ഒന്നാം സമ്മാനം നേടിയ ബമ്പർ ടിക്കറ്റ് നഷ്ടപ്പെടുത്തി, അതിന്റെ പേരിൽ വിവാഹമോചനം നേടി; പക്ഷേ പഠിച്ചത് വലിയ പാഠം

By Web Team  |  First Published Oct 19, 2021, 10:36 AM IST

സന്തോഷവും സമാധാനവും കണ്ടെത്താൻ വളരെ കുറച്ചു പണം മാത്രം മതി എന്നും ഇയാൾ എല്ലാവരെയും ഓർമിപ്പിക്കുന്നു.


മലയാളികളിൽ പലരും മുടങ്ങാതെ ലോട്ടറി ടിക്കറ്റുകൾ(Lottery Ticket) എടുക്കുന്നവരാണ്. അമ്പതോ നൂറോ ചെലവിട്ട് ദിവസേനയും, മുന്നൂറോളം രൂപ ചെലവിട്ട് ആണ്ടിനും സംക്രാന്തിക്കും ബമ്പർ ടിക്കറ്റുകൾ(bumper) എടുത്തും സ്വദേശികൾ ഭാഗ്യപരീക്ഷണം നടത്തുമ്പോൾ, പ്രവാസി മലയാളികൾ(NRI) കുറേക്കൂടി വലിയ ഭാഗ്യപരീക്ഷണങ്ങൾക്കാണ് മുതിരാറുള്ളത്. പത്തിരുപതു പേർ ചേർന്ന് ഷെയറിട്ടാണ് അഞ്ചും പത്തും ആയിരങ്ങൾ വിലയുള്ള ഗൾഫിലെയും മറ്റും ലോട്ടറികൾ അവർ എടുക്കാറുള്ളത്. ചുരുക്കം ചില ഭാഗ്യവാന്മാർക്ക് നേട്ടമുണ്ടാവുമ്പോൾ, പലരുടെയും കീശ ഈ പേരിൽ കാലിയാവുകയാണ് ചെയ്യുക. അങ്ങനെ ലോട്ടറി അടിച്ചവരും അടിക്കാത്തവരും എന്ന് ഭാഗ്യം നമ്മളെ വേർതിരിക്കുക സ്വാഭാവികം മാത്രമാണ്. എന്നാൽ, ലോട്ടറി അടിച്ചിട്ടും കോളടിക്കാതെ പോയാലോ? തലനാരിഴയ്ക്ക്, കപ്പിനും ചുണ്ടിനും ഇടയ്ക്കുവച്ച് ഒരു ജാക്പോട്ട് നേട്ടം നമ്മുടെ കൈവിട്ടു പോയാലോ? അതുണ്ടാക്കുന്ന മാനസിക വിസ്ഫോടനങ്ങൾ പലപ്പോഴും ഏറെ വലുതായിരിക്കും. 

