ഒടുവിൽ ആ സത്യം തെളിയുമോ? 100 വര്‍ഷം മുമ്പ് എവറസ്റ്റ് കൊടുമുടിയില്‍ കാണാതായ പര്‍വതാരോഹകന്റെ കാല്‍പാദം കണ്ടെത്തി

By Web Team  |  First Published Oct 12, 2024, 1:58 PM IST

എന്നെങ്കിലും ഒരിക്കൽ തങ്ങളെ തേടിയെത്തും എന്ന് പ്രതീക്ഷിച്ചിരുന്ന ഒരു സന്ദേശമാണിതെന്നാണ് ശരീരഭാഗം കണ്ടെത്തിയതിനോട് ഇർവിന്റെ കുടുംബം പ്രതികരിച്ചത്.


100 വർഷം മുമ്പ് എവറസ്റ്റിൽ കാണാതായ യുവ ബ്രിട്ടീഷ് പര്‍വതാരോഹകന്‍ ആന്‍ഡ്രു കോമിന്‍ ഇര്‍വിന്റെ കാല്‍പാദം കണ്ടെത്തി. കഴിഞ്ഞ മാസം, ഒരു നാഷണൽ ജിയോഗ്രാഫിക് ഡോക്യുമെൻ്ററി ചിത്രീകരിക്കുന്ന പർവതാരോഹകരുടെ സംഘമാണ് ഈ നിർണായക കണ്ടത്തൽ നടത്തിയത്. 1924 ജൂണിൽ ജോർജ്ജ് മല്ലോറിക്കൊപ്പം എവറസ്റ്റ് കീഴടക്കാനുള്ള ശ്രമത്തിനിടെയാണ് ഇര്‍വിനെ കാണാതായത്. ഒപ്പമുണ്ടായിരുന്ന ജോര്‍ജിന്റെ മൃതദേഹം 1999 -ല്‍ കണ്ടെത്തിയിരുന്നു. 

പർവതാരോഹണത്തിലെ ഏറ്റവും വലിയ രഹസ്യങ്ങളിലൊന്ന് പരിഹരിക്കാൻ ഈ കണ്ടത്തൽ സഹായിച്ചേക്കാം എന്നാണ് വിദഗ്ധർ പറയുന്നത്. ടെന്‍സിംഗും എഡ്മണ്ട് ഹിലാരിയും എവറസ്റ്റ് കീഴടക്കുന്നതിന് 29 വര്‍ഷം മുമ്പ് ഇവര്‍ എവറസ്റ്റ് കീഴടക്കിയെന്ന അഭ്യൂഹം ഇന്നും നിലനിൽക്കുന്നുണ്ട്. കാണാതാകുന്ന സമയത്ത് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയായിരുന്നു ആന്‍ഡ്രു കോമിന്‍ ഇര്‍വിന്‍.  

Latest Videos

undefined

എന്നെങ്കിലും ഒരിക്കൽ തങ്ങളെ തേടിയെത്തും എന്ന് പ്രതീക്ഷിച്ചിരുന്ന ഒരു സന്ദേശമാണിതെന്നാണ് ശരീരഭാഗം കണ്ടെത്തിയതിനോട് ഇർവിന്റെ കുടുംബം പ്രതികരിച്ചത്. ആദ്യം കേട്ടപ്പോൾ തങ്ങൾ മരവിച്ചു പോയി എന്നും കുടുംബാംഗങ്ങൾ പറഞ്ഞു. പ്രശസ്ത സാഹസികൻ ജിമ്മി ചിൻ നയിച്ച നാഷണൽ ജിയോഗ്രാഫിക് ടീമാണ് മഞ്ഞുപാളികൾക്കുള്ളിൽ നിന്ന് ഒരു ബൂട്ടും അതിനുള്ളിൽ കാൽപാദവും കണ്ടെത്തിയത്. 

തന്റെ ജീവിതത്തിലെ ഏറ്റവും വൈകാരിക നിമിഷം എന്നാണ് ജിമ്മി ചിൻ ആ നിമിഷത്തെ വിശേഷിപ്പിച്ചത്. ബൂട്ടിനുള്ളില്‍ കണ്ടെത്തിയ സോക്സില്‍ എ സി ഇര്‍വിന്‍ എന്ന് രേഖപ്പെടുത്തിയിരുന്നതില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. ഡിഎന്‍എ സാമ്പിള്‍ പരിശോധന നടക്കുകയാണിപ്പോള്‍.

മുമ്പും നിരവധി പർവ്വതാരോഹക സംഘങ്ങൾ ഇര്‍വിന്റെ മൃതദേഹത്തിനായി തിരച്ചിൽ നടത്തിയിരുന്നു. ഇര്‍വിന്റെ കൈവശം ഒരു ക്യാമറയും അതില്‍ ഡവലപ് ചെയ്യാത്ത ഫിലിമും ഉണ്ടായിരുന്നതിനാല്‍ മൃതദേഹം കണ്ടുകിട്ടിയാല്‍ ഇരുവരും എവറസ്റ്റ് കീഴടക്കിയെന്നതിന്റെ തെളിവ് കിട്ടുമെന്ന പ്രതീക്ഷയിൽ ആയിരുന്നു ആ തിരച്ചിലുകൾ ഒക്കെയും. ബൂട്ടിൻ്റെ കണ്ടെത്തൽ അദ്ദേഹത്തിൻറെ ശരീരവും ക്യാമറയും കണ്ടെത്തുന്നതിനുള്ള ആദ്യപടിയാകുമോ എന്ന് കാത്തിരുന്നു കാണാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!