അമ്മേ കാല് പൊള്ളുന്നുണ്ട് എന്ന് പറഞ്ഞുകൊണ്ട് കുട്ടി നിലവിളിച്ചിട്ടും യാതൊരു ഭാവവ്യത്യാസവും ഇല്ലാതെ കുട്ടിയെ നിർബന്ധപൂർവ്വം കയ്യിൽ പിടിച്ച് വലിച്ചുകൊണ്ടു പോകുന്നത് ശ്രദ്ധയിൽപ്പെട്ട വഴിയാത്രക്കാരിൽ ഒരാളാണ് ഈ ക്രൂരത ക്യാമറയിൽ പകർത്തിയത്.
ആറ് വയസുകാരിയായ മകളെ ചൂടുള്ള നടപ്പാതയിലൂടെ നഗ്നപാദയായി നടത്തിയ അമ്മയ്ക്കെതിരെ ജനരോഷം. തായ്‌വാനിൽ ആണ് സംഭവം. ആറു വയസ്സുകാരിയായ മകൾ ചെരുപ്പ് നഷ്ടപ്പെടുത്തിയതിൽ പ്രകോപിതയായ അമ്മ കുട്ടിയെ ചെരുപ്പുകൾ ഇടീക്കാതെ ചൂടുള്ള കോൺക്രീറ്റ് പാതയിലൂടെ നടത്തി ശിക്ഷിക്കുകയായിരുന്നു. സംഭവത്തിന്റെ ചിത്രങ്ങളും മറ്റും സാമൂഹികമാധ്യമങ്ങളിൽ നിറഞ്ഞതോടെ ഇവർക്കെതിരെ വലിയ ജനരോഷമാണ് ഉയരുന്നത്.
ജൂലൈ 14 -ന്, വടക്കൻ തായ്‌വാനിലെ ഹ്‌സിഞ്ചു നഗരത്തിലെ ഒരു സ്ത്രീയാണ് ആറു വയസ്സ് മാത്രം പ്രായമുള്ള മകളോട് ഇത്തരത്തിൽ ഒരു ക്രൂരത ചെയ്തത്. ചെരുപ്പ് നഷ്ടപ്പെടുത്തിയതിന് ഇവർ കുട്ടിയെ ശകാരിക്കുകയും ശേഷം ശിക്ഷയായി ചൂടുള്ള നടപ്പാതയിലൂടെ ചെരുപ്പുകൾ ധരിപ്പിക്കാതെ നടത്തിക്കുകയും ആയിരുന്നു. തായ്‌വാനിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ചുട്ടുപൊള്ളുന്ന റോഡിലൂടെ ഇവർ കുട്ടിയെ 20 മിനിറ്റോളം സമയമാണ് നടത്തിയത്. അന്നത്തെ താപനില 34 ഡിഗ്രി സെൽഷ്യസ് ആയിരുന്നു എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
undefined
അമ്മേ കാല് പൊള്ളുന്നുണ്ട് എന്ന് പറഞ്ഞുകൊണ്ട് കുട്ടി നിലവിളിച്ചിട്ടും യാതൊരു ഭാവവ്യത്യാസവും ഇല്ലാതെ കുട്ടിയെ നിർബന്ധപൂർവ്വം കയ്യിൽ പിടിച്ച് വലിച്ചുകൊണ്ടു പോകുന്നത് ശ്രദ്ധയിൽപ്പെട്ട വഴിയാത്രക്കാരിൽ ഒരാളാണ് ഈ ക്രൂരത ക്യാമറയിൽ പകർത്തിയത്. ഒപ്പം ഇദ്ദേഹം കുട്ടിയെ ഇങ്ങനെ നടത്തരുതെന്നും ഇത് ക്രൂരതയാണെന്നും സ്ത്രീയോട് അഭ്യർത്ഥിച്ചെങ്കിലും പോയി പൊലീസിൽ പരാതി നൽകാനായിരുന്നു സ്ത്രീയുടെ മറുപടി. താൻ ഷൂ വാങ്ങിത്തരാം എന്ന് വഴിയാത്രക്കാരൻ പറഞ്ഞെങ്കിലും അതിനും അവർ സമ്മതിച്ചില്ല.
തുടർന്ന് വഴിയാത്രക്കാരിൽ നിന്ന് പരാതി ലഭിച്ചതിനെത്തുടർന്ന് പ്രാദേശിക ഭരണസമിതി സാമൂഹിക പ്രവർത്തകരെ യുവതിയുടെ വീട്ടിലേക്ക് അന്വേഷണത്തിനായി അയച്ചു. പരിശോധനയിൽ പെൺകുട്ടിയുടെ പാദങ്ങളിൽ പൊള്ളലും മുറിവും കണ്ടതിനെ തുടർന്ന് ഇവർ പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചു. യുണൈറ്റഡ് ഡെയ്‌ലി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് സ്ഥിരമായ ജോലിയില്ലാത്ത സിംഗിൾ മദറാണ് പെൺകുട്ടിയുടെ അമ്മ. ഇവർ മകളോടൊപ്പം ഒരു വാടകവീട്ടിലാണ് താമസം. നിലവിൽ ഇവർക്കെതിരെ നടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ലെങ്കിലും ഇവരെ നിരീക്ഷിക്കുന്നത് തുടരുമെന്ന് പൊലീസ് അറിയിച്ചു.
(ചിത്രം പ്രതീകാത്മകം)