃത്യം ഒരു വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ സിനിമയാണ് 'ഷെര്‍ണി.' വിദ്യാബാലന്‍ നായികയായി വന്ന നായികാ പ്രാധാന്യമുള്ള സിനിമ. ഇന്ത്യയുടെ ഓസ്‌കര്‍ എന്‍ട്രിയായിരുന്ന 'ന്യൂട്ടണ്‍' എന്ന ചിത്രത്തിന് ശേഷം നാല് വര്‍ഷം കഴിഞ്ഞ് അമിത് മസൂര്‍ക്കര്‍ സംവിധാനം ചെയ്ത സിനിമ.
ഈ സിനിമയില്‍ ഒരിടത്തും കടുവയെ/വന്യജീവികളെ ക്രൂരരായ വില്ലന്മാരായി ചിത്രീകരിക്കുന്നതേയില്ല. മറിച്ച് മനുഷ്യരെയാണ്-കൃത്യമായി പറഞ്ഞാല്‍ പുരുഷ കഥാപാത്രങ്ങളെയാണ് -വില്ലന്മാരായി പരിഗണിക്കുന്നത്. വനം, വന്യജീവി മനുഷ്യ സംഘര്‍ഷത്തിന്റെ കാലത്ത് കരുതലും കരുണയുമൊക്കെയാണ് വന്യ ജീവികള്‍ അര്‍ഹിക്കുന്നതെന്നാണ് ഷെര്‍ണിയിലൂടെ അമിത് മസൂര്‍ക്കര്‍ പറഞ്ഞു വെക്കുന്നത്.
സിനിമയിലെ ആദിവാസികളായ നാട്ടുകാര്‍ക്ക് കടുവ ഒരു പ്രശ്‌നമേ ആകുന്നില്ല. അവരൊരിക്കലും കടുവയെ കൊല്ലണമെന്നോ അതിനെ അതിന്റെ ആവാസ വ്യവസ്ഥയില്‍ നിന്ന് പുറത്താക്കണമെന്നോ ഒരിടത്തും പറയുന്നില്ല. പകരം കൊന്നൊടുക്കാന്‍ വിട്ടുകൊടുക്കാതെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. സിനിമയുടെ ക്ലൈമാക്‌സില്‍ ജ്യോതിയെന്ന കഥാപാത്രം വിദ്യാബാലന്റെ കഥാപാത്രത്തോട് കടുവാ കുഞ്ഞുങ്ങളെപ്പറ്റി പറയുന്നുണ്ട് - ''അവറ്റകളുടെ അമ്മ ചത്തുപോയതല്ലേ, ആരുമില്ലാത്തതല്ലേ, അതുകൊണ്ടാണ് ഞാന്‍ അവരെ ഇവിടെ സൂക്ഷിച്ചിരിക്കുന്നത്.''-എന്ന്.
ഈ മാനസികാവസ്ഥയിലാണ് ബേരയിലെ ഗ്രാമീണര്‍ എത്രയോ കാലമായി ജീവിക്കുന്നത്. അവര്‍ക്ക് കാടും കാട്ടിലെ മൃഗങ്ങളും അവരുടെ നിത്യജീവിതത്തില്‍ നിന്ന് വേറിട്ട ഒന്നല്ല, ജീവിതത്തിന്റെ ഭാഗം തന്നെയാണ്.
ഷെര്‍ണിയിലെ സാങ്കല്‍പ്പിക ഗ്രാമത്തില്‍ കടുവയാണ് ഗ്രാമീണ ജീവിതവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ജീവിയെങ്കില്‍ ബേരയെന്ന യഥാര്‍ത്ഥ ഗ്രാമത്തില്‍ ഗ്രാമീണരുമായി ഇടപഴകി ജീവിക്കുന്ന ജീവി വര്‍ഗ്ഗം പുള്ളിപ്പുലികളാണ്.
