ഒറ്റയ്‌ക്കോ പ്രിയപ്പെട്ടവര്‍ക്കോ ഒപ്പം ഇഷ്ടപ്പെട്ട സിനിമയോ  വെബ് സീരീസോ കാണണോ, ഇവിടെ വരൂ...

By Bindu A V  |  First Published Jan 18, 2020, 4:01 PM IST

തിയറ്റര്‍ വാടകക്കെടുത്ത് ഒറ്റക്കോ പ്രിയപ്പെട്ടവര്‍ക്കോ ഒപ്പം സിനിമ കാണണോ? 


ബെംഗളൂരുവിലെ മിനി തിയറ്ററുകളാണ് ഈയൊരു സൗകര്യമൊരുക്കുന്നത്. സിനിമകള്‍ മാത്രമല്ല നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം, ഹോട്ട് സ്റ്റാര്‍, സീ 5 തുടങ്ങിയവയില്‍ വരുന്ന സീരിയലുകളും സിനിമകളുമെല്ലാം ഇങ്ങനെ തിയറ്ററിലിരുന്ന് കാണാം. ഓണ്‍ലൈന്‍ ആയോ ഫോണ്‍വഴിയോ തിയറ്റര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണമെന്നു മാത്രം.

ബെംഗളുരു: സിനിമകളില്‍ കാശിന്റെ പുളപ്പ് കാണിക്കാന്‍ ചില കഥാപാത്രങ്ങള്‍ തിയറ്റര്‍ വാടകക്കെടുക്കാറില്ലേ? അതുപോലെ, ഇഷ്ടപ്പെട്ട ഒരു സിനിമ ഒറ്റയ്‌ക്കോ പ്രിയപ്പെട്ടവര്‍ക്കൊപ്പമോ തിയറ്ററില്‍ കാണാന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ടോ? മറ്റ് ആളുകളോ തിരക്കോ ഒന്നുമില്ലാതെ ഒരു തിയറ്റര്‍ മുഴുവന്‍ നിങ്ങള്‍ക്കു മാത്രമായി കിട്ടുന്ന അസുലഭ മുഹൂര്‍ത്തം.  താല്‍പ്പര്യമുണ്ടെങ്കില്‍, ബെംഗളുരുവില്‍ വരൂ. ഇവിടെ ചുരുങ്ങിയ ചെലവിന് ഒരു തിയറ്റര്‍ മുഴുവന്‍ നിങ്ങള്‍ക്കായി വിട്ടുകിട്ടും. അവിടെയിരുന്ന് നിങ്ങള്‍ക്ക് പ്രിയപ്പെട്ട സിനിമകള്‍ പ്രിയപ്പെട്ടവര്‍ക്കൊപ്പമിരുന്ന് കാണാം. 

Latest Videos

ബെംഗളൂരുവിലെ മിനി തിയറ്ററുകളാണ് ഈയൊരു സൗകര്യമൊരുക്കുന്നത്. സിനിമകള്‍ മാത്രമല്ല നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം, ഹോട്ട് സ്റ്റാര്‍, സീ 5 തുടങ്ങിയവയില്‍ വരുന്ന സീരിയലുകളും സിനിമകളുമെല്ലാം ഇങ്ങനെ തിയറ്ററിലിരുന്ന് കാണാം. ഓണ്‍ലൈന്‍ ആയോ ഫോണ്‍വഴിയോ തിയറ്റര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണമെന്നു മാത്രം.

 

 

ടെറിഫ്‌ളിക്‌സ്, ബിങ്കെ ക്ലബ്ബ്, റൗണ്ട് കപ്പ് കഫെ തുടങ്ങിയ മിനി തിയറ്ററുകളാണ് നഗരത്തിലുള്ളത്. മണിക്കൂറിന് നിശ്ചിത തുകയാണ് ഇവര്‍ ഈടാക്കുന്നത്. മള്‍ട്ടിപ്ലക്‌സുകളിലെ ഗോള്‍ഡ് ക്ലാസിനു സമാനമായി സീറ്റുകളും ബീന്‍ ബാഗുകളുമാണ് ചില മിനി തിയറ്ററുകളെ വ്യത്യസ്തമാക്കുന്നത്. തിയറ്ററിലെ എസി കൂട്ടൂകയോ കുറയ്ക്കുക ചെയ്യാം. ചില തിയറ്ററുകള്‍ക്കുള്ളില്‍  ഇഷ്ടഭക്ഷണം കഴിക്കുന്നതിനായി ചെറിയ ഹോട്ടലുകളുമുണ്ട്.

ടെറിഫ്‌ളിക്‌സിലും ബിങ്കെ ക്ലബ്ബിലും നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം കൊണ്ടുവരാം. ചെറിയ സ്‌നാക്‌സ് ഒഴികെ തിയറ്ററിനുള്ളില്‍ ഭക്ഷണം കൊണ്ടു പോവാനുള്ള അനുവാദമില്ല. തിയറ്ററിനോടു ചേര്‍ന്ന ഹാളിലിരുന്ന് കഴിക്കാം. ഇനി ഇടയ്ക്ക് ഷോ മടുത്താല്‍ അതു നിര്‍ത്തിവച്ച് ഒന്നു റിലാക്‌സ് ചെയ്ത് തിരിച്ചുവരികയും ചെയ്യാം.