അത്തരത്തിൽ ഒരു കഥയാണ്, യുകെയിലെ വാട്ട്ഫോർഡ് നിവാസികളായ മാർട്ടിൻ-കെയ് ടോട്ട് ദമ്പതികളുടേത്. 24 -കാരനായ മാർട്ടിന് 2001 -ലാണ് ഒരു മെഗാ ലോട്ടറി അടിക്കുന്നത്. അന്നയാൾ വാട്ട്ഫോർഡിലെ ഒരു കമ്പനിയുടെ പർച്ചേസ് മാനേജർ ആയിരുന്നു. ചുരുങ്ങിയ ശമ്പളത്തിന്, തന്റെ പങ്കാളിയോടൊപ്പം കഷ്ടിച്ച് കഴിഞ്ഞു കൂടിയിരുന്ന മാർട്ടിന്, ഒന്നും രണ്ടും അല്ല, £3,011,065 അതായത് ഏതാണ്ട് മൂന്നു മില്യൺ പൗണ്ട്, ഇന്ത്യൻ റുപ്പീസിൽ പറഞ്ഞാൽ, ഏതാണ്ട് 31 കോടി രൂപയുടെ ജാക്പോട്ട് ആണ് അടിക്കുന്നത്. ലോട്ടറിയടിച്ചു എന്നറിഞ്ഞതോടെ മാർട്ടിനും പങ്കാളികെയും മനക്കോട്ടകൾ കെട്ടിത്തുടങ്ങി. "നിരന്തരം വഴക്കു പറയുന്ന മാനേജരെ കണ്ണ് പൊട്ടുന്ന രണ്ടു ചീത്തയും പറഞ്ഞ്, ഈ നശിച്ച ജോലി ഉപേക്ഷിച്ച് ഇനിയെങ്കിലും ഒന്ന് സ്വൈര്യമായി ഇരിക്കണം. ഒരു ഓഡി TT കാർ വാങ്ങി അതിൽ അവളെയും കൊണ്ട് കരീബിയൻ ദ്വീപുകളിൽ ടൂറുപോവണം. ഇപ്പോൾ കഴിയുന്ന കുടുസ്സു മുറി ഒഴിഞ്ഞ്,അവളുമൊത്ത് ഒന്നിച്ചു കഴിയാൻ ഒരു പോഷ് ബംഗ്ലാവ് വാങ്ങണം" അങ്ങനെ പല സ്വപ്നങ്ങളും മാർട്ടിൻ കണ്ടു കൂട്ടി. എന്നാൽ ആ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കുന്നതിനു ചെറിയൊരു തടസ്സമുണ്ടായിരുന്നു. തങ്ങൾക്കാണ് ആ ലോട്ടോ അടിച്ചത് എന്ന് അവർ തിരിച്ചറിഞ്ഞത് ഫലം പ്രഖ്യാപിച്ച് ആറു മാസം കഴിഞ്ഞ്, " ഒന്നാം സമ്മാനം അടിച്ച ടിക്കറ്റ് ആരുടെയെങ്കിലും കയ്യിലുണ്ടെങ്കിൽ അവർ മുന്നോട്ടുവരണം" എന്ന കമ്പനിയുടെ അവസാന അറിയിപ്പ് കണ്ടപ്പോൾ മാത്രമാണ്. തിരിച്ചറിഞ്ഞ പാടെ അവർ ഇരുവരും വീട്ടിൽ ചെന്ന്, തലകുത്തി മറിഞ്ഞു നിന്ന് പരതി എങ്കിലും ടിക്കറ്റ് മാത്രം കിട്ടിയില്ല. ഈ ടിക്കറ്റ് ആണ് വാങ്ങിയത് എന്നിന് തെളിവുണ്ടായിരുന്നു എങ്കിലും, ടിക്കറ്റ് തന്നെ കാണിച്ചാൽ മാത്രമേ സമ്മാനം തരൂ എന്ന് ലോട്ടറി കമ്പനി നിർബന്ധം പിടിച്ചു. അവരുടെ പോളിസി പ്രകാരം ടിക്കറ്റ് നഷ്ടപ്പെടുത്തിയിട്ടുണ്ട് എങ്കിൽ, ഒരു മാസത്തിനുള്ളിൽ അത് റിപ്പോർട്ട് ചെയ്തിരിക്കണം എന്നാണ്. ആ ഒരു മാസം പിന്നിട്ടു കഴിഞ്ഞാണ് മാർട്ടിനും കെയും കമ്പനിയെ ബന്ധപ്പെട്ടത്. ഈ സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി കമ്പനി പണം നൽകാൻ വിസമ്മതിക്കുന്നു. 

Latest Videos

undefined

അന്ന് ഈ സംഭവം യുകെയിൽ വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും കാരണമായി. ദമ്പതികൾ തന്നെയാണ് ടിക്കറ്റ് എടുത്തത് എന്ന് ബോധ്യപ്പെട്ടിട്ടും പണം നല്കാൻ വിസമ്മതിക്കുന്ന Camelot ലോട്ടറി കമ്പനിയുടെ അത്യാർത്തിയെ ജനം നിശിതമായി വിമർശിച്ചു. റിച്ചാർഡ് ബ്രാൻസൺ മുതൽ ടോണി ബ്ലെയർ വരെ അന്ന് മാർട്ടിന് പണം നൽകണം എന്ന് ലോട്ടറി കമ്പനിയോട് ആവശ്യപ്പെട്ടു എങ്കിലും അതുണ്ടായില്ല. തങ്ങളുടെ പോളിസി വിട്ട് തരിമ്പും മാറാനോ മാർട്ടിന് പണം നൽകാനോ അവർ തയ്യാറായില്ല. 

