വീട്ടിലിരുന്ന് ജോലി ചെയ്ത് പണം സമ്പാദിക്കാനുള്ള മാർഗ്ഗം വാഗ്ദാനം ചെയ്ത് കൊണ്ടാണ് തട്ടിപ്പ് സംഘാംഗങ്ങൾ 49 കാരിയായ സ്ത്രീയെ വലയിലാക്കിയത്. പരാതിയുമായി ഇവർ ഇപ്പോൾ പോലീസിനെ സമീപിച്ചിരിക്കുകയാണ്.
ഊരും പേരും മുഖവും ഒന്നുമില്ലാത്ത തട്ടിപ്പ് സംഘങ്ങൾ ഓൺലൈനിൽ ചതിക്കുഴികൾ തീർക്കുന്നതിന്‍റെ വാർത്തകൾ ഓരോ ദിവസവും പുറത്തുവരുന്നുണ്ടെങ്കിലും ഇപ്പോഴും തട്ടിപ്പിനിരയാകുന്നവരുടെ എണ്ണത്തിൽ യാതൊരു കുറവുമില്ല. കഴിഞ്ഞ ദിവസം മുംബൈയിൽ ഓൺലൈൻ തട്ടിപ്പ് സംഘത്തിന്‍റെ വലയിൽ വീണ സ്ത്രീക്ക് പത്ത് ലക്ഷം രൂപ നഷ്ടമായി. വീട്ടിലിരുന്ന് ജോലി ചെയ്ത് പണം സമ്പാദിക്കാനുള്ള മാർഗ്ഗം വാഗ്ദാനം ചെയ്ത് കൊണ്ടാണ് തട്ടിപ്പ് സംഘാംഗങ്ങൾ 49 കാരിയായ സ്ത്രീയെ വലയിലാക്കിയത്. പരാതിയുമായി ഇവർ ഇപ്പോൾ പോലീസിനെ സമീപിച്ചിരിക്കുകയാണ്.
ഫേസ്ബുക്കിൽ 'വർക്ക് ഫ്രം ഹോം' പരസ്യം കണ്ട സ്ത്രീ, തനിക്ക് ജോലി ചെയ്യാൻ താല്പര്യമുണ്ടെന്ന് അറിയിച്ച് പരസ്യത്തിന് താഴെ കമന്‍റ് ചെയ്തു. ഉടൻ തന്നെ മെസഞ്ചർ ആപ്പിൽ യുവതിയെ തേടി സന്ദേശമെത്തി. ജോലി ചെയ്യാൻ താല്പര്യമുണ്ടെങ്കിൽ മറ്റ് വിവരങ്ങൾ അറിയാൻ കമ്പനി അധികൃതർക്ക് ബന്ധപ്പെടാൻ യുവതിയുടെ നമ്പർ ആവശ്യപ്പെട്ട് കൊണ്ടായിരുന്നു മെസ്സേജ്. അവർ ഉടൻതന്നെ തന്‍റെ നമ്പർ മെസ്സഞ്ചറിൽ അയച്ച് കൊടുക്കുകയും തൊട്ടടുത്ത നിമിഷം അവരെ തേടി ഒരു ഫോണ്‍ കോൾ വരികയും ചെയ്തു.
കൂടുതല്‍ വായനയ്ക്ക്: ഒറ്റയാത്ര, ലിസ ഫത്തോഫറിന് ലോക റെക്കോര്‍ഡ് ഒന്നും രണ്ടുമല്ല പത്ത്!
തങ്ങൾ അയച്ച് തരുന്ന യൂട്യൂബ് വീഡിയോ ലിങ്ക്കൾ തുറന്ന് അവയ്ക്ക് ലൈക്ക് ചെയ്യുക എന്നതായിരുന്നു യുവതിക്ക് അവർ നൽകിയ ജോലി. ലൈക്ക് ചെയ്തതിന് ശേഷം അതിന്‍റെ സ്ക്രീൻഷോട്ട് കമ്പനിക്ക് അയച്ച് കൊടുക്കുന്ന മുറയ്ക്ക് ഓൺലൈനായി പണം ബാങ്ക് അക്കൗണ്ടിൽ കയറും. ആദ്യ വീഡിയോകൾ ലൈക്ക് ചെയ്തപ്പോൾ ഇവരുടെ അക്കൗണ്ടിൽ 150 രൂപ കയറി. അതോടെ ഇവർക്ക് തന്നെ ജോലി ഏൽപ്പിച്ചവരോടുള്ള വിശ്വാസം വർദ്ധിച്ചു. എന്നാൽ, ഏതാനും ദിവസങ്ങൾ കഴിഞ്ഞതോടെ നിരവധി വീഡിയോകൾ ലൈക്ക് ചെയ്തെങ്കിലും പണമെന്നും അക്കൗണ്ടിൽ കയറിയില്ല. അപ്പോൾ അവർ കമ്പനിയുമായി ബന്ധപ്പെട്ടു. ഇനിമുതൽ പണം കിട്ടണമെങ്കിൽ മറ്റ് ജോലികൾ കൂടി ചെയ്യണം എന്നായിരുന്നു അപ്പോൾ മറുപടി.