ബര്‍ത്ത് ഡേ പാര്‍ട്ടികള്‍, വിവാഹ വാര്‍ഷികാഘോഷങ്ങള്‍ തുടങ്ങിയവയ്ക്കാണ് കുടുംബാംഗങ്ങള്‍ എത്തുന്നതെങ്കില്‍ വാലന്റൈന്‍സ് ഡേയ്ക്കും വാരാന്ത്യങ്ങള്‍ ഉല്ലാസപ്രദമാക്കുന്നതിനുമായാണ് വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ളവര്‍ പ്രധാനമായും എത്തുന്നത്. ചില തിയറ്ററുകളില്‍ മാത്രമാണ് പ്രേക്ഷകരുടെ ഇഷ്ടത്തിനനുസരിച്ച് ഷോ കാണാനുള്ള അവസരം. ടെറിഫ്‌ളിക്‌സില്‍ നിലവില്‍ അവരുടെ മൂവി ലൈബ്രറിയില്‍ ഉള്ളവ മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ. പ്രദര്‍ശനാനുമതിയുണ്ടെന്ന സാക്ഷ്യപത്രം ഉണ്ടെങ്കില്‍ പ്രേക്ഷകര്‍ക്ക് അവര്‍ കൊണ്ടുവരുന്ന സിനിമകള്‍ പ്രദര്‍ശിപ്പിക്കാം. ഒരിക്കല്‍ കല്‍ ഹോ ന ഹോ എന്ന ഹിന്ദി ചിത്രം കാണണമെന്ന ആവശ്യവുമായി ഒരു സംഘം വന്നു. അത് ലൈബ്രറിയില്‍ ഇല്ലായിരുന്നു .പിന്നീട് മുംബൈയില്‍ പോയി നിര്‍മ്മാതാവില്‍ നിന്ന് അനുമതി വാങ്ങിയ ശേഷമാണ് ചിത്രം പ്രദര്‍ശിപ്പിച്ചതെന്ന് ടെറിഫ്‌ളിക്‌സ് സ്ഥാപകരിലൊരാളായ പ്രവീണ്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

ടെറിഫ്‌ളിക്‌സിനു സ്വന്തമായി കന്നട ഉള്‍പ്പെടെയുള്ള സിനിമകളുടെ വലിയ ഒരു ലൈബ്രറിയുണ്ട്. മലയാളം സിനിമകളില്‍ പ്രേമം മാത്രമാണ് ഇതുവരെ പ്രദര്‍ശിപ്പിച്ചത്. സിനിമാ നിര്‍മ്മാതാക്കളുമായി ധാരണയിലെത്തി  കൂടുതല്‍ മലയാളം സിനിമകള്‍ ലൈബ്രറിയിലെത്തിക്കുന്നത് ആലോചിക്കുന്നുണ്ട്. മലയാളം സിനിമകള്‍ മറ്റു ഭാഷക്കാരും ചോദിച്ചെത്താറുണ്ടെന്ന് പ്രവീണ്‍ പറയുന്നു. നിലവില്‍  ഹ്രസ്വ ചിത്രങ്ങള്‍ക്ക് 3000 രൂപയും ഫീച്ചര്‍ ഫിലിമുകള്‍ക്ക് 3380 രൂപയുമാണ് ടെറിഫ്‌ളിക്‌സ് ഈടാക്കുന്നത്. അധിക സമയം ആവശ്യപ്പെടുകയാണെങ്കില്‍ നിരക്ക് ഇനിയും കൂടും. 135 ഇഞ്ചിന്റെ സ്‌ക്രീനില്‍ എംപി4, എംഒവി, ഡിസിപി ഫോര്‍മാറ്റിലുള്ളവ പ്രദര്‍ശിപ്പിക്കാം.

 

 

ജെപി നഗറില്‍ ടെറിഫ്‌ളികിസാണ് നഗരത്തില്‍ ആദ്യമായി രണ്ടു വര്‍ഷം മുന്‍പ് മിനിതിയറ്റര്‍ പരിചയപ്പെടുത്തിയത്.  നിലവില്‍ ബനശങ്കരിയിലും ടെറിഫ്‌ളിക്‌സിനു മിനി തിയറ്ററുണ്ട്. നഗരത്തിന്റെ മറ്റു ഭാഗങ്ങളിലും മിനി തിയറ്ററുകള്‍ സ്ഥാപിക്കാന്‍  പദ്ധതിയുള്ളതായി   പ്രവീണ്‍ വ്യക്തമാക്കി. രണ്ടു വര്‍ഷത്തിനുള്ളില്‍  4000 ത്തോളം പേരാണ് ടെറിഫ്‌ളിക്‌സിലെത്തിയത്. ഇവിടെ ഒരേ സമയം 40 പേര്‍ക്ക് ഇരിക്കുവാനുള്ള സൗകര്യമുണ്ട്. തിയറ്ററിലെ സോഫകളും മറ്റും കേടാക്കിയാല്‍ അതിനു പ്രേക്ഷകരില്‍ നിന്ന് പണം ഈടാക്കുന്ന പതിവുമുണ്ട്. 

ചിലര്‍ തിയറ്ററുകളില്‍ നിന്ന് കാണാന്‍ കഴിയാത്ത സിനിമകള്‍ക്കായാണ് മിനി തിയേറ്ററുകളെ ആശ്രയിക്കുന്നതെങ്കില്‍ ചിലര്‍ക്ക് ആഘോഷങ്ങളുടെ ഭാഗമാണ് ഇത്തരം തിയറ്ററുകള്‍. എന്തായാലും സിനിമ തിയറ്ററുകളില്‍ നിന്ന് മൊബൈലുകളിലേയ്ക്കും ടിവി സ്‌ക്രീനുകളിലേയ്ക്കു മാറുന്ന കാലത്ത്   പ്രേക്ഷകര്‍ക്കു  പുതിയ ദൃശ്യാനുഭവം നല്‍കുകയാണ് ഇത്തരം മിനി തിയറ്ററുകള്‍.

click me!