മുലയൂട്ടുന്നതിന്‍റെ ഒരു ചിത്രം ബാർന്യാക്കിന്‍റെ ബന്ധു ജോവാന ഗോഡാർഡ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതോടെയാണ് ബാർന്യാകിനെ വിമർശിച്ചുകൊണ്ട് നിരവധിയാളുകൾ രംഗത്ത് വന്നത്.
ഫ്ലോറിഡയിലെ ഡിസ്‌നിലാൻഡിൽ കുടുംബാംഗങ്ങളോടൊപ്പം അവധി ആഘോഷിക്കുന്നതിനിടയിൽ മെറിഡിത്ത് ബാർന്യാക് എന്ന സ്ത്രീ തന്‍റെ കുഞ്ഞിന് മൂലയൂട്ടുന്നതിന്‍റെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഒരു റൈഡ് ആസ്വദിക്കുന്നതിനിടയിലാണ് മെറിഡിത്ത് ബാർന്യാക് തന്‍റെ ഒരു വയസ്സുള്ള കുഞ്ഞിനെ മുലയൂട്ടിയത്. പിന്നീട് മുലയൂട്ടുന്നതിന്‍റെ ഒരു ചിത്രം ബാർന്യാക്കിന്‍റെ ബന്ധു ജോവാന ഗോഡാർഡ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതോടെയാണ് ബാർന്യാകിനെ വിമർശിച്ചുകൊണ്ട് നിരവധിയാളുകൾ രംഗത്ത് വന്നത്. "ഈ ഡിസ്നി റൈഡിലും എന്‍റെ കസിൻ @meredithbarnyak ഒരു സമ്പൂർണ്ണ അമ്മയാണ്" എന്ന കുറിപ്പോടെയായിരുന്നു ജൊവാന ചിത്രം പങ്കുവെച്ചത്.
മെറിഡിത്ത് ബാർന്യാകിന്‍റെ പ്രവർത്തി ആളുകളുടെ ശ്രദ്ധപിടിച്ചു പറ്റാൻ വേണ്ടിയാണന്നും കുഞ്ഞിന്‍റെ ജീവന്‍ അപകടത്തിലാക്കുന്ന പ്രവർത്തിയെ അംഗീകരിക്കാനാവില്ല എന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഉയർന്നുവന്ന വമർശനങ്ങളിൽ പ്രധാനം. വിമർശനങ്ങൾ രൂക്ഷമായതോടെ ഇപ്പോൾ അതിനുള്ള മറുപടിയുമായി മെറിഡിത്ത് ബാർന്യാക് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. കുഞ്ഞിനെ പാലൂട്ടുമ്പോൾ തങ്ങൾ ഡിസ്നിയുടെ ഫ്രോസൺ എവർ ആഫ്റ്റർ ബോട്ട് സവാരിയിലായിരുന്നുവെന്നും അത് വളരെ സാവധാനമുള്ള ഒരു റൈഡാണെന്നുമാണ് ഇവർ പറയുന്നത്. അതുകൊണ്ട് തന്നെ കുഞ്ഞിന് ഒരപകടവും സംഭവിക്കില്ലെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നെന്നും മെറിഡിത്ത് ബാർന്യാക് വിശദമാക്കുന്നു. എല്ലാ പ്രായക്കാർക്കും അനുയോജ്യമായ റൈഡായാണ് ഫ്രോസൺ എവർ ആഫ്റ്റർ റൈഡിനെ ഡിസ്നി വെബ്സൈറ്റ് വിശേഷിപ്പിച്ചിരിക്കുന്നത്.
തന്‍റെ കുഞ്ഞിന് വിശന്നാൽ ഏത് സ്ഥലത്ത് വെച്ചായാലും മുലയൂട്ടാൻ മടയില്ലാത്ത ഒരു അമ്മയാണ് താൻ എന്നും മെറിഡിത്ത് പറഞ്ഞു. മുലയൂട്ടൽ ലജ്ജാകരമായ ഒരു കാര്യമായി കാണേണ്ടതില്ലെന്നും അവർ കൂട്ടിച്ചേർത്തു. വിമർശനങ്ങൾ രൂക്ഷമായപ്പോഴും മെറിഡിത്തിന് പിന്തുണയറിയിച്ച് കൊണ്ട് ഏതാനും ചിലർ ഇൻസ്റ്റാ പോസ്റ്റിൽ പ്രതികരിച്ചു. അതിൽ ഒരു സ്ത്രീയുടെ അഭിപ്രായം ഇങ്ങനെ ആയിരുന്നു. “ഞാൻ എന്‍റെ രണ്ട് കുഞ്ഞുങ്ങളുമൊത്ത് ഈ റൈഡിൽ കയറിയിട്ടുണ്ട്. ഇരുട്ടിൽ പതുക്കെ നീങ്ങുന്ന ബോട്ട് യാത്രയാണ് ഇത്. ഒരു ഫ്ലാഷ് ഫോട്ടോ എടുക്കുമ്പോൾ മാത്രമാണ് വെളിച്ചം. റൈഡ് 5 മിനിറ്റാണ്, പക്ഷേ റൈഡിന് സാധാരണ 45 മിനിറ്റിലധികം നേരത്തെ കാത്തിരിപ്പുണ്ട്, അപ്പോഴൊന്നും ഇരിക്കാൻ ഇടമില്ല. കുഞ്ഞിനൊപ്പം ഇരിക്കാൻ അവൾക്ക് ലഭിച്ച ആദ്യത്തെ അവസരമാണിത്, അതെ, ആ സമയത്ത് കുഞ്ഞിന് വിശന്നിരിക്കാം!" ഏതായാലും ഇൻസ്റ്റാഗ്രാമിൽ മൂന്ന് ലക്ഷത്തിലധികം ആളുകളാണ് ഒറ്റദിവസം കൊണ്ട് ഈ ചിത്രം കാണുകയും പ്രതികരണങ്ങൾ അറിയിക്കുകയും ചെയ്തത്.