പഴകിയ വസ്ത്രങ്ങൾ കളയണ്ട; പൊതുവിടങ്ങളിൽ ഷെൽഫുകൾ സ്ഥാപിച്ച് വിദ്യാർത്ഥികൾ

By Bindu A V  |  First Published Dec 3, 2019, 4:08 PM IST

ഒരു ഷെൽഫിൽ 15 -ലധികം അറകളുണ്ടാവും. കുട്ടികൾക്കും സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള വസ്ത്രങ്ങൾക്ക് വെവ്വേറെ അറകളാണ്. ആവശ്യക്കാർക്ക് പിന്നീട് എടുക്കാവുന്ന തരത്തിലാണ് വസ്ത്രങ്ങൾ അടുക്കിവെയ്ക്കുക. 


ബംഗളൂരു: ഏകദേശം 6000 ടൺ മാലിന്യമാണ് ബംഗളൂരു കോർപ്പറേഷൻ ജീവനക്കാർ പ്രതിദിനം നഗരത്തിൽ നിന്ന് നീക്കം ചെയ്യുന്നത് എന്നാണ് കണക്ക്. ഉപയോഗിച്ച് പഴകിയതിനുശേഷം ഉപേക്ഷിക്കുന്ന വസ്ത്രങ്ങളും ഇതിൽപ്പെടും. നഗരത്തെ മാലിന്യമുക്തമാക്കി ഉപേക്ഷിക്കപ്പെടുന്ന വസ്ത്രങ്ങൾ പാവപ്പെട്ടവർക്ക് പുനരുപയോഗിക്കാനുളള സൗകര്യമൊരുക്കുകയാണ് നഗരത്തിലെ ഒരുകൂട്ടം വിദ്യാർത്ഥികൾ.

വസ്ത്രങ്ങൾ പാവപ്പെട്ടവർക്ക് ലഭ്യമാക്കുന്നതിനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കെട്ടിടങ്ങളിലെ ചുവരുകളിൽ ഷെൽഫുകൾ സ്ഥാപിച്ചാണ് ‘കരുണയുടെ ചുവരുകൾ’ എന്നു എന്നു പേരിട്ട പദ്ധതിയുടെ തുടക്കം. നിലവിൽ ദാസറഹളളി മെയിൻ റോഡിലും ആർടി നഗറിലുമാണ് (ബിബിഎംപി സ്കൂളിനു സമീപം) ഷെൽഫുകൾ സ്ഥാപിക്കുക. അതാത് ഏരിയകളിലുള്ളവർക്ക് വസ്ത്രങ്ങൾ ഈ ഷെൽഫുകളിൽ നിക്ഷേപിക്കാം. അതിനുപുറമേ വിദ്യാർത്ഥികൾ വീടുകളിൽ കയറിയിറങ്ങി വസ്ത്രങ്ങൾ ശേഖരിച്ച് ഷെൽഫുകളിലെത്തിക്കുകയും ചെയ്യും.

Latest Videos

ഒരു ഷെൽഫിൽ 15 -ലധികം അറകളുണ്ടാവും. കുട്ടികൾക്കും സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള വസ്ത്രങ്ങൾക്ക് വെവ്വേറെ അറകളാണ്. ആവശ്യക്കാർക്ക് പിന്നീട് എടുക്കാവുന്ന തരത്തിലാണ് വസ്ത്രങ്ങൾ അടുക്കിവെയ്ക്കുക. പൊതുജനങ്ങളിൽ നിന്ന് ഫണ്ട് സ്വരൂപിച്ചാണ് ഈ അലമാരകൾക്കുള്ള പണം വിദ്യാർത്ഥികൾ കണ്ടെത്തുന്നത്.

