കഴിഞ്ഞ 21 വർഷമായി ഈ മനുഷ്യൻ അത്താഴമായി കഴിക്കുന്നത് അല്പം ചോറും, ഉപ്പുമാത്രമിട്ട ഏതാനും പച്ചക്കറികളും മാത്രമാണ്. കൂടാതെ ഇദ്ദേഹം ഒരിക്കലും ഹീറ്ററോ എയർ കണ്ടീഷനിംഗോ ഉപയോഗിച്ചിട്ടില്ല.
ഏതൊരു വ്യക്തിക്കും ഒരു വിശ്രമ കാലഘട്ടം ഉണ്ടാകും. ജോലിയിൽ നിന്നും വിരമിച്ച് വിശ്രമ ജീവിതത്തിലേക്ക് പ്രവേശിക്കുമ്പോൾ പലരെയും അലട്ടുന്ന പ്രധാന പ്രശ്നം സ്വന്തമായി ഒരു വരുമാനം ഇല്ല എന്നതാണ്. എന്നാൽ, ഈ പ്രശ്നത്തിന് ഒരു പരിഹാരം എന്നവണ്ണം ജോലി ചെയ്യാൻ ആരോഗ്യമുള്ള കാലത്ത് സമ്പാദിക്കുന്നതിൽ നിന്ന് വലിയൊരു ഭാഗം തന്നെ വിശ്രമ ജീവിതത്തിലേക്ക് ഉപയോഗിക്കാനായി ഇപ്പോൾ ആളുകൾ മാറ്റിവെച്ചു തുടങ്ങിയിട്ടുണ്ട്. ഇത്തരത്തിൽ ഒരു സാമ്പത്തിക സുരക്ഷ ഓരോ വ്യക്തിയും ഉറപ്പാക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
ഫിനാൻഷ്യൽ ഇൻഡിപെൻഡൻസ് റിട്ടയർ എർലി (FIRE) എന്ന പേരിൽ ഒരു പുതിയ സാമ്പത്തിക പദ്ധതി തന്നെ ഇതുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉണ്ടായി വന്നിട്ടുണ്ട്. വിദേശരാജ്യങ്ങളിൽ വലിയ സ്വീകാര്യതയാണ് ഈ സാമ്പത്തിക പദ്ധതിക്ക് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. ജോലി ചെയ്യുന്ന സമയത്ത് തങ്ങൾക്ക് ലഭിക്കുന്ന സമ്പാദ്യത്തിന്റെ 70 ശതമാനം നീക്കി വെച്ചുകൊണ്ട് റിട്ടയർമെൻറ് ലൈഫ് നേരത്തെ ആക്കി ജീവിതം ആസ്വാദ്യകരമാക്കുക എന്നതാണ് FIRE വക്താക്കൾ ചെയ്യുന്നത്. ഈ രീതിയിൽ കഴിഞ്ഞ 21 വർഷമായി തന്റെ ജീവിതത്തിലെ ചെലവുകൾ എല്ലാം ചുരുക്കി ഒരു ജപ്പാൻകാരൻ സമ്പാദിച്ചത് അഞ്ചു കോടിയിലധികം രൂപയാണ് (100 മില്യൺ യെൻ).
undefined
സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഈ 45 -കാരൻ 2000 -ത്തിൻ്റെ തുടക്കം മുതലാണ് തൻ്റെ സമ്പാദ്യ തന്ത്രം ആരംഭിച്ചത്. എല്ലാ ദിവസവും അധികസമയം ജോലി ചെയ്യാനായി ഇദ്ദേഹം കണ്ടെത്തി. ഇതിലൂടെ സമ്പാദ്യം വർദ്ധിച്ചെങ്കിലും അത് അനാവശ്യമായി ചെലവാക്കിയില്ല എന്ന് മാത്രമല്ല വളരെ അത്യാവശ്യത്തിനു മാത്രം ചെലവഴിക്കുകയും ചെയ്തു.
ഇതിനായി ഇദ്ദേഹം തന്റെ ഭക്ഷണക്രമത്തെ പോലും മാറ്റി. കഴിഞ്ഞ 21 വർഷമായി ഈ മനുഷ്യൻ അത്താഴമായി കഴിക്കുന്നത് അല്പം ചോറും, ഉപ്പുമാത്രമിട്ട ഏതാനും പച്ചക്കറികളും മാത്രമാണെന്നാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. കൂടാതെ ഇദ്ദേഹം ഒരിക്കലും ഹീറ്ററോ എയർ കണ്ടീഷനിംഗോ ഉപയോഗിച്ചിട്ടില്ല. പകരം, ശൈത്യകാലത്ത് ചൂടുപിടിക്കാൻ സ്ക്വാറ്റുകൾ നടത്തുകയും വേനൽക്കാലത്ത് തണുപ്പിക്കാൻ നനഞ്ഞ ടി-ഷർട്ട് ധരിക്കുകയും ചെയ്യും.
20 വർഷവും 10 മാസവുമായി ഇതേ ജീവിതരീതി തുടരുന്ന താൻ ഇതുവരെ 135 ദശലക്ഷം യെൻ (ഏഴ് കോടിയിലധികം രൂപ) ലാഭിച്ചതായാണ് ഇദ്ദേഹം തന്റെ സോഷ്യൽ മീഡിയ പോസ്റ്റ് പറയുന്നത്. തീർന്നില്ല തന്റെ ജീവിത രീതികളെ അടിസ്ഥാനമാക്കി പണം സമ്പാദിക്കാനുള്ള വഴികൾ ഉപദേശിക്കുന്ന ഒരു ബുക്കും ഇദ്ദേഹം സ്വന്തമായി എഴുതിയിട്ടുണ്ട്. ആ ബുക്ക് വിറ്റും ഇപ്പോൾ ഇദ്ദേഹം പണം സമ്പാദിക്കുകയാണ്.