തുടർന്ന് അവർ യുവതിയെ ബിറ്റ്കോയിനിൽ പണം നിക്ഷേപിക്കാൻ പ്രേരിപ്പിച്ച് കൊണ്ടേയിരുന്നു. തട്ടിപ്പ് സംഘാംഗങ്ങൾ നൽകിയ മോഹന വാഗ്ദാനങ്ങൾ വിശ്വസിച്ച് അവർ ഒടുവിൽ ബിറ്റ്കോയിനില്‍ പണം നിക്ഷേപിച്ചു. തന്‍റെ വെർച്വൽ അക്കൗണ്ടിൽ പണം കൂടുന്നത് കണ്ടതോടെ യുവതിക്ക് ആവേശമായി. അവർ കൂടുതൽ പണം നിക്ഷേപിക്കാൻ തുടങ്ങി. അങ്ങനെ 2 ലക്ഷത്തോളം രൂപ ഇവർ ബിറ്റ്കോയിനിൽ നിക്ഷേപിച്ചു. ഒടുവിൽ വെർച്വൽ അക്കൗണ്ടിൽ 20 ലക്ഷം രൂപ ആയതോടെ അവർ പണം പിൻവലിക്കാൻ തീരുമാനിച്ചു. പക്ഷേ പണം പിൻവലിക്കാൻ സാധിച്ചില്ല. ഉടൻതന്നെ അവർ വീണ്ടും കമ്പനി അധികൃതരുമായി ബന്ധപ്പെട്ടു. അപ്പോഴായിരുന്നു യഥാർത്ഥ തട്ടിപ്പ് നടന്നത്.
കൂടുതല്‍ വായനയ്ക്ക്: ന്യൂസിലന്‍റ് പൈലറ്റിന്‍റെ മോചനം; പാപ്പുവയില്‍ സൈനിക നീക്കത്തിന് തയ്യാറെന്ന് ഇന്തോനേഷ്യന്‍ സൈന്യം
പണം പിൻവലിക്കണമെങ്കിൽ എട്ട് ലക്ഷം രൂപ മറ്റൊരു അക്കൗണ്ടിലേക്ക് നികുതി ആവശ്യങ്ങൾക്കായി നിക്ഷേപിക്കണമെന്ന് തട്ടിപ്പ് സംഘാംഗങ്ങൾ യുവതിയെ പറഞ്ഞു വിശ്വസിപ്പിച്ചു. ഇത് സത്യമാണെന്ന് കരുതിയ യുവതി എട്ട് ലക്ഷം രൂപ അവർ പറഞ്ഞ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു. 20 ലക്ഷം രൂപ തനിക്ക് ഉടൻതന്നെ പിൻവലിക്കാം എന്നായിരുന്നു അപ്പോഴൊക്കെയും ഇവരുടെ ധാരണ. എന്നാൽ അതോടെ കളി മാറി. പിന്നീട് പലതവണ തന്നെ കമ്പനിയുമായി ബന്ധപ്പെടാൻ ഇവർ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ആ ഫോൺ നമ്പറുകൾ തന്നെ നിലവിലില്ലാതായി. അപ്പോഴാണ് താൻ അകപ്പെട്ടിരിക്കുന്ന വലിയ ചതിക്കുഴിയെ കുറിച്ച് ഇവർക്ക്ബോധ്യമായത്. തുടർന്ന് കഴിഞ്ഞ ജനുവരി 31നാണ് ഇവർ പോലീസിൽ പരാതിയുമായി എത്തിയത്. ഇവരുടെ പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം നടത്തിവരികയാണ്.
കൂടുതല്‍ വായിക്കാന്‍: ഒരു കൂട്ടം മുതലകള്‍ക്ക് നടുവില്‍ 'ജീവനും കൈ'യില്‍പ്പിടിച്ച് ഒരാള്‍; വൈറലായി വീഡിയോ