4,500 രൂപയിൽ കൂടുതൽ വിലയുള്ള സ്റ്റാൻലി കപ്പിന് പകരമായി താൻ വാങ്ങിയ കുപ്പിക്ക് 830 രൂപ മാത്രമായിരുന്നു വില എന്നും ലാഭകരമായതിനാലാണ് അങ്ങനെ ഒരു കുപ്പി വാങ്ങിയതെന്നും മോട്ടിക്ക വീഡിയോയിൽ പറയുന്നു.
കുട്ടിക്കാലത്ത് സുഹൃത്തുക്കളുടെ കൈയിലുള്ള വിലകൂടിയ ചില സാധനങ്ങള്‍ നമ്മുക്ക് സ്വന്തമാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അതിന്‍റെ വില കുറഞ്ഞ പതിപ്പ് വച്ച് കാര്യങ്ങള്‍ 'അഡ്ജസ്റ്റ്' ചെയ്തവരാണ് നമ്മളില്‍ പലരും. എന്നാല്‍, തന്‍റെ മകളെ 'ഒറിജിനല്‍ സ്റ്റാൻലി കപ്പ് ബോട്ടിൽ' അല്ല കൈയിലിരിക്കുന്നതെന്ന കാരണത്താല്‍ സഹപാഠികള്‍ കളിയാക്കി എന്ന അമ്മയുടെ പരാതി സാമുഹിക മാധ്യമങ്ങളില്‍ വൈറലായി. ഒമ്പത് വയസുകാരിയായ തന്‍റെ മകള്‍ക്ക് നേരിട്ട അപമാനത്തെ കുറിച്ച് അവളുടെ അമ്മ ഡെയ്‌ന മോട്ടിക്കയാണ് ടിക്‌ടോക്ക് വീഡിയോയിലൂടെ വെളിപ്പെടുത്തിയത്.
യഥാർത്ഥ സ്റ്റാൻലി കപ്പിന് പകരം തന്‍റെ മകൾ സ്കൂളിൽ വെള്ളം കൊണ്ടുപോയിരുന്നത് വാൾമാർട്ടിൽ നിന്ന് വാങ്ങിയ ഒരു കുപ്പിയിൽ ആയിരുന്നുവെന്നും ഇതിന്‍റെ പേരിൽ സ്വന്തമായി സ്റ്റാൻലി കപ്പുള്ള സഹപാഠികളായ ഏതാനും വിദ്യാർത്ഥികൾ ചേർന്ന് മകളെ പരിഹസിക്കുകയായിരുന്നു എന്നുമാണ് ഇവർ പരാതിപ്പെട്ടത്. 4,500 രൂപയിൽ കൂടുതൽ വിലയുള്ള സ്റ്റാൻലി കപ്പിന് പകരമായി താൻ വാങ്ങിയ കുപ്പിക്ക് 830 രൂപ മാത്രമായിരുന്നു വില എന്നും ലാഭകരമായതിനാലാണ് അങ്ങനെ ഒരു കുപ്പി വാങ്ങിയതെന്നും മോട്ടിക്ക വീഡിയോയിൽ പറയുന്നു.
സ്കൂൾ തുറന്ന ദിവസം കുപ്പിയുമായി സ്കൂളിൽ പോയ തന്‍റെ മകൾ സംതൃപ്തയായിരുന്നുവെന്നും എന്നാൽ, ക്രിസ്മസ് അവധിക്കാലത്തിന് ശേഷം സഹപാഠികളായ ഏതാനും പെൺകുട്ടികൾക്ക് സമ്മാനമായി സ്റ്റാൻലി കപ്പ് കിട്ടിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞുവെന്നും ഇവർ പറയുന്നു. സ്റ്റാൻലി കപ്പ് ഇല്ലാത്തതിന്‍റെ പേരിൽ തന്‍റെ മകളെ സഹപാഠികളായ വിദ്യാർഥിനികൾ ചേർന്ന് കളിയാക്കുകയും ആക്ഷേപിക്കുകയും ചെയ്തുവെന്നും അത് മകളെ മാനസികമായി തളർത്തിയെന്നുമാണ് ഇവർ പറയുന്നത്. തന്‍റെ മകളെ കൂടുതൽ പരിഹാസങ്ങളിൽ നിന്നും രക്ഷപ്പെടുത്താൻ താനിപ്പോൾ ഒരു യഥാർത്ഥ സ്റ്റാൻലി കപ്പ് വാങ്ങാൻ തീരുമാനിച്ചെന്നും ഇവർ കൂട്ടിച്ചേര്‍ത്തു. തൻറെ ഒൻപതു വയസ്സുകാരിയായ മകൾക്ക് ഇപ്പോൾ ഇത്തരത്തിൽ ഒരു കുപ്പിയുടെ യാതൊരുവിധ ആവശ്യവും ഇല്ലെന്ന് തനിക്ക് അറിയാമെങ്കിലും ഈ സമൂഹം തന്നെ അതിനു നിർബന്ധിക്കുകയാണെന്നാണ് ഇവർ പറയുന്നത്. ബ്രാൻഡഡ് സാധനങ്ങൾ മാത്രം മികച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ഒരു രീതിയിലേക്ക് നമ്മുടെ കുട്ടികളെ നാം മാറ്റിക്കൊണ്ടിരിക്കുകയാണെന്നും അവർ പറഞ്ഞു.
'ഇരുണ്ട യുഗം വെറുമൊരു മിത്ത്'; വഡ്നഗറില്‍ 3,000 വര്‍ഷം പഴക്കമുള്ള പുരാതന ഇന്ത്യന്‍ നഗരം കണ്ടെത്തി !
വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ മോട്ടിക്കയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകൾ ആണ് രംഗത്തെത്തിയത്. യഥാർത്ഥത്തിൽ കുട്ടിക്ക് അത്തരത്തിൽ വിലകൂടിയ ഒരു ബോട്ടിൽ വാങ്ങി നൽകുകയായിരുന്നില്ല ചെയ്യേണ്ടിയിരുന്നതെന്നും ആ പ്രശ്നത്തെ മറികടക്കാൻ മകളെ പ്രാപ്തയാക്കുകയായിരുന്നു വേണ്ടിയിരുന്നതെന്നും ചിലർ അഭിപ്രായപ്പെട്ടു. വീഡിയോ വലിയ ചർച്ചയായതോടെ ഒടുവിൽ മോട്ടിക്ക തന്നെ ഈ വീഡിയോ ഡിലീറ്റ് ചെയ്യുകയും ചെയ്തു.