രാവിലെ 11.30 -ന് പോയ വൈദ്യുതി എല്ലാ പ്രശ്നവും പരിഹരിച്ച് തിരികെ വന്നത് വൈകുന്നേരം ആറ് മണിക്കാണത്രെ. വൈദ്യുതി മുടങ്ങിയത് കുറച്ചുനേരത്തേക്ക് ഇവിടെ ജലവിതരണം മുടങ്ങാനും കാരണമായി തീർന്നിരുന്നു.
സ്വതവേ വലിയ ശല്ല്യക്കാരായ അറിയപ്പെടുന്ന മൃഗങ്ങളാണ് കുരങ്ങന്മാർ. ആർക്ക് വേണമെങ്കിലും എപ്പോൾ എവിടെ വേണമെങ്കിലും ഇവ ശല്ല്യമുണ്ടാക്കാം. കയ്യിലിരിക്കുന്ന ആഹാരസാധനങ്ങൾ തട്ടിപ്പറിക്കുക, എന്തെങ്കിലുമൊക്കെ എടുത്ത് എറിയുക, വെറുതെ പിന്നാലെ നടന്ന് ബുദ്ധിമുട്ടിക്കുക അങ്ങനെ എന്തൊക്കെയോ പ്രശ്നങ്ങൾ ഇവന്മാരുണ്ടാക്കാറുണ്ട്. എന്നാൽ, ശ്രീലങ്കയിലെ ഒരു കുരങ്ങൻ കാരണം ഇവിടുത്തുകാർ വലിയ പുലിവാലാണ് പിടിച്ചത്.
ഏകദേശം ഒരു ദിവസം മൊത്തം വൈദ്യുതി ഇല്ലാതെയാവാനാണ് ഒരു കുരങ്ങൻ കാരണമായിത്തീർന്നത്. ശ്രീലങ്കയിലെ ഇലക്ട്രിക്കൽ ഗ്രിഡ് സബ് സ്റ്റേഷനിൽ നുഴഞ്ഞുകയറിയ ഒരു കുരങ്ങനാണ് ഞായറാഴ്ച ഇവിടമുടനീളം വൈദ്യുതി ഇല്ലാതെയാക്കി കളഞ്ഞത് എന്നാണ് അധികൃതർ പറയുന്നത്. രാവിലെ 11.30 ഓടു കൂടിയാണ് കുരങ്ങൻ ഇതിനകത്ത് കയറുന്നതും വൈദ്യുതി പോകാൻ കാരണമായിത്തീരുന്നതും.
ഒരു കുരങ്ങൻ ഞങ്ങളുടെ ഗ്രിഡ് ട്രാൻസ്ഫോർമറിൽ കയറി. ഇത് പ്രശ്നങ്ങളുണ്ടാക്കിയെന്നും അതാണ് വൈദ്യുതി പോകാൻ കാരണമായി തീർന്നത് എന്നും ഊർജ്ജ മന്ത്രി കുമാര ജയക്കൊടി മാധ്യമപ്രവർത്തകരോട് പറഞ്ഞു. സൗത്ത് കൊളംബോയിലെ ഇലക്ട്രിക്കൽ ഗ്രിഡ് സബ് സ്റ്റേഷനിലാണ് കുരങ്ങൻ കയറിയത്.
രാവിലെ 11.30 -ന് പോയ വൈദ്യുതി എല്ലാ പ്രശ്നവും പരിഹരിച്ച് തിരികെ വന്നത് വൈകുന്നേരം ആറ് മണിക്കാണത്രെ. വൈദ്യുതി മുടങ്ങിയത് കുറച്ചുനേരത്തേക്ക് ഇവിടെ ജലവിതരണം മുടങ്ങാനും കാരണമായി തീർന്നിരുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു.
2022 -ലെ വേനൽക്കാലത്ത് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ശ്രീലങ്കയിൽ മാസങ്ങളോളം വൈദ്യുതി വിതരണം തടസപ്പെട്ടിരുന്നു.