ഇവിടെ പതിയിരിക്കുന്ന അപകടങ്ങൾ പലതാണ്. അതിൽ പ്രധാനപ്പെട്ടവ പ്രവചനാതീതമായ ചുഴലിക്കാറ്റുകൾ, സ്രാവുകളുടെ ആക്രമണം, സർഫിംഗിലെ ബുദ്ധിമുട്ടുകൾ എന്നിവയാണ്.
നദികളും സമുദ്രങ്ങളും വെള്ളക്കെട്ടുകളും ഒക്കെയായി ബന്ധപ്പെട്ട് മനുഷ്യൻ നേരിട്ടിട്ടുള്ള ദുരന്തങ്ങൾ അനവധിയാണ്. വെള്ളത്തിൻറെ പ്രവചനാതീതമായ സ്വഭാവം തന്നെയാണ് ഇത്തരം ദുരന്തങ്ങൾക്കെല്ലാം പിന്നിലെ പ്രധാന കാരണം. ശാന്തമായൊഴുകുന്ന പുഴ പോലും തീർത്തും അപ്രതീക്ഷിതമായ ഒരു നിമിഷത്തിൽ ഉഗ്രകോപിയായി മാറിയേക്കാം. എന്നാൽ, സമുദ്രങ്ങളോട് ചേർന്നാണെങ്കിലും ഇത്തരത്തിൽ അപകടകാരികളായി മാറുന്ന ബീച്ചുകളെക്കുറിച്ച് നാം അധികം കേട്ടിട്ടുണ്ടാകില്ല. പക്ഷേ, ഇതിന് വിപരീതമായി ആളെ അപായപ്പെടുത്തുന്ന ഒരു ബീച്ച് ഫ്ലോറിഡയിൽ ഉണ്ട്. അമേരിക്കയിലെ ഏറ്റവും അപകടം പിടിച്ച ബീച്ചായാണ് ഇത് അറിയപ്പെടുന്നത്. ഫ്ലോറിഡയുടെ കിഴക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന ന്യൂ സ്മിർണ ബീച്ചാണ് അപകടങ്ങൾ പതിയിരിക്കുന്ന ഈ ബീച്ച്.
ഡെയ്‌ലി സ്റ്റാറിൻ്റെ റിപ്പോർട്ടുകൾ പ്രകാരം, ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ട അപകടങ്ങളുടെ എണ്ണം കണക്കിലെടുത്ത് സ്മിർണ ബീച്ചിനെ "അമേരിക്കയിലെ ഏറ്റവും അപകടകരമായ ബീച്ച്" എന്നാണ് വിശേഷിപ്പിക്കുന്നത്. പ്രകൃതി രമണീയത കൊണ്ട് സമ്പന്നമാണ് ഈ ബീച്ചെങ്കിലും ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ട അസുഖകരമായ മരണങ്ങളുടെ എണ്ണം ആരെയും അസ്വസ്ഥപ്പെടുത്തുന്നതാണ്.
അമേരിക്കയിലെ ഏറ്റവും അപകടം പിടിച്ച 10 ബീച്ചുകളുടെ പട്ടികയിലാണ് സ്മിർണ ബീച്ച് ഒന്നാം സ്ഥാനത്തുള്ളത്. ഇവിടെ പതിയിരിക്കുന്ന അപകടങ്ങൾ പലതാണ്. അതിൽ പ്രധാനപ്പെട്ടവ പ്രവചനാതീതമായ ചുഴലിക്കാറ്റുകൾ, സ്രാവുകളുടെ ആക്രമണം, സർഫിംഗിലെ ബുദ്ധിമുട്ടുകൾ എന്നിവയാണ്. ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള മരണങ്ങളിൽ ഈ മൂന്നു കാരണങ്ങളാൽ മരിച്ചവരാണ് കൂടുതൽ. ബീച്ചിൽ ഇതുവരെ 185 സ്രാവ് ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.