ലോട്ടറി അടിച്ചു എന്നറിഞ്ഞ നിമിഷം മുതൽ കണ്ടുകൊണ്ടിരുന്ന മനക്കോട്ടകൾ തകർന്നടിഞ്ഞത് മാർട്ടിന് സഹിക്കാനാവുന്ന ഒന്നായിരുന്നില്ല. അത് അയാളെ വിഭ്രാന്തിയുടെ വക്കോളമെത്തിച്ചു. അതുവരെ ഏറെക്കുറെ പ്രശാന്തമായി പൊയ്ക്കൊണ്ടിരുന്ന അയാളുടെ ദാമ്പത്യത്തെ പാളം തെറ്റിച്ചു. എന്നാൽ, ഇരുപതു വർഷങ്ങൾക്കിപ്പുറം, അതിൽ നിന്നൊക്കെ കരകയറി വീണ്ടും സന്തോഷം കണ്ടെത്താൻ മാർട്ടി പഠിച്ചു കഴിഞ്ഞു.  ലോട്ടറി അടിച്ച പണം തനിക്കു കൊണ്ടുവന്നു തന്നേക്കാമായിരുന്നു എന്ന് അയാൾ കരുതിയിരുന്ന സുഖങ്ങൾ എത്ര മാത്രം അത്യാഗ്രഹമായിരുന്നു എന്ന് അയാൾ തിരിച്ചറിയുന്നു. ലോട്ടറി അടിച്ചപ്പോൾ എത്രയും പെട്ടന്ന് ഇറങ്ങിപ്പോവണം എന്ന് ആഗ്രഹിച്ച അതേ കുടുസ്സുമുറിയിൽ തന്നെയാണ് ഇന്നയാൾ ഏറെ സന്തോഷത്തോടെ കഴിയുന്നത്. ഇന്ന് 44 വയസ്സുള്ള മാർട്ടിൻ ഇന്നും അതേ പർച്ചേസ് മാനേജർ തന്നെയാണ്. എന്നാൽ, എന്നയാൾക്ക് തന്റെ ജോലിയിൽ സംതൃപ്തി കണ്ടെത്താനാവുന്നുണ്ട്. 

അന്ന് തന്നെ തേടിയെത്തി, തൊട്ടു തൊട്ടില്ല എന്ന മട്ടിൽ കൈവിട്ടുപോയ മൂന്നു മില്യൺ പൗണ്ടിന്റെ ലോട്ടറി തനിക്ക് വലിയ സങ്കടങ്ങളായിരുന്നു കൊണ്ട് തരുമായിരുന്നത് എന്നാണ് ഇന്നയാൾ കരുതുന്നത്. ലോട്ടറി അടിച്ച ഒമ്പതു മില്യനും കാസിനോകളിൽ ചൂതുകളിച്ചും, പെണ്ണു പിടിച്ചും മയക്കുമരുന്നു സേവിച്ചും ചെലവിട്ട്  മാസങ്ങൾക്കുള്ളിൽ പാപ്പർസ്യൂട്ട് അടിച്ച മൈക്കൽ കരോളിന്റെ ജീവിതമാണ് അയാൾ ഉദാഹരണമായി എല്ലാവരോടും എടുത്തു പറഞ്ഞു കൊണ്ടിരിക്കുന്നത്.  കരീബിയൻ ദ്വീപുകളിലേക്ക് ടൂറുപോവാനുള്ള പണമൊന്നും ഇന്നയാൾ ഉണ്ടാക്കുന്നില്ല എങ്കിലും, വാട്ട്ഫോർഡിൽ നിന്ന് അധികം ദൂരെയല്ലാതെ സ്ഥിതിചെയ്യുന്ന കോൺവാളിലേക്ക് അയാൾ ടൂറിനു പോവുന്നു. "എന്റെ ജീവിതത്തിൽ യാതൊന്നിനെയും കുറവുണ്ടായിരുന്നില്ല എന്ന് ഞാൻ തിരിച്ചറിഞ്ഞത് ഈ ഇച്ഛാഭംഗത്തിനു ശേഷമാണ്" എന്നും മാർട്ടിൻ ഇന്ന് അടിവരയിട്ടു പറയും. പണം അല്ല ലോകത്തിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം, സന്തോഷവും സമാധാനവും ആണ്. അത് കണ്ടെത്താൻ വളരെ കുറച്ചു പണം മാത്രം മതി എന്നും ഈ ലോട്ടറി അനുഭവത്തിലൂടെ പഠിച്ചു എന്നും ഇയാൾ എല്ലാവരെയും ഓർമിപ്പിക്കുന്നു. 

click me!