 

“പ്രതിദിനം ലോകത്ത് ഉത്പ്പാദിപ്പിക്കപ്പെടുന്ന മാലിന്യങ്ങളിൽ രണ്ടാം സ്ഥാനം ടെക്സ്റ്റൈല്‍ മേഖലയിൽ നിന്നാണ്. പ്രതിവർഷം 15 മില്യൺ ടൺ ടെക്സ്റ്റൈൽ മാലിന്യങ്ങൾ ലോകത്ത് ഉത്പ്പാദിപ്പിക്കപ്പെടുന്നുവെന്നാണ് കണക്ക്. ഇതിന്‍റെ പ്രധാന കാരണം ഫാഷനും. ഫാഷൻ മാറുന്നതിനനുസരിച്ച് ആളുകൾ അവ ഉപേക്ഷിക്കുന്നു. ഇങ്ങനെ ഉപേക്ഷിക്കപ്പെടുന്ന മാലിന്യങ്ങൾ ഒടുവിൽ നിക്ഷേപിക്കപ്പെടുന്നത് കടലിലും മാലിന്യ സംസ്ക്കരണ സ്ഥലങ്ങളിലുമാണ്. ചെറിയ ശതമാനം ആളുകൾ മാത്രമാണ് വസ്ത്രങ്ങൾ അനാഥാലയങ്ങൾക്കോ എൻജിഒ -കൾക്കോ മറ്റോ കൈമാറുന്നത്. ഇത്തരം ഷെൽഫുകൾ സ്ഥാപിക്കുന്നതിലൂടെ ഇക്കാര്യത്തിൽ ജനങ്ങൾക്ക് അവബോധം നൽകാൻ കഴിയും. ഷെൽഫുകളിൽ നിക്ഷേപിക്കപ്പെടുന്ന ഉപയോഗശൂന്യമായ വസ്ത്രങ്ങൾകൊണ്ട് ബാഗുകൾ, മാറ്റുകൾ തുടങ്ങിയ ഉത്പ്പന്നങ്ങൾ നിർമ്മിക്കാനാവുമെന്നും അതുവഴി ഒരുപാട് പേർക്ക് തൊഴിൽ ലഭിക്കുമെന്നും വിദ്യാർത്ഥികളിലൊരാളായ സൗമ്യ അഗർവാൾ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.

സൗമ്യയെക്കൂടാതെ അദ്വിത പോട്നിസ്, ആർണവ് നായർ, കുനാൽ കശ്യപ്, നയ്സ കൊക്കു, സനത് മഹാജൻ എന്നിവരാണ് മറ്റു വിദ്യാർത്ഥികൾ. സ്കൂളിലെ പ്രൊജക്ടിന്റെ ഭാഗമാണെങ്കിലും ഈ പദ്ധതി നഗരത്തിന്റെ മറ്റു ഭാഗങ്ങളിലും പ്രാവർത്തികമാക്കാനുള്ള തയ്യാറെടുപ്പിലാണിവർ. കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി പൊതുസ്ഥലങ്ങളിൽ ഇതു സംബന്ധിച്ച അറിയിപ്പ് നൽകാൻ ആലോചിക്കുന്നതായും അതിനായി കൂടുതൽ ഫണ്ട് സ്വരൂപിക്കേണ്ടതുണ്ടെന്നും വിദ്യാർത്ഥികൾ പറയുന്നു.

എളുപ്പം നീക്കം ചെയ്ത് മറ്റൊരിടത്തു സ്ഥാപിക്കാവുന്ന തരത്തിലാണ് ഷെൽഫുകളുടെ നിർമ്മാണം. സാധാരണക്കാർക്ക് മനസ്സിലാവുന്നതിനു വേണ്ടി ഷെൽഫ് ബോർഡിൽ കന്നട, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ ഇതേ കുറിച്ചുള്ള വിവരങ്ങൾ നൽകുമെന്നും സൗമ്യ പറഞ്ഞു.

ഷെൽഫുകൾ നിർമ്മിക്കുന്നതിനുള്ള ഫണ്ട് നൽകാൻ താത്പര്യമുള്ളവർക്ക് ഈ മെയിൽ ഐഡിയിൽ ബന്ധപ്പെടാം- sammeg@rediffmail.com


 

click me!