അപരിചിതനൊപ്പം നൃത്തം ചെയ്ത ഭാര്യയെ തടഞ്ഞു, അമ്മായിഅപ്പനും അളിയനും ചേർന്ന് യുവാവിനെ പൂട്ടിയിട്ട് തല്ലി

By Web Team  |  First Published Jul 12, 2024, 2:55 PM IST

'എൻ്റെ ഭാര്യ മറ്റൊരു പുരുഷനൊപ്പം അശ്ലീല ഗാനങ്ങൾക്ക് നൃത്തം ചെയ്യുകയായിരുന്നു. ഞാനവളോട് ഇതേക്കുറിച്ച് ചോദിച്ചത് പിന്നീട് വഴക്കിന് കാരണമായി. വീട്ടിലെത്തിയപ്പോൾ അമ്മായിയപ്പനും അളിയനും ചേർന്ന് എന്നെ മുറിയിൽ പൂട്ടിയിട്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.'


ഭാര്യയെ നൃത്തം ചെയ്യാൻ അനുവദിക്കാത്ത ഭർത്താവിനെ അമ്മായിഅപ്പനും അളിയനും ചേർന്ന് തല്ലി. സംഭവം നടന്നത് ബിഹാറിലാണ്. ഭർത്താവ് ഒരു റിട്ട. സൈനികനാണ്. ഒരു വിവാഹച്ചടങ്ങിനാണ് ഇയാളുടെ ഭാര്യ അപരിചിതനൊപ്പം നൃത്തം ചെയ്തത്. നൃത്തം ചെയ്ത പാട്ട് അത്ര നല്ലതല്ല എന്നും ഭർത്താവ് ആരോപിച്ചു. 

ഇതോടെ ദേഷ്യം വന്ന ഭർത്താവ് ഭാര്യയോട് ഡാന്‍സും പിന്നാലെ പാട്ടും നിർത്താൻ ആവശ്യപ്പെടുകയും ചെയ്തത്രെ. ദേഷ്യം വന്ന ഭാര്യ വീട്ടിൽ പോയി തന്റെ അച്ഛനോടും ആങ്ങളയോടും പരാതി പറഞ്ഞു. പിന്നാലെ, അച്ഛനും ആങ്ങളയുമെത്തി സ്ത്രീയുടെ ഭർത്താവിനെ പൂട്ടിയിട്ട് മർദ്ദിച്ചു എന്നാണ് പരാതി. മൊജാഹിദ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. 

Latest Videos

undefined

മിർസാപൂർ, സബൂർ എന്നിവിടങ്ങളിൽ നിന്നുള്ള കുടുംബമാണ് ബന്ധുവിൻ്റെ വിവാഹത്തിനായി മൊജാഹിദ്പൂരിൽ എത്തിയത്. പരിപാടിക്കിടെ റിട്ട. സൈനികനായ റോഷൻ രഞ്ജൻ്റെ ഭാര്യ അപരിചിതനോടൊപ്പം നൃത്തം ചെയ്യുകയായിരുന്നു. റോഷൻ നൃത്തവും ഡിജെയും നിർത്താൻ ആവശ്യപ്പെട്ടു. ഇതുകണ്ട് ദേഷ്യം വന്ന ഭാര്യ ഇക്കാര്യം തന്റെ അച്ഛനോടും സഹോദരനോടും പറയുകയും വീട്ടിലെത്തിയ ഇവർ റോഷനെ മർദിക്കുകയും ചെയ്തു എന്നാണ് പരാതി.

ഡയൽ 112 -ലാണ് റോഷൻ നിലവിൽ ജോലി ചെയ്യുന്നത്. “എൻ്റെ ഭാര്യ മറ്റൊരു പുരുഷനൊപ്പം അശ്ലീല ഗാനങ്ങൾക്ക് നൃത്തം ചെയ്യുകയായിരുന്നു. ഞാനവളോട് ഇതേക്കുറിച്ച് ചോദിച്ചത് പിന്നീട് വഴക്കിന് കാരണമായി. വീട്ടിലെത്തിയപ്പോൾ അമ്മായിയപ്പനും അളിയനും ചേർന്ന് എന്നെ മുറിയിൽ പൂട്ടിയിട്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. എൻ്റെ മകൻ തടയാൻ ശ്രമിച്ചപ്പോൾ അവനെയും മർദിച്ചു. ഞാൻ 112 -ലേക്ക് വിളിക്കാൻ ശ്രമിച്ചപ്പോൾ അവർ എൻ്റെ ഫോൺ പിടിച്ചുവാങ്ങി. പൊലീസ് സ്റ്റേഷനിലേക്ക് പോകുന്നത് തടയാൻ എൻ്റെ കാറിൻ്റെ ടയറുകളിലെ കാറ്റ് പോലും അഴിച്ചുവിട്ടു. എന്നാൽ, ഇത്രയേറെ പരിക്കേറ്റിട്ടും മൊജാഹിദ്പൂർ പൊലീസ് സ്റ്റേഷനിൽ എത്താൻ എനിക്ക് കഴിഞ്ഞു, അവിടെവച്ചാണ് ഡയൽ 112 വഴി എന്നെ ആശുപത്രിയിലേക്ക് അയക്കുന്നത്“ എന്നാണ് റോഷൻ പറയുന്നത്.

എന്നാൽ, സംഭവത്തിൽ ഇതുവരെ രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാലുടൻ നടപടി സ്വീകരിക്കുമെന്നുമാണ് സിറ്റി എസ്പി രാജ് പറയുന്നത്.

click me!