ബേരയിലെ പുള്ളിപ്പുലി Photo: Gettyimages
വേട്ടകള്‍ തുടര്‍ക്കഥ
രാജസ്ഥാനിലെ ഉദയ്പൂരില്‍ നിന്ന് മൂന്ന് മണിക്കൂര്‍ യാത്ര ചെയ്താല്‍ ബേരയെന്ന ഗ്രാമത്തിലെത്താം. ശരിക്കും ഇത് വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട സഫാരി ഗ്രാമമാണ്. ഇവിടെ വസിക്കുന്ന ഗ്രാമീണരുടെ വേരുകള്‍ തേടിപ്പോയാല്‍ ഇറാനിലെത്തും. ഇറാനില്‍ നിന്ന് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഇന്ത്യയിലേക്ക് കുടിയേറിപ്പാര്‍ത്ത നാടോടികളായ ഇടയന്‍മാരുടെ പിന്‍ഗാമികള്‍. ഏകദേശം 60 പുള്ളിപ്പുലികള്‍, അത്രതന്നെ കഴുതപ്പുലികള്‍, മരുഭൂമിയിലെ കുറുക്കന്മാര്‍, കാട്ടുപന്നികള്‍, മറ്റ് ചെറിയ മൃഗങ്ങള്‍ എന്നിങ്ങനെ ചുറ്റുപാടുമുള്ള എല്ലാ ജീവി വര്‍ഗ്ഗത്തോളും ചേര്‍ന്നുള്ള ജൈവിക ജീവിതമാണ് ഈ ഗ്രാമീണര്‍ നയിക്കുന്നത്. ഇരു കൂട്ടരും തമ്മില്‍ യാതൊരു സംഘര്‍ഷവുമില്ലെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.
2018 -ലെ കണക്കെടുപ്പില്‍ രാജ്യത്ത് 12,852 പുള്ളിപ്പുലികള്‍ ഉണ്ടെന്നാണ് കണ്ടെത്തിയത്. സമീപ വര്‍ഷങ്ങളില്‍ ഇവയുടെ എണ്ണം വര്‍ദ്ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മുന്‍പ് അങ്ങനെ ആയിരുന്നില്ല. എന്നാല്‍ ഇപ്പോഴും ആശ്വസിക്കാവുന്ന വാര്‍ത്തകളല്ല രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്നായി വരുന്നത്. 2021 ന്റെ ആദ്യ ആറ് മാസം മാത്രം വിവിധ ഭാഗങ്ങളിലായി 102 പുള്ളിപ്പുലികള്‍ വേട്ടയാടപ്പെട്ടു. 22 എണ്ണം ഗ്രാമവാസികളാല്‍ കൊല്ലപ്പെട്ടു. ഇതൊക്കെ പുറത്തു വരുന്ന കണക്കുകള്‍ മാത്രമാണ്. അല്ലാത്തവ ഉണ്ടാകുമെന്ന കാര്യം ഉറപ്പ്.
2012 മുതല്‍ 2018 വരെയുള്ള കാലയളവില്‍ രാജസ്ഥാനില്‍ മാത്രം 238 പുള്ളിപ്പുലികളാണ് കൊല്ലപ്പെട്ടത്. മനുഷ്യര്‍ക്കെതിരെയുള്ള പുള്ളിപ്പുലി ആക്രമണങ്ങളെക്കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ ഭയാനകമാംവിധം ഈ മേഖലകളില്‍ പതിവാണ്. അതാകട്ടെ ഇത്രയേറെ ജനസാന്ദ്രതയേറിയ ഒരു രാജ്യത്ത് ഇരുവശത്തേക്കുമുള്ള കയ്യേറ്റങ്ങള്‍ അനിവാര്യമായത് കൊണ്ട് സംഭവിക്കുന്നതുമാണ്.
ബേരയിലെ പുള്ളിപ്പുലി Photo: Gettyimages
എന്തു കൊണ്ട് ഈ സഹവര്‍തിത്ത്വം
എന്നാല്‍ ബേരയില്‍ എന്തുകൊണ്ടാണ് പുള്ളിപ്പുലികളും മനുഷ്യരും തമ്മില്‍ ഇത്രയേറെ സഹവര്‍ത്തിത്വം?
WCS ഇന്ത്യ, ഹിമാചല്‍ പ്രദേശ് വനം വകുപ്പ്, നോര്‍വേയിലെ NINA എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ ബേരയിലെ ഈ സഹവര്‍ത്തിത്വ ജീവിതത്തെപ്പറ്റി വിശദമായ പഠനം നടത്തിയിരുന്നു. ഈ പഠനം പിന്നീട് ബ്രിട്ടീഷ് ഇക്കോളജിക്കല്‍ സൊസൈറ്റിയുടെ ജേണലില്‍ പ്രസിദ്ധീകരിച്ചു. ബേര വന്യജീവികളുമായി സഹവര്‍ത്തിച്ച് ജീവിക്കുന്നതിനെപ്പറ്റിയായിരുന്നു പഠനം.
കഴിഞ്ഞ 50 വര്‍ഷത്തിനിടെ ബേരയില്‍ വന്യമൃഗ വേട്ട ഉണ്ടായിട്ടേയില്ലെന്നത് അത്ഭുതപ്പെടുത്തുന്ന വസ്തുതയാണ്. ലോകത്ത് തന്നെ ഏറ്റവും വലിയ പുള്ളിപ്പുലി സാന്ദ്രതയുള്ള മേഖലയാണ് ബേര. ഓരോ പുള്ളിപ്പുലിയ്ക്കും ഓരോ പേരുകളുണ്ട്. ആ പേരുകളിലാണ് ഗ്രാമവാസികള്‍ ഇവരെ തിരിച്ചറിയുന്നതും.
പരമശിവനെ ദൈവമായി ആരാധിക്കുന്നവരാണ് ഗ്രാമവാസികളില്‍ ഭൂരിപക്ഷവും. തങ്ങളുടെ കന്നുകാലികളെ പുള്ളിപ്പുലികള്‍ കൊല്ലുന്നത് ദൈവത്തിനുള്ള ഭക്ഷണ ബലിയായാണ് അവര്‍ കണക്കാക്കുന്നത്. എന്നാല്‍ രാജ്യത്ത് മറ്റെവിടെയും ഇത്തരത്തില്‍ കണക്കാക്കപ്പെടുന്നില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്.
ബേര ഗ്രാമവാസികള്‍ പുള്ളിപ്പുലികളെയും തങ്ങളുടെ ജൈവ വ്യവസ്ഥയുടെ ഭാഗമായി കാണുന്നതിനാലാണ് അവരുടെ വളര്‍ത്തു മൃഗങ്ങളെ വന്യമൃഗങ്ങള്‍ വേട്ടയാടുന്നതില്‍ പോലും പരിഭവമോ പ്രതികാരമോ കാട്ടാത്തത്. പകരം അവര്‍ക്കും അവരുടെ ഭക്ഷണത്തിന് അവകാശമുണ്ടെന്നാണ് ബേരക്കാരുടെ പക്ഷം. മനുഷ്യര്‍ക്ക് നാടും വന്യമൃഗങ്ങള്‍ക്ക് കാടും എന്ന പരമ്പരാഗത ബോധത്തിന് എതിര്‍വശത്താണ് ബേര.
പരസ്പര ബഹുമാനമാണ് ബേരയുടെ മുഖമുദ്രയെന്നാണ് ഇതുമായി ബന്ധപ്പെട്ട് നടന്ന പഠനത്തിന്റെ കാതല്‍. അതുതന്നെയാണ് പുള്ളിപ്പുലികളോട് ഗ്രാമീണര്‍ക്കുള്ളതും, ഗ്രാമീണരോട് പുള്ളിപ്പുലികള്‍ക്ക് ഉള്ളതും. അത്തരത്തില്‍ അന്യോന്യം ബഹുമാനത്തിലൂന്നിയ ജീവിതം കൊണ്ടാണ് പരസ്പരം സംഘര്‍ഷം ഇല്ലാതെ മുന്നോട്ട് പോകാന്‍ ബേരയ്ക്ക് കഴിയുന്നത്.