ആകാശത്ത് സൂര്യനെപ്പോലെ ശോഭയുള്ള രണ്ട് തിളങ്ങുന്ന വസ്തുക്കൾ, അന്യഗ്രഹത്തിൽ നിന്നുള്ളതെന്ന് ദമ്പതികൾ 

By Web TeamFirst Published Jul 2, 2024, 5:03 PM IST
Highlights

സൂര്യനെപ്പോലെ ശോഭയുള്ള രണ്ട് വസ്തുക്കൾ, വിന്നിപെഗ് നദിയുടെ വടക്കൻ തീരത്തിന് മുകളിൽ നിന്ന് തെക്കോട്ട് വേഗത്തിൽ ചലിക്കുന്നത് കണ്ടു. പിന്നീടത് ഒരു മേഘത്തിന് പിന്നിൽ അപ്രത്യക്ഷമായി എന്നാണ് ഇവർ പറയുന്നത്.

വിന്നിപെഗ് നദിക്ക് മുകളിൽ സൂര്യനെപ്പോലെ ശോഭയുള്ള രണ്ട് തിളങ്ങുന്ന വസ്തുക്കൾ കണ്ടെന്നും അത് ഏതോ അന്യ​ഗ്രഹത്തിൽ നിന്നുള്ളതാണ് എന്നും കനേഡിയൻ ദമ്പതികൾ. ജസ്റ്റിൻ സ്റ്റീവൻസണും ഭാര്യ ഡാനിയേൽ ഡാനിയൽസ്-സ്റ്റീവൻസണും ആണ് മെയ് 14 -ന് ഫോർട്ട് അലക്സാണ്ടറിലൂടെ വാഹനമോടിക്കുമ്പോൾ തങ്ങൾ മഞ്ഞ വെളിച്ചമുള്ള നിഗൂഢമായ ​ഗ്രഹങ്ങൾ കണ്ടു എന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. 

സൂര്യനെപ്പോലെ ശോഭയുള്ള രണ്ട് വസ്തുക്കൾ, വിന്നിപെഗ് നദിയുടെ വടക്കൻ തീരത്തിന് മുകളിൽ നിന്ന് തെക്കോട്ട് വേഗത്തിൽ ചലിക്കുന്നത് കണ്ടു. പിന്നീടത് ഒരു മേഘത്തിന് പിന്നിൽ അപ്രത്യക്ഷമായി എന്നാണ് ഇവർ പറയുന്നത്. അന്യഗ്രഹ ജീവികളെ കുറിച്ച് പഠനം നടത്തുന്നതിൽ ഏറെ തല്പരനായ സ്റ്റീവൻസൺ ഈ അനുഭവത്തെ ഒരു സയൻസ് ഫിക്ഷൻ സിനിമയിൽ കാണുന്നതുപോലെ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. 

ആകാശത്ത് തീ പോലെ വളരെ തെളിച്ചമുള്ളതായാണ് ആ വസ്തുക്കൾ കണ്ടതെന്നും ഇദ്ദേഹം വെളിപ്പെടുത്തുന്നു. സംഭവം ഇവർ ക്യാമറയിൽ റെക്കോർഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോ ദൃശ്യങ്ങളിൽ ഇദ്ദേഹം പറഞ്ഞതിന് സമാനമായ രീതിയിൽ തീഗോളം പോലെയുള്ള രണ്ട് വസ്തുക്കൾ നദിക്ക് മുകളിലായി ജ്വലിച്ചു നിൽക്കുന്നത് കാണാം.

താൻ കണ്ടത് അന്യഗ്രഹ ജീവികളുടെ സാന്നിധ്യം ഉറപ്പു നൽകുന്ന കാഴ്ചയാണ് എന്ന ഉറച്ച നിലപാടിലാണ് സ്റ്റീവൻസൺ. ഈ കാഴ്ച കാണുന്നതിന് മുമ്പ് വരെ തനിക്ക് സംശയമുണ്ടായിരുന്നുവെന്നും എന്നാൽ ഈ കാഴ്ച ഭൂമിക്കപ്പുറത്തും ജീവനുണ്ടെന്ന് തനിക്ക് ബോധ്യപ്പെടുത്തി തന്നു എന്നുമാണ് ഇദ്ദേഹം പറയുന്നത്. ഇദ്ദേഹത്തിൻറെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി പേരാണ് സമാനാഭിപ്രായ പ്രകടനങ്ങൾ നടത്തിയത്. അത് ഉൽക്കകളാണ് എന്ന കാര്യത്തിൽ സംശയമില്ല എന്നായിരുന്നു മറ്റ് ചിലർ അഭിപ്രായപ്പെട്ടത്.

കാനഡയിൽ 2023 -ൽ മാത്രം കുറഞ്ഞത് അന്യഗ്രഹവുമായി ബന്ധപ്പെട്ട 17 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വെസ്റ്റ്‌ജെറ്റ്, എയർ ഫ്രാൻസ്, ബ്രിട്ടീഷ് എയർവേയ്‌സ് എന്നിവിടങ്ങളിൽ നിന്നുള്ള പൈലറ്റുമാരും ജോലിക്കാരും ഉൾപ്പെടെയുള്ളവർ തങ്ങൾക്കുണ്ടായ ഇത്തരം അനുഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2023 ഫെബ്രുവരിയിൽ, രണ്ട് എയർലൈനുകൾ ക്യൂബെക്കിന് മുകളിലൂടെ ആകാശത്ത് വിചിത്രമായ ലൈറ്റുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ട്രാൻസ്പോർട്ട് കാനഡയുടെ ഒരു ഓൺലൈൻ ഏവിയേഷൻ  ഡാറ്റാബേസിൽ ഈ ദൃശ്യങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.
 

tags